Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്രിട്ടനിലെ കെയർഹോമിൽ 81കാരി വെടിയേറ്റ് മരിച്ചു; ക്രിസ്തുമസ് കാലത്ത് ഭാര്യയെ ശുശ്രൂഷിക്കാൻ എത്തിയ 86കാരനായ ഭർത്താവ് അറസ്റ്റിൽ

ബ്രിട്ടനിലെ കെയർഹോമിൽ 81കാരി വെടിയേറ്റ് മരിച്ചു; ക്രിസ്തുമസ് കാലത്ത് ഭാര്യയെ ശുശ്രൂഷിക്കാൻ എത്തിയ 86കാരനായ ഭർത്താവ് അറസ്റ്റിൽ

'ഇനിയിപ്പോ ശേഷിക്കുന്ന കാലം ദൈവവിചാരമൊക്കെയായങ്ങ് കാലം കഴിക്കാം...' 75 വയസ് കഴിയുന്നതോടെ മിക്കവരും മനസിൽ സ്വയം ഇത്തരത്തിൽ തീരുമാനമെടുക്കാറുണ്ട്. തുടർന്ന് അതിനനുസരിച്ചുള്ള ഒതുങ്ങിയ ഒരു ജീവിതം അവർ നയിക്കുകയും ചെയ്യും. എന്നാൽ 86 വയസായി കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പരുവമായാലും തങ്ങളുടെ സ്വതസിദ്ധമായ തരികിട അത്രയെളുപ്പം മറക്കാൻ ചില സായിപ്പന്മാർ തയ്യാറല്ലെന്നാണ് ബ്രിട്ടനിൽ നടന്ന സംഭവം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നത്. ഇവിടെ 80കാരിയ ഭാര്യയെ 86കാരൻ വെടിവച്ച് കൊല്ലുകയായിരുന്നു. ബ്രിട്ടനിലെ നഴ്‌സിങ് ഹോമിലാണീ സംഭവം അരങ്ങേറിയിരിക്കുന്നത്.

മേധാക്ഷയം അഥവാ ഡിമെൻഷ്യ ബാധിച്ച റൊണാൾഡ് കിംഗാണ് തന്റെ ഭാര്യയായ റിത കിംഗിനെ വെടിവച്ച് കൊന്നത്. മേധാക്ഷയം ബാധിച്ചതിനാൽ റൊണാൾഡ് തികച്ചും പക്വതയില്ലാത്ത പെരുമാറ്റമാണ് കാഴ്ച വച്ചിരുന്നത്. കെയർഹോമിൽ കഴിയുന്ന ഭാര്യയെ ക്രിസ്മസ് കാലത്ത് പരിചരിക്കാനെത്തിയതിനിടയിലായിരുന്നു റൊണാൾഡ് ഈ നീചകൃത്യം നിർവഹിച്ചിരിക്കുന്നത്. കെയർഹോമിലുള്ള അന്തേവാസികൾ നോക്കി നിൽക്കെയായിരുന്നു ഇയാൾ ഭാര്യയെ വെടി വച്ച് കൊന്നത്.

കൊലപാതകത്തെ തുടർന്ന് റൊണാൾഡിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. എന്നാൽ കടുത്ത സുരക്ഷിതത്വത്തിൽ കഴിയുന്ന കെയർഹോമിലേക്ക് റൊണാൾഡിന് എങ്ങനെയാണ് തോക്ക് കൊണ്ടു വരാൻ സാധിച്ചതെന്നതിനെക്കുറിച്ച് ഏറെ സംശയങ്ങൾ ഉയർന്ന് വരുന്നുണ്ട്. ബ്രിട്ടനിലെ വാൾട്ടൻഓൺദിനാസിലെ ഡി ലാ മെർ ഹൗസിലാണീ കെയർ ഹോം സ്ഥിതി ചെയ്യുന്നത്. ഇത് അദ്ദേഹത്തിന്റെ പഴയ ആർമി സർവീസ് റിവോൾവറാണെന്നാണ് ചിലർ പറയുന്നത്. ഇന്നലെ രാവിലെ 9 മണിക്ക് നടന്ന വെടിവയ്പിന് ശേഷം റൊണാൾഡിനെ നിരായുധനാക്കാൻ താൻ ഏറെ പാടുപെട്ടിരുന്നുവെന്നാണ് കെർ ഹോമിന്റെ മാനേജരായ ജൂലി കുർട്ടിസ് പറയുന്നത്.കഴിഞ്ഞ രണ്ടു വർഷമായി ജൂലി ഇവിടെ കെയർഹോം നടത്തുന്നുണ്ട്. ആദ്യം റൊണാൾഡിന്റെ പക്കൽ തോക്ക് കണ്ടപ്പോൾ അത് യഥാർത്ഥത്തിലുള്ള തോക്കാണെന്നോ ആർക്കെങ്കിലും അപായമുണ്ടായെന്നോ കുർട്ടിസിന് മനസിലായിരുന്നില്ല. തുടർന്ന് കാര്യങ്ങൾ മനസിലായപ്പോൾ ആയുധം താഴെ വയ്ക്കാൻ കുർട്ടിസ്, റൊണാൾഡിനോട് താണ്‌കേണപേക്ഷിക്കുകയായിരുന്നു. സംഭവം ഉണ്ടായതിന് ശേഷം കെയർഹോമിലെ ജീവനക്കാർ വളരെ തന്ത്രപൂർവമായിരുന്നു റൊണാൾഡിനെ കൈകാര്യം ചെയ്തിരുന്നതെന്നും റിപ്പോർട്ടുണ്ട്. കൊലപാതകം നടന്നതിന് ശേഷം അന്തേവാസികളോട് വളരെ ശാന്തരായിരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തെ തുടർന്ന് റൊണാൾഡിൽ നിന്ന് റിവോൾവർ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് ഇത് ഫോറൻസിക് വിദഗ്ധരും ബാലിസ്റ്റിക് വിദഗ്ധരും വിശദമായി പരിശോധിക്കുകയും ചെയ്യും. എന്നാൽ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ ആയുധങ്ങളൊന്നുമില്ലെന്നാണ് അന്വേഷകർ കരുതുന്നത്. മറ്റാർക്കും ഇതുമായി ബന്ധമില്ലെന്നും ഉറപ്പായിട്ടുണ്ട്. 18 മാസങ്ങൾക്ക് മുമ്പായിരുന്നു ഈ ദമ്പതികൾ ലണ്ടനിലെ സെമിഡിറ്റാച്ച്ഡ് ബംഗ്ലാവിൽ നിന്നും എസെക്‌സിലെത്തിയത്. എന്നാൽ നടക്കാൻ പ്രയാസമേറിയതിനെ തുടർന്ന് ആറ് മാസങ്ങൾക്ക് മുമ്പായിരുന്നു റിത കിങ് ഈ കെയർഹോമിലെത്തിയത്.

ആഴ്ചയിൽ രണ്ടു പ്രാവശ്യം റൊണാൾഡ് കിങ് ഭാര്യയെ സന്ദർശിക്കാൻ കെയർഹോമിൽ എത്തുകയും ചെയ്യാറുണ്ട്. വെടിവച്ച് കൊല്ലുന്നതിന് മുമ്പ് ഇയാൾ ഭാര്യയ്‌ക്കൊപ്പം ഒരാഴ്ച താമസിക്കുകയും ചെയ്തിരുന്നു. റൊണാൾഡ് നല്ലൊരു മനുഷ്യനും ശാന്തമായി പെരുമാറുന്നയാളുമായിരുന്നുവെന്നാണ് ഇവിടുത്തുകാർ പറയുന്നത്. ഇയാൾക്ക് ഒരു കൈ മാത്രമേയുണ്ടായിരുന്നുള്ളുവെന്നും അയൽക്കാർ പറയുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണെന്നും ഇതിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായതെന്നും ഡിറ്റെക്ടീവ് ചീഫ് ഇൻസ്‌പെക്ടറായ സൈൻ വെറെറ്റ് പറയുന്നു. ഫോറൻസിക് പരിശോധനകൾ നടക്കുന്നതിനിടെ സംഭവം നടന്ന സ്ഥലത്ത് ഒരു സീൻഗാർഡിനെ നിയോഗിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നഴ്‌സിങ് ഹോമിലെ അന്തേവാസികളുമായുും ജീവനക്കാരുമായും വിശദമായി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നാണ് ഡിസിഐ സൈൻ വെറെറ്റ് പറയുന്നത്. സംഭവത്തിന് ശേഷവും അന്തേവാസികളുടെ കുടുംബക്കാർ കെയർഹോം സാധാരണപോലെ സന്ദർശിക്കുന്നുണ്ട്.. എന്നാൽ സന്ദർശനത്തിന് മുമ്പ് കെയർഹോമുമായി ബന്ധപ്പെടണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്.കെയർഹോമിലെ സുരക്ഷ കർക്കശമായിരുന്നുവെന്നാണ് അയൽക്കാരനായ ജോൺ നൈറ്റ്‌സ് പറയുന്നത്. ഒരു സെക്യൂരിറ്റി കോഡ് ലഭിക്കുന്നവർക്ക് മാത്രമേ ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഇവിടുത്തെ ഡോറിന് മുകളിൽ ഇലക്ട്രോണിക് കീ പാഡാണുള്ളത്. ഇതിനെക്കുറിച്ചറിയുന്നവർക്ക് മാത്രമേ ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഈ വാർത്ത കേട്ട് താൻ ഞെട്ടിത്തരിച്ചുവെന്നാണ് ഈ പ്രദേശത്തെ യുകിപ് എംപിയായ ഡഗ്ലസ് കാർസ് വെൽ പ്രതികരിച്ചിരിക്കുന്നത്. കെന്റിൽ നിന്നും എസെക്‌സ് സീരിയസ് ക്രൈം ഡയറക്ടറേറ്റിൽ നിന്നുമുള്ള കുറ്റാന്വേഷകരാണ് ഈ കൊലപാതക കേസ് അന്വേഷിക്കുന്നത്. ഡിമെൻഷ്യ ബാധിച്ച ആളുകളെ പരിചരിക്കുന്ന ഈ കെയർ ഹോമിൽ 57 അന്തേവാസികളാണുള്ളത്. ഇവർ ആഴ്ചയിൽ 575 പൗണ്ടാണ് നൽകേണ്ടുന്നത്. കെയർ ക്വാളിറ്റി കമ്മീഷന്റെ നല്ല റിപ്പോർട്ട് ലഭിച്ച കെയർഹോമാണിത്. ഈ കൊലപാതകവുമായി കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഫയർആംസ് ആക്ട് പ്രകാരം കൈത്തോക്ക് അടക്കമുള്ള തോക്കുകൾ കൈവശം വയ്ക്കുന്നത് യുകെയിൽ നിരോധിച്ചിട്ടുണ്ട്. പ്രാദേശിക പൊലീസ് സേന മുഖാന്തിരം അപേക്ഷിച്ചാൽ മാത്രമേ ഇത് കൈവശം വയ്ക്കാനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഈ ആയുധം ഉപയോഗിച്ച് പൊതുജനത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കില്ലെന്ന് ഇതിനായി ചീഫ് ഓഫീസർക്ക് മുമ്പിൽ നിങ്ങൾ ഉറപ്പ് നൽകുകയും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP