Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടുത്ത മഴയിലോ മഞ്ഞുരുകലിലോ തടാകം നിറഞ്ഞുകവിഞ്ഞു വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യത; സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ എവറസ്റ്റിലെ തടാകം നേപ്പാൾ വറ്റിച്ചു

കടുത്ത മഴയിലോ മഞ്ഞുരുകലിലോ തടാകം നിറഞ്ഞുകവിഞ്ഞു വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യത; സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ എവറസ്റ്റിലെ തടാകം നേപ്പാൾ വറ്റിച്ചു

കാഠ്മണ്ഡു: എവറസ്റ്റിലെ തടാകം നേപ്പാൾ വറ്റിച്ചു. ആഗോള താപനത്തെ തുടർന്നു റെക്കോർഡു വേഗത്തിൽ മഞ്ഞുപാളികൾ ഉരുകി വെള്ളമായി മാറുന്ന പശ്ചാത്തലത്തിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്താണു നടപടി.

എവറസ്റ്റ് കൊടുമുടിയിൽ 16,437 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇംജാ തടാകമാണ് (ഇംജാ ടിഷോ) സൈന്യം ആറ് മാസം കൊണ്ട് വറ്റിച്ചത്. എവറസ്റ്റ് കൊടുമുടി പ്രദേശത്ത് മഞ്ഞുരുകിയുണ്ടായ തടാകമാണിത്.

കടുത്ത മഴയിലോ മഞ്ഞുരുകലിലോ തടാകം നിറഞ്ഞു കവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണു നടപടി. മഞ്ഞുരുകിയുണ്ടാക്കുന്ന വെള്ളം പർവതമടക്കുകളിലും മറ്റും ഒഴുകിയെത്തി തടാകമായി രൂപാന്തരപ്പെടും. പൊടുന്നനെയുണ്ടാവുന്ന മഴയിലോ മറ്റോ ഇത്തരം തടാകങ്ങളിലെ വെള്ളം കുത്തിയൊലിച്ചാൽ അത് താഴ്‌വാരങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെ അപകടത്തിലാക്കും. ഇതു കണക്കിലെടുത്താണു തടാകം വറ്റിക്കാനുള്ള തീരുമാനമുണ്ടായത്.

0.4 ചതുരശ്ര കി. മീറ്ററായിരുന്നു 1984-ൽ തടാകത്തിന്റെ വിസ്തീർണ്ണം. 2009- എത്തിയപ്പോഴേക്കും 1.01 ചതുരശ്രകിമീറ്റർ വലുതായെന്നാണ് കണക്ക്. മേഘവിസ്ഫോടനത്തിലോ ഭൂകമ്പത്തിലോ ഇംജോ തടാകം നിറഞ്ഞു കവിഞ്ഞാൽ അത് താഴത്തെ ഗ്രാമങ്ങളിൽ കഴിയുന്ന 50,000-ത്തിലേറെ ആളുകളെ ബാധിക്കുമെന്ന് വിദഗ്ദ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ വർഷം 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തോടെയാണ് തടാകം വറ്റിക്കാനുള്ള നടപടികൾ അധികൃതർ ത്വരിതപ്പെടുത്തിയത്. ഭൂകമ്പങ്ങൾ ആവർത്തിക്കാനുള്ള സാധ്യത വളരെ സജീവമാണെന്നതിനാൽ ഐക്യരാഷ്ട്രസഭയുടെ വികസനപദ്ധതിയുമായി സഹകരിച്ച് നേപ്പാൾ സർക്കാർ ഇംജോ തടാകം വറ്റിക്കുന്നതിനുള്ള പദ്ധതിരേഖ തയ്യാറാക്കി. ഇക്കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച വറ്റിക്കൽ പ്രവൃത്തിയിൽ നാൽപ്പത് സൈനികരും നൂറോളം പ്രദേശവാസികളും പങ്കുചേർന്നു. 45-മീറ്റർ ദൈർഘ്യത്തിൽ പ്രത്യേക തുരങ്കം പണിതാണ് തടാകത്തിലെ ജലം ഒഴുക്കികളഞ്ഞത്.

ദിവസത്തിൽ രണ്ടോ മൂന്നോ മണിക്കൂർ മാത്രമേ വെള്ളം ഒഴുകി കളയുവാൻ സാധിക്കുമായിരുന്നുള്ളൂ. പ്രത്യേക യന്ത്രനിയന്ത്രിത ഗേറ്റ് സ്ഥാപിച്ചാണ് പുറത്തേക്കൊഴുക്കേണ്ട ജലത്തിന്റെ അളവ് നിയന്ത്രിച്ചിരുന്നത്. കരമാർഗ്ഗമുള്ള ഗതാഗതം സാധ്യമല്ലാതിരുന്നതിനാൽ ഹെലികോപ്ടർ ഉപയോഗിച്ചാണ് പണിയായുധങ്ങളും മറ്റു യന്ത്ര സാമഗ്രികളും ഇംജോ തടാകത്തിലെത്തിച്ചത്. എന്തായാലും വറ്റിക്കൽ നടപടികൾ വിജയകരമായി പൂർത്തിയായതോടെ തടാകത്തിന്റെ ആഴം 150 മീറ്ററിൽ നിന്ന് 3.5 ആയി കുറഞ്ഞെന്ന് അധികൃതർ പറയുന്നു.

വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന കൂടുതൽ തടാകങ്ങൾ വറ്റിക്കാനുള്ള ശ്രമത്തിലാണ് നേപ്പാൾ സർക്കാർ . ഇംജോ പോലെ ചെറുതും വലുതുമായ മൂവായിരത്തിലേറെ തടാകങ്ങളാണ് നേപ്പാളിലുള്ളത്. 1977-നും 2010 നും ഇടയിൽ എവറസ്റ്റിലെ നാലിൽ ഒരു ഭാഗം മഞ്ഞുപാളികളും ഉരുകി ഇല്ലാതെയെന്നാണ് ഉപഗ്രഹചിത്രങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളിൽ പറയുന്നത്. കൂടാതെ ഈ നൂറ്റാണ്ട് അവസാനിക്കും മുൻപേ തന്നെ എവറസ്റ്റിലെ 70 ശതമാനം മഞ്ഞുപാളികളും ഉരുകി ഇല്ലാതാകുമെന്ന മുന്നറിയിപ്പും വിദഗ്ദ്ധർ നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP