Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെ എസ്സേ ഫാക്ടറികൾ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾക്ക് തലവേദനയാകുന്നു; എൻജിനീയറിങ് വിദ്യാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ വർക്കുകൾ പോലും നൽകാൻ ഇന്ത്യയിൽ പ്രത്യേക കമ്പനികൾ; ഇന്റർനെറ്റിൽ വാർത്താ തട്ടിപ്പുകൾ കണ്ടെത്താനാവാതെ യൂണിവേഴ്സിറ്റികൾ

ഇന്ത്യയിലെ എസ്സേ ഫാക്ടറികൾ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾക്ക് തലവേദനയാകുന്നു; എൻജിനീയറിങ് വിദ്യാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ വർക്കുകൾ പോലും നൽകാൻ ഇന്ത്യയിൽ പ്രത്യേക കമ്പനികൾ; ഇന്റർനെറ്റിൽ വാർത്താ തട്ടിപ്പുകൾ കണ്ടെത്താനാവാതെ യൂണിവേഴ്സിറ്റികൾ

ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ നിന്നും നേടുന്ന ഡിഗ്രികൾക്ക് ഏത് കാലത്തും അതിന്റേതായ മൂല്യമുണ്ട്. എന്നാൽ നിലവിൽ ഇവയുടെ മൂല്യം കളയുന്ന രീതിയിൽ പ്രവർത്തിക്കുന്ന എസ്സേ ഫാക്ടറികൾ ഇന്ത്യയിൽ വ്യാപിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. ഇത്തരം സ്ഥാപനങ്ങൾ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾക്ക് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. യുകെയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന എൻജിനീയറിങ് വിദ്യാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ വർക്കുകൾ പോലും നൽകാൻ ഇന്ത്യയിൽ പ്രത്യേക കമ്പനികളുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരം പ്രാക്ടിക്കൽ വർക്കുകൾ ഇന്റർനെറ്റിൽ നിന്നും കോപ്പി എടുത്താൽ അവ അനായാസം പിടിക്കാൻ യൂണിവേഴ്സിറ്റികൾക്ക് മാർഗങ്ങളുണ്ട്. എന്നാൽ ഇന്ത്യയിൽ ചെലവ് കുറഞ്ഞ മാർഗത്തിലൂടെ പ്രഫഷണലുകളെ ലഭിക്കുന്നതിനാൽ അവരെ ഉപയോഗിച്ച് ഇത്തരം പ്രാക്ടിക്കൽ വർക്കുകൾ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾക്ക് ചെയ്ത് കൃത്യ സമയത്ത് നൽകി വൻ പ്രതിഫലം വാങ്ങുകയാണീ കമ്പനികൾ ചെയ്യുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. അതിനാൽ ഇത്തരം തട്ടിപ്പുകൾ കണ്ടെത്താനാവാതെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ കുഴങ്ങുകയാണ്.

ഇത്തരം എസ്സേ ഫാക്ടറികൾ വിദ്യാർത്ഥികൾക്കുള്ള പിഎച്ച്ഡി ഡിസേർട്ടേഷനുകൾ പോലും പണം വാങ്ങി എഴുതിക്കൊടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ വ്യാപിക്കുന്ന എസ്സേ മില്ലുകളെ കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നുവെന്ന് ചൊവ്വാഴ്ച യൂണിവേഴ്സിറ്റി മിനിസ്റ്റർ ജോ ജോൺസൻ സ്റ്റുഡന്റ് ബോഡികളോടും യൂണിവേഴ്സിറ്റികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള എസ്സേ മില്ലുകളോ അല്ലെങ്കിൽ യൂണിവേഴ്സിറ്റികളോ വിദ്യാർത്ഥികൾക്ക് അവരുട ഡിഗ്രിയുടെ ഭാഗമായി സമർപ്പിക്കേണ്ടുന്ന എസ്സേകൾ പരമ്പരാഗതമായ രീതിയിൽ എഴുതി നൽകുന്നുവെന്നാണ് അദ്ദേഹം മുന്നറിയി്പ്പേകിയിരിക്കുന്നത്. ബ്രിട്ടീഷ് യൂണേേിവഴ്സിറ്റികളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഐടിയിലെ ഇന്ത്യൻ വിദഗ്ധരെ പ്രയോജനപ്പെടുത്തി ഇത്തരം കാര്യങ്ങൾ സംഘടിപ്പിച്ച് സമർപ്പിക്കുന്നുവെന്നും ഇതിനെ കോൺട്രാക്ട് ചീറ്റിങ് എന്ന് വിളിക്കാമെന്നുമാണ് സർവകലാശാല അദ്ധ്യാപകർ ഹിന്ദുസ്ഥാൻ ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം പ്രക്രിയയുടെ ഭാഗമായി കോഴ്സ് അസൈന്മെന്റുകൾ ഫ്രീൻലാൻസർമാരെക്കൊണ്ടോ മറ്റുള്ള വിദഗ്ധരെ കൊണ്ടോ എഴുതിപ്പിച്ച് അവർക്ക് അതിനുള്ള പ്രതിഫലം നൽകുകയാണ് ചെയ്യുന്നത്. ബെർമിങ്ഹാം യൂണിവേഴ്സിറ്റിയിലെ തോമസ് ലങ്കാസ്റ്ററും റോബർട്ട് ക്ലാർക്കുമാണ് ഈ പ്രശ്നം ആദ്യമായി അക്കാദമിക് സർക്കിളിൽ 2008ൽ റിപ്പോർട്ട് ചെയ്തിരുന്നത്. തുടർന്ന് ഇത്തരം പ്രവർത്തനങ്ങൾ ഇത്രയും വർഷങ്ങൾക്കിടെ വർധിക്കുകയായിരുന്നു. ഇത്തരം തട്ടിപ്പുകൾ സാധാരണ പ്ലാഗിയാറിസം ഡിറ്റെക്ഷൻ സോഫ്റ്റ് വെയറിലൂടെ കണ്ടെത്താൻ സാധിക്കുകയില്ലെന്നതാണ് യൂണിവേഴ്സിറ്റികൾക്ക് കനത്ത തലവേദനയായിരിക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള ഇത്തരം അക്കാദമിക് വർക്കുകൾ ചെയ്തുകൊടുക്കുന്ന ഇന്ത്യയിൽ നിന്നുമുള്ള ഒട്ടേറെ പേരെ തങ്ങൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നാണ് നിലവിൽ സ്റ്റാഫോർഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ലങ്കാസ്റ്റർ ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചിരിക്കുന്നത്. തങ്ങൾ യുകെയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി കുറഞ്ഞ ചെലവിൽ എസ്സേകൾ എഴുതിക്കൊടുക്കാമെന്ന് ഓൺലൈനിൽ പരസ്യം ചെയ്യുന്നവർ വരെ ഇക്കൂട്ടത്തിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ഇത്തരം ചതി ഒരിക്കലും വച്ച് പൊറുപ്പിക്കാനാവില്ലെന്ന് യൂണിവേഴ്സിറ്റി മിനിസ്റ്റർ ജോൺസൺ തറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഇതിനെ നേരിടാൻ ഓരോ യൂണിവേഴ്സിറ്റികളും ശക്തമായ നയങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. ഇത്തരം തട്ടിപ്പുകൾ തിരിച്ചറിഞ്ഞാൽ വിദ്യാർത്ഥികളെ നിരോധിക്കണമെന്നും അദ്ദേഹം നിഷ്‌കർഷിക്കുന്നു. എസ്സേ മിൽ വെബ്സൈറ്റുകൾ യുകെയിലെ ഉന്നത ഗുണനിലവാരമുള്ള ഡിഗ്രികളുടെ മൂല്യമിടിക്കുന്നുവെന്നും ഭീഷണി സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. അതിനാൽ ഈ പ്രവണതയെ തിരിച്ചറിഞ്ഞ് വേരോടെ പിഴുതെറിയാനുള്ള മാർഗങ്ങൾ ത്വരിത ഗതിയിൽ നടപ്പിലാക്കണമെന്നും ജോൺസൻ ആവശ്യപ്പെടുന്നു. ക്വാളിറ്റി അഷ്വറൻസ് ഏജൻസിയുടെ ഒരു റിപ്പോർട്ടിലൂടെയാണ് എസ്സേ മിൽ വെബ്സൈറ്റുകളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നത്. ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കാത്ത് സൂക്ഷിക്കുന്നതിനുള്ള ഒരു ഇൻഡിപെന്റന്റ് ബോഡിയാണിത്. ഇത്തരത്തിലുള്ള 100 വെബ്സൈറ്റുകളെങ്കിലുമുണ്ടെന്നാണ് ക്വാളിറ്റി അഷ്വറൻസ് ഏജൻസി കണ്ടെത്തിയിരിക്കുന്നത്. ഇവ ഒരു എസ്സേയ്ക്ക് നൂറ് കണക്കിന് പൗണ്ടുകൾ ഫീസായി വാങ്ങുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. അതായത് പിഎച്ച്ഡി ഡിസേർട്ടേഷന് 6750 പൗണ്ട് വരെ വാങ്ങുന്ന വെബ്സൈറ്റുകളുണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP