Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവർ രക്ഷപ്പെട്ടത് ചെളിയും മണ്ണും നിറഞ്ഞു ശ്വാസം പോലും കിട്ടാത്ത പാറയിടുക്കിലൂടെ നാലു കിലോമീറ്റർ ഇരുട്ടിലൂടെ നടന്നും നീന്തിക്കയറിയും നുഴുഞ്ഞു കയറിയും; ഇടക്കൊരിടത്ത് ഓക്‌സിജൻ സിലിണ്ടർ പോലും അഴിച്ചുമാറ്റി വച്ചു നുഴഞ്ഞു കയറ്റം; രക്ഷാ സംഘത്തിൽ അമേരിക്കയുടേയും ബ്രിട്ടണിന്റേയും അടക്കം 50 വിദേശ വിദഗ്ധരും; രക്ഷപ്പെട്ടവരുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് ആഹ്ലാദിച്ച് ലോകം; ഇന്നും നാളേയുമായി എല്ലാവരും പുറംലോകമെത്തിക്കും

അവർ രക്ഷപ്പെട്ടത് ചെളിയും മണ്ണും നിറഞ്ഞു ശ്വാസം പോലും കിട്ടാത്ത പാറയിടുക്കിലൂടെ നാലു കിലോമീറ്റർ ഇരുട്ടിലൂടെ നടന്നും നീന്തിക്കയറിയും നുഴുഞ്ഞു കയറിയും; ഇടക്കൊരിടത്ത് ഓക്‌സിജൻ സിലിണ്ടർ പോലും അഴിച്ചുമാറ്റി വച്ചു നുഴഞ്ഞു കയറ്റം; രക്ഷാ സംഘത്തിൽ അമേരിക്കയുടേയും ബ്രിട്ടണിന്റേയും അടക്കം 50 വിദേശ വിദഗ്ധരും; രക്ഷപ്പെട്ടവരുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് ആഹ്ലാദിച്ച് ലോകം; ഇന്നും നാളേയുമായി എല്ലാവരും പുറംലോകമെത്തിക്കും

മറുനാടൻ മലയാളി ബ്യൂറോ

ബാങ്കോക്ക്: ലോകം പ്രാർത്ഥനയിലാണ്. തായ്ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ 13 പേരിൽ നാലു കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇനിയും ഫുട്‌ബോൾ കോച്ചുൾപ്പെടെയുള്ളത് 9 പേർ. ഇവരെ രണ്ട് ദിവസം കൊണ്ട് പുറംലോകത്ത് എത്തിക്കും. ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവർത്തനത്തിനു കനത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. മഴ പെയ്താൽ ജലനിരപ്പുയരുകയും കുട്ടികൾ അപകടത്തിലാകുകയും ചെയ്യും. ഏതാനും ദിവസങ്ങളായി മഴ മാറി നിന്നതിനാൽ കുട്ടികളിലേക്ക് എത്താനുള്ള വഴികൾ കൂടുതൽ വ്യക്തമായതാണ് ഇപ്പോൾത്തന്നെ രക്ഷാപ്രവർത്തനം നടത്താൻ കാരണമായത്. മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഇതോടെ ഗുഹയിൽ നിന്നുപുറത്തേക്കുള്ള വഴിയിൽ പലയിടത്തും കുട്ടികൾക്കു നടന്നെത്താനുമാവും. അപ്പോഴും വെല്ലുവിളികൾ ഏറെയാണ്.

ഓരോ കുട്ടിക്കുമൊപ്പം ഒരു ഡൈവർ വീതമുണ്ടാകും. ബഡ്ഡി ഡൈവിങ് എന്ന രീതിയിലൂടെ ഇടുങ്ങിയ, ദുർഘടമായ വഴികളിലൂടെ നീന്തിയെത്തുന്നു. ഗുഹയിൽ പലയിടത്തും അപകടം ഒളച്ചിരിക്കുന്നു. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. ഇരുണ്ട, ചെളിവെള്ളം നിറഞ്ഞ കുഴികളും ധാരാളമാണ്. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തണം. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതൽ ഓക്‌സിജൻ ടാങ്കുകൾ സ്ഥാപിക്കും. അങ്ങനെ അതിസാഹസിക മാർഗ്ഗങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം. ഇത് വിജയിക്കുമെന്ന വിശ്വാസമാണ് ആദ്യ ദിനത്തിലെ രക്ഷാപ്രവർത്തനം നൽകുന്നത്.

ജൂൺ 23നാണു 12 കുട്ടികളും ഫുട്‌ബോൾ പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. പത്താം ദിവസം ഇവരെ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാനാകാത്തതായിരുന്നു ആശങ്കയുളവാക്കിയത്. കൂറ്റാകൂരിരുട്ടും പേരിന് മാത്രം വായു സഞ്ചാരവുമുള്ള താം ലാവോങ് ഗുഹയിൽ മനസ്സാന്നിധ്യം ചോർന്നു പോകാതെ 12 കുട്ടികളെയും കോച്ചായ എക്കപോൽ ചാന്ത്വോങ് സംരക്ഷിച്ചു. ആത്മവിശ്വാസവും നൽകി. ഇതുകൊണ്ട് മാത്രമാണ് ഓരോ കുട്ടിയും ജീവനോടെ പുറത്തെത്തുന്നത്. പുറത്ത് കാത്ത് നിൽക്കുന്ന മാതാപിതാക്കൾ മക്കളെ ആവേശത്തോടെയാണ് വരവേൽക്കുന്നത്. ഓരോ കുട്ടിയും പുറത്തെത്തുമ്പോൾ കൂടിയിരിക്കുന്നവരുടെ മുഖത്ത് ആഹ്ലാദം മാത്രം.

പുറത്തെത്തിയ നാലു പേർ ചിയാങ് റായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു പേർ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ചേംബർ 3 എന്നറിയപ്പെടുന്ന ബേസ് ക്യാംപിനു സമീപമാണ് ഇവരെത്തിയിട്ടുള്ളത്. ഇരുവരും സുരക്ഷിതമേഖലയിലാണെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ശേഷിച്ച ഏഴു പേർക്കായി രണ്ടാം ഘട്ട രക്ഷാപ്രവർത്തനം ഇന്നു രാവിലെ ആരംഭിക്കും. രണ്ടാം ഘട്ട ദൗത്യത്തിന് 10 മുതൽ 20 മണിക്കൂർ വരെ സമയമെടുക്കും. കാലാവസ്ഥ ഉൾപ്പെടെ പരിഗണിച്ചായിരിക്കും മുന്നോട്ടു പോവുക. അതിനിടെ ഗുഹയ്ക്കു സമീപം മഴ ആരംഭിച്ചത് പ്രശ്‌നമാകുന്നുണ്ട്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തിനാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വൈകിട്ട് 5.40ന് ആദ്യത്തെ കുട്ടിയെ പുറത്തെത്തിച്ചു. 5.50ന് രണ്ടാമത്തെയാളും പുറത്തെത്തി. മൂന്നാമൻ 7.40നും നാലാമത്തെ കുട്ടി 7.50നും പുറത്തെത്തി. ഇതിനു പിന്നാലെയാണു രണ്ടു കുട്ടികളെ ഗുഹയിലെ ബേസ് ക്യാംപിനു സമീപത്ത് എത്തിച്ചത്.

ഡൈവിങ് സംഘങ്ങൾക്കുള്ള ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്. ഇതുവരെ ഒരു കിലോമീറ്റർ ദൂരം കുട്ടികൾ രക്ഷാസംഘത്തോടൊപ്പം ഡൈവിങ് നടത്തി. കുട്ടികളെ തങ്ങളോടു ചേർത്തു വച്ചാണു ഡൈവിങ് സംഘത്തിന്റെ മുന്നേറ്റം. വിദേശത്തു നിന്നുള്ള 50 ഡൈവർമാരും തായ്ലൻഡിൽ നിന്ന് 40 പേരുമാണു നിലവിൽ രക്ഷാപ്രവർത്തനത്തിൽ സജീവമായുള്ളത്. പുറത്തെത്തിക്കുന്ന ഓരോരുത്തർക്കുമായി 13 മെഡിക്കൽ സംഘങ്ങളാണു ഗുഹയ്ക്കു സമീപം കാത്തിരിക്കുന്നത്. ഓരോ സംഘത്തിനും ഒരു ഹെലികോപ്ടറും ആംബുലൻസും വീതം നൽകിയിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം എല്ലാവരെയും ചിയാങ് റായിയിലെ താൽക്കാലിക മിലിട്ടറി ഹെലിപാഡിലേക്ക് എത്തിക്കും.

ആദ്യം പുറത്തു കൊണ്ടുവന്നത് ആരോഗ്യം ദുർബ്ബലമായവരെ

സങ്കീർണവും ദുഷ്‌കരവുമായ ഗുഹയിലെ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് കുട്ടികളെ പുറത്തെത്തിക്കാൻ വിശദമായ രക്ഷാ പദ്ധതിയാണ് രക്ഷാപ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്. നീന്തൽ വസ്ത്രങ്ങളും ഓക്സിജൻ മാസ്‌കും ധരിപ്പിച്ച് ഗുഹയിൽ നിറഞ്ഞിരിക്കുന്ന വെള്ളത്തിനടിയിൽകൂടി കുട്ടികളെ പുറത്തെത്തിക്കുക എന്നതാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ നടപ്പിലാക്കുന്ന പദ്ധതി. ഗുഹയിൽ അഞ്ചു കിലോമീറ്ററോളം ഉള്ളിൽ കുടുങ്ങിയിരിക്കുന്ന കുട്ടികളെ പുറത്തെത്തിക്കുന്നതിന് ഏറ്റവും വലിയ വെല്ലുവിളി ഗുഹയിൽ നിറഞ്ഞിരിക്കുന്ന വെള്ളമാണ്. കനത്ത മഴയെ തുടർന്ന് മിക്കവാറും സ്ഥലങ്ങളിൽ ഗുഹ പൂർണമായും വള്ളത്തിനടിയിലാണ്.

അടിയന്തര നടപടി സ്വീകരിക്കാൻ പരിശീലനം ലഭിച്ച അഞ്ചു ഡോക്ടർമാർക്കൊപ്പം 30 പേരെ സഹായത്തിനും ഇവിടെ നിർത്തിയിട്ടുണ്ട്. ആശുപത്രിയിലേക്കു മാധ്യമങ്ങളെ ഉൾപ്പെടെ പ്രവേശിപ്പിക്കാതെ പൊലീസ് കാവലാണ്. മേഖലയിൽ നിന്നു വഴിയോര കച്ചവടക്കാരെയും മാറ്റി. ശനിയാഴ്ച ഗുഹയിലെത്തിയ ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചിരുന്നു. ഏറ്റവും ദുർബലരായവരെ ആദ്യവും കൂട്ടത്തിൽ ശക്തരായവരെ അവസാനവും പുറത്തെത്തിക്കാൻ തുടർന്നാണു തീരുമാനിച്ചത്. ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ ഇവരുടെ പട്ടികയും ഓസ്‌ട്രേലിയൻ ഡോക്ടർമാരുടെ സംഘം തയാറാക്കി.

ഏറ്റവും ദുർബലരായ കുട്ടികളെ ആദ്യം പുറത്തെത്തിച്ചതോടെ ഇനി ആശങ്കയ്ക്ക് വഴയില്ലെന്നാണ് വിലയിരുത്തൽ. വരുംനാളുകളിൽ കൊടുങ്കാറ്റോടു കൂടിയ കനത്ത മഴയാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. താം ലുവാങ് ഗുഹ ഉൾപ്പെടുന്ന ചിയാങ് റായി പ്രവിശ്യ വടക്കൻ തായ്ലൻഡിലാണ്. ഇത് മനസ്സിലാക്കിയാണ് രക്ഷാ പ്രവർത്തനം വേഗത്തിലായത്. മഴ തുടങ്ങിയാൽ ഗുഹയിൽ വെള്ളം കൂടുതലായി ഇരച്ചു കയറും. ഇത് കുട്ടികളുടെ ജീവന് പോലും ഭീഷണിയായി മാറും.

കയറിൽ പിടിച്ചുള്ള രക്ഷാ ദൗത്യം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുങ്ങൽവിദഗ്ധരുടെ സംഘമാണ് കുട്ടികളെ പുറത്തെത്തിക്കുന്നതിന് നേതൃത്വം നൽകുന്നത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തിൽ നാലു കുട്ടികളും മറ്റു സംഘത്തിൽ മൂന്നു വീതം കുട്ടികളുമാണ് ഉണ്ടാവുക. കോച്ച് അവസാനത്തെ സംഘത്തിലാണ് ഉൾപ്പെടുക.

കുട്ടികളുള്ള സ്ഥലം മുതൽ ഗുഹമുഖം വരെ ഒരു കയർ വെള്ളത്തിനടിയിലൂടെ ഇടും. നീന്തൽ വസ്ത്രങ്ങളും മാസ്‌കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റെ സഹായത്തോടെ പുറത്തേക്ക് നയിക്കും. നീന്തലറിയാത്ത കുട്ടികൾക്ക് കയറിൽ പിടിച്ച് വെള്ളത്തിനടിയിലൂടെ നീങ്ങാൻ സാധിക്കും. ഒരു കുട്ടിയെ പുറത്തെത്തിക്കാൻ രണ്ട് മുങ്ങൽ വിദഗ്ധരാണ് സഹായിക്കുക. ഗുഹയ്ക്കുള്ളിലെ കൂരിരുട്ടിൽ രക്ഷാപ്രവർത്തകരുടെ കൈവശമുള്ള ടോർച്ചുകൾ മാത്രമാണ് വെളിച്ചം നൽകുക. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ട പ്രാഥമിക കാര്യങ്ങൾ കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്.

ജലനിരപ്പനുസരിച്ച് ചിലയിടങ്ങളിൽ വെള്ളമില്ലാത്ത ഭാഗങ്ങളുണ്ട്. ഇവിടെ കുട്ടികൾക്ക് നടന്നു നീങ്ങാൻ സാധിക്കും. വെള്ളമുള്ള ഇടങ്ങളിലെത്തുമ്പോൾ വീണ്ടും കയറിന്റെ സഹായത്തോടെ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കും. ഇപ്രകാരം നാല് കിലോമീറ്ററാണ് കുട്ടികൾക്ക് സഞ്ചരിക്കേണ്ടിവരിക. പലയിടങ്ങളിലും വളരെ ഇടുങ്ങിയ ഭാഗങ്ങളാണ് ഗുഹയ്ക്കുള്ളത്. ഒരു കുട്ടിയെ പുറത്തെത്തിക്കാൻ 11 മണിക്കൂറോളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ചിലപ്പോൾ കൂടുതൽ സമയം വേണ്ടിവന്നേക്കാം.

അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്നുള്ള 13 മുങ്ങൽവിദഗ്ധരും തായ്ലാൻഡ് നേവിയിലെ അഞ്ച് മുങ്ങൽവിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. സൈന്യം ഒഴികെ മറ്റുള്ള എല്ലാവരെയും ഗുഹയുടെ പരിസരത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

മാപ്പപേക്ഷിച്ച് കോച്ചിന്റെ കത്ത്

ജൂൺ 23-നാണ് സീനിയർ കോച്ച് തവോങിനെ വിളിച്ച് വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏൽപ്പിച്ചത്. വൈൽഡ് ബോർ എന്ന് പേരുള്ള ജൂനിയർ ഫുട്ബോൾ ടീമുമായി തായ്ലാൻഡ്-മ്യാന്മാർ അതിർത്തിയിലുള്ള ദോയി നാങിലേക്ക് പോകാനായിരുന്നു നിർദ്ദേശം. അവിടെ താം ലാവോങ് നാം നോൺ ഗുഹയ്ക്ക് സമീപമുള്ള മൈതാനത്ത് കുട്ടികളെ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത് പതിവുള്ള പരിശീലനമായിരുന്നു.

എല്ലാ തവണയും ഫുട്‌ബോൾ പരിശീലനത്തിന് ശേഷം കുട്ടികൾ താം ലാവോങ് ഗുഹയിൽ കയറാറുണ്ടായിരുന്നു. ഇത്തവണ അവർ കൂടുതൽ ഉള്ളിലേക്ക് പോയി. എന്നാൽ, അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ഗുഹാ കവാടമിടിഞ്ഞ് പ്രവേശന ദ്വാരം അടയുകയും ഗുഹയ്ക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കുട്ടികൾ കൂടുതൽ ഉള്ളിലേക്ക് പോയി. പിന്നിട്ട ദൂരം അറിയാതെയായിരുന്നു അവരുടെ യാത്ര. അപ്രതീക്ഷിതമായി പെയ്ത മഴയും ഗുഹയിലെ വെള്ളം ഉയർന്നതും ഇവരുടെ തിരിച്ചുവരവിന് വിഘാതം സൃഷ്ടിച്ചു.

ഗുഹയിൽ കുടുങ്ങിയ ഇവരെ കണ്ടെത്തുന്നതിന് മുമ്പുള്ള ഒമ്പത് ദിവസങ്ങളായിരുന്നു ചാന്ത്വോങ്ങിന്റെ മനസാന്നിധ്യം നിർണായകമായത്. പ്രതീക്ഷ കൈവിടാനനുവദിക്കാതെ കുട്ടികളെ ജീവിതത്തോട് ചേർത്തുപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തനിക്കായി കരുതിയിരുന്ന അൽപം ഭക്ഷണം കുട്ടികൾക്ക് വീതിച്ച് നൽകിയും അവർക്ക് മനഃശ്ശക്തി പകർന്നും അവരിലെ ഭയം അകറ്റാൻ അദ്ദേഹം ശ്രമിച്ചു. തവോങ് കൂടെയില്ലായിരുന്നെങ്കിൽ തങ്ങളുടെ കുട്ടികളുടെ കാര്യം എന്താകുമായിരുന്നു എന്ന് പറയാനാകില്ലെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.

പത്താം വയസിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട തവോങ് തന്റെ മുത്തശ്ശിക്കൊപ്പമാണ് ബാല്യകാലം ചെലവിട്ടത്. കൗമാരത്തിലേക്ക് കടന്നതിന് പിന്നാലെ തവോങ് സന്ന്യാസത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാൽ, മൂന്ന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം സന്ന്യാസ ജീവതം ഉപേക്ഷിച്ചു. പിന്നീട് ഇപ്പോഴത്തെ സീനിയർ കോച്ചിനൊപ്പം ചേർന്ന് ഫുട്‌ബോൾ പരിശീലകനായി.

കുട്ടികളെ ഗുഹയിലേക്ക് കൊണ്ടുപോയതിന് രക്ഷിതാക്കളോട് മാപ്പപേക്ഷിക്കുന്ന ചാന്ത് വോങിന്റെ കത്തും പുറത്തുവന്നിരുന്നു. 'പ്രിയപ്പെട്ട രക്ഷിതാക്കളേ, ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. രക്ഷാപ്രവർത്തകർ ഞങ്ങൾക്ക് എല്ലാ സഹായവും നൽകുന്നുണ്ട്. കുട്ടികളെ ഞാൻ നന്നായി നോക്കിക്കൊള്ളാം. ഇങ്ങനെയൊക്കെ സംഭവിച്ചതിന് ഞാൻ മാപ്പുചോദിക്കുന്നു' എന്നായിരുന്നു കത്തിൽ അദ്ദേഹം എഴുതിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP