Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വെറുതെ കിട്ടിയാൽ വെള്ളക്കാർ അമേധ്യവും തിന്നുമോ..? ഈസി ഫുഡ് സ്റ്റോർ വീണ്ടും തുറന്നപ്പോൾ ആറ് മണിക്കൂർ ക്യൂ; ഒരു ഉൽപന്നം ഒരാൾക്ക് ഒന്നു മാത്രം വിറ്റ് ലണ്ടനിലെ സ്റ്റോറും

വെറുതെ കിട്ടിയാൽ വെള്ളക്കാർ അമേധ്യവും തിന്നുമോ..? ഈസി ഫുഡ് സ്റ്റോർ വീണ്ടും തുറന്നപ്പോൾ ആറ് മണിക്കൂർ ക്യൂ; ഒരു ഉൽപന്നം ഒരാൾക്ക് ഒന്നു മാത്രം വിറ്റ് ലണ്ടനിലെ സ്റ്റോറും

' ഓസിയിൽ കിട്ടിയാൽ മൂസ ആസിഡും കുടിക്കും...'. എന്നൊരു പഴമൊഴി ചിലയിടങ്ങളിൽ പ്രചാരത്തിലുണ്ട്. ഈസി ജെറ്റുടമ സ്റ്റീലിയോസ് ഹാജി ലോനൗ അടുത്തിടെ ആരംഭിച്ച 25 പെൻസ് ഈസി ഫുഡ് സ്റ്റോറിലെത്തുന്ന വെള്ളക്കാർക്കും ഇതേ സ്വഭാവമാണുള്ളത്. വെറുതെ കിട്ടിയാൽ തങ്ങൾ അമേധ്യവും തിന്നുമെന്ന വിധത്തിലാണ് സായിപ്പന്മാർ 25 പെൻസ് സ്റ്റോറിൽ സാധനങ്ങൾ കൈക്കലാക്കാൻ അത്യാർത്തി പിടിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിസ്‌കൗണ്ട് വിൽപനയിലൂടെ ബ്രിട്ടനിലെ ഉപയോക്താക്കളുടെ മനം കവർന്ന സൂപ്പർ മാർക്കറ്റുകളായ ആൽഡിയെയും ലിഡിലിനെയും വെല്ലുവിളിച്ച് കൊണ്ട് ആരംഭിച്ച 25 പെൻസ് ഈസി ഫുഡ് സ്റ്റോർ ആദ്യ ദിവസം തന്നെ സൂപ്പർഹിറ്റായിരുന്നു. സാധനങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ വിറ്റ് പോയി കടകാലിയായതിനെ തുടർന്ന് വേഗത്തിൽ അടയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ 25 പെൻസ് സ്റ്റോർ വീണ്ടും തുറന്നപ്പോൾ ഇതിനുള്ളിലെത്താനുള്ള ക്യൂ ആറ് മണിക്കൂറോളം നീണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിതവും അനിയന്ത്രിതവുമായ കസ്റ്റമേർസിന്റെ തള്ളിക്കയറ്റം കാരണം ഒരു ഉൽപന്നം ഒരാൾക്ക് ഒന്നു മാത്രം വിൽക്കുകയെന്ന നയം അനുവർത്തിക്കാൻ ഈസി ഫുഡ് സ്റ്റോർ നിർബന്ധിതമാവുകയും ചെയ്തു. സ്‌റ്റോറിന്റെ പ്രമോഷന് വേണ്ടി എല്ലാ സാധനങ്ങളും ഒരു മാസക്കാലം ഇവിടെ 25 പെൻസിനാണ് (25 രൂപ)
വിൽക്കുന്നത്. എന്നാൽ അതിന് ശേഷം വില 50 പെൻസിനടുത്തെത്തുമെന്നാണ് (50 രൂപ)
സൂചന. ഈ വമ്പിച്ച വിലക്കുറവ് മുതലെടുത്ത് പരമാവധി സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഷോപ്പർമാർ ഇരച്ചെത്തിയതാണ് ഈസി ഫുഡ് സ്റ്റോറിനെ വെട്ടിലാക്കിയിരിക്കുന്നത്.

എങ്ങനെയെങ്കിലും സ്‌റ്റോറിനുള്ളിലെത്താൻ തിക്കും തിരക്കും കൂട്ടുന്ന നിരവധി പേരെ നോർത്ത് ലണ്ടനിലെ പാർക്ക് റോയലിലുള്ള ഈസിജെറ്റ് എംപയറിലെ സ്റ്റോറിന് മുന്നിൽ കാണായിരുന്നു.ചിലരാകട്ടെ ക്ഷമയോടെ ആറ് മണിക്കൂറോളം ക്യൂവിൽ നിൽക്കുകയും ചെയ്തിരുന്നു. വൻ വിലക്കുറവിന്റെ ആനുകൂല്യം അനുഭവിക്കാനായി ബ്രൈറ്റണിൽ നിന്നും കാന്റർബറിയിൽ നിന്നുള്ളവർ വരെ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. ചൊവ്വാഴ്ച ഈസി ഫുഡ് സ്റ്റോർ ആദ്യമായി തുറന്നത് മുതൽ ഷോപ്പർമാരുട പ്രവാഹമായിരുന്നു.

ജാഫ കേയ്ക്കുകൾ, ഇൻസ്റ്റന്റ് കോഫി, ടിൻഡ് ടൂണ, ചില്ലി കോൺ കാൻ, പിറ്റ് ബ്രഡുകൾ, ചിപ്‌സുകൾ, മാർഗെറിറ്റ പിസകൾ, തുടങ്ങിയ നിരവധി സാധനങ്ങൾ കൈനിറയെ വാരിയെടുത്ത് സഞ്ചിയിലാക്കാൻ പരസ്പരം ഇടികൂടുന്നവരെ ഈസിഷോപ്പിൽ കാണാമായിരുന്നു. ഇവിടുത്തെ ഫ്രോസൻ ഐറ്റങ്ങൾ രണ്ട് മണിക്കൂറുകൾ കൊണ്ട് തീർന്നതിനാൽ അവ പിന്നീട് വീണ്ടും കൊണ്ടു വന്ന് നിറയ്ക്കുന്നത് കാണാമായിരുന്നു.അവയും ചുരുങ്ങിയ സമയത്തിനുള്ളിൽ വിറ്റ് പോയതിനാൽ ആദ്യദിവസം തന്നെ സ്‌റ്റോർ പ്രതീക്ഷിച്ചതിലും നേരത്തെ അടയ്‌ക്കേണ്ടിയും വന്നിരുന്നു.

തുടർന്ന് നോർത്ത് ലണ്ടനിലെ സ്‌റ്റോറിന് മുന്നിലെത്തിയ ചില കസ്റ്റമർമാർക്ക് സാധനങ്ങളില്ലാത്തതിനാൽ വെറും കൈയോടെ മടങ്ങേണ്ടിയും വന്നിരുന്നു. വൈകീട്ട് നാല് മണിയോടെ സാധനങ്ങൾ തീർന്നതിനാൽ സ്‌റ്റോർ അടയ്ക്കാനൊരുങ്ങുന്നതിനിടെ ചില കസ്റ്റമർമാർ സ്‌റ്റോറിലെ ജീവനക്കാരോട് കയർക്കുകയും ചെയ്തിരുന്നു. തുടർന്ന് കടയ്ക്കകത്തെത്തിയ ഫോട്ടോഗ്രാഫർമാർക്ക് കാലിയായ ഷെൽഫുകളാണ് പകർത്താൻ സാധിച്ചതെന്നും റിപ്പോർട്ടുണ്ട്. സ്റ്റോറിൽ വിൽപനയ്ക്ക് വച്ചിരുന്ന 76 തരത്തിലുള്ള ഐറ്റങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിലാണ് അത്യാർത്തി പിടിച്ച ആളുകൾ സഞ്ചിയിലാക്കിയിരുന്നത്. നിത്യോപയോഗ സാധനങ്ങളിൽ മിക്കവയും 25 പെൻസിന് (25 രൂപ) ഈസി സ്റ്റോർ ലഭ്യമാക്കുന്നുണ്ട്. പഞ്ചസാര, ചായ, സാർഡൈൻസ്, ടൊമാറ്റോ കെച്ചപ്പ്, പീച്ച് സ്ലൈസുകൾ, ജാഫ കേയ്ക്കുകൾ തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ്.

നാല് പേരുള്ള ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്ക് അത്യാവശ്യമായ സാധനങ്ങൾക്ക് ഈസി ഫുഡ് സ്റ്റോറിൽ വെറും 15.75 പൗണ്ട് (1575 രൂപ) മാത്രമേ വേണ്ടിവരുന്നുള്ളുവെന്നത് പ്രധാന ആകർഷണമായി നിലകൊള്ളുന്നു. ത്രീ കോഴ്‌സ് ഡിന്നർ, പാസ്റ്റ, മെയിൻ കോഴ്‌സ്, ഹൗമൗസ് സ്റ്റാർട്ടർ എന്നിവയ്ക്ക് വെറും 2.75പൗണ്ട് (275 രൂപ) മാത്രമേ ഇവിടെ ചെലവാകുന്നുള്ളൂ.ഡിസ്‌കൗണ്ട് വിൽപനയ്ക്ക് പേര് കേട്ട ആൽഡി, ലിഡിൽ എന്നിവയിൽ ഉയർന്ന വിലയുള്ള ചില ജനകീയ ഉൽപന്നങ്ങളെല്ലാം ഈസി ഫുഡ് സ്്‌റ്റോറിൽ ഇപ്പോൾ വെറും 25 പെൻസിനാണ് വിറ്റഴിക്കുന്നത്. ഇതനുസരിച്ച് ആൽഡിയിലെ ഓഷ്യൻ റൈസ് ടുണ ഫ്‌ലേക്ക്‌സ് ഇൻ ബ്രിനിന് 49 പെൻസും ലിഡിലിലെ നിക്‌സ് ടിൻഡ് ടൂണ ചങ്ക്‌സ് ഇൻ ബ്രിനിന് 45 പെൻസുമാണ് വിലയെങ്കിൽ ഈസി ഫുഡ്‌സ്റ്റോർ ടൂണ ഫ്‌ലേക്ക്‌സിന് വെറും 25 പെൻസ് മാത്രമേ വരുന്നുള്ളൂ. അതു പോലെ തന്നെ ആൽഡിയിലെ വെജിറ്റബിൾ ഓയിലിന് 89 പെൻസും ലിഡിലിൽ ഇതിന് 62 പെൻസുമാണ് വില. എന്നാൽ ഈസി സ്റ്റോറിൽ ഇതിനും 25 പെൻസാണ്. ഇത്തരത്തിൽ നിരവധി ഉൽപന്നങ്ങളാണ് ഈസി ഫുഡ് സ്റ്റോറിൽ വൻ വിലക്കുറവിൽ ഷോപ്പർമാർക്ക് കരസ്ഥമാക്കാം.

നിത്യേന 4000 ഐറ്റങ്ങൾ വിറ്റഴിക്കാമെന്നും അതായത് 400 കസ്റ്റമർമാർ 10 ഐറ്റങ്ങൾവീതം ശരാശരി വാങ്ങുമെന്നുമാണ് ഈസി ഫുഡ് സ്റ്റോർ കണക്ക് കൂട്ടുന്നത്. ഫ്രഷ് ഫുഡ് ഈ സ്റ്റോറിൽ ലഭ്യമല്ല. ഏതായാലും ഈസ് സ്റ്റോറിലേക്ക് ജനങ്ങൾ പ്രവഹിക്കുകയാണ്. ആൽഡിക്കും ലിഡിലിനും പുറമെ ടെസ്‌കോ പോലുള്ള സൂപ്പർമാർക്കറ്റ് ഭീമന്മാർക്കും ഇത് പാരയാകുമെന്നുറപ്പാണ്. 25 പെൻസ് സ്റ്റോർ വിജയിക്കുയാണെങ്കിൽ സൗത്ത്ഈസ്റ്റ് ലണ്ടൻ, മിഡ്‌ലാന്റ്‌സ്, നോർത്ത് എന്നിവിടങ്ങളിലും ഇതിന്റെ ശാഖകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് കമ്പനി വെളിപ്പെടുത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP