Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാഫിയക്കെതിരെ ശബ്ദിച്ചാൽ പൊലീസ് ഓഫീസറായാലും പത്രപ്രവർത്തകനായാലും തല അറക്കും; ഇടപാടുകാരെ പരസ്യമായി കെട്ടിത്തൂക്കി കൊല്ലും; ഇപ്പോൾ ജയിലിലും കൊല; ലോകത്തെ ഏറ്റവും അപകടകാരികൾ മെക്‌സിക്കൻ ഡ്രഗ് മാഫിയയോ...?

മാഫിയക്കെതിരെ ശബ്ദിച്ചാൽ പൊലീസ് ഓഫീസറായാലും പത്രപ്രവർത്തകനായാലും തല അറക്കും; ഇടപാടുകാരെ പരസ്യമായി കെട്ടിത്തൂക്കി കൊല്ലും; ഇപ്പോൾ ജയിലിലും കൊല; ലോകത്തെ ഏറ്റവും അപകടകാരികൾ മെക്‌സിക്കൻ ഡ്രഗ് മാഫിയയോ...?

മാഫിയ എന്ന വാക്ക് കേട്ടാൽ തന്നെ ഭൂരിഭാഗം പേരും ഞെട്ടിവിറയ്ക്കുമെന്നുറപ്പാണ്. അപ്പോൾ എന്തും ചെയ്യാൻ മടിക്കാത്ത ഒരു സംഘത്തിന്റെ ചിത്രമാണ് നമ്മുടെ മനസിൽ തെളിയുന്നത്. ലോകത്തിലെ മാഫിയകളിൽ ഏറ്റവും ഭീകരർ മെക്‌സിക്കൻ ഡ്രഗ് മാഫിയയാണെന്നാണ് ദീർഘകാലത്തെ അവരുടെ കുപ്രസിദ്ധവും ക്രൂരവുമായ ചെയ്തികളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. 1957 മുതൽ സജീവമായ ഈ മാഫിയയെ ഇത്രയും കാലമായിട്ടും ആർക്കും നിർമ്മാർജനം ചെയ്യാൻ സാധിച്ചിട്ടില്ലെന്നത് അവരുടെ ശക്തിയാണ് വെളിപ്പെടുത്തുന്നത്. കർക്കശമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട കൊള്ളസംഘമാണ് മെക്‌സിക്കൻ മാഫിയ എന്നറിയപ്പെടുന്നത്. പേരിൽ മെക്‌സിക്കോ എന്നുണ്ടെങ്കിലും ഇത് യുഎസിലാണ് പിറവിയെടുത്തത്.1957ൽഈ മാഫിയക്കെതിരെ ആർക്കും ശബ്ദമുയർത്താൻ പോലും സാധ്യമല്ലെന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ വെളിപ്പെടുത്തുന്നത്.

ഇവർക്കെതിരെ നീങ്ങുന്നവർ പൊലീസ് ഓഫീസറായാലും പത്രപ്രവർത്തകനായാലും തല അറുക്കുമെന്നുറപ്പാണ്. ഇടപാടുകാരെ പരസ്യമായി കെട്ടിത്തൂക്കി കൊല്ലുകയും ചെയ്യും. ഇപ്പോഴിതാ തങ്ങളുടെ കൊലപാതകം ജയിലിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് മെക്‌സിക്കൻ ഡ്രഗ് മാഫിയ. ഇതൊക്കെ കാണുമ്പോൾ ലോകത്തിലെ ഏറ്റവും അപകടകാരികൾ മെക്‌സിക്കൻ ഡ്രഗ് മാഫിയയാണോ എന്ന ചോദ്യം ആരുടെ മനസിലും ഉയരുകയും ചെയ്യും.

നോർത്ത് മെക്‌സിക്കോയിലെ ടോപോ ചികോ ജയിലിലാണ് രണ്ട് വിഭാഗത്തിൽ പെട്ട മയക്കുമരുന്ന കടത്ത് സംഘത്തിലുള്ള പ്രതികൾ തമ്മിൽ ഏറ്റുമുട്ടി കടുത്ത കലാപം അരങ്ങേറിയിരിക്കുന്നത്. തൽഫലമായി 52 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജയിലനകത്ത് നിന്ന് വെടിയൊച്ചകൾ കേട്ടിരുന്നുവെന്നാണ് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നത്.സീറ്റാസ് മയക്കുമരുന്ന സംഘത്തിലെ ഇരുവിഭാഗങ്ങൾ തമ്മിലാണ് ജയിലിനകത്ത് ഏറ്റു മുട്ടിയിരിക്കുന്നത്.

എന്നാൽ ഇത് മുൻകൂട്ടി പദ്ധതിയിട്ട ശേഷം നടത്തിയ കരുതിക്കൂട്ടിയുള്ള ഏറ്റുമുട്ടലാണെന്ന സൂചനകളും ഇപ്പോൾ ഉയർന്ന് വന്നിട്ടുണ്ട്. മെക്‌സിക്കോയുടെ വടക്കൻ വ്യവസായനഗരമായ മോൺടെറെയിലാണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ നടന്ന കലാപത്തിൽ 52 പേർ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന കാര്യം ന്യൂവോ ലിയോൺ സ്‌റ്റേറ്റ് ഗവർണറായ ജെയിം റോഡ്രിഗ്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്. 30 മുതൽ 40 മിനുറ്റുകൾ വരെ നീണ്ടു നിന്ന കലാപമായിരുന്നു ഇതെന്നും റിപ്പോർട്ടുണ്ട്.

ജയിൽപുള്ളികൾ മൂർച്ചയേറിയ ആയുധങ്ങളും ബാറ്റുകളും വടികളും മറ്റും ഉപയോഗിച്ചായിരുന്നു പരസ്പരം ഏറ്റ് മുട്ടിയിരുന്നത്. 60 വർഷം പഴക്കമുള്ള ജയിലിൽ 3800 തടവ് പുള്ളികളാണുള്ളത്. ജയിലിൽ പാർപ്പിക്കാവുന്ന തടവ് പുള്ളികളുടെ പരിധിയുടെ ഇരട്ടി വരുമിത്.കലാപത്തെ തുടർന്ന് സൈന്യത്തെയും പൊലീസിനെയും ജയിലിനകത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഒരൊറ്റ തടവ് പുള്ളിയും രക്ഷപ്പെട്ടിട്ടില്ലെന്നും തോക്കുകൾ പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും ഗവർണർ വെളിപ്പെടുത്തുന്നു.കലാപത്തിനിടെ തടവുപുള്ളികൾ സപ്ലൈ റൂമിന് തീവച്ചിരുന്നു. അർധരാത്രിയിൽ ജയിലിൽ തീ ആളിക്കത്തുന്നതിന്റെ ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.സംഭവത്തെ തുടർന്ന് സമീപവാസികൾ ജയിലിനടുത്ത് തടിച്ച് കൂടിയിരുന്നു. ജയിലിനകത്ത് നിന്നുയരുന്ന തീ കാരണം മുകളിൽ കറുത്ത പുക കാണാമായിരുന്നുവെന്നാണവർ പറയുന്നത്. സംഭവം നിയന്ത്രണധീനമായെന്നാണ് ന്യൂവോ ലിയോൺ സ്‌റ്റേറ്റ് ഗവർണറായ ജെയിം റോഡ്രിഗ്യൂസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് വിശദാംശങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം പറയുന്നു.

ജയിലിലെ ഗാർഡുമാരുടെ ശ്രദ്ധ തിരിക്കാനായി ഒരുകൂട്ടം തടവ് പുള്ളികൾ തീയിടുകയും അതിനിടെ മറ്റൊരു സംഘം ജയിലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. അർധരാത്രിയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്നും എന്നാൽ എത്രപേർ മരിച്ചുവെന്ന് കൃത്യമായി പറായാനാവില്ലെന്നുമാണ് സ്റ്റേറ്റ് പബ്ലിക് സെക്യൂരിറ്റി വക്താവായ അന്റോറിയോ ആർഗ്യുല്ലോ പറയുന്നത്. എന്നാൽ കലാപത്തെ തുടർന്ന് ആർക്കും രക്ഷപ്പെടാനായിട്ടില്ലെന്നും പുലർച്ചെ 1.30 ഓടെ എല്ലാം നിയന്ത്രണാധീനമായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജയിലിനടുത്ത തെരുവുകളിൽ പൊലീസ് വാഹനങ്ങൾ പട്രോൽഗ് നടത്തുന്നതിന്റെ ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ജയിലിനകത്തുള്ളവരുടെ ബന്ധുക്കൾ ജയിലിന്റെ ഗേറ്റുകൾ പിടിച്ച് കുലുക്കുന്നതും ഗാർഡുമാർക്കും പൊലീസിനും നേരെ കല്ലുകൾ വലിച്ചെറിയുന്നതും കാണാമായിരുന്നു.ഇപ്പോൾ നടന്ന കലാപത്തെ തുടർന്ന് 20 തടവുകാരെ ഇവിടെ നിന്നും മാറ്റിപാർപ്പിച്ചിട്ടുണ്ടെന്നാണ് ഒരു സ്റ്റേറ്റ് ഒഫീഷ്യൽ വ്യക്തമാക്കുന്നത്.


പരിധിയിൽ കവിഞ്ഞ പുള്ളികൾ തിങ്ങിഞെരുങ്ങി കഴിയുന്ന രാജ്യത്തെ ജയിലുകളിൽ ഉണ്ടാകുന്ന ഏറ്റവും പുതിയ കലാപമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 2013ൽ ഒരു ജയിലിലുണ്ടായ കലാപത്തെ തുടർന്ന് 13 പേർ കൊല്ലപ്പെടുകയും 65 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സെൻട്രൽ മെക്‌സിക്കൻ സ്റ്റേറ്റായ സാൻ ലൂയിസ് പോടോസിയിലെ ജയിലിലാണീ കലാപമുണ്ടായിരുന്നത്. 2012ൽ ന്യൂവോ ലിയോൺ ജയിലിൽ ഉണ്ടായ കലാപത്തിൽ 44 പേർ മരിച്ചിരുന്നു. തങ്ങളെ എതിർക്കുന്നവർ ആരായാലും അവരെ ക്രൂരമായി കൊന്നു തള്ളുകയെന്നത് മെക്‌സിക്കൻ ഡ്രഗ് മാഫിയയുടെ രീതിയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവർ കൊല ചെയ്ത പ്രസ് ഫോട്ടഗ്രാഫറായ 31 കാരനായ റൂബെൻ എസ്‌പിനോസ അവരിലൊരാൾ മാത്രമാണ്. കടുത്ത രീതിയിൽ മർദനമേറ്റ നിലയിലായിരുന്നു ഫോട്ടോഗ്രാഫറുടെ മൃതദേഹം കാണപ്പെട്ടിരുന്നത്. തങ്ങൾക്കെതിര ഇദ്ദേഹം നീക്കം നടത്തുന്നുവെന്ന സംശയത്തിലാണ് മാഫിയ എസ്‌പിനോസയുടെ ജീവനെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP