Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹരാംബെ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു എന്നതിന് വീണ്ടും തെളിവുകൾ; 20 കൊല്ലം മുമ്പ് വീണ് കുഞ്ഞിനെ ഗൊറില്ല രക്ഷിച്ച ചിത്രങ്ങൾ പുറത്ത്

ഹരാംബെ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു എന്നതിന് വീണ്ടും തെളിവുകൾ; 20 കൊല്ലം മുമ്പ് വീണ് കുഞ്ഞിനെ ഗൊറില്ല രക്ഷിച്ച ചിത്രങ്ങൾ പുറത്ത്

ഗൊറില്ല മനുഷ്യക്കുട്ടികളെ ഉപദ്രവിക്കുകയില്ലെന്നും മറിച്ച് രക്ഷിക്കുകയാണ് ചെയ്യുകയെന്നതിന് വീണ്ടും തെളിവെത്തി.1996ൽ ഷിക്കാഗോയിലെ ബ്രൂക്ക്ഫീൽഡ് മൃഗശാലയിൽ ഗൊറില്ലയുടെ കൂട്ടിലേക്ക് വീണ മൂന്ന് വയസുകാരനെ അതിലുണ്ടായിരുന്ന ഒരു പെൺ ഗൊറില്ല രക്ഷിക്കുന്ന ചിത്രങ്ങളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതിനാൽ കഴിഞ്ഞ ദിവസം യുഎസിലെ ഓഹിയോയിലുള്ള സിൻസിനാറ്റി മൃഗശാലയിൽ ഹരാംബെ എന്ന ഗൊറില്ലയു വേലിക്കെട്ടിനിടയിലൂടെ കിടങ്ങിലേക്കു വീണ നാലുവയസുള്ള കുട്ടിയേയും വലിച്ചുകൊണ്ട് നീങ്ങിയത് രക്ഷിക്കാൻ വേണ്ടിയാണെന്ന വാദം ശക്തമാവുകയാണ്. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഈ ഗൊറില്ലയെ വെടിവച്ചു കൊന്നത് ആഗോളതലത്തിൽ തന്നെ വൻ വിവാദമായിത്തീർന്നിട്ടുണ്ട്. അതിനിടെയാണ് ഹരാംബെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ 20 കൊല്ലം മുമ്പ് നടന്ന ഇതേ പോലുള്ള സംഭവത്തെ മുൻനിർത്തി ചിലർ ഉയർത്തിക്കൊണ്ട് വന്നിരിക്കുന്നത്.

അന്ന് 20 അടി ഉയരത്തിൽ നിന്നായിരുന്നു മൂന്ന് വയസുള്ള കുട്ടി ഗൊറില്ലയുടെ അടച്ചിട്ട കൂട്ടിലേക്ക് കാൽവഴുതി വീണിരുന്നത്. തുടർന്ന് എട്ട് വയസുള്ള പെൺ ഗൊറില്ലയായ ബിന്റി ജുവാ അബോധാവസ്ഥയിലായ ആൺകുട്ടിയെ എടുക്കുകയും മറ്റ് മൃഗങ്ങളിൽ നിന്നും അതിനെ സംരക്ഷിക്കുകയും ചെയ്തിരുന്നുവെന്നാണ് ഇത് സംബന്ധിച്ച വീഡിയോയും ചിത്രങ്ങളും വെളിപ്പെടുത്തുന്നത്.തുടർന്ന് കുട്ടിയെ ഒരു അമ്മയെ പോലെ പരിചരിച്ച ആ ഗൊറില്ല കവാടത്തിനടുത്തേക്ക് കൊണ്ടു പോവുകയും ജീവനക്കാർ എത്തുന്നത് വരെ കാത്ത് സംരക്ഷിക്കുകയുമായിരുന്നു. ഇപ്പോൾ 28 വയസുള്ള ബിന്റി ജുവ ഇപ്പോഴും ബ്രൂക്ക്ഫീൽഡ് മൃഗശാലയിൽ കഴിയുന്നുണ്ട്. അന്ന് അപടകടത്തിൽ പെട്ട ആൺകുട്ടി ആരാണെന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ വീഴ്ചയിൽ കുട്ടിയുടെ കൈ പൊട്ടുകയും മുഖത്ത് മുറിവേൽക്കുകയും നാല് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്നുവെന്നും റിപ്പോർട്ടുണ്ട്.

ഹരാംബെ എന്ന ഗൊറില്ലയെ ശനിയാഴ്ച വെടി വച്ച് കൊന്നതിനെ തുടർന്നാണീ വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നിരിക്കുന്നത്. എന്നാൽ, ഗൊറില്ലയെ വെടിവച്ച് വകവരുത്തിയ സംഭവത്തിൽ വൈവിധ്യമാർന്ന അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. അതിനെ തുടർന്നാണ് ഗൊറില്ലയെ വെടിവച്ചതിനെ എതിർക്കുന്നവരോട് ആ പ്രവൃത്തിയ ന്യായീകരിച്ച് മൃഗശാലയുടെ ഡയറക്ടർ മുന്നോട്ട് വരുകയും ചെയ്തിരുന്നു. ഗോറില്ല അപകടകാരിയാണെന്നും കുട്ടിയെ രക്ഷിക്കാൻ മറ്റു മാർഗങ്ങളില്ലെന്നുമുള്ള തിരിച്ചറിവാണ് വെടിവയ്ക്കാനുള്ള തീരുമാനത്തിലെത്തിച്ചതെന്ന് ഡയറക്ടർ താനെ മെയ്‌നാർഡ് വിശദമാക്കുന്നു. മയക്കുവെടിവയ്ക്കുക പോലും അപ്രാപ്യവും അപകടകരവുമാണെന്ന് മനസിലാക്കിയ ശേഷമാണ് കൊല്ലാൻ താരുമാനിച്ചതെന്നും അദ്ദേഹം ന്യായീകരിക്കുന്നു. കുട്ടിയെ ഗൊറില്ല വലിച്ചിഴച്ചതോടെയാണു പത്തു മിനിറ്റിനുശേഷം മൃഗശാലാ അധികൃതർ വെടിവയ്ക്കാനുള്ള തീരുമാനമെടുത്തത്. 15 അടി താഴ്‌ച്ചയുള്ള, കിടങ്ങിലേക്കു വീണ കുട്ടിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്.

മൃഗശാല മേധാവികളുടെ പ്രവൃത്തിയെ അതിശക്തമായി വിമർശിച്ച് 85,000 പേർ ഒപ്പിട്ട ഓൺലൈൻ പരാതിയിൽ കുട്ടിയെ വേണ്ടരീതിയിൽ നോക്കാത്തതിനു മാതാപിതാക്കൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയർന്ന് വന്നിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ മൃഗാവകാശ പ്രവർത്തകരും ശക്തകമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ നിയമനടപടിയുണ്ടായേക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. വെടിവച്ച് കൊല്ലപ്പെട്ട ഗോറില്ലയ്ക്കു നീതി തേടി തുടങ്ങിയ 'ജസ്റ്റിസ് ഫോർ ഹരാംബേ' ഫെയ്‌സ് ബുക്ക് പേജിനു മൂവായിരത്തിലേറെ ലൈക്കാണു കിട്ടിയിരിക്കുന്നത്. മധ്യആഫ്രിക്കൻ വനങ്ങളിൽ കണ്ടുവരുന്ന വംശനാശഭീഷണി നേരിടുന്ന വിഭാഗം ഗോറില്ലയാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നതും പ്രതിഷേധം വർധിപ്പിക്കുന്നു. കൊല്ലപ്പെട്ട ഈ ഗൊറില്ലയ്ക്ക് പതിനേഴു വയസ്സും 181 കിലോഗ്രാം ഭാരവുമുണ്ടെന്നാണ് റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP