Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാഴ്ച വെളിയിൽ ഇറങ്ങാതെ മേഗനൊപ്പം ടൊറന്റോയിലെ വീട്ടിൽ കഴിഞ്ഞു; ലോകത്തെ ഏറ്റവും ഭാഗ്യവതി താനെന്ന് പ്രഖ്യാപിച്ച് നടി; ഹാരി കെട്ടുന്നത് മേഗനെ തന്നെ എന്ന് ഉറപ്പായി

ഒരാഴ്ച വെളിയിൽ ഇറങ്ങാതെ മേഗനൊപ്പം ടൊറന്റോയിലെ വീട്ടിൽ കഴിഞ്ഞു; ലോകത്തെ ഏറ്റവും ഭാഗ്യവതി താനെന്ന് പ്രഖ്യാപിച്ച് നടി; ഹാരി കെട്ടുന്നത് മേഗനെ തന്നെ എന്ന് ഉറപ്പായി

ഹാരിരാജകുമാരനും പുതിയ കാമുകിയും കാനഡയിലെ അഭിനേത്രിയുമായ മേഗൻ മാർകിലുമായി ബന്ധപ്പെട്ട പുതിയ പുതിയ വാർത്തകൾ ഓരോ ദിവസവും കഴിയുന്തോറും വെളിച്ചത്ത് വന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രഹസ്യമായി കാനഡയിലേക്ക് പോയിരുന്ന ഹാരി രാജകുമാരൻ ഒരാഴ്ച വെളിയിൽ പോലും ഇറങ്ങാതെ മേഗനൊപ്പം ടൊറന്റോയിലെ വീട്ടിൽ കഴിഞ്ഞിരുന്നുവെന്നതാണ് ഏറ്റവും പുതിയ ചൂടുള്ള വാർത്ത. ഇത്തത്തിൽ ഹാരിയെ സ്വന്തമായി ലഭിച്ച താനാണ് ലോകത്തെ ഏറ്റവും ഭാഗ്യവതിയെന്ന പ്രഖ്യാപനവും നടി ഇതിനെ തുടർന്ന് നടത്തിയിരിക്കുകയാണ്. ഇതോടെ ഹാരി കെട്ടുന്നത് മേഗനെ തന്നെ എന്ന് ഏതാണ്ട് ഉറപ്പുമായി.കഴിഞ്ഞ രാത്രിയാണ് ഒരാഴ്ച നീണ്ട ഇവരുടെ ഒരുമിച്ചുള്ള വാസത്തിന്റെ കഥകൾ പുറത്ത് വന്നിരിക്കുന്നത്.

മേഗനും താനുമായുള്ള ബന്ധത്തിന്റെ വാർത്തകൾ പരന്നതിനെ തുടർന്ന് ഇക്കഴിഞ്ഞ ദിവസം ടൊറന്റോയിലേക്കുള്ള തന്റെ യാത്ര ഹാരി റദ്ദാക്കിയെന്ന റിപ്പോർട്ട് പുറത്ത് വന്ന സമയത്ത് ഹാരി ടൊറന്റോവിലായിരുന്നുവെന്ന അതിശയകരമായ കാര്യമാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. നോട്ടിങ്ഹാമിലെ തന്റെ നിരവധി ഔദ്യോഗിക കാര്യപരിപാടികൾ നിർവഹിച്ച ശേഷമായിരുന്നു ഹാരി കഴിഞ്ഞ വ്യാഴാഴ്ച ടൊറന്റോയിലേക്ക് പറന്നതെന്നാണ് റിപ്പോർട്ട്. ഇവിടുത്തെ വാസത്തിനിടെ ഹാരിയും മേഗനും വീക്കെൻഡിൽ ചില പരിപാടികളിൽ ഒരുമിച്ച് പങ്കെടുത്തിരുന്നുവെന്നാണ് കനേഡിയൻ ഗോസിപ്പ് കോളമിസ്റ്റായ ഷിനാൻ ഗോവാനി വെളിപ്പെടുത്തുന്നത്. അതായത് ടൊറന്റോവിലെ സോഹോ ഹൗസ് പ്രൈവറ്റ് മെമ്പേർസ് ക്ലബിൽ ഇരുവരും ശനിയാഴ്ച രാത്രി നടന്ന ഹാലോവീൻ പാർട്ടിക്ക് പങ്കെടുക്കാനെത്തിയിരുന്നുവെന്നാണ് ഗോവാനി വെളിപ്പെടുത്തുന്നത്.

അതിന് മുമ്പുള്ള ഏതാനും ദിവസങ്ങൾ 32കാരനായ ഹാരിയും 35കാരിയായ മേഗനും അവരുടെ അപാർട്ട്മെന്റിൽ തന്നെ ഒരുമിച്ച് ചെലവഴിക്കുകയായിരുന്നുവെന്നും ആ സമയത്ത് മേഗന്റെ നായ്ക്കളായ ബോഗാർട്ടും ഗ്വേയും മാത്രമാണ് അവർക്ക് കൂട്ടിനുണ്ടായിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഈ അപാർട്ട്മെന്റിന്റെ പുറകിൽ മിക്ക സമയത്തും ഒരു കാർ കിടന്നിരുന്നുവെന്നാണ് ഇത് നിലനിൽക്കുന്ന അപ്മാർക്കറ്റ് ടൊറന്റോവിലെ അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നത്. ഒക്ടോബർ 28ന് ടൊറന്റോ പിയേഴ്സൺ എയർപോർട്ടിലേക്ക് ഒരു കമേഴ്സ്യൽ വിമാനത്തിലാണ് ഹാരി ബ്രിട്ടനിൽ നിന്നും പറന്നതെന്നാണ് യുഎസ് വീക്കിലി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർന്ന് ഇവിടെ കാത്തിരുന്ന കാറിൽ ഹാരി മേഗന്റെ വീട്ടിലേക്ക് പോയെന്നും സൂചനയുണ്ട്. ഒക്ടോബർ 30ന് ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ ടൊറന്റോവിലേക്ക് പോകാൻ ഹാരി ബുക്ക് ചെയ്തിരുന്നുവെങ്കിലും പോയിട്ടില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു കഴിഞ്ഞ ദിവസം വ്യാപിച്ചിരുന്നത്. പാപ്പരാസികളെ പേടിച്ച് ഹാരി യാത്ര വേണ്ടെന്ന് വച്ചെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ ആ വാർത്ത പരക്കുമ്പോഴും നിലവിലും ഹാരി കാനഡയിൽ തന്നെയാണെന്നാണ് പുതിയ റിപ്പോർട്ട്.

അടുത്ത വ്യാഴാഴ്ച വരെ ഹാരിക്ക് മറ്റ് പൊതുപരിപാടികളൊന്നുമില്ലെന്നും റിപ്പോർട്ടുണ്ട്. ഹാരിയുമായി ബന്ധപ്പെട്ട പുതിയ വാർത്തകളോട് പ്രതികരിക്കാൻ കെൻസിങ്ടൺ പാലസ് തയ്യാറായിട്ടില്ല. ഹാരി എപ്പോഴാണ് പബ്ലിക്ക് ഡ്യൂട്ടിയിലേക്ക് തിരിച്ചെത്തുകയെന്നും പാലസ് വ്യക്തമാക്കുന്നില്ല. ജൂൺ ആദ്യത്തിലായിരുന്നു ഇരുവരുടെയും ഒരു സുഹൃത്ത് മേഗനെ ഹാരിക്ക് പരിചയപ്പെടുത്തിക്കൊടുത്തിരുന്നത്. തുടർന്ന് മേഗൻ ലണ്ടനിലായിരിക്കുമ്പോൾ ഇരുവരും പല പ്രാവശ്യം കണ്ടുമുട്ടിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഹാരിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ച ശേഷം ആദ്യമായി അനുവദിച്ച അഭിമുഖത്തിനിടയിലാണ് താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള പെൺകുട്ടിയെന്ന പ്രസ്താവന മേഗൻ നടത്തിയിരിക്കുന്നത്. എന്നാൽ സ്യൂട്ട്സ് എന്ന ചിത്രത്തിലെ ലൈംഗിക അതിപ്രസരമുള്ള തന്റെ കഥാപാത്രത്തെ ചൊല്ലി ഉത്കണ്ഠ രേഖപ്പെടുത്താനും മേഗൻ മറന്നിട്ടില്ല. ശക്തമായ അഭിപ്രായമുള്ള അമേരിക്കക്കാരിയാണ് താനെന്നും മേഗൻ ഈ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ടൊറന്റോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മേഗനെ ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ ഹാരി തന്റെ ഇൻവിക്ടസ് ഗെയിംസിന്റെ പ്രചാരണാർത്ഥം നഗരം സന്ദർശിച്ചപ്പോഴാണ് ആദ്യമായി കണ്ടിഷ്ടപ്പെടുകയായിരുന്നുവെന്ന തരത്തിലുള്ള വാർത്തയും പടർന്നിരുന്നു. തുടർന്ന് മേഗൻ ലണ്ടനിൽ എത്തിയ വേളയിൽ ഹാരിക്കൊപ്പം ഭക്ഷണം കഴിക്കുകയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കാണുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ അവർ കെൻസിങ്ടൺ പാലസിൽ താമസിക്കുകയും ഹാരിയുടെ സഹോദരൻ വില്യമിനെയും ഭാര്യ കേയ്റ്റിനെയും കണ്ടുവെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇൻസ്‌ററാഗ്രാമിലൂടെ മേഗൻ പുറത്ത് വിട്ട തന്റെ ചിത്രത്തിൽ അവരുടെ കൈയിൽ നീല മണികളുള്ള ബ്രേസ്ലെറ്റ് കാണാം. ഇതിന്റെ ജോഡിയെന്നോണമുള്ള ഒരു ബ്രേസ് ലെറ്റ് ഹാരി രാജകുമാരനും കൈയിൽ അണിഞ്ഞതാണ് ഇവർ തമ്മിലുള്ള ബന്ധത്തിന് തെളിവായി ചില മാദ്ധ്യമങ്ങൾ ഇപ്പോൾ ഉയർത്തിക്കാട്ടിയിരുന്നു. ടൊറന്റോ സന്ദർശന വേളയിൽ ഹാരി ഇത് മേഗന് സ്‌നേഹസമ്മാനമായി നൽകിയെന്ന തരത്തിലും വാർത്തകൾ പടർന്നിരുന്നു.2011ൽ മാർകിൽ തന്റെ ദീർഘകാലത്തെ ബോയ്ഫ്രണ്ടും സിനിമാനിർമ്മാതാവുമായ ട്രെവർ ഈഗിൾസണിനെ വിവാഹം ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷത്തിന് ശേഷം ദമ്പതികൾ വേർപിരിയുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP