Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗ്രീസിന്റെ പിടിവാശികൾക്ക് മുമ്പിൽ വഴങ്ങിയും യൂറോയെ രക്ഷിക്കാൻ ആലോചന; അഞ്ചുദിവസം കൂടി അനുവദിച്ച് യൂറോപ്യൻ യൂണിയൻ

ഗ്രീസിന്റെ പിടിവാശികൾക്ക് മുമ്പിൽ വഴങ്ങിയും യൂറോയെ രക്ഷിക്കാൻ ആലോചന; അഞ്ചുദിവസം കൂടി അനുവദിച്ച് യൂറോപ്യൻ യൂണിയൻ

ഗ്രീസ് യൂറോപ്യൻ യൂണിയൻ വിടുമോ ഇല്ലയോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഗ്രീസിനോട് കർക്കശനിലപാടാണ് യൂറോപ്യൻ യൂണിയൻ നേതാക്കളിൽ ചിലർ അനുവർത്തിക്കുന്നതെങ്കിലും എങ്ങനെയെങ്കിലും രാജ്യത്തെ യൂറോസോണിൽ നിലനിർത്താനുള്ള ശ്രമങ്ങളും തിരുതകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ ഗ്രീസിന്റെ ചില പിടിവാശികൾക്ക് വഴങ്ങിയും യൂറോയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അഞ്ച് ദിവസം കൂടിയാണ് യൂറോപ്യൻ യൂണിയൻ ഗ്രീസിന് അനുവദിച്ചിട്ടുള്ളത്. ഗ്രീക്കിന്റെ സാമ്പത്തിക പ്രതിസന്ധിയും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധങ്ങളും സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെ ഇനി വരുന്ന അഞ്ച് ദിവസങ്ങൾ യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിൽ നിർണായകമാണെന്നാണ് യൂറോപ്യൻ യൂണിയൻ നേതാക്കൾ കഴിഞ്ഞ രാത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

ഡേവിഡ് കാമറോണടക്കമുള്ള 28 രാജ്യങ്ങളിലെ നേതാക്കൾ ഞായറാഴ്ച ഇതു സംബന്ധിച്ച ഒരു നിർണായക യോഗം കൂടുന്നുണ്ട്. ഇതിൽ വച്ച് ഗ്രീസിന്റെ കാര്യത്തിൽ അന്തിമതീരുമാനമാകുമെന്നാണ് കരുതുന്നത്. ഇതിൽ ഒരു ഒത്തുതീർപ്പ് സാധ്യമാകുന്നില്ലെങ്കിൽ ഗ്രീസ് പുറത്ത് പോകുന്നതിനെ തുടർന്നുണ്ടാകുന്ന പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യാമെന്നാകും യൂറോപ്യൻ യൂണിയൻ നേതാക്കൾ ആലോചിക്കുന്നത്. തിങ്കളാഴ്ച രാത്രി ഗ്രീസും യൂറോപ്യൻ യൂണിയൻ നേതാക്കളും തമ്മിൽ ഇതു സംബന്ധിച്ച് ബ്രസൽസിൽ വച്ച് നടത്തിയ ചർച്ച എങ്ങുമെത്തിയില്ല.

യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിൽ ഇത് നിർണായകമായ നിമിഷമാണെന്നായിരുന്നു തുടർന്ന് നടത്തിയ പ്രസ്താവനയിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റായ ഡൊണാൾഡ് ടസ്‌ക് വ്യക്തമാക്കിയത്. അവസാന തീരുമാനമെടുക്കാൻ തങ്ങൾക്ക് മുന്നിൽ ഇനി വെറും അഞ്ച് ദിവസങ്ങൾ മാത്രമെയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ഇക്കാര്യത്തിൽ താൻ ഡെഡ്‌ലൈൻ ഒന്നും പ്രഖ്യാപിച്ചിരുന്നില്ലെന്നും പക്ഷേ ഇന്ന് രാത്രിമുതൽ അഞ്ച് ദിവസത്തിനുള്ളിൽ പ്രശ്‌നത്തിന് തീരുമാനമെടുക്കുമെന്ന് താൻ ഉറക്കെയും വ്യക്തമായും പറയുകയാണെന്നും ടസ്‌ക് വെളിപ്പെടുത്തി.

ഗ്രീസ് യൂറോസോണിന് വെളിയിൽ പോവുകയാണെങ്കിൽ ആ പ്രതിസന്ധിയെ നേരിടാൻ ഒരു സമാന്തര കറൻസി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നേതാക്കൾ ആദ്യമായി ചർച്ച ചെയ്തിട്ടുണ്ടെന്നാണ് കഴിഞ്ഞ രാത്രിയിൽ ജർമൻ ചാൻസലർ ഏയ്ഞ്ചല മെർകെൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച നടക്കന്ന മീറ്റിംഗിൽ ഇതു സംബന്ധിച്ച തീരുമാനങ്ങളെല്ലാം ഉണ്ടാവുമെന്ന് അവർ പറഞ്ഞു. ഗ്രീക്ക് പുറത്ത് പോകുന്ന അവസ്ഥയെക്കുറിച്ച് തങ്ങൾ വിശദമായി ചർച്ച ചെയ്തുവെന്നാണ് യൂറോപ്യൻ കമ്മീഷണൻ പ്രസിഡന്റായ ജീൻ ക്ലൗഡ് ജങ്കർ പറഞ്ഞിരിക്കുന്നത്.

ഗ്രീക്ക് ധനമന്ത്രി യൂക്ലീഡ് സാക്ലാറ്റോസ് യൂറോസോണിലെ മറ്റ് ധനകാര്യമന്ത്രിമാരുമായി നടത്തിയ ചർച്ചയുടെ അച്ചടിച്ച രേഖകൾ ഇനിയും പുറത്ത് വന്നിട്ടില്ല. രാജ്യത്തിന്റെ കടബാധ്യത പരിഹരിക്കുന്നതിനുള്ള നിർദേശങ്ങലൊന്നും മുന്നോട്ട് നീക്കാൻ അദ്ദേഹത്തിന് പ്രസ്തുത യോഗത്തിൽ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ യുഎസ്പ്രസിഡന്റ് ഒബാമ പ്രസ്തുത പ്രശ്‌നത്തിൽ വ്യക്തിപരമായി ഇടപെടുമെന്നും വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒബാമയും ഗ്രീസ് പ്രധാനമന്ത്രി സിപ്രാസയും ഇത് സംബന്ധിച്ച് ഫോണിൽ ചർച്ച ചെയ്തുവെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. ഗ്രീസിൽ റഫറണ്ടം നടന്നതിന് ശേഷംഒബാമയും സിപ്രാസയും തമ്മിൽ നടക്കുന്ന ആദ്യ ഫോൺ സംഭാഷണമാണിതെന്നും റിപ്പോർട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP