Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൻ ഭൂരിപക്ഷത്തിൽ യൂറോപ്പിനോട് നോ പറഞ്ഞ് ഗ്രീസ്; ഐഎംഎഫ് ലോൺ തരിച്ചടയ്ക്കില്ല; യൂറോയും ഉപേക്ഷിച്ചേക്കും; എന്തു ചെയ്യണമെന്നറിയാതെ യൂറോപ്യൻ യൂണിയൻ; വിപണിയും യൂറോയും നിലംപരിശായേയ്ക്കും

വൻ ഭൂരിപക്ഷത്തിൽ യൂറോപ്പിനോട് നോ പറഞ്ഞ് ഗ്രീസ്; ഐഎംഎഫ് ലോൺ തരിച്ചടയ്ക്കില്ല; യൂറോയും ഉപേക്ഷിച്ചേക്കും; എന്തു ചെയ്യണമെന്നറിയാതെ യൂറോപ്യൻ യൂണിയൻ; വിപണിയും യൂറോയും നിലംപരിശായേയ്ക്കും

ഏതൻസ്: അവസാനം കുറെനാളുകളായി നിലനിന്നിരുന്ന അനിശ്ചിതത്ത്വത്തിന് വിരാമമാവുകയാണ്. ഗ്രീസ് യൂറോസോണിൽ നിന്നും പുറത്ത് കടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. യൂറോപ്യൻ യൂണിയന്റെ സഹായപദ്ധതികളെ നിസ്സംശയം നിരസിച്ച് യൂറോപ്പിനോട് റഫറണ്ടത്തിലൂടെ വലിയൊരു നോ പറഞ്ഞിരിക്കുകയാണ് ഗ്രീസ്. ഇതിലൂടെ ഐഎംഎഫ് ലോൺ തിരിച്ചടയ്ക്കില്ലെന്നും ഗ്രീസ് വ്യക്തമാക്കിയിരിക്കുകയാണ്. ഗ്രീസെടുത്ത ഈ കടുത്ത നിലപാടിൽ എന്ത് ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ് യൂറോപ്യൻ യൂണിയനിപ്പോൾ. ഈ അടിയന്തിര സാഹചര്യം കാരണം വിപണിയും യൂറോയും നിശ്ചലമാകാനുള്ള സാധ്യതയുമേറെയാണ്.

രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ഭാവി നിശ്ചയിക്കുന്ന നിർണായക ഹിത പരിശോധന സർക്കാരിന് അനുകൂലം. യൂറോപ്യൻ യൂണിയനും യൂറോപ്യൻ സെൻട്രൽ ബാങ്കും മുന്നോട്ട് വച്ച കർശന വ്യവസ്ഥകളോടെയുള്ള വായ്പ വേണ്ടെന്ന സർക്കാർ നിലപാടിന് വോട്ടെടുപ്പിൽ മുൻതൂക്കം.ഹിതപരിശോധനയിൽ പങ്കെടുത്ത 61 ശതമാനം പേരും ഇടത് സർക്കാരിന് അനുകൂലമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഐഎംഎഫിന്റെ ലോണും മടക്കിനൽകില്ല. ഹിതപരിശോധനാ ഫലം പുറത്തു വന്നതിനെ തുടർന്ന് ഗ്രീസിൽ ഉടനീളം ഇടതു പാർട്ടികൾ ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങി.

രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസ നടത്തിയ റഫറണ്ടത്തിൽ 61 ശതമാനം പേരും നോ വോട്ടാണ് ചെയ്തിരിക്കുന്നത്.യൂറോപ്യൻ യൂണിയന്റെ ഭാവി തീരുമാനിക്കുന്നതിനാണീ വോട്ട് വഴിമരുന്നിടുന്നത്.റഫറണ്ടത്തിന്റെ ഫലം വന്നതിനെ തുടർന്ന് ഗ്രീസുമായുള്ള ബന്ധത്തിന്റെ ഭാവി തീരുമാനിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ നേതാക്കൾ അടിയന്തിരമായി തീരുമാനങ്ങളെടുക്കുമെന്നാണ് സൂചന. ജർമൻ ചാൻസലർ ആൻജെല മെർകെയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ടും ഈ പ്രതിസന്ധി ചർച്ച ചെയ്ത് പരിഹാരം കാണാൻ യൂറോപ്യൻ യൂണിയന്റെ ഉന്നതതല സമ്മേളനം വിളിച്ച് കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതു സംബന്ധിച്ച ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ നേതാക്കൾ നാളെ ബ്രസൽസിൽ സമ്മേളിക്കും.

ആയിരക്കണക്കിന് ആന്റി ഓസ്‌റ്റെറിറ്റി വോട്ടർമാരാണ് റഫറണ്ട ഫലം ആഘോഷിക്കാൻ തെരുവിലിറങ്ങിയത്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് മറുപക്ഷവും തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും സംഘർഷത്തെ നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടിയും വന്നു. എന്നാൽ ഗ്രീസും യൂറോപ്പും തമ്മിലുള്ള ബന്ധം പിളർത്താൻ ഗ്രീസ് പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസ ശ്രമിക്കുന്നതിലൂടെ വൻദുരന്തമാണ് കാത്തിരിക്കുന്നതെന്നാണ് ജർമൻ രാഷ്ട്രീയ നേതാക്കന്മാർ മുന്നറിയിപ്പ് നൽകുന്നത്.

ഗ്രീസിനെ സഹായിക്കുന്നതിനുള്ള പദ്ധതികൾ യൂറോപ്യൻ യൂണിയൻ നേതാക്കൾ പിൻവലിക്കുകയാണെങ്കിൽ ഇസിബി കടത്തിൽ മുങ്ങിയ ഗ്രീസിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്നുറപ്പാണ്. തുടർന്ന് ഗ്രീസ് യൂറോസോണിൽ നിന്ന് പുറത്ത് പോകാൻ നിർബന്ധിതമാവുകയും ചെയ്യും. ഇതുസംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാനായി സിപ്രാസ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ടെലിഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.ഫ്രാൻകോയിസ് ഹോളണ്ടുമായാണ് അദ്ദേഹം ആദ്യമായി സംസാരിച്ചത്. ഈ വോട്ടിലൂടെ യൂറോപ്പിനെതിരായ അധികാരമല്ല ജനങ്ങൾ തനിക്ക് നൽകിയതെന്നറിയാമെന്നും എന്നാൽ സുസ്ഥിരമായ പരിഹാരത്തിനുള്ള അധികാരപത്രമാണ് കൈമാറിയിരിക്കുന്നതെന്നുമാണ് നാഷണൽടെലിവിഷനിൽ സംസാരിക്കവെ സിപ്രാസ വ്യക്തമാക്കിയത്.നിരവധി പേർക്ക് ഗവൺമെന്റിന്റെ ആഗ്രഹങ്ങളെ അവഗണിക്കാമെന്നും എന്നാൽ ആർക്കും രാഷ്ട്രത്തിന്റെ ആഗ്രഹങ്ങളെ അവഗണിക്കാനാകില്ലെന്നും സിപ്രാസ പറയുന്നു.

ഇപ്പോൾ ഗ്രീസുകാർ ചെയ്തിരിക്കുന്ന നോ വോട്ട് ജനാധിപത്യത്തിന് അനുകൂലിച്ചു കൊണ്ടുള്ളതാണെന്നാണ് ഗ്രീസ് ധനകാര്യ മന്ത്രിയായ യാനിസ് വറൗഫാക്കിസ് പറഞ്ഞത്. ഇതിലൂടെ ലെൻഡർമാരുമായുള്ള വിലപേശൽ കൂടുതൽ ശക്തമായി നടത്താൻ ഗ്രീസിന് ജനങ്ങൾ അധികാരം നൽകിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ റഫറണ്ടത്തിന്റെ ഫലം പുറത്ത് വന്നതിനെ തുടർന്ന് യെസ് കാംപയിനിന്റെ നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന അന്റോണിസ് സമറാസ് തന്റെ പ്രതിപക്ഷസ്ഥാനം രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. നോ വോട്ട് കാംപയിനുകാർ നടത്തിയ ആഘോഷത്തിനിടെ ഇതിനെ എതിർക്കുന്നവർ തെരുവിലിറങ്ങിയതോടെ ഇന്ന് പുലർച്ചെ പലയിടത്തും സംഘർഷമുണ്ടായി. ഏതൻസിൽ പെട്രോൾബോംബുകൾ പലയിടത്തും എറിഞ്ഞതിനെ തുടർന്ന് പൊലീസ് ഇറങ്ങിയിരുന്നു.
യൂറോയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ

നോ വോട്ടിനെ തുടർന്ന് യൂറോയിൽ വൻ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുറപ്പാണ്.ഇതിലൂടെ യൂറോയുടെ ശക്തി ഇടിഞ്ഞു താഴുമെന്നാണ് വിഗദ്ധർ മുന്നറിയിപ്പ് നൽകുന്നത്. സർക്കാർ ബോണ്ടുകളുടെ പലിശനിരക്ക് കുത്തനെ കുതിച്ചുയരും. നോ വോട്ടിനെ തുടർന്ന് ഗ്രീസ് യൂറോയിൽ നിന്നും എന്നെന്നേക്കുമായോ താൽക്കാലികമായോ പുറത്ത് കടക്കും. ഇതിലൂടെ വലിയ അനിശ്ചിതത്ത്വവും സാമ്പത്തിക പ്രതിസന്ധിയും ഉടലെടുക്കും.ഗ്രീസ് യൂറോസോണിൽ നിന്നും പുറത്ത് കടന്നാൽ അത് മറ്റ് രാജ്യങ്ങളും പിന്തുടരാൻ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. ഗ്രീസിലെ പ്രതിസന്ധി ബ്രിട്ടനെയും ബാധിക്കുമെന്ന് ചാൻസലർ ജോർജ് ഒസ്‌ബേൺ എംപിമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രീസ് റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോൺ ജോർജ് ഒസ്‌ബേൺ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് മാർക്ക് കാർനെ എന്നിവരുമായി നാളെ അടിയന്തിര ചർച്ചകൾ നടത്തുന്നുണ്ട്.

 

 

വായ്പ വേണ്ടെന്ന ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് നിലപാടിനാണ് ഗ്രീസ് ജനത സമ്മതം മൂളുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്കും, യൂറോപ്യൻ കമ്മിഷനും െഎഎംഎഫും ജൂൺ 25 ന് അവതരിപ്പിച്ച സമഗ്രശുപാർശകൾ സ്വീകരിക്കണോ? എന്ന ചോദ്യമാണ് ഹിതപരിശോധനയിൽ ജനങ്ങൾക്കുമുന്നിൽ വച്ചത്. കടുത്ത സാമ്പത്തിക അച്ചടക്ക പരിഷ്‌കരണ നടപടികൾ അംഗീകരിച്ച് കൂടുതൽ സഹായം വാങ്ങണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നായിരുന്നു പ്രധാനമന്ത്രി അലക്‌സിസ് സിപ്രസിന്റെയും സിരിസ പാർട്ടിയുടെയും നിലപാട്. വ്യവസ്ഥകൾ അംഗീകരിക്കേണ്ട എന്ന സർക്കാരിന്റെ അഭിപ്രായത്തിന് മുൻതൂക്കം കിട്ടിയതോടെ ഗ്രീസ് യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്താകുമെന്നാണ് സൂചന.

ഏകീകൃത കറൻസിയായ യൂറോയ്ക്ക് ഏൽക്കുന്ന തിരിച്ചടി യൂറോപ്യൻ യൂണിയനെ മൊത്തത്തിൽ ബാധിക്കും. ഇറ്റലി, സ്‌പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലേക്കും പ്രതിസന്ധി വ്യാപിക്കും. ഗ്രീസ് പാപ്പരായാൽ യൂറോയുടെ കെട്ടുറപ്പ് നഷ്ടപ്പെടും. ഇത് ആഗോള സാമ്പത്തിക വളർച്ചയെയും സ്വാധീനിക്കും. ഗ്രീസ് പ്രതിസന്ധി മൂലം 35,000 കോടി ഡോളറിന്റെ (ഏകദേശം 22,05,000 കോടി രൂപ) ബാധ്യതയാവും നേരിടേണ്ടിവരിക. ഇത് യൂറോപ്യൻ യൂണിയനെ മാത്രമല്ല, അമേരിക്കൻ സമ്പദ് ഘടനയെയും ബാധിക്കും. ഇത് ഡോളറിൽ സ്വാധീനം ചെലുത്തുമെന്നതിനാൽ ഇന്ത്യൻ സാമ്പത്തിക രംഗവും ആശങ്കയിലാകും. ഗ്രീസ് യൂറോ മേഖലയിൽനിന്ന് പുറത്തായാൽ ഇന്ത്യയുടെ എൻജിനീയറിങ്, ഫാർമ, വസ്ത്ര കയറ്റുമതികളെ പ്രതികൂലമായി ബാധിച്ചേക്കും.

ഗ്രീക്ക് പ്രതിസന്ധി രൂക്ഷമായിത്തുടങ്ങിയ കഴിഞ്ഞ ആഴ്ചയുടെ ആദ്യഘട്ടത്തിൽ ഇന്ത്യൻ ഓഹരിവിപണി നഷ്ടം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ആഴ്ച അവസാനത്തോടെ നേട്ടത്തോടെയാണ് വിപണി അവസാനിപ്പിച്ചത്. പ്രതിസന്ധി കൂടുതൽ രൂക്ഷമായാൽ ഓഹരിവിപണി വീണ്ടും നഷ്ടത്തിൽ കലാശിച്ചേക്കും. യൂറോയുടെ മൂല്യത്തകർച്ച രൂപയുടെ വിലയിടിവിനും കാരണമായേക്കും. യൂറോപ്യൻ യൂണിയന്റെ കനത്ത സമ്മർദം മറികടന്നാണ് ഗ്രീക്ക് ജനത അഭിപ്രായം രേഖപ്പെടുത്തിയത്. ജനവിധി സർക്കാറിന് അനുകൂലമാകുന്നത് യൂറോസോണിൽനിന്ന് ഗ്രീസിന്റെ പുറത്താകലിന് വഴിതെളിച്ചേക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ആദ്യഫലസൂചനകൾ വന്നപ്പോൾത്തന്നെ ഡോളറിനെതിരെ യൂറോയുടെ മൂല്യം 1.20 ശതമാനം ഇടിഞ്ഞു. തുടർനടപടികൾ ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേരും. ഹിതപരിശോധനഫലം വിലയിരുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാദും ജർമൻ ചാൻസലർ ആംഗേല മെർക്കലും പാരീസിൽ കൂടിക്കാഴ്ച നടത്തും.

നിർദേശങ്ങൾ അംഗീകരിച്ച് യൂറോ മേഖലയിൽ തന്നെ ഗ്രീസ് തുടരണോ എന്ന ചോദ്യമാണ് പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസ് ഹിത പരിശോധനയിൽ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രധാന ചോദ്യം. ഹിതപരിശോധനാ ഫലത്തിന്റെ വെളിച്ചത്തിൽ യൂറോയ്ക്ക് പകരം പഴയ കറൻസിയായ ദ്രാക്മയോ മറ്റൊരു പുതിയ കറൻസിയോ ഗ്രീസിൽ നിലവിൽ വരും. ഇതോടെ യുറോയ്ക്ക് വൻ തിരിച്ചടിയാകും. യൂറോപ്യൻ വിപണിയേയും ബാധിക്കും. ഗ്രീസ് യൂറോ മേഖലയിൽ നിന്ന് പുറത്തു പോകുന്നത് ആത്മഹത്യാ പരമാകുമെന്നാണ് ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെടുന്നതെന്നായിരുന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പ്രധാനമന്ത്രിക്ക് അനുകൂലമായിരുന്നു.

ജനങ്ങളുടെ വോട്ട് യൂറോപ്യൻ യൂണിയന് അനുകൂലമായിരുന്നെങ്കിൽ പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസ് രാജിവെക്കേണ്ടി വരുമായിരുന്നു. പുതിയ സർക്കാർ അധികാരത്തിലേറുമെങ്കിലും കനത്ത നികുതിഭാരം ഉൾപ്പെടെയുള്ള സാമ്പത്തിക അച്ചടക്ക നടപടികൾ ഗ്രീസ് പാലിക്കണമായിരുന്നു. ഹിതപരിശോധനയിൽ ഒരു കോടിയിലേറെ പേർ അഭിപ്രായം രേഖപ്പെടുത്തി. 'യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ഐ.എം.എഫ്. എന്നിവ ജൂൺ 25ന് അവതരിപ്പിച്ച രണ്ടുഭാഗങ്ങളുള്ള നിർദേശങ്ങൾ അംഗീകരിക്കേണ്ടതുണ്ടോ?' എന്ന ചോദ്യമായിരുന്നു ബാലറ്റ് പേപ്പറിൽ ഉണ്ടായിരുന്നത്. വേണം, വേണ്ട എന്നതിൽ എതെങ്കിലും ഒരണ്ണത്തിന് നേരേ ജനങ്ങൾക്ക് വോട്ടുചെയ്യാൻ കഴിയുന്ന തരത്തിലായിരുന്നു ഹിതപരിശോധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP