Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോക്കുമായി ചാനൽ സ്റ്റുഡിയോയിൽ എത്തിയയാൾ സംപ്രേഷണത്തിന് ശ്രമിച്ചു; നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു; സംഭവം കാണിച്ച് റേറ്റിങ് കൂട്ടി ചാനലും

തോക്കുമായി ചാനൽ സ്റ്റുഡിയോയിൽ എത്തിയയാൾ സംപ്രേഷണത്തിന് ശ്രമിച്ചു; നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു; സംഭവം കാണിച്ച് റേറ്റിങ് കൂട്ടി ചാനലും

തികച്ചും നാടകീയമായ രംഗങ്ങളായിരുന്നു ഡച്ച് ടിവി സ്റ്റുഡിയോവിൽ കഴിഞ്ഞ ദിസവം രാത്രി അരങ്ങേറിയത്. തോക്കുമായി ഒരു കൗമാരക്കാരൻ സ്റ്റുഡിയോയിൽ എത്തിയതിനെത്തുടർന്നാണ് സംഭ്രമജനകമായ നിമിഷങ്ങൾക്ക് നാന്ദി കുറിക്കപ്പെട്ടത്. തോക്കുയർത്തി ഭീഷണി മുഴക്കിയ ഇയാൾ സംപ്രേഷണത്തിന് ശ്രമിക്കവേ കുതിച്ചെത്തിയ പൊലീസ് സിനിമാസ്‌റ്റൈലിൽ ആക്രമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സംഭവങ്ങൾ അരങ്ങേറുമ്പോൾ ചാനൽ പ്രവർത്തകർ മരണഭയത്താൽ സ്റ്റുഡിയോയിൽ പ്രാർത്ഥിച്ചിരിക്കുകയായിരുന്നുവെന്ന് ധരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. മറിച്ച് ഈ അപൂർവ രംഗങ്ങൾ ലൈവായി ക്യാമറയിൽ പകർത്താനും സംപ്രേഷണം ചെയ്ത് ചാനലിന്റെ റേറ്റിങ് കൂട്ടാനുമാണവർ ശ്രമിച്ചത്...!!!.

ഡച്ചിലെ ഔദ്യോഗിക ചാനലായ എൻഒഎസിന്റെ ഹിൽവർസമ്മിലുള്ള സ്റ്റുഡിയോവിലേക്കാണ് 19കാരനായ തോക്കുധാരി അപ്രതീക്ഷിതമായി കടന്ന് വരികയും ചാനലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയുമുണ്ടായത്. സംഭവത്തെത്തുടർന്ന് ചാനലിന്റെ പ്രവർത്തനം അൽപനേരം തടസ്സപ്പെട്ടെങ്കിലും ഇതെല്ലാം ക്യാമറകൾ അപ്പോഴും ലൈവായി പകർത്തുന്നുണ്ടായിരുന്നു. താൻ ഹാക്കേർസ് കളക്ടീവ് വർക്കിങ് ഫോർ ഡച്ച് ഇന്റലിജൻസിലെ മെമ്പറാണെന്നാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയിരുന്നതെന്നാണ് ചാനലിന്റെ റിപ്പോർട്ടർ പറയുന്നത്. ആംസ്റ്റർഡാമിൽ നിന്നും 12 മൈൽ കിഴക്ക് മാറിയാണീ ചാനൽ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്. തുടർന്ന് സംഭവങ്ങളുടെ വിശദമായ സംപ്രേഷണം അധികം വൈകാതെ ചാനലിലുണ്ടാവുകയും ചെയ്തു. ഇതിനിടെ ഒരൊറ്റ പ്രാവശ്യം വെടി പൊട്ടുകയോ ആർക്കും പരിക്ക് പറ്റുകയോ ചെയ്തിട്ടില്ല. എന്നാൽ എൻഒഎസിന്റെ വൈകുന്നേരത്തെ വാർത്താ പ്രക്ഷേപണം ഈ സംഭവത്തിലൂടെ തടസ്സപ്പെട്ടിരുന്നു.

തനിക്ക് ചാനലിന്റെ നിയന്ത്രണം നൽകണമെന്നും ഇല്ലെങ്കിൽ നെതർലാൻഡ്‌സിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് ബോംബുകൾ പൊട്ടിക്കുമെന്നുമാണ് യുവാവ് ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറയുന്നു. ഒരു കറുത്ത സ്യൂട്ടും ടൈയും ധരിച്ചാണ് ഇയാൾ സ്റ്റുഡിയോയിലേക്ക് ഇരച്ച് കയറിയത്. കാവൽ നിന്നിരുന്ന ഒരു ഗാർഡിനെ പിസ്റ്റൽ കാട്ടി ഭീഷണിപ്പെടുത്തായാണ് ആക്രമി അകത്തെത്തിയത്. പാരീസിലെ മാഗനിസിൻ ഓഫീസിൽ അടുത്തിടെ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ചാനലിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നുവെങ്കിലും ഇതിനെ മറികടന്ന് ആക്രമി എങ്ങനെ സ്റ്റുഡിയോയിലെത്തിയെന്ന് വ്യക്തമായിട്ടില്ല. വൈകുന്നേരത്തെ ന്യൂസ്ബുള്ളററിനിലൂടെ തനിക്ക് രാജ്യത്തോട് സംസാരിക്കണമെന്നായിരുന്നുവത്രെ ഇയാൾ ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് സെക്യൂരിറ്റി ഗാർഡ് ഇയാളെ ബുദ്ധിപരമായി ഒരു കാലിയായ സ്‌ററുഡിയോയിലേക്ക് എത്തിക്കുകയായിരുന്നു. വലിയ ലോകകാര്യങ്ങൾ ഇയാൾ ക്യാമറകൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു. ഓണാക്കാത്ത ക്യാമറയ്ക്ക് മുന്നിലായിരുന്നു തന്റെ പ്രകടനമെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ പുറകിലുള്ള ക്യാമറ ഈ രംഗങ്ങൾ ചിത്രീകരിക്കുന്നുണ്ടായിരുന്നു. അതിനിടെ പൊലീസ് എത്തുകയും ഇയാളെ കീഴടക്കുകയുമായിരുന്നു. അലാറം മുഴങ്ങിയതിനെത്തുടർന്ന് പൊലീസ് കുതിച്ചെത്തുകയും ഹിൽവൽസമ്മിലെ സ്റ്റുഡിയോ നിലനിൽക്കുന്ന കെട്ടിടം വളയുകയുമായിരുന്നു.

താരിക് സാഹ്‌സാഹ് എന്നാണ് ഇയാളുടെ പേരെന്നാണ് ഡച്ച് മാദ്ധ്യമങ്ങൾ പറയുന്നത്. മധ്യ ഡച് പട്ടണമായ പിജ്‌നാക്കർ സ്വദേശിയാണ്. എന്നാൽ ഇയാളെ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല. തട്ടിക്കൊണ്ടു പോകൽ, ആയുധം കൈവശം വയ്ക്കൽ, ആളുകളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തൽ എന്നീ കുററങ്ങളാണിയാളുടെ മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ ഇയാൾക്ക് ഇസ്ലാമിക ഭീകരരുമായി ബന്ധമൊന്നുമില്ലെന്നാണ് കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP