Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിവ് തെറ്റിക്കാതെ വീണ്ടും അഗ്‌നി കാലിഫോർണിയയെ വിഴുങ്ങി; 4000ത്തോളം കുടുംബങ്ങൾ പ്രാണരക്ഷാർത്ഥം വീടു വിട്ടോടി; ശാശ്വതപരിഹാരം കാണാനാവാതെ അമേരിക്ക

പതിവ് തെറ്റിക്കാതെ വീണ്ടും അഗ്‌നി കാലിഫോർണിയയെ വിഴുങ്ങി; 4000ത്തോളം കുടുംബങ്ങൾ പ്രാണരക്ഷാർത്ഥം വീടു വിട്ടോടി; ശാശ്വതപരിഹാരം കാണാനാവാതെ അമേരിക്ക

നുഷ്യൻ തന്റെ ബുദ്ധിയും ശാസ്ത്രപുരോഗതിയും ഉപയോഗിച്ച് ചൊവ്വയിൽ വരെ തന്റെ സാന്നിധ്യമറിയിച്ച കാലമാണിത്. മറ്റ് ഗ്രഹങ്ങളിലേക്ക് ചേക്കേറാൻ വരെ അവൻ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയുമാണ്. ആരോഗ്യ രംഗത്തുണ്ടായ കണ്ടുപിടിത്തങ്ങളിലൂടെ മരണത്തെ വരെ പരമാവധി അതിജീവിക്കാനും നാം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ പ്രകൃതി ശക്തികളായ അഗ്‌നി, വെള്ളം, വായു, ഭൂമികുലുക്കം തുടങ്ങിയവ തടയാനോ അവയോട് ഏറ്റുമുട്ടി അതിജീവിക്കാനോ മനുഷ്യന് ഇനിയും സാധ്യമായിട്ടില്ല. ഇവയുടെ സംഹാരതാണ്ഡവത്തിന് മുന്നിൽ മനുഷ്യൻ നിസ്സഹായനാവുന്ന അവസ്ഥയാണ് ഇന്നും നിലനിൽക്കുന്നത്.

ഇത്തരം പ്രകൃതി ദുരന്തങ്ങൾക്കടിപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേർ കാലാകാലങ്ങളായി പൊലിഞ്ഞു കൊണ്ടിരിക്കുന്നുമുണ്ട്. അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ തീപിടിത്ത ഭീഷണി പതിവായി നിലനിൽക്കുന്നുണ്ട്. അത്തരമൊരു പ്രദേശമാണ് കാലിഫോർണിയ. ഇവിടെ കാലാകാലങ്ങളായി സ്ഥിരമായി അഗ്‌നിബാധ മുടങ്ങാതെയെത്താറുണ്ട്. അമേരിക്ക മറ്റു രാഷ്ട്രങ്ങളെ നിയന്ത്രിക്കാൻ തക്കവണ്ണം ലോക പൊലീസായി വളർന്നിട്ടുണ്ടെങ്കിലും കാലിഫോർണിയ അടക്കമുള്ള പ്രദേശങ്ങളിലെ തീപിടിത്തത്തെ നിയന്ത്രിക്കാൻ രാജ്യത്തിന് ഇനിയും സാധിച്ചിട്ടില്ല. ഇപ്രാവശ്യവും പതിവ് തെറ്റിക്കാതെ വീണ്ടും അഗ്‌നി കാലിഫോർണിയയെ വിഴുങ്ങിയിരിക്കുകയാണ്. ഇതിനെത്തുടർന്ന് 4000ത്തോളം കുടുംബങ്ങൾ പ്രാണരക്ഷാർത്ഥം വീടു വിട്ടോടാൻ നിർബന്ധിതരായിരിക്കുകയാണ്. ഇതിനൊരും ശാശ്വതപരിഹാരം കാണാനാവാതെ അമേരിക്ക പാടുപെടുകയുമാണ്.

കാലിഫോർണിയയിൽ ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ 115,000 ഏക്കറിലാണ് ബാധിച്ചത്. തൽഫലമായി 400ഓളം വീടുകളാണ് ഒരുപിടി ചാരമായിത്തീർന്നത്. ഭയവിഹ്വലരായ ആയിരക്കണക്കിന് പേരാണ് അഗ്‌നിബാധയെത്തുടർന്ന് പ്രാണരക്ഷാർത്ഥം പലായനം ചെയ്തിരിക്കുന്നത്. തീയണയ്ക്കാൻ വേണ്ടി 5000ത്തോളം ഫയർഫൈറ്റർമാരാണ് പ്രയത്‌നിക്കുന്നത്. തീപിടിത്തത്തെ തുടർന്ന് ഈ പ്രദേശത്തോട് ചേർന്ന പട്ടണങ്ങൾ ഒഴിപ്പിച്ചിരിക്കുകയാണ്. താഴ് വരയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ലെയ്ക്ക് നാപ കൗണ്ടികളിൽ എമർജൻസി പ്രഖ്യാപിച്ചിരിക്കുകയാണ്.

സാൻഫ്രാൻസികോയ്ക്ക് 100 മൈലുകൾ വടക്ക് നിന്നാണ് തീപിടിത്തം പടർന്ന് പിടിക്കാനാരംഭിച്ചത്. തൽഫലമായി 400ഓളം വീടുകളും രണ്ട് അപ്പാർട്ട്‌മെന്റുകളും കത്തി നശിക്കുകയായിരുന്നു. തുടർന്ന് 50,000 ഏക്കറിലേക്ക് ഈ തീ വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. പരുക്കേറ്റവരെപ്പറ്റി കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. അമഡോർ, കലാവെറാസ് എന്നീ കൗണ്ടികളിലുണ്ടായ തീപിടിത്തം 65,000 ഏക്കറിലാണ് വ്യാപിച്ചത്. ഇവിടെയും അനേകം വീടുകൾ അഗ്‌നിബാധയിൽ നശിച്ചിട്ടുണ്ട്.

തീപിടിത്തമുണ്ടായ കൗണ്ടികളിൽ കാലിഫോർണിയ ഗവർണർ ജെറി ബ്രൗൺ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ബട്ട് തീപിടിത്തം മറ്റ് 6000 പേരെയും ബാധിച്ചിട്ടുണ്ട്. തൽഫലമായി ഇവിടങ്ങളിലെ താപം കുതിച്ച് കയറിയിട്ടുണ്ട്. സ്വതവേ വരൾച്ചയെ നേരിടുന്ന കാലിഫോർണിയ സ്‌റ്റേറ്റിൽ തീപിടിത്തം മൂലം സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായിരിക്കുകയാണെന്നാണ് കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രോട്ടക്ഷൻ വക്താവ് ഡാനിയേൽ ബെർലാന്റ് പറയുന്നത്. സാക്രമെന്റോയ്ക്ക് 70 മൈൽ തെക്ക് കിഴക്കൻ ഭാഗത്ത് തീകെടുത്താൻ 4000ത്തോളം ഫയർഫൈറ്റർമാരാണ് കിണഞ്ഞ് പരിശ്രമിക്കുന്നത്. ഞായറാഴ്ച വൈകീട്ട് 25 ശതമാനത്തോളം തീയണയ്ക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. താഴ് വരയിൽ ആയിരത്തിലധികം ഫയർഫൈറ്റർമാരാണ് തീ കെടുത്താൻ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇതിൽ നാലു പേർക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്.അതിനെത്തുടർന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ ഞായറാഴ്ച രാത്രിയോടെ അവരുടെ നില മെച്ചപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

തീപിടിത്തത്തെ തുടർന്ന് നിരവധി സമൂഹങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിതത്വത്തിനായി ഒഴിപ്പിച്ചിട്ടുണ്ട്. നോർത്തേൺ കാലിഫോർണിയയിലെ 5000ത്തോളം വീടുകളിൽ തീപിടിത്തത്തെ തുടർന്ന് വൈദ്യുതിബന്ധം ഇല്ലാതായിട്ടുണ്ട്. സാൻ ആൻഡ്രേസയിലെ 2700 പേരോട് ഒഴിയാൻ അധികൃതർ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. എന്നാൽ തീജ്വാലകൾ പട്ടണത്തെ വിട്ട് പോയതിനാൽ ഈ ഉത്തരവ് പിന്നീട് റദ്ദാക്കുകയായിരുന്നു. തീ ഗതി മാറിയതിനെ തുടർന്ന് ഒരു അഭയാർത്ഥി താവളം രണ്ടു പ പ്രാവശ്യം പെട്ടെന്ന് മാറ്റേണ്ട സംഭവവുമുണ്ടായിട്ടുണ്ടെന്ന് എൻബിസി റിപ്പോർട്ട് ചെയ്യുന്നു. വരണ്ട കാലാവസ്ഥയും ഉണങ്ങിയ കുറ്റിക്കാടുകളും തീപിടിത്തം വ്യാപിക്കാൻ കാരണമാവുകയും അത് നിയന്ത്രിക്കുക ബുദ്ധിമുട്ടിലാക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP