Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈജിപ്ഷ്യൻ വിമാനം തട്ടിയെടുത്ത ആളെ അറസ്റ്റു ചെയ്തു; ആശങ്ക നിറഞ്ഞ ബന്ദി നാടകത്തിന് അന്ത്യമായി; വിമാനം തട്ടിയെടുത്തത് ഈജിപ്ഷ്യൻ സ്വദേശിയായ വൈറ്റിനറി പ്രൊഫസർ; റാഞ്ചിയത് മുൻഭാര്യയെ കാണാൻ വേണ്ടി; വിമാന റാഞ്ചി ഭീകരൻ അല്ലെന്ന് അധികൃതർ

ഈജിപ്ഷ്യൻ വിമാനം തട്ടിയെടുത്ത ആളെ അറസ്റ്റു ചെയ്തു; ആശങ്ക നിറഞ്ഞ ബന്ദി നാടകത്തിന് അന്ത്യമായി; വിമാനം തട്ടിയെടുത്തത് ഈജിപ്ഷ്യൻ സ്വദേശിയായ വൈറ്റിനറി പ്രൊഫസർ; റാഞ്ചിയത് മുൻഭാര്യയെ കാണാൻ വേണ്ടി; വിമാന റാഞ്ചി ഭീകരൻ അല്ലെന്ന് അധികൃതർ

നികോസിയ: ലോകത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ വിമാന റാഞ്ചൽ നാടകത്തിന് അവസാനമായി. ചോര പൊടിയാതെ തന്നെ വിമാന റാഞ്ചിയെ കീഴടക്കാൻ സാധിച്ചതോടെയാണ് വിമാനത്തിലെ ബന്ദി നാടകത്തിന് അന്ത്യമായത്. മുൻ ഭാര്യയെ കാണാൻ വേണ്ടിയാണ് ബന്ദി വിമാനം റാഞ്ചിയത്. വിമാന റാഞ്ചിയെ അറസ്റ്റു ചെയ്തതാണ് സൈപ്രസ് വിദേശകാര്യ മന്ത്രാലയാമാണ് അറിയിച്ചത്.

മുൻഭാര്യയെ കാണാൻ ഈജിപ്ത് എയർ വിമാനം റാഞ്ചി സൈപ്രസിലെ ലാർണാകയിൽ ഇറക്കിയ റാഞ്ചി ഈജിപ്തിലെ പ്രശസ്തമായ അലക്‌സാണ്ട്രിയ സർവ്വകലാശാലയിൽ വെറ്ററിനറി പ്രൊഫസറായ സെയ്ഫ് എൽദിൻ മുസ്തഫയാണ്. 60 യാത്രക്കാരും എട്ട് ജീവനക്കാരുമടങ്ങുന്നവരെ ആശങ്കയുടെ മുൾമുനയിലാക്കി ഈ വിമാന റാഞ്ചൽ നാടകം. അരയിൽ ബോംബുണ്ടെന്ന് പറഞ്ഞാണ് എൽദിൻ മുസ്തഫയുടെ നാടകം. മണിക്കൂറുകൾ നീണ്ട നടപടികൾക്കൊടുവിലാണ് യാത്രക്കാരെ മോചിപ്പിച്ചത്.

ഈജിപ്ത് എയറിന്റെ ആഭ്യന്തര സർവീസ് വിമാനമാണ് റാഞ്ചിയത്. വിമാനം സൈപ്രസിലെ ലാർണാക് വിമാനത്താവളത്തിൽ ഇറക്കി. റാഞ്ചിയുടെ നിർദ്ദേശ പ്രകാരമാണ് പ്രാദേശിക സമയം രാവിലെ 8.45 ന് തെക്കൻ സൈപ്രസിലെ ലാർണാക് വിമാനത്താവളത്തിൽ ഇറക്കിയത്. അലക്‌സാൻഡ്രിയയിൽ നിന്നു കയ്‌റോയിലേക്ക് പോയ ഈജിപ്ഷ്യൻ വിമാനമാണ് റാഞ്ചിയത്. എട്ടു ജീവനക്കാരടക്കം 68 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ നിന്നു മുഴുവൻ യാത്രക്കാരെയും മോചിപ്പിച്ച് ബന്ദിയെ അറശ്റ്റു ചെയ്തതായി അധികൃതർ അറിയിച്ചു.

വിമാനം തട്ടിയെടുത്ത വ്യക്തയുമായി ഒത്തതീർപ്പ് ചർച്ച നടത്തിയതോടെയാണ് ആശങ്കയുടെ മണിക്കൂറുകൾക്ക് വിരാമമായത്. മൂന്ന് യാത്രക്കാരടക്കം ഏഴു പേരെ വിമാനത്തിൽ ബന്ദിയാക്കിയായിരുന്നു പിന്നീട് ഇയാളുടെ നാടകം. ഒടുവിൽ യാത്രക്കാരെയെല്ലാം വിട്ടയച്ചപ്പോൾ വിമാനത്തിൽ ഇയാളും നാല് ജീവനക്കാരും മാത്രമായി.

തുടർച്ചയായ അനുനയ ചർച്ചയിലൂടെ മണിക്കൂറുകൾ വീണ്ടും കടന്നു പോയപ്പോൾ നാല് ജീവനക്കാരും സുരക്ഷിതരായി വിമാനത്തിനു പുറത്തിറങ്ങി. സൈപ്രസ് സുരക്ഷാ ഉദ്യോഗസ്ഥർ സെയ്ഫ് എൽദിൻ മുസ്തഫയെ അറസ്റ്റ് ചെയ്തതോടെ യാത്രക്കാരും അവരുടെ ബന്ധുക്കളുമടങ്ങുന്ന ഒരു വലിയ ജനതയ്ക്ക് ആശ്വാസമായി. ഇതിനിടെ വിമാനത്തിലെ കോക്പിറ്റിലെ ജനവാതിൽ വഴി ഒരു യാത്രക്കാരൻ പുറത്തേക്കു ചാടിയത് പരിഭ്രാന്തി പരത്തിയിരുന്നു.

വിമാനം റാഞ്ചിയത് മുൻഭാര്യയെ കാണാൻ വേണ്ടിയാണെന്നും വ്യക്തമായിട്ടുണ്ട്. ഹൈജാക്കർക്ക് മാനസിക അസ്ഥാസ്ഥ്യമുള്ള വ്യക്തിയാണെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. വിമാനം റാഞ്ചിയ ശേഷം ബന്ദികളെ വിട്ടയയ്ക്കാനായി ഒത്തുതീർപ്പ് ചർച്ച നടത്തിയ അധികൃതരോട് എൽദിൻ മുസ്തഫ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമായിരുന്നു. മുൻ ഭാര്യയെ കാണണം. അവളോടു സംസാരിക്കണമെന്ന്. എൽദിൻ മുസ്തഫയുടെ മുൻഭാര്യ സൈപ്രസിലാണ് താമസിക്കുന്നത്. ഇതിനു വേണ്ടിയാണ് ഇയാൾ വിമാനം സൈപ്രസിൽ അടിയന്തരമായി ലാൻഡ് ചെയ്യിച്ചത്.

എയർബസ് എ 320 വിഭാഗത്തിൽപ്പെട്ട എം.എസ് 181 വിമാനമാണ് റാഞ്ചിയത്. പ്രാദേശിക സമയം രാവിലെ 6.30 ന് അലക്‌സാൺഡ്രിയയിലെ ബുർജ് അൽ അറബ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം 7.45നായിരുന്നു കെയ്‌റോയിൽ ഇറങ്ങേണ്ടിയിരുന്നത്. പത്ത് അമേരിക്കക്കാരും എട്ട് ബ്രിട്ടീഷുകാരും അടക്കം വിദേശ പൗരന്മാരും വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പുറത്തുപോകാൻ അനുവദിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ട്. ആയുധധാരിയായ ഒരാളാണ് വിമാനം റാഞ്ചിയതെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

വിമാന റാഞ്ചി വിമാനത്തിൽ നിന്ന് മുൻ ഭാര്യയ്ക്കള്ള ഒരു കത്ത് വിമാന ജീവനക്കാരിയുടെ കയ്യിൽ കൊടുത്തു വിടുന്ന ഒരു ചിത്രവും പുറത്തുവന്നിരുന്നു. നാലുപേജുള്ള കത്താണ് വിമാന ജീവനക്കാരിയുടെ കയ്യിൽ കൊടുക്കാൻ ഹൈജാക്കർ ശ്രമിക്കുന്നത്. ജീവനക്കാരി തലയിൽ കൈവച്ചു നിൽക്കുന്നതും ചിത്രത്തിൽ കാണാം. ഭാര്യ ലാർനാകയിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

വിമാനം ബോംബ് വച്ചു തകർക്കും എന്നു സമാഹ ഭീഷണിപ്പെടുത്തിയെങ്കിലും എയർപോർട്ട് ഉദ്യോഗസ്ഥർ ഇതുവരെ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും തകർക്കുമെന്നും വിമാനം തട്ടിയെടുത്തയാൾ ഭീഷണിപ്പെടുത്തിയിരുന്നു. വിമാനം പറന്നുയർന്ന് അരമണിക്കൂറിനുള്ളിൽ റാഞ്ചുകയായിരുന്നു.

ബെൽറ്റ് ബോംബ് ധരിച്ച യാത്രക്കാരനിൽ നിന്നു ഭീഷണിയുണ്ടായെന്ന് പൈലറ്റ് ഒമർ ജമാൽ റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്ന് ഈജിപ്ത് എയർലൈൻസ് അധികൃതർ അറിയിച്ചു. തുടർന്ന് സൈപ്രസിലെ ലാർണാക് വിമാനത്താവളത്തിൽ ഇറക്കാൻ ആവശ്യപ്പെടുകയായിരുന്നു. റാഞ്ചിയവരുമായി ഒത്തുതീർപ്പിന് ശ്രമിച്ച ശേഷമാണ് വിമാനം ലാർണാക് വിമാനത്താവളത്തിൽ ഇറക്കിയതെന്നും വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ഹൈജാക്കർ ഒരു ഭീകരവാദിയല്ലെന്നു ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവൻ ഒരു അരവട്ടനാണെന്നാണ് വിദേശകാര്യ മന്ത്രി പറഞ്ഞത്. ഭീകരവാദികൾ ഒരിക്കലും വിഡ്ഢികളാകില്ലെന്നും മന്ത്രി പറയുകയുണ്ടായി. മനോരോഗത്തിന് ചികിത്സയിൽ കഴിഞ്ഞ വ്യക്തിയാണ് ഇയാളെന്നും വ്യക്തമായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP