Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ അംഗമായി ഗീത ഗോപിനാഥ്; പ്രശസ്ത ശാസ്ത്രജ്ഞരും ചിന്തകരും അടങ്ങുന്ന അമേരിക്കൻ അക്കാദമിയിൽ ഇടംലഭിക്കുന്ന ആദ്യ മലയാളി വനിത; അറുപതു കഴിഞ്ഞവർ എത്തുന്ന പദവിയിൽ പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എത്തുന്നത് 46-ാം വയസ്സിൽ

അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ അംഗമായി ഗീത ഗോപിനാഥ്; പ്രശസ്ത ശാസ്ത്രജ്ഞരും ചിന്തകരും അടങ്ങുന്ന അമേരിക്കൻ അക്കാദമിയിൽ ഇടംലഭിക്കുന്ന ആദ്യ മലയാളി വനിത; അറുപതു കഴിഞ്ഞവർ എത്തുന്ന പദവിയിൽ പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എത്തുന്നത് 46-ാം വയസ്സിൽ

കൊച്ചി: കേരളത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ മന്ത്രി തോമസ് ഐസക്കിനൊപ്പം തന്നെ നിന്ന് പ്രവർത്തിക്കാൻ പിണറായി കണ്ടെത്തിയ സാമ്പത്തിക ശാസ്ത്രജ്ഞയാണ് ഗീത ഗോപിനാഥ്. അവരെ സാമ്പത്തിക ഉപദേഷ്ടാവായി മുഖ്യമന്ത്രി നിയോഗിച്ചപ്പോൾ അതേറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോൾ ഗീത വാർത്തകളിൽ ഇടംപിടിക്കുന്നത് ഒരു ലോകപ്രശസ്തി അവരെ തേടി എത്തിയതോടെയാണ്.

ഹാർവഡ് സർവകലാശാലയിലെ ഇക്കണോമിക്‌സ് പ്രൊഫസറായ ഗീതയ്ക്ക് അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആൻഡ് സയൻസസിൽ അംഗത്വം ലഭിച്ചു. ലോകപ്രശസ്ത ശാസ്ത്രജ്ഞരും ചിന്തകരും അംഗങ്ങളായ അക്കാദമിയാണിത്. സാധാരണഗതിയിൽ അറുപതിന് മേൽ പ്രായമുള്ളവരാണ് ഇവിടെ അംഗങ്ങളാകുക. അതിനാൽ തന്നെ അമേരിക്കൻ അക്കാദമയിൽ 46 കാരിയായ ഗീത ഇടംപിടിക്കുമ്പോൾ അത് വലിയ അംഗീകാരമെന്നാണ് സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലെ വിലയിരുത്തൽ. ഒരു മലയാളി വനിത നേടുന്ന ഉന്നതമായ അംഗീകാരമാണിത്.

കണ്ണൂർ സ്വദേശിയും കാർഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അദ്ധ്യാപിക വിജയലക്ഷ്മിയുടെയും മകളാണ് ഗീത. പഠിച്ചതും വളർന്നതുമെല്ലാം മൈസൂരുവിൽ ആയിരുന്നു. പിന്നീട് ഡൽഹി ലേഡി ശ്രീറാം കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ഓണേഴ്‌സും ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും വാഷിങ്ടൻ സർവകലാശാലയിൽ നിന്നും എംഎയും പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും.

'സാമ്പത്തികശാസ്ത്ര രംഗത്തെ പ്രമുഖർ താങ്കളെ എങ്ങനെ വിലമതിക്കുന്നു' എന്നതിന്റെ പ്രതീകമാണ് അംഗത്വം എന്ന് അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആൻഡ് സയൻസസ് പ്രസിഡന്റ് ജോനാഥൻ എഫ്. ഫാന്റൻ ഗീതയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഒക്ടോബർ ആറിനു മാസച്യുസിറ്റ്‌സിലെ കേംബ്രിജിൽ അക്കാദമി ആസ്ഥാനത്ത് അംഗത്വം ഔപചാരികമായി നൽകും. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഗീതയ്‌ക്കൊപ്പം അംഗത്വം ലഭിച്ചുവെന്ന് അറിയുമ്പോൾ തന്നെ ഈ പദവിയുടെ പ്രാധാന്യം വ്യക്തമാകും.

ഇക്കണോമിക്‌സിനു പുറമേ ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി, മാത്സ്, കംപ്യൂട്ടർ സയൻസ്, പബ്ലിക് പോളിസി എന്നീ രംഗങ്ങളിലുള്ള ഏറ്റവും പ്രമുഖരെല്ലാം ഇവിടെ അംഗങ്ങളാണ്. ജോൺ മൈനാഡ് കെയിൻസ്, ജോൺ ആഡംസ്, തോമസ് ജെഫേഴ്‌സൺ, ചാൾസ് ഡാർവിൻ, ആൽബെർട്ട് ഐൻസ്‌റ്റൈൻ, അലക്‌സാണ്ടർ ഗ്രഹാംബെൽ, വിൻസ്റ്റൻ ചർച്ചിൽ, നെൽസൻ മണ്ടേല, ബറാക് ഒബാമ തുടങ്ങിയവരും അംഗങ്ങളായിട്ടുണ്ട്. അക്കാദമിയുടെ അംഗങ്ങളായി 250 നൊബേൽ, പുലിറ്റ്‌സർ ജേതാക്കളുമുണ്ട്. ആഗോള തലത്തിൽ 5000 അംഗങ്ങൾ മാത്രമാണ് അക്കാദമിക്ക് ഉള്ളത്. അംഗങ്ങൾ മരിക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകളിലേക്കാണു പുതിയവരെ നോമിനേറ്റ് ചെയ്യുക.

പ്രിൻസ്റ്റൻ സർവകലാശാലയിൽ ഗവേഷണത്തിനു വുഡ്രോ വിൽസൻ ഫെലോഷിപും ഗീതയ്ക്ക് മുമ്പ് ലഭിച്ചിട്ടുണ്ട്. യുവ ലോകനേതാക്കളിൽ ഒരാളായി വേൾഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്തിരുന്നു. മുൻ ഐഎഎസ് ഓഫിസറും മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) പോവർട്ടി ആക്ഷൻ ലാബ് ഡയറക്ടറുമായ ഇക്‌ബാൽ ധലിവാൾ ആണു ഭർത്താവ്. മകൻ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥി രോഹിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP