Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎംഎഫിന് പണം തിരിച്ചടയ്ക്കാത്ത ആദ്യ രാജ്യമായി ഗ്രീസ്; യൂറോപ്യൻ സമ്പദ് വ്യവസ്ഥ ഇളകിയാടുന്നു; അവസാന ഒത്തു തീർപ്പുകൾക്കുള്ള ശ്രമം തകൃതിയിൽ

ഐഎംഎഫിന് പണം തിരിച്ചടയ്ക്കാത്ത ആദ്യ രാജ്യമായി ഗ്രീസ്; യൂറോപ്യൻ സമ്പദ് വ്യവസ്ഥ ഇളകിയാടുന്നു; അവസാന ഒത്തു തീർപ്പുകൾക്കുള്ള ശ്രമം തകൃതിയിൽ

ഏതൻസ്: ഗ്രീസിലുണ്ടായ സാമ്പത്തിക പ്രതിസന്ധി അവിടെ മാത്രമല്ല ഒതുങ്ങുന്നത്. അതിന്റെ പ്രത്യാഘാതത്തിന്റെ ഓളങ്ങൾ യൂറോപ്യൻ സമ്പദ് വ്യവസ്ഥയിലാകമാനം അലയടിക്കാൻ തുടങ്ങിയിരിക്കുകയാണ്. തൽഫലമായി യൂറോപ്പിന്റെ സാമ്പത്തിക രംഗം ഇളകിയാടാനും തുടങ്ങിയിട്ടുണ്ട്. ഗ്രീസുമായുള്ള അവസാന ഒത്തു തീർപ്പുകൾക്കുള്ള തിരുതകൃതിയായുള്ള ശ്രമങ്ങളിലാണ് യൂറോപ്യൻ യൂണിയൻ നേതാക്കൾ.ഐഎംഎഫിൽ നിന്നെടുത്ത ലോൺ തിരിച്ചടയ്ക്കാത്ത ആദ്യ രാജ്യമായി ഗ്രീസ് മാറുകയാണ്. ഐഎംഎഫിൽ നിന്നെടുത്ത 170 കോടി ഡോളർ ഗ്രീസ് തിരിച്ചടയ്‌ക്കേണ്ട അവസാന തിയതി ഇന്നലെ കഴിഞ്ഞ് പോയിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതിന്റെ ഭാഗമായി രാജ്യത്തെ ബാങ്കുകൾ ഈ മാസം ആറുവരെ അടച്ചിടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് അഞ്ചാം തിയതി നടക്കുന്ന ഹിതപരിശോധനയ്ക്ക് ശേഷം മാത്രമെ ബാങ്കുകൾ ഇനി തുറന്ന് പ്രവർത്തിക്കുകയുള്ളൂ. അടിയന്തിര ഫണ്ടിൽ നിന്നും കൂടുതൽ സഹായം അനുവദിക്കില്ലെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതും ബാങ്കുകൾ അടചച്ചിടാൻ കാരണമായിട്ടുണ്ട്.

കടത്തിൽ മുങ്ങിത്താഴുന്ന തന്റെ രാജ്യത്തെ രക്ഷിക്കാനുള്ള അവസാന വട്ട ശ്രമമെന്ന നിലയിൽ 21 ബില്യൺ പൗണ്ടിന്റെ അടിയന്തിര സഹായം നൽകാൻ യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ഐഎംഎഫിൽ നിന്നുമെടുത്ത കടം പോലും ഗ്രീസ് തിരിച്ചടയ്ക്കാത്ത സാഹചര്യത്തിൽ ഇനിയും കടം അനുവദിക്കരുതെന്ന് ജർമൻ ചാൻസലർ ഏൻജെല മെർകെൽ തറപ്പിച്ച് പറഞ്ഞതോടെ ആ അഭ്യർത്ഥനയും ആവിയായിപ്പോയിരിക്കുകയാണ്. കടം കൊടുത്താൽ തിരിച്ചടയ്ക്കാനുള്ള്ള പണം ഗ്രീസിന്റെ പക്കൽ ഇല്ലെന്ന് പറഞ്ഞാണ് സഹായാഭ്യർത്ഥനയെ ജർമൻ ചാൻസലർ എതിർത്തത്. ഐഎംഎഫിന് കടം നൽകുന്നത് നിർത്താനാണ് ഐഎംഎഫ് തീരുമാനം. നിലവിലുള്ള കടം വീട്ടാൻ അൽപം കൂടി സമയം ഗ്രീസിന് നൽകുന് കാര്യം തങ്ങളുടെ എക്‌സിക്യൂട്ടീവ് ബോർഡ് പരിഗണിക്കുന്നുണ്ടെന്നും ഐഎംഎഫ് പറയുന്നു.

ഗ്രീസിനുള്ള എല്ലാ സഹായപദ്ധതികളും ഇതോടെ നിലച്ചിരിക്കുകയാണ്. ഇതോടെ രാജ്യം പെരുകി വരുന്ന കടത്തിലേക്ക് തള്ളിവിടപ്പെട്ടിരിക്കുകയുമാണ്. യൂറോസോമിൽ നിന്നും ഗ്രീസ് പുറന്തള്ളപ്പെടാനും പഴയ ഗ്രീക്ക് കറൻസിയായ ഡ്രാച്ച്മയിലേക്ക് എത്തിപ്പെടാനും സാധ്യതയേറെയാവുകയുമാണ്. പ്രശ്‌നം പരിഹരിക്കുകയെന്ന ഉദ്ദേശത്തോടെ യൂറോസോൺ മിനിസ്റ്റർമാർ ഇന്ന് കൂടുതൽ ചർച്ചകൾ നടത്തുന്നുണ്ട്. അതും കൂടി പരാജയപ്പെടുകയാണെങ്കിൽ എല്ലാവരുടെയും ശ്രദ്ധ ഞായറാഴ്ച ഗ്രീസിൽ നടക്കുന്ന റഫറണ്ടത്തിലേക്കാണ് തിരിയുക. ഞായറാഴ്ച നടക്കുന്ന റഫറണ്ടത്തിൽ ഗ്രീസ് നോ എന്ന് വോട്ട് ചെയ്യുകയാണെങ്കിൽ രാജ്യം ആത്മഹത്യക്ക് സമാനമായ അവസ്ഥയിലാകുമെന്നാണ് യൂറോപ്യൻ കമ്മീഷൻ ചീഫായ ജീൻക്ലൗഡ് ജങ്കർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വിദേശക്കടം തിരിച്ചടയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് നടത്തുന്ന റഫറണ്ടത്തിൽ നോ വോട്ടിനും യെസ് വോട്ടിനും അനുകൂലമായി ശക്തമായ പ്രചാരണങ്ങൾ നടത്തുന്ന ഗ്രൂപ്പുകൾ ഗ്രീസിന്റെ തെരുവുകളിൽ സജീവമാകുന്ന കാഴ്ചയാണുള്ളത്. യൂറോപ്പും ഐഎംഎഫും മുന്നോട്ട് വയ്ക്കുന്ന ചെലവ് ചുരുക്കൽ നടപടികൾക്ക് അനുകൂലമായി ഗ്രീസ് വോട്ട് ചെയ്യുകയാണെങ്കിൽ താൻ സ്ഥാനം ഒഴിയുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി സിപ്രാസ് ഇന്നലെ മുന്നറിയിപ്പ് നൽകിയയിരിക്കുന്നത്. ഇതു കൂടി സംജാതമായാൽ ഗ്രീസ് കൂടുതൽ അസ്ഥിരമാകുമെന്നുറപ്പാണ്.

ഗ്രീക്കുകാർ യെസ് വോട്ട് ചെയ്യുകയാണെങ്കിൽ അതിലൂടെ സിപ്രാസ് അധികാരമൊഴിയുമെന്നും അത് ഗ്രീസിന് ആത്യന്തികമായി ഗുണം ചെയ്യുമെന്നുമാണ് സ്പാനിഷ് പ്രധാനമന്ത്രിയായ മരിയാനോ റജോയ് പറയുന്നത്. അതിലൂടെ ഗ്രീസിന് യൂറോയിൽ തുടരാൻ സാധിക്കുമെന്നും അദ്ദേഹം നിർദേശിക്കുന്നു. സിപ്രാസ് സ്ഥാനമൊഴിഞ്ഞാൽ പുതിയൊരു സർക്കാർ ഗ്രീസിൽ വരുമെന്നും അദ്ദേഹം പറയുന്നു. ഗ്രീസിലെപ്രതിസന്ധി യൂറോപ്പിൽ കാര്യമായ സ്വാധീനമുണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഒബാമയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.റഫറണ്ടത്തെ സിപ്രാസും ജങ്കറോ അല്ലെങ്കിൽ മെർകലോ തമ്മിലുള്ള ഒരു വ്യക്തിപരമായ മത്സരമായി മാറ്റരുതെന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രിയായ മാറ്റിയോ റെൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഗ്രീസിൽ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന പ രമാവധി തുക വെറും 60 യൂറോയാക്കി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 2010 മുതൽ രാജ്യത്ത് ആവിർഭവിച്ച സാമ്പത്തിക പ്രതിസന്ധിയാണിപ്പോൾ മൂർധന്യത്തിലെത്തിയിരിക്കുന്നത്. യൂറോപ്യൻ സെൻട്രലൽ ബാങ്ക്, ഐഎംഎഫ് എന്നിവ ലോണുകൾ വേഗം തിരിച്ചടയ്ക്കണമെന്ന സമ്മർദം ഗ്രീസിന് മുകളിൽ ചെലുത്താൻ തുടങ്ങിയതോടെയാണ് രാജ്യം പ്രതിസന്ധിയിൽമുങ്ങിത്താഴാൻ തുടങ്ങിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ കർക്കശ നിർദേശങ്ങളോടെ അനുവദിക്കുന്ന കടം വാങ്ങുകയോ യൂറോസോണിൽ നിന്ന് പുറത്ത് പോവുകയോ ചെയ്യുകയെന്ന പോംവഴികൾ മാത്രമാണിപ്പോൾ ഗ്രീസിന്റെ മുന്നിലുള്ളത്.ഏതായാലും ഗ്രീസിലുണ്ടായ പ്രതിസന്ധി യൂറോപ്യൻ സമ്പദ് വ്യവസ്ഥയിൽ കനത്ത ആഘാതമാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP