Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടനില്ലാത്ത യൂറോപ്പ് പുതിയൊരു സൂപ്പർ സ്റ്റേറ്റ് ആവുമോ? കൂടുതൽ അധികാരങ്ങളും പ്രത്യേക സേനയുമുള്ള ഒരു രാജ്യമായി മാറാൻ ആലോചിച്ച് യൂറോപ്പ്

ബ്രിട്ടനില്ലാത്ത യൂറോപ്പ് പുതിയൊരു സൂപ്പർ സ്റ്റേറ്റ് ആവുമോ? കൂടുതൽ അധികാരങ്ങളും പ്രത്യേക സേനയുമുള്ള ഒരു രാജ്യമായി മാറാൻ ആലോചിച്ച് യൂറോപ്പ്

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട് പുറത്ത് വന്നതോടെ യൂണിയന്റെ കാര്യം പോക്കാണെന്നും യൂണിയനിലെ മറ്റുള്ള ചില രാജ്യങ്ങൾ കൂടി റഫറണ്ടം നടത്തി വിട്ട് പോകുന്നതോടെ ബ്രസൽസ് ക്ലബ് തകർന്നടിയുമെന്നുമുള്ള തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നിരുന്നു. എന്നാൽ അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന നീക്കമാണിപ്പോൾ യൂണിയൻ നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ബ്രിട്ടനില്ലാത്ത യൂറോപ്പ് പുതിയൊരു സൂപ്പർ സ്റ്റേറ്റായി മാറാനുള്ള ആലോചനയിലാണത്രെ. കൂടുതൽ അധികാരങ്ങളും പ്രത്യേക സേനയുമുള്ള ഒരു രാജ്യമായി മാറാനാണ് യൂറോപ്പ് ഒരുങ്ങുന്നതെന്നും സൂചനയുണ്ട്.

ജർമനിയുടെ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റെയിന്മെയറും ഫ്രാൻസിന്റെ വിദേശ കാര്യമന്ത്രി ജീൻ മാർക് അയ്റൗൾട്ടുമാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ആന്തരികവും ബാഹ്യവുമായ സുരക്ഷ, അഭയാർത്ഥി പ്രശ്നം, സാമ്പത്തിക സഹകരണം എന്നീ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളിൽ ഊന്നിക്കൊണ്ടുള്ള ഒരു സൂപ്പർ സ്റ്റേറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ കൂടുതൽ യോജിച്ച് കൊണ്ട് കെട്ടിപ്പടുക്കണമെന്നാണ് അവർ നിർദേശിച്ചിരിക്കുന്നത്. പക്ഷേ ഈ ആശയത്തോട് പോളണ്ട് അത്ര യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.' അവസാന തീരുമാനം' എന്നാണ് പോളണ്ട് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്യങ്ങൾ തങ്ങളുടെ സൈന്യങ്ങൾ, സാമ്പത്തിക സംവിധാനങ്ങൾ, അതിർത്തി നിയന്ത്രണങ്ങൾ എന്നിവ യൂറോപ്യൻ യൂണിയന് കൈമാറേണ്ടി വരുമെന്നും രാജ്യം ആശങ്കപ്പെടുന്നുണ്ട്. ഫ്രാൻസും ജർമനിയും മുന്നോട്ട് വച്ച ഈ ആശയത്തോട് യോജിക്കാനാവില്ലെന്നും അത് വലിയ രാജ്യങ്ങളുടെ മേൽക്കോയ്മയുള്ള ഒരു സൂപ്പർ സ്റ്റേറ്റിന് മാത്രമേ വഴിയൊരുക്കുകയുള്ളൂവെന്നുമാണ് പോളണ്ടിന്റെ പബ്ലിക് ടിവിപി പ്രതികരിച്ചിരിക്കുന്നത്. സൂപ്പർസ്റ്റേറ്റിനായുള്ള ഒമ്പത് പേജ് വരുന്ന നിർദേശത്തെ അന്യായമെന്നാണ് പോളണ്ടിന്റെ വിദേശകാര്യമന്ത്രി വിറ്റോൾഡ് വാസികോവ്സ്‌കി വിശേഷിപ്പിച്ചിരിക്കുന്നത്.

യൂറോപ്പിൽ ഒരു പുതിയ രാഷ്ട്രീയ ഐക്യം വേണമെന്നാണ് പുതിയ നിർദേശത്തിലൂടെ ഫ്രാൻസും ജർമനിയും ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അവർ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോയതിന്റെ ആഘാതം യൂറോപ്പിനെയാകമാനം പിടിച്ച് കുലുക്കിയതിന് ശേഷമാണ് പുതിയ നിർദ്ദേശം ഉയർന്ന് വന്നിരിക്കുന്നത്. ഇതിനെ തുടർന്ന് ഫ്രാൻസിലും കിഴക്കൻ യൂറോപ്പിലുമുള്ള തീവ്ര വലത്പക്ഷവാദികൾ ഇത്തരത്തിലുള്ള റഫറണ്ടം ഇവിടങ്ങളിലും നടത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു.

യൂറോപ്യൻ യൂണിയനിൽ ബ്രെക്സിറ്റിനെ തുടർന്ന് യൂണിയൻ പൗരന്മാരിൽ പടർന്ന് പിടിച്ച അനിശ്ചിത്വത്തെയും ആശങ്കകളെയും പറ്റി യൂണിയൻ നിർബന്ധമായും ഉൾക്കൊള്ളണമെന്നാണ് ഇന്നലെ പുറത്തിറക്കിയ ഒരു സംയുക്ത പ്രസ്താവനയിലൂടെ ജർമനിയുടെയും ഫ്രാൻസിന്റെയും ഇറ്റലിയുടെയും നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.യൂറോപ്യൻയൂണിയൻ ഒരു വിജയമാണെന്നും അത് നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും ഇതിലൂടെ മാത്രമേ ഇവിടുത്തെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയും യൂറോപ്പിന് ലോകത്തിന് മുന്നിലുള്ള സ്ഥാനം നിലനിർത്താനും സാധിക്കുകയുള്ളുവെന്നും ഇവർ വ്യക്തമാക്കിയിരുന്നു.

ഇവിടുത്തെ ജനങ്ങളുടെ പിന്തുണയിലൂടെ മാത്രമേ യൂറോപ്യൻ യൂണിയന് മുന്നോട്ട് പോകാനും പുരോഗതിക്കാനും സാധിക്കുകയുള്ളൂവെന്ന് ജർമൻ ചാൻസലർ ഏയ്ജല മെർകൽ, ഫ്രാൻസ് പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ട്, ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ റെൻസി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. സാധാരണക്കാരായ ആളുകളുടെ ആശങ്കകൾ അവഗണിക്കുന്നതിനാൽ ബ്രസൽസിൽ നിന്നെടുക്കുുന്ന നയങ്ങൾ വിമർശിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും അത് യൂണിയൻ വിരുദ്ധത വിവിധ അംഗരാജ്യങ്ങളിൽ വളർന്ന് വരാൻ ഇടയാക്കുന്നുവെന്നും മൂന്ന് രാഷ്ട്രത്തലവന്മാരും ആശങ്കപ്പെടുന്നു. ഇതിനാൽ യൂണിയൻ ശക്തിപ്പെടുത്താനുള്ള പുതിയ മാർഗങ്ങളെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന സൂചനകൾ ഇവരും മുന്നോട്ട് വയ്ക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP