ജപ്പാനിലെ ഒസാക്കയിൽ ശക്തമായ ഭൂചലനം; ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു: നൂറു കണക്കിന് പേർക്ക് പരിക്കേറ്റു
June 18, 2018 | 02:32 PM IST | Permalink

സ്വന്തം ലേഖകൻ
ടോക്ക്യോ: ജപ്പാനിലെ ഒസാകയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പത്തിൽ നൂറു കണക്കിന് പേർക്ക് പരിക്കേറ്റു. റിക്ടർ സ്‌കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം എട്ടുമണിയോടെയാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
മരിച്ചവരിൽ ഒരാൾ ഒമ്പതുവയസ്സുള്ള പെൺകുട്ടിയാണ്. സ്‌കൂളിന്റെ മതിൽ ഇടിഞ്ഞുകുട്ടിയുടെ മേൽ വീഴുകയായിരുന്നു. മതിൽ ഇടിഞ്ഞുവീണ് ഒരു വൃദ്ധനും വീട്ടിലെ ബുക്ക്ഷെൽഫ് മറിഞ്ഞുവീണ് മറ്റൊരാളും മരിച്ചു. റോഡുകൾ പലയിടത്തും പൊട്ടിപൊളിഞ്ഞു. ജലവിതരണ പൈപ്പുകളും താറുമാറായി. പൈപ്പുകൾ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകയുകയാണ്. നിരവധി പേർ ഇലവേറ്ററിലും മറ്റും കുടുങ്ങി. 170,000 വീടുകളിലെ വൈദ്യൂതി, ഗ്യാസ് വിതരണം നിലച്ചു.
ഭൂചലനത്തെ തുടർന്ന് കുറച്ചുസമയത്തേക്ക് വിമാനത്താവളങ്ങൾ അടച്ചിട്ടു. ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ഫാക്ടറികളുടെ പ്രവർത്തനവും തടസ്സപ്പെട്ടു. ഹൈസ്പീഡ്, ലോക്കൽ ട്രെയിനുകളുടെ സർവീസ് തടസ്സപ്പെട്ടു. ക്യോട്ടോ, നാര, ഹ്യുഗോ, ഷിഗ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.
ഭൂകമ്പ സാധ്യത മേഖലയിൽ സ്ഥിതി ചെയ്യുന്ന ജപ്പാനിൽ അനുഭവപ്പെടുന്ന ഭൂചലനങ്ങളിൽ അവയിൽ 20%ൽ ഏറെയും 6.0 തീവ്രതയുള്ളതോ അതിലും ശക്തിയേറിയവയോ ആണ്.
