Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയന്ത്രണങ്ങൾ ഇല്ലാത്ത അതിർത്തി മൂലം ഐസിസ് ഭീകരർ യൂറോപ്പ് മുഴുവൻ ബോംബുകൾ പാകി കാത്തിരിക്കുന്നെന്ന് അമേരിക്കൻ ഇന്റലിജൻസ് തലവൻ; ബ്രെക്സിറ്റ് വാദികൾക്ക് ആഘോഷിക്കാൻ കാരണമായി

നിയന്ത്രണങ്ങൾ ഇല്ലാത്ത അതിർത്തി മൂലം ഐസിസ് ഭീകരർ യൂറോപ്പ് മുഴുവൻ ബോംബുകൾ പാകി കാത്തിരിക്കുന്നെന്ന് അമേരിക്കൻ ഇന്റലിജൻസ് തലവൻ; ബ്രെക്സിറ്റ് വാദികൾക്ക് ആഘോഷിക്കാൻ കാരണമായി

യൂറോപ്പിന്റെ അതിർത്തികളിൽ വേണ്ടത്ര നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഐസിസ് ഭീകരർക്ക് ഇവിടേക്ക് അനായാസം കടന്ന് വരാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും വഴിയൊരുങ്ങിയിരിക്കുന്നുവെന്ന മുന്നറിയിപ്പ് ശക്തമായി. അതിർത്തി പരിശോധനകളിലെയും നിയന്ത്രണങ്ങളിലെയും പഴുതുകൾ മുതലെടുത്ത് ഐസിസുകാർ യൂറോപ്പ് മുഴുവൻ ബോംബുകൾ പാകി രക്തരൂക്ഷിതമായ ആക്രമണങ്ങൾക്കായി അവസരം കാത്തിരിക്കുകയാണെന്നാണ് അമേരിക്കൻ ഇന്റലിജൻസ് തലവനായ ജെയിംസ് ക്ലാപ്പർ രംഗത്തെത്തി. യൂറോപ്യൻ യൂണിയനിലെ പൗരന്മാർക്ക് ഭൂഖണ്ഡം മുഴുവൻ സ്വതന്ത്രരായി സഞ്ചിരിക്കുന്നതിനുള്ള അവകാശം മുതലെടുത്താണ് ഭീകരർ ആക്രമണങ്ങൾക്ക് കോപ്പ് കൂട്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി യുകെ കടുത്ത ഭീകരാക്രമണഭീഷണിയുടെ നിഴലിലാണെന്നും പാരീസിലോ ബ്രസൽസിലോ ഉണ്ടായത് പോലുള്ള കടുത്ത ആക്രമണം യുകെയിൽ ഏത് നിമിഷവും ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. അമേരിക്കൻ ഇന്റലിജൻസ് തലവന്റെ ഈ മുന്നറിയിപ്പുകൾ ബ്രെക്സിറ്റ് വാദികൾക്ക് ആഘോഷിക്കാനുള്ള കാരണമായിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിൽ യുകെ തുടരുന്നിടത്തോളം കാലം രാജ്യത്തിന്റെ അതിർത്തികളുടെ നിയന്ത്രണം യുകെയ്ക്ക് ലഭിക്കില്ലെന്നും അതിനാൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി എത്രയും വേഗം യൂണിയൻ വിട്ട് പോകണമെന്നുമാണ് അവർ വാദിക്കുന്നത്.

ബ്രിട്ടന് പുറമെ, ജർമനി, ഇറ്റലി മറ്റ് നിരവധി രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഐസിസ് കടുത്ത ആക്രമണങ്ങൾ നടത്താൻ രഹസ്യമായി കോപ്പ് കൂട്ടുന്നുവെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ക്ലാപ്പർ വെളിപ്പെടുത്തുന്നു. വർധിച്ച് വരുന്ന അഭയാർത്ഥി പ്രവാഹത്തിന്റെ മറവിലും തീവ്രവാദികൾ യൂറോപ്പിലേക്ക് നുഴഞ്ഞ് കടക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇക്കാരണത്താൽ യൂണിയനിൽ അംഗരാജ്യങ്ങൾ ഇന്റലിജൻസ് വിവരങ്ങൾ പങ്ക് വയ്ക്കുന്നത് മെച്ചപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.യുകെയിൽ ഐസിസ് ഭീകരമായ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നുവെന്ന് കുറച്ച് മുമ്പ് എംഐ5ന്റെ തലവനും മുന്നറിയിപ്പേകിയിരുന്നു.ഐസിസ് യൂറോപ്പ് മുഴുൻ വ്യാപിച്ചുവെന്നും ഷെൻഗൻകരാർ പ്രകാരമുള്ള സ്വതന്ത്ര സഞ്ചാര അവകാശം കാരണം ഭൂഖണ്ഡത്തിന്റെ സുരക്ഷയ്ക്ക് വൻ ഭീഷണിയായിത്തീർന്നിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. യുഎസ് പ്രസിഡന്റിന്റെ പ്രധാനപ്പെട്ട രഹസ്യാന്വേഷണ ഉപദേശകനായ ക്ലാപ്പറുടെ വെളിപ്പെടുത്തലുകൾക്ക് പ്രസക്തിയേറെയാണ്.

യൂറോപ്യൻ ഭൂഖണ്ഡത്തിലാകമാനം ഐസിസ് വ്യാപിച്ചിട്ടുണ്ടെന്ന് ക്ലാപ്പർ പരസ്യമായി സമ്മതിക്കുന്നുണ്ട്.യുകെയിലും ജർമനിയിലും ഇറ്റലിയിലും ഐസിസിന് സ്ലീപ്പർ സെല്ലുകളുണ്ടെന്നും അവർ അനുകൂലമായ സന്ദർഭത്തിൽ കടുത്ത ആക്രമണങ്ങൾ നടത്തുമെന്നും അദ്ദേഹം ആവർത്തിക്കുന്നു.ഇക്കാര്യത്തെക്കുറിച്ച് യുഎസിലും യൂറോപ്പിലെ സഖ്യകക്ഷികൾക്കും ഉത്കണ്ഠകളുണ്ടെന്നും മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ഐസിസ് നടത്തുന്ന ഗൂഢാലോചനകളുടെ തെളിവിനായി അന്വേഷിച്ച് കൊണ്ടിരിക്കുന്നുവെന്നു ക്ലാപ്പർ വ്യക്തമാക്കുന്നു.പാരീസിലും ബ്രസൽസിലും നടത്തിയ ആക്രമണങ്ങളിലൂടെ ഐസിസ് തങ്ങളുടെ യൂറോപ്പിലെ ശക്തമായ സാന്നിധ്യം വെളിപ്പെടുത്തിയിരിക്കുന്നുവെന്നും ഇതൊരു തുടക്കം മാത്രമാണ്. യുകെയിലും ജർമനിയിലും ആക്രമണത്തിനുള്ള സാധ്യത വളരെയേറെയാണ്.ഭീകരർ വളരെ മതഭ്രാന്തന്മാരാണെന്നും വിവിധ രാജ്യങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് നന്നായി പഠിച്ചവരും അതിനനുസൃതമായി പ്രവർത്തിക്കാൻ ശ്രമിക്കുന്നവരുമാണെന്നും ക്ലാപ്പർ വിശദീകരിക്കുന്നു.

ക്ലാപ്പറുടെ മുന്നറിയിപ്പുകൾ അത്യന്തം ആശങ്കയുണർത്തുന്നവയും ഗൗരവമായെടുക്കേണ്ടവയുമാണെന്നാണ് കോമൺസ് ഹോം അഫയേർസ് സെലക്ട് കമ്മിറ്റി ചെയർമാനായി കെയ്ത്ത് വാസ് പറയുന്നത്.യൂറോപ്യൻ യൂണിയനിലാകമാനം സ്വതന്ത്രമായി സഞ്ചരിക്കാമെന്നതാണ് കടുത്ത ഭീഷണിയും ഉത്കണ്ഠയും സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരിക്കൽ യൂറോപ്യൻ യൂണിയന്റെ അതിർത്തി കടന്നാൽ അവർക്ക് പിന്നീട് യാതൊരു വിധ പരിശോധനയുമില്ലാതെ യുകെയിൽ എത്തിച്ചേരാനുള്ള സാധ്യതയേറെയാണെന്നും അദ്ദേഹം ഉത്കണ്ഠപ്പെടുന്നു. അത്തരക്കാർ യൂറോപ്യൻ യൂണിയൻ പൗരന്മാരല്ലെങ്കിൽ കൂടി ഇത്തരത്തിൽ സ്വതന്ത്ര സഞ്ചാരം സാധ്യമാകുന്നുവെന്നത് ഇനിയും തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ജർമനിയിൽ നിന്നും യുകെയിൽ നിന്നുമായി 800ൽഅധികം തദ്ദേശീയരായ ജിഹാദികൾ ഇറാഖിലേക്കും സിറിയയിലേക്കും പോയി പരിശീനം നേടുകയും അവരിൽ പകുതിയും തിരിച്ചെത്തി യൂറോപ്യൻ മണ്ണിൽ പ്രത്യേകിച്ച് യുകെയിൽ ആക്രമണം നടത്താൻ കോപ്പ് കൂട്ടുന്നുവെന്നത് കടുത്ത സുരക്ഷാപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇവരിൽ അഞ്ചിലൊന്ന് പേരും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ 18 മാസത്തിനിടെമാത്രം ബ്രിട്ടനിൽ നടത്താനിരുന്ന ഏഴ് ഭീകരാക്രമണങ്ങളാണ് സുരക്ഷാ ഏജൻസികൾ അട്ടിമറിച്ചിരിക്കുന്നത്.പാരീസിലെയും ബ്രസൽസിലെയും ആക്രമണങ്ങളിലെ മുഖ്യകണ്ണിയെന്ന് വിശ്വസിക്കുന്ന മുഹമ്മദ് അബ്രിനി കഴിഞ്ഞ സമ്മറിൽ യുകെയിലെ ചിലരുമായി ബന്ധപ്പെട്ടിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. പാരീസിലെയും ബ്രസൽസിലെയും സ്ഥോടനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി ഈ മാസം ആദ്യം ബെർമിങ്ഹാമിൽ നിന്നും ഗാത്വിക്കിൽ നിന്നും അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഐസിസ് കടുത്ത ആക്രമണങ്ങൾക്ക് കോപ്പ് കൂട്ടുന്നുവെന്ന് ഒക്ടോബറിൽ എംഐ5 തലവൻ ആൻഡ്രൂ പാർക്കർ മുന്നറിയിപ്പുയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP