Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യെമനിലെ ഇറാൻ എംബസി ബോംബ് വച്ച് തകർത്ത് സൗദിയുടെ പ്രതികാരം; തിരിച്ചടിക്കാൻ ഒരുങ്ങി ഇറാൻ; പശ്ചിമേഷ്യൻ സംഘർഷം പൊട്ടിത്തെറിയിലേക്ക്

യെമനിലെ ഇറാൻ എംബസി ബോംബ് വച്ച് തകർത്ത് സൗദിയുടെ പ്രതികാരം; തിരിച്ചടിക്കാൻ ഒരുങ്ങി ഇറാൻ; പശ്ചിമേഷ്യൻ സംഘർഷം പൊട്ടിത്തെറിയിലേക്ക്

ഷിയ പണ്ഡിതൻ നിമാർ അൽനിമാറിനെ 46 തീവ്രവാദികൾക്കൊപ്പം സൗദി അറേബ്യ വധിച്ചതിനെ തുടർന്ന് ഇറാനും സൗദിയും തമ്മിൽ ആരംഭിച്ച തർക്കങ്ങൾ ഇപ്പോൾ മൂർധന്യത്തിലെത്തിയിരിക്കുകയാണ്. പണ്ഡിതന്റെ വധത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഇറാനിലെ സൗദി എംബസി ഷിയാകൾ ആക്രമിച്ചിരുന്നു. ഇപ്പോഴിതാ യെമനിലെ ഇറാൻ എംബസി സൗദി ബോംബ് വച്ച് തകർത്ത് സൗദി പ്രതികാരം തീർത്തിരിക്കുകയാണ്. ഇതിന് ശക്തമായ തിരിച്ചടിയേകാൻ ഇറാൻ ഒരുങ്ങിയതോടെ പശ്ചിമേഷ്യൻ സംഘർഷം പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ്. നേരത്തെ തന്നെ യുദ്ധ സാധ്യതയ്ക്ക് കളമൊരുങ്ങിയ പ്രദേശത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉരസലുകൾ കൂടിയായതോടെ മൂന്നാം ലോക മഹായുദ്ധമുണ്ടാകുമെന്ന ആശങ്കകളും ശക്തമായിരിക്കുകയാണ്.

യെമനിൽ ബുധനാഴ്ച നടത്തിയ എയർ റെയ്ഡിനിടെയാണ് സൗദിയുടെ യുദ്ധവിമാനങ്ങൾ യെമനിലെ ഇറാൻ എംബസിക്ക് മുകളിൽ ബോംബ് വർഷിച്ച് തകർത്തിരിക്കുന്നത്. ആക്രമണത്തെ തുടർന്ന് തങ്ങളുടെ എംബസി ജീവനക്കാരന് പരുക്കേറ്റിട്ടുണ്ടെന്ന് ഇറാൻ ഇന്നലെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി യെമന്റെ തലസ്ഥാനമായ സനായിലൂടെ പറക്കുന്നതിനിടെയാണ് സൗദി ജെറ്റുകൾ ഇറാനിയൻ എംബസി തകർത്തിരിക്കുന്നത്. എംബസി തകർത്തത് കരുതിക്കൂട്ടിയുള്ള നടപടിയാണെന്നും ഇത് എല്ലാ അന്താരാഷ്ട്ര മര്യാദകളുടെയും നയതന്ത്രത്തിന്റെയും നഗ്‌നമായ ലംഘനമാണെന്നുമാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ ഹുസൈൻ ജാബെർ അൻസാരി പ്രതികരിച്ചിരിക്കുന്നത്.

സൗദിയാണീ ആക്രമണത്തിന് പുറകിലെന്നും തങ്ങളുടെ എംബസി ജീവനക്കാരന് പരുക്കേറ്റുവെന്നും വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് സൗദിയുടെ നേതൃത്വത്തിൽ യെമനിൽ പോരാടുന്ന സേനയുടെ വക്താവായ ബ്രിഗേഡിയർ ജനറൽ അഹമ്മദ് അസെരി പറയുന്നത്. സൗദിയുടെ നേതൃത്വത്തിലുള്ള സേന ബുധനാഴ്ച രാത്രി സനായിൽ ശക്തമായ വ്യോമാക്രമണമായിരുന്നു നടത്തിയിരുന്നത്. ഹുതി വിമതരുടെ മിസൈൽ ലോഞ്ചറുകൾ തകർക്കാനുള്ള യജ്ഞത്തിലായിരുന്നു സേനയെന്നും അസെരി വെളിപ്പെടുത്തി. ഹൂതി വിമതർ സിവിലിയൻ മാരുടെ താമസസ്ഥലത്തും ഉപേക്ഷിക്കപ്പെട്ട എംബസി കെട്ടിടങ്ങളിലുമായിരുന്ന തമ്പടിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

ഹൂതി വിമതരെ വേട്ടയാടാൻ നയതന്ത്ര സഹകരണമേകാൻ തങ്ങൾ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിച്ചിരുന്നുവെന്നും ഇറാനിയൻ എംബസി തകർത്തുവെന്ന് ഇറാൻ ഇപ്പോൾ ആരോപണമുന്നയിച്ചിരിക്കുന്നത് ഹൂതി കൾ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണെന്നും അത് വിശ്വാസയോഗ്യമല്ലെന്നും അസെരി പറയുന്നു. എന്നാൽ എംബസിക്ക് യാതൊരു വിധ കേട്പാടും സംഭവിച്ചിട്ടില്ലെന്നും അത് ഇപ്പോഴു തലയുയർത്തി നിൽക്കുന്നുണ്ടെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സനായുടെ സമീപപ്രദേശങ്ങളിൽ നയതന്ത്ര പ്രധാനമായ നിരവധി സ്ഥലങ്ങൾ നിലകൊള്ളുന്നുണ്ട്. നിമാറിന്റെ വധത്തെ തുടർന്ന് ഇറാനടക്കമുള്ള നിരവധി രാജ്യങ്ങളിൽ കടുത്ത പ്രതിഷേധം സൗദിക്കെതിരെ ഉയർന്നിരുന്നു.

ഈ പ്രതിഷേധത്തിന്റെ ഭാഗമായി തെഹ്‌റാനിലെ തങ്ങളുടെ എംബസിക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ഇറാനുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും സൗദി വേണ്ടെന്ന് വച്ചിരുന്നു. സൗദിയെ പിന്തുണച്ച് കൊണ്ട് സുന്നി അറബ് സഖ്യത്തിലെ ബഹറിനും സുഡാനുമടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് യുഎഇയും ഇറാനും തമ്മിലുള്ള ബന്ധവും വഷളായിരുന്നു. കുവൈത്തും ഖത്തറും തങ്ങളുടെ അംബാസിഡർമാരെ ഇറാനിൽ നിന്ന് മടക്കി വിളിക്കുകയുമുണ്ടായി. ഇറാന്റെ പിന്തുണയോടെ യെമനിൽ തീവ്രവാദം നടത്തുന്ന ഹൂതി വിമതരെ തുരത്താൻ മാർച്ച് മുതൽ സൗദി യെമനിൽ കടുത്ത വ്യോമാക്രമണമാണ് നടത്തുന്നത്. ഇക്കാരണത്താൽ സൗദിയും ഇറാനും തമ്മിൽ നേരത്തെ തന്നെ സ്പർധ നിലനിൽക്കുന്നുണ്ട്.ഇപ്പോഴത്തെ സംഭവവികാസങ്ങളിലൂടെ അത് വർധിച്ചിരിക്കുകയുമാണ്.

ഇതിന്റെ തുടർച്ചയെന്നോണം ഇറാൻ സൗദിയിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങളും ഇന്നലെ നിരോധിച്ചിട്ടുമുണ്ട്. ഇറാൻ കാരെ സൗദിയിലെ പരിപാവനമായ മെക്കയിലേക്ക് ഉംറ തീർത്ഥാനടനത്തിനായി യാത്ര ചെയ്യുന്നത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്കിയിട്ടുമുണ്ട്. ഇതിനിടെ ലിബിയയിലെ സ്ലിറ്റെൻ നഗരത്തിലെ പൊലീസ് ട്രെയിനിങ് സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ ഇന്നലെ 65 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആരും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP