Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മനുഷ്യൻ സ്പർശിച്ചില്ലെങ്കിൽ ഏത് വൻനഗരവും കാടായി മാറും; നാല് വർഷം കൊണ്ട് കൂറ്റൻ കെട്ടിടങ്ങളും വീടുകളും കാടായി മാറിയ ഫുകുഷിമയുടെ കഥ

മനുഷ്യൻ സ്പർശിച്ചില്ലെങ്കിൽ ഏത് വൻനഗരവും കാടായി മാറും; നാല് വർഷം കൊണ്ട് കൂറ്റൻ കെട്ടിടങ്ങളും വീടുകളും കാടായി മാറിയ ഫുകുഷിമയുടെ കഥ

ടോക്യോ: യഥാർത്ഥത്തിൽ കാടും മനുഷ്യനും തമ്മിൽ ലോകത്ത് എവിടെയും ഒരു മത്സരം നടക്കുന്നുണ്ടെന്ന് കാണാം. കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കിയാണ് മനുഷ്യൻ നാഗരികതയുടെ ആദ്യത്തെ വിത്തെറിഞ്ഞത്. അതിനെ ചുറ്റിപ്പറ്റി വളർന്നു വന്ന ജനപഥങ്ങളിലൂടെയാണ് വൻ നഗരങ്ങൾ വരെ ഉയർന്നു വന്നത്. എന്നാൽ തക്കം കിട്ടിയാൽ മനുഷ്യന്റെ ആവാസകേന്ദ്രങ്ങളിലേക്ക് കാട് കടന്ന് കയറി വിഴുങ്ങാൻ ശ്രമിക്കാറുമുണ്ട്. കുറച്ച് കാലം ഉപയോഗിക്കാതിരികിക്കുന്ന സ്ഥലങ്ങളിലേക്കും വീടുകളിലേക്കും കാട് കയറുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ നാല് വർഷം കൊണ്ട് ഒരു വൻ നഗരത്തെ കാട് അപ്പാടെ വിഴുങ്ങിയെന്ന് പറഞ്ഞാൽ അവിശ്വസനീയത തോന്നാം. എന്നാൽ സംഗതി സത്യമാണ്. 2011ൽ ആണവദുരന്തമുണ്ടായ ഫുകുഷിമയ്ക്കാണ് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്. ഇവിടുത്തെ ആണവനിലയത്തിനോട് ചേർന്ന നഗരമാണ് ഇന്ന് മനുഷ്യനെ പൊടിയിട്ട് നോക്കിയാൽ പോലും കാണാത്ത വിധം കാട് നിറഞ്ഞ് പ്രേതഭൂമിയായി മാറിയിരിക്കുന്നത്.മനുഷ്യൻ സ്പർശിച്ചില്ലെങ്കിൽ ഏത് വൻനഗരവും കാടായി മാറുമെന്നാണിത് തെളിയിക്കുന്നത്. ഇവിടുത്തെ കൂറ്റൻ കെട്ടിടങ്ങളെയും വീടുകളെയും കാട് വിഴുങ്ങിയിരിക്കുകയാണ്.

ഫുകുഷിമയുടെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്തുന്ന ഫോട്ടോകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ആളൊഴിഞ്ഞ നിരവധി കെട്ടിടങ്ങളുടെയും ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് വാഹനങ്ങളുടെയും ചിത്രങ്ങൾ ആരെയും ഞെട്ടിക്കുന്ന കാഴ്ചയാണ്. ആണവനിലയത്തിന്റെ ചുറ്റുമുള്ള 12.5 മൈൽ പ്രദേശത്ത് മനുഷ്യൻ കാലു കുത്തിയിട്ട് ഇപ്പോൾ നാല് വർഷമായിരിക്കുകയാണ്. ആണവവികിരണത്താൽ ഇവിടുത്തെ മണ്ണും പ്രകൃതിയും വായുവും വിഷലിപ്തമായതിനാലാണ് മനുഷ്യൻ എല്ലാമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്.ഉയർന്ന അളവിലുള്ള റേഡിയോ ആക്ടിവിറ്റിയുള്ള പ്രദേശമാണിതെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇവിടേക്ക് പ്രവേശിക്കാൻ ഇതുവരെ ആരും ധൈര്യപ്പെട്ടിട്ടില്ല. ഇതിനെത്തുടർന്ന് ഇവിടുത്തെ നഗരം മുഴുവൻ കാട് വിഴുങ്ങുകയായിരുന്നു. നാല് വർഷം മുമ്പുണ്ടായ ആണവ ദുരന്തത്തെ തുടർന്ന് ഇവിടെ നിന്ന് 160,000 പേരെയാണ് ഒഴിപ്പിച്ചത്. ഇതിൽ 120,000പേർക്ക് ഇനിയും ഇവിടെ മടങ്ങിയെത്താൻ സാധിച്ചിട്ടില്ല. ഇവിടുത്തെ ചില പ്രദേശങ്ങൾ ഇന്നും ആണവവികിരണ ഭീഷണിയുള്ളതാണെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്.

പോളണ്ടിലെ ഒരു പ്രഫഷണൽ ഫോട്ടോഗ്രാഫറും ഫിലിം മേക്കറുമായ അർകഡിയൂസ് പോഡ്‌നിസിൻകി കഴിഞ്ഞ മാസം ഫുകുഷിമ സന്ദർശിക്കുകയും ആണവദുരന്തത്തിന്റെ പ്രത്യാഘാതം നേരിൽ കണ്ട് അതിന്റെ കാഴ്ചകൾ പകർത്തുകയുമായിരുന്നു. ഇവിടുത്തെ ഇപ്പോഴത്തെ അവസ്ഥ വെളിവാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഫോട്ടാഗ്രാഫർ പറയുന്നു. ഫുടബ, നാമി, തോമിയോക എന്നീ നഗര പ്രദേശങ്ങൾ തികച്ചും പ്രേതഭൂമിക്ക് സമാനമാണെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. 2011ൽ ഉണ്ടായ സുനാമിയെത്തുടർന്നാണ് ഇവിടുത്തെ ആണവനിലയത്തിന്റെ പ്രവർത്തനം തകരാറിലാവുകയും തുടർന്ന് ദുരന്തമുണ്ടാവുകയും ചെയ്തത്. തുടർന്ന് ഇവിടെ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. ഇവിടുത്തെ സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ ഇപ്പോഴും സാധനങ്ങൾ തിങ്ങി നിറഞ്ഞ അവസ്ഥയിൽ തന്നെയാണുള്ളത്. സ്‌കൂളുകളിലെ ബ്ലാക്ക് ബോർഡുകളിൽ ടീച്ചർമാർ എഴുതിയ ലെസൻ പ്ലാനുകൾ ഇപ്പോഴും മായാതെ നിലകൊള്ളുന്നുണ്ട്. കാറുകൾ ട്രാഫിക്കിൽ കുടുങ്ങിയ അതേ പടി നിർത്തിയിട്ടിരിക്കുന്ന കാഴ്ചയും കാണാം.

ഈ അടുത്ത് 20,000 തൊ ഴിലാളികൾ ഇവിടുത്തെ നഗരങ്ങളും ഗ്രാമങ്ങളും തെരുവുകളും വീടുകളും ശുചിയാക്കി തിരിച്ച് വരവിനുള്ള വഴിയൊരുക്കുന്നുണ്ട്. എല്ലാ കെട്ടിടങ്ങളുടെയും മേൽക്കൂരകളും ചുമരുകളും നന്നായി കഴുകി വൃത്തിയാക്കുന്നുമുണ്ട്. ഇതു കൊണ്ടൊന്നും ഇവിടെ പൂർണമായും സുരക്ഷിതമാക്കാനാവില്ല. ഇവിടുത്തെ മണ്ണിന്റെ നല്ലൊരുഭാഗം ആണവവികിരണത്തെ തുടർന്ന് വിഷമയമായിട്ടുണ്ട്. ഇത്തരം മണ്ണ് ശേഖരിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഡീകണ്ടാമിനേഷൻ വർക്ക് അവിടെ മിക്കയിടങ്ങളിലും കാണാമായിരുന്നുവെന്നും പ്രസ്തുത ഫോട്ടാഗ്രാഫർ സാക്ഷ്യപ്പെടുത്തുന്നു. ഇവിടുത്തെ വീടുകളിലേക്ക് ഒരിക്കലും തിരിച്ചെത്താൻ സാധിക്കില്ലെന്ന് ഉത്കണ്ഠപ്പെടുന്നവരെയും കാണാൻ സാധിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആണവവികിരണമുള്ള മേഖലയോട് ചേർന്ന നിരവധി ടൗണുകളിൽ ഇപ്പോഴും പ്രവേശനം അനുവദിക്കുന്നില്ല. ഇതിൽ ചിലതിലെല്ലാം ഇപ്പോഴും ആണവ വികിരണഭീഷണി നിലനിൽക്കുന്നുണ്ട്. ഇവിടെ പ്രവേശിക്കാൻ അതിനനുസൃതമായ സുരക്ഷാ വസ്ത്രങ്ങളും മറ്റും ധരിക്കേണ്ടതുണ്ട്.

ഏതായാലും പോഡ്‌നിസിൻകി പുറത്ത് വിട്ട ചിത്രങ്ങൾ ആണവ ദുരന്തത്തിന്റെ അപകടത്തെക്കുറിച്ച് മനുഷ്യന് വീണ്ടും അവബോധവും മുന്നറിയിപ്പും ഏകുന്നവയാണെന്നതിൽ സംശയമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP