Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരിക്കൽ യൂറോപ്പിൽ എത്തിക്കഴിഞ്ഞാൽ എത്തിയത് തന്നെ; നിർബന്ധിത നാടുകടത്തൽ നടക്കില്ല; അഭയാർത്ഥികളെ തിരിച്ചെടുക്കില്ലെന്ന് ആഫ്രിക്കൻ രാജ്യങ്ങൾ

ഒരിക്കൽ യൂറോപ്പിൽ എത്തിക്കഴിഞ്ഞാൽ എത്തിയത് തന്നെ; നിർബന്ധിത നാടുകടത്തൽ നടക്കില്ല; അഭയാർത്ഥികളെ തിരിച്ചെടുക്കില്ലെന്ന് ആഫ്രിക്കൻ രാജ്യങ്ങൾ

ലണ്ടൻ: സമീപകാലത്ത് യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മധ്യപൂർവേഷ്യയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമെത്തുന്ന അഭയാർത്ഥികൾ. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ തലപുകയ്ക്കാൻ തുടങ്ങിയിട്ടും നാളേറെയായി. ഇതിനെക്കുറിച്ചാലോചിക്കാൻ മാൾട്ടയിലെ വാലെറ്റയിൽ വച്ച് യൂറോപ്യൻ യൂണിയൻ നേതാക്കളും ആഫ്രിക്കൻ രാജ്യങ്ങളിലെ നേതാക്കളും തമ്മിൽ ഉച്ചകോടി നടന്നിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയ വേണ്ടത്ര രേഖകളില്ലാത്ത ആയിരക്കണക്കിന് അഭയാർത്ഥികളെ തിരിച്ചെടുത്താൽ ഒരു ബില്യൺ പൗണ്ട് സഹായം നൽകാമെന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ വാഗ്ദാനം ആഫ്രിക്കൻ നേതാക്കൾ നിരസിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ അഭയാർത്ഥികൾ ഒരിക്കൽ യൂറോപ്പിൽ എത്തിക്കഴിഞ്ഞാൽ എത്തിയത് തന്നെയെന്ന കാര്യത്തിൽ ഒരു തീരുമാനമായിരിക്കുകയാണ്. ഈ അഭയാർത്ഥികളെ നിർബന്ധിത നാടുകടത്തൽ നടക്കില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. അഭയാർത്ഥികളെ തിരിച്ചെടുക്കില്ലെന്ന് പ്രസ്തുത ഉച്ചകോടിയിൽ വച്ച് ആഫ്രിക്കൻ രാജ്യങ്ങൾ ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.

വേണ്ടത്ര രേഖകളില്ലാതെ യൂറോപ്യൻ രാജ്യങ്ങളിലെത്തിയ അഭയാർത്ഥികൾക്ക് അവരുടെ സ്വദേശത്തേക്കോ അവർ സഞ്ചരിച്ച് വന്ന രാജ്യങ്ങളിലേക്കോ മടങ്ങിപ്പോകുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനായി ലെയ്‌സെസ് പാസർ യാത്രാരേഖ നൽകാൻ യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും പാസ്‌പോർട്ടില്ലാതെ യൂറോപ്പിലെത്തുന്ന അഭയാർത്ഥികൾക്ക് പകരം ഇത്തരം രേഖകൾ നൽകാനാണ് ഇതു പ്രകാരം നിശ്ചയിച്ചിരുന്നത്.കുടിയേറ്റം സുഗമമാക്കാനായി സിറിയയിൽ നിന്നോ ഇറാഖിൽ നിന്നോ ഉള്ളവരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചില അഭയാർത്ഥികൾ വേണ്ടത്ര രേഖകളില്ലാതെ യൂറോപ്പിലേക്ക് കുടിയേറുന്നത്. യൂറോപ്യൻ യൂണിയൻ ഇഷ്യൂ ചെയ്യുന്ന ലെയ്‌സസ് പാസർ ഉള്ളവരെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കെത്തിക്കാൻ പരസ്പരം യോജിച്ച് പ്രവർത്തിക്കാനായിരുന്നു യൂറോപ്യൻ യൂണിയൻ ആഫ്രിക്കൻ നേതാക്കന്മാർ ഈ ആഴ്ച ആദ്യം പുറത്തിറക്കിയ സമ്മിറ്റിനായി തയ്യാറാക്കിയ കരടിൽ തീരുമാനമാനിച്ചിരുന്നത്.

എന്നാൽ കഴിഞ്ഞ രാത്രി നടന്ന ഉച്ചകോടിയിൽ ആഫ്രിക്കൻ രാജ്യങ്ങൾ തങ്ങളുടെ നിലപാട് മാറ്റുകയായിരുന്നു. ഇത് തങ്ങലുടെ അവസാന തീരുമാനമല്ലെന്നായിരുന്നു അവർ പറഞ്ഞത്. അഭയാർത്ഥി പ്രശ്‌നം പരിഹരിക്കാൻ ആഫ്രിക്കൻ രാജ്യങ്ങൾക്കായി 200 മില്യൺ പൗണ്ട് സഹായിക്കാമെന്ന് ഡേവിഡ് കാമറോൺ കഴിഞ്ഞ രാത്രി പ്രഖ്യാപിച്ചിരുന്നു. 2020നിടയിൽ ഈ തുക നൽകുമെന്നായിരുന്നു ബ്രിട്ടൻ പ്രഖ്യാപിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിലെ സാമ്പത്തിക സമ്മർദങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, അഴിമതി, അഭയാർത്ഥി പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കാനാണ് കാമറോൺ ഈ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. എത്യോപ്യയ്ക്ക് 125 മില്യൺ പൗണ്ട് നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇവിടുത്തെ അഭയാർത്ഥികളുടെ എണ്ണം 2011ലെ 90,000ത്തിൽ നിന്നും ഈ വർഷമാകുമ്പോഴേക്കും ഏഴ്‌ലക്ഷമായി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണിത്.

മാലി, ബർക്കിന ഫാസോ പോലുള്ള രാജ്യങ്ങളിലെ ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കായി അഞ്ച് മില്യൺ പൗണ്ട് നൽകുന്നുണ്ട്. ഭക്ഷണം, വെള്ളം, പാർപ്പിടം എന്നിവയ്‌ക്കൊപ്പമാണിത് പ്രദാനം ചെയ്യുന്നത്. തങ്ങളുടെ പദ്ധതികൾ ആഫ്രിക്കൻ നേതാക്കളെ കൊണ്ട് അംഗീകരിപ്പിക്കാൻ വേണ്ടി കാമറോൺ കഴിഞ്ഞ രാത്രി ഒരു വർക്കിങ് ഡിന്നർ സംഘടിപ്പിച്ചിരുന്നു. അഭയാർത്ഥി പ്രശ്‌നം പരിഹരിക്കാൻ യുകെ നിർണായകമായ പങ്കാണ് വഹിക്കുന്നതെന്നാണ് കാമറോൺ പറഞ്ഞത്. മനുഷ്യക്കടത്ത് തടയാനുള്ള നടപടികളും ഇതിന്റെ ഭാഗമായി അനുവർത്തിച്ച് വരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. യൂറോപ്പ് ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണിതെന്നും അദ്ദേഹം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP