Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മുടെ മക്കളുടെ കാലത്ത് ലോക പൊലീസ് ആവുന്നത് ഇന്ത്യ തന്നെ...! 2028-ൽ അമേരിക്കയെ പിന്തള്ളി ചൈന ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രം ആകും; 2050ൽ ചൈനയെ തള്ളി ഇന്ത്യയും..! പിടിച്ച് നിൽക്കാൻ പറ്റുന്നത് ബ്രിട്ടന് മാത്രം

നമ്മുടെ മക്കളുടെ കാലത്ത് ലോക പൊലീസ് ആവുന്നത് ഇന്ത്യ തന്നെ...! 2028-ൽ അമേരിക്കയെ പിന്തള്ളി ചൈന ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രം ആകും; 2050ൽ ചൈനയെ തള്ളി ഇന്ത്യയും..! പിടിച്ച് നിൽക്കാൻ പറ്റുന്നത് ബ്രിട്ടന് മാത്രം

ലോക പൊലീസ്..ലോക പൊലീസ്' എന്ന് പറഞ്ഞ് ഇന്ന് നാം അമേരിക്കയെ തൊട്ടതിനും പിടിച്ചതിനുമൊക്കം കുറ്റം പറയുക പതിവാണ്. ലോക രാജ്യങ്ങളുടെ കാര്യങ്ങളിലൊക്കെ വേണ്ടുന്നതിനും വേണ്ടാത്തതിനും ഇടപെടുന്നതിനാലാണിത്. എന്നാൽ നമ്മുടെ ഇന്ത്യ എന്നെങ്കിലും ആ സ്ഥാനത്ത് എത്തുന്നത് സങ്കൽപ്പിക്കാനാവുന്നുണ്ടോ..?. ചുമ്മാ സങ്കൽപ്പിക്കേണ്ട.. നമ്മുടെ മക്കളുടെ കാലത്ത് ഇന്ത്യ ലോക പൊലീസാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പ്രവചിക്കുന്നത്. അതായത് 2028ൽ അമേരിക്കയെ പിന്തള്ളി ചൈന ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമാകുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. തുടർന്ന് 2050ൽ ചൈനയെ തള്ളി ഇന്ത്യ ആ സ്ഥാനത്തെത്തുകയും ചെയ്യും. ഇതിന് മുമ്പിൽ പിടിച്ച് നിൽക്കാൻ സാധിക്കുന്ന പാശ്ചാത്യ രാഷ്ട്രം ബ്രിട്ടൻ മാത്രമായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. സെന്റർ ഫോർ എക്കണോമിക്‌സ് ആൻഡ് ബിസിനസ് റിസർച്ച്(സിഇബിആർ) ആണ് ഈ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക പുരോഗതി ഇന്നത്തെ നിലയിൽ പുരോഗമിക്കുകയാണെങ്കിൽ 2019 ആകുമ്പോഴേക്കും അത് യുകെയുടെ സമ്പദ് വ്യവസ്ഥയെ മറികടക്കുമെന്നാണ് സിഇബിആർ റിപ്പോർട്ട് പ്രവചിക്കുന്നത്. ഉയർന്ന ജനസംഖ്യ ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് സഹായകമാകുമെന്നും കണ്ടെത്തലുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ബ്രിട്ടൻ ഇന്ത്യയ്ക്ക് മില്യൺ കണക്കിന് പൗണ്ടുകൾ സഹായമായി നൽകുന്നുണ്ടെന്നതാണ് അതിശയകരകമായ കാര്യം. 2028ൽ ചൈന അമേരിക്കയെ മറികടന്ന് ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്ഘടനയാവുകയും തുടർന്ന് 2050ൽ ഇന്ത്യ ചൈനയെ മറികടക്കുകയും ചെയ്യുമ്പോൾ പാശ്ചാത്യ രാജ്യങ്ങളുടെ സമ്പദ് ഘടനയിൽ കാര്യമായ പുരോഗതിയുണ്ടാവില്ല. ബ്രിട്ടന് മാത്രമായിരിക്കും എടുത്ത് പറയാവുന്ന നേട്ടമുണ്ടാവുക. പാശ്ചാത്യ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സമ്പദ് വ്യവസ്ഥ യുകെയുടേത് മാത്രമായിരിക്കും. അതായത് 2014ൽ ഫ്രാൻസിന്റെ സമ്പദ് വ്യവസ്ഥയെ മറി കടന്ന യുകെ 2030കളിൽ ജർമനിയെയും ജപ്പാനെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് ഘടനയായി മാറുകയും ചെയ്യും.

യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വേറിട്ട് പോവുകയാണെങ്കിൽ സാമ്പത്തിക പുരോഗതിയുടെ കാര്യത്തിൽ അത് മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഏറെ മുന്നിലെത്തുമെന്നും സിഇബിആർ റിപ്പോർട്ട് പ്രവചിക്കുന്നു. ഇതേ സമയം ഫ്രാൻസ് ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മമായ ജി8ൽ നിന്ന് പുറത്ത് പോയി നാണം കെടുമെന്നാണ് പ്രസ്തുത റിപ്പോർട്ട് പ്രവചിക്കുന്നത്. അടുത്ത വർഷം യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ ബന്ധം നിശ്ചയിക്കുന്നതിന് വേണ്ടിയുള്ള റഫറണ്ടം ബ്രിട്ടൻ നടത്താനിരിക്കവെയാണീ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ വളരെ ശക്തമാണെന്നും യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോയാലും ബ്രിട്ടന് അതിജീവിക്കാൻ പ്രശ്‌നമൊന്നുമില്ലെന്നുമാണ് സിഇബിആർ കണ്ടെത്തിയിരിക്കുന്നത്. അതായത് അതിവേഗം പുരോഗമിക്കുന്ന സമ്പദ് വ്യവസ്ഥകളായ ഇന്ത്യയുമായും ചൈനയുമായും ഉള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ ബ്രിട്ടന് നേട്ടം കൊയ്യാമെന്നാണ് പ്രസ്തുത റിപ്പോർട്ട് നിർദ്ദേശിക്കുന്നത്.

ബ്രിട്ടൻ കഴിഞ്ഞ വർഷം ഫ്രാൻസിനെ മറികടന്നുവെന്ന് സിഇബിആറിന്റെ വേൾഡ് എക്കണോമിക് ലീഗ് ടേബിൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലൂടെ യുകെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിത്തീരുകയും ചെയ്തിരിക്കുകയാണ്. സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ജപ്പാനെ മറികടക്കാൻ സാധിച്ചാൽ മാത്രമേ യുകെയ്ക്ക് ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകാൻ 2030കളോടെ സാധിക്കുകയുള്ളൂവെന്നും സിഇബിആർ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. സാസ്‌കാരി വൈവിധ്യമാണ് യുകെയുടെ ശക്തിയെന്നും സോഫ്റ്റ് വെയർ, ഐടി അപ്ലിക്കേഷൻസ് തുടങ്ങിയവയിലുള്ള ശക്തമായ സ്ഥാനവും യുകെയുടെ സാമ്പത്തി വളർച്ചയ്ക്ക് അടിത്തറയേകുന്നതെന്നും പ്രസ്തുത റിപ്പോർട്ട് അടിവരയിട്ട് പറയുന്നു. കയറ്റുമതിയിലുള്ള ശക്തിയില്ലായ്മയും സ്ഥിരതയില്ലാത്ത സമ്പദ് വ്യവസ്ഥയുമാണ് ഇതിന്റെ പ്രധാനപ്പെട്ട പോരായ്മയെന്നും സിഇബിആർ ചൂണ്ടിക്കാട്ടുന്നു.2030ൽ ബ്രിട്ടൻ ജർമനിയെ മറികടക്കുമെന്ന് കഴിഞ്ഞ വർഷം സിഇബിആർ പ്രവചിച്ചിരുന്നു. എന്നാൽ കടുത്ത കുടിയേറ്റം കാരണം ജർമനിയുടെ ജനസംഖ്യ വർധിച്ചതിനാൽ ആ മറി കടക്കൽ അൽപം വർഷം കൂടി വൈകാൻ സാധ്യതയുണ്ടെന്നും സിഇബിആർ ഇപ്പോൾ പ്രവചിക്കുന്നു.

ഫ്രാൻസിന്റെയും ഇറ്റലിയുടയും സമ്പദ് വ്യവസ്ഥകൾ മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നും അക്കാരണത്താൽ അവ ജിഎട്ടിൽ നിന്നും ചിലപ്പോൾ ജി20ൽ നിന്ന് വരെ പുറത്ത് പോകാൻ സാധ്യതയുണ്ടെന്നും സിഇബിആർ പ്രവചിക്കുന്നു. റഷ്യയുടെ സമ്പദ് വ്യവസ്ഥയും മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. എണ്ണവിലയിലെ താഴ്ചയും റൂബിളിന്റെ വിലയിടിവുമാണിതിന് കാരണം.

എണ്ണയെ അടിസ്ഥാമാക്കി നിലകൊള്ളുന്ന സാമ്പത്തിക വ്യവസ്ഥകൾ പരിതാപകരമായ അവസ്ഥയിലാണെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. വടക്കൻ കടലിലെ എണ്ണയുടെ സാന്നിധ്യം ഒരു സ്വതന്ത്ര സ്‌കോട്ട്‌ലൻഡിനെ നിലനിർത്താനുള്ള സാധ്യതയും സിഇബിആർ ചൂണ്ടിക്കാട്ടുന്നുണ്ട്.ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ പുരോഗതിക്കുമെങ്കിലും അടുത്ത രണ്ട് ദശാബ്ദത്തിനുള്ളിൽ പടിഞ്ഞാറൻ യൂറോപ്പിന്റെ സമ്പദ് വ്യവസ്ഥ മോശപ്പെട്ട പ്രകടനമാണ് കാഴ്ച വയ്ക്കുക.ഫ്രാൻസിന്റെ പ്രകടനം അതി ദയനീയമായിരിക്കും. ഫ്രാൻസും ജർമനിയും വിട്ട് വീഴ്ചയ്ക്ക് തയ്യാറായതോടെ യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ വിലപേശലുകൾക്ക് മുന്നേറ്റം ദൃശ്യമാകുന്ന സമയാണിത്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് നാല് വർഷത്തേക്ക് ബെനഫിറ്റുകൾ നേടുന്നത് നിരോധിക്കുന്ന ഒരു നിയമം നടപ്പിലാക്കാനുള്ള അനുമതിക്കാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ യൂറോപ്യൻ യൂണിയന് മുകളിൽ സമ്മർദം ചെലുത്തുന്നത്. എന്നാൽ ഇത് തൊഴിലാളികളുടെ സ്വതന്ത്ര നീക്കമെന്ന തത്വങ്ങൾക്ക് എതിരാണെന്നാണ് മററ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ വാദിക്കുന്നത്.എന്നാൽ മൂന്ന് വർഷത്തെ നിരോധനം എന്ന ഒത്തു തീർപ്പിന് വഴങ്ങാൻ ഇപ്പോൾ ഫ്രാൻസും ജർമനിയും ഏറെക്കൂറെ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിൽ നടക്കുന്നു യൂറോപ്യൻ യൂണിയൻ സമ്മിറ്റിൽ വച്ച് ഇത് സംബന്ധിച്ച് ഒരു ധാരണയാകുമെന്നാണ് കരുതുന്നത്. യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ ബന്ധം തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട റഫറണ്ടം 2017 അവസാനം നടത്തുമെന്നായിരുന്നു കാമറോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP