Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാധാരണക്കാരുമായി ബന്ധമില്ലാത്ത ഫൈവ്സ്റ്റാർ റിസോർട്ടുകൾക്ക് പൂട്ടുവീഴും; കോടികളുടെ വിദേശകടം എഴുതി തള്ളും: ഗ്രീസിലെ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി രണ്ടും കൽപ്പിച്ച്

സാധാരണക്കാരുമായി ബന്ധമില്ലാത്ത ഫൈവ്സ്റ്റാർ റിസോർട്ടുകൾക്ക് പൂട്ടുവീഴും; കോടികളുടെ വിദേശകടം എഴുതി തള്ളും: ഗ്രീസിലെ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി രണ്ടും കൽപ്പിച്ച്

 ആതൻസ്: രണ്ടുമുറി ഫഌറ്റിൽ നിന്നും ഗ്രീസിലെ പ്രധാനമന്ത്രി കസേരയിൽ എത്തിയ കമ്മ്യൂണിസ്റ്റ് നേതാവ് അലക്‌സിസ് സിപ്രസിന് യൂറോപ്പിനെ മാറ്റിമറിക്കാൻ സാധിക്കുമോ? യൂറോപ്പിലെ മുതലാളിത്തത്തിന്റെ വക്താക്കൾ ആകെ ആശങ്കയിലാണ്. സാധാരണക്കാർക്ക് അധികബാധ്യത വരുത്തുന്നത് ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നത് തടയുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ എത്തിയ സിപ്രസ് വാക്കുപാലിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങറിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. സാധാരണക്കാരന് പ്രാപ്യമല്ലാല്ല പഞ്ചനക്ഷത്ര റിസോർട്ടുകൾക്കുള്ള നികുതി കുത്തനെ വർദ്ധിപ്പിച്ച് പൂട്ടിടാനാണ് സിപ്രസ് ഒരുങ്ങുന്നത്. ഗ്രീസിലെ സാധാരണക്കാരന് അപ്രാപ്യമായ ഈ റിസോർട്ടുകളിൽ എത്തുന്നവരിൽ ഏറിയ പങ്കും ബ്രിട്ടനിൽ നിന്നടക്കമുള്ള വിദേശ ടൂറിസ്റ്റുകളാണ്. അതുകൊണ്ട് തന്നെ റിസോർട്ടുകാരോട് മൃദുസമീപനം വേണ്ടെന്ന പക്ഷക്കാരനാണ് സിപ്രസ്. ആഭ്യന്തര ടൂറിസമാണ് കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നാണ് സിപ്രസിന്റെ പക്ഷം.

അതേസമയം ഗ്രീസിന്റെ വിദേശ കടം എഴുതി തള്ളുമെന്ന അഭ്യൂഹവും ശക്കമായിട്ടുണ്ട്. പണം തിരിച്ചടക്കാൻ സിപ്രസ് താൽപ്പര്യം കാട്ടിയേക്കില്ലെന്നാണ് പൊതുവിൽ യൂറോപ്യൻ യൂണിയന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് എഴുതിത്തള്ളാനാണ് സാധ്യതയെന്ന സംശയം ശക്തിപ്പെടുന്നതും. എന്നാൽ ഇത് അനുവദിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാർ സംയുക്തമായി പ്രഖ്യാപിച്ചു. പകരം കടം തീർക്കാൻ ഗ്രീസിന് കൂടുതൽ സമയം അനുവദിക്കാമെന്ന് അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കടം തീർക്കാൻ സമയം നീട്ടി നൽകാം, എന്നാൽ എഴുതിത്ത്തള്ളൽ അനുവദിക്കില്ല എന്ന നിലപാടിലാണ് യൂറോപ്യൻ സെൻട്രൽ ബാങ്ക്, ഐഎംഎഫ് എന്നിവയും. ഇതേസമയം, തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ഡോളറിനെതിരെ യൂറോയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഗ്രീസിന്റെ 300 അംഗ പാർലമെന്റിൽ അലക്‌സിസ് സിപ്രസിന്റെ സിറിസ 149 സീറ്റുകളാണു നേടിയത്. നിലവിൽ പ്രധാനമന്ത്രിയായിരുന്ന അന്റോണിസ് സമരാസിന്റെ കൺസർവേറ്റീവ് പാർട്ടിയെ തിരഞ്ഞെടുപ്പിൽ ബഹുദൂരം പിന്നിലാക്കിയെങ്കിലും സിറിസയ്ക്കു കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല.

ഈ സാഹചര്യത്തിൽ പൊതുകടം എഴുതിത്ത്തള്ളുന്ന കാര്യത്തിൽ തന്റെ നിലപാടു പങ്കിടുന്ന ഇൻഡിപെൻഡന്റ് ഗ്രീക്ക്‌സ് പാർട്ടിയുമായി ചേർന്നു കൂട്ടുകക്ഷി സർക്കാരിനു രൂപം നൽകാൻ സിപ്രസ് ചർച്ച ആരംഭിച്ചു. ഇവർക്ക് 13 എംപിമാരുണ്ട്. സിപ്രസ് അധികാരത്തിലെത്തിയത് യൂറോപ്യൻ രാജ്യങ്ങളെ, പ്രത്യേകിച്ചു ഗ്രീസിനു കടം നൽകിയവരെ ആശങ്കപ്പെടുത്തുന്നു. പണം നൽകിയവരോടുള്ള ഉറപ്പുകൾ പാലിക്കണമെന്ന് പുതിയ സർക്കാരിനോട് ജർമനി ആവശ്യപ്പെട്ടു. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്ന് പുതിയ ഭരണകൂടം ഓർക്കണമെന്ന് യൂറോ സോൺ ധനമന്ത്രിമാരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി.

എന്നാൽ മറ്റു രാജ്യങ്ങളും സാമ്പത്തിക സ്ഥാപനങ്ങളും അടിച്ചേൽപ്പിച്ച സാമ്പത്തിക നിയന്ത്രണങ്ങൾ ഇനി പഴങ്കഥയായിരിക്കുമെന്ന് സിപ്രസ് വ്യക്തമാക്കി. ഗ്രീക്ക് ജനതയുടെ മാത്രം താൽപര്യങ്ങൾക്കാണ് മുൻതൂക്കമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സിപ്രസിന്റെ പ്രഖ്യാപനം യൂറോപ്യൻയൂണിയന്റെ പണം തിരിച്ചടക്കില്ലെന്നതിന്റെ തെളിവായും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

അതേസമയം പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മേൽ കൂടുതൽ ടാക്‌സ് ഏർപ്പെടുത്തുന്നത് ആത്മഹത്യാപരമാണെന്ന് റിസോർട്ട് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കുത്തഴിഞ്ഞു കിടക്കുന്ന നികുതി സംവിധാനത്തെ അഴിച്ചുപണിയുക എന്നതിന്റെ തുടക്കമാണ് സിപ്രസിന്റെ പ്രഖ്യാപനമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP