Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസിസിൽ ചേർന്ന 10 ബ്രിട്ടീഷ് യുവാക്കളെ കൂടി കൊല്ലാൻ ബ്രിട്ടൻ; മക്കളെ മടക്കി കൊണ്ടു വരാൻ ശ്രമിച്ച് മാതാപിതാക്കൾ

ഐസിസിൽ ചേർന്ന 10 ബ്രിട്ടീഷ് യുവാക്കളെ കൂടി കൊല്ലാൻ ബ്രിട്ടൻ; മക്കളെ മടക്കി കൊണ്ടു വരാൻ ശ്രമിച്ച് മാതാപിതാക്കൾ

ലണ്ടൻ: സിറിയയിൽ ഐസിസിന്റെ കൂടാരത്തിൽ പോയി മൂന്ന് ബ്രിട്ടീഷ് ജിഹാദി യുവാക്കളെ വധിച്ചതിലൂടെ ബ്രിട്ടന് ലോകരാജ്യങ്ങൾക്കിടയിലുള്ള മതിപ്പേറിയിരിക്കുകയാണ്. ആളില്ലാ വിമാനങ്ങളെ അത്രയ്ക്ക് ചിട്ടയോടെയും ആസൂത്രണത്തോടെയും പ്രവർത്തിപ്പിച്ചാണ് ബ്രിട്ടൻ ഈ ലക്ഷ്യം സാധിച്ചിരിക്കുന്നത്. എന്നാൽ ജിഹാദികൾക്കെതിരായുള്ള അങ്കം തുടങ്ങിയിട്ടേയുള്ളൂവെന്നാണ് ബ്രിട്ടൻ പറയുന്നത്. ബ്രിട്ടന്റെ യുദ്ധങ്ങൾ തുടങ്ങാനിരിക്കുന്നതേയുള്ളൂവെന്ന നിലപാടിലാണ് കാമറോണുള്ളതെന്നാണ് റിപ്പോർട്ട്.ഐസിസിൽ ചേർന്ന 10 ബ്രിട്ടീഷ് യുവാക്കളെ കൂടി കൊല്ലാനാണ് രാജ്യം പദ്ധതിയിടുന്നത്. ഇവരിൽ കുപ്രസിദ്ധ കൊലയാളി ജിഹാദിജോണും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന.കൊല്ലപ്പെടുമെന്ന ഭീഷണിയിൽ ജിഹാദിന് പോയ തങ്ങളുടെ മക്കളെ മടക്കി കൊണ്ടു വരാൻ ബ്രിട്ടനിലെ മാതാപിതാക്കൾ ശ്രമം തുടങ്ങിക്കഴിഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്.

സിറിയയിൽ പ്രവർത്തിക്കുന്ന മറ്റുള്ള ചില ബ്രിട്ടീഷ് ജിഹാദികളെയും ഡ്രോൺ ഉപയോഗിച്ച് കൊല്ലാൻ പദ്ധതിയുണ്ടെന്നാണ് വെളിവായിട്ടുള്ളത്. ആവശ്യമാണെങ്കിൽ ഡിഫെൻസ് സെക്രട്ടറി മൈക്കൽ ഫാലൻ ഇത്തരം ആക്രമണത്തിന് ഇനിയും അനുമതി നൽകാനൊരുങ്ങിയിരിക്കുകയാണ്. വകവരുത്തേണ്ട തീവ്രവാദികളുടെ ഒരു പ്രധാന ലിസ്റ്റിന് ഈ വർഷം ആദ്യം ചേർന്ന നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ രൂപം കൊടുത്തിരുന്നു. സർക്കാരിലെ ഉയർന്ന അഭിഭാഷകൻ ഇത്തരം വ്യോമാക്രമണങ്ങൾക്ക് തന്റെ നിയമപരമായ പിന്തുണയേകുകയും ചെയ്തിരുന്നു.

ഐസിസിന്റെ ആരാച്ചാരായി പ്രവർത്തിക്കുന്ന ജിഹാദി ജോൺ എന്നറിയപ്പെടുന്ന മുഹമ്മദ് എംവാസി യുകെ സേന ലക്ഷ്യമിടുന്നവരുടെ ലിസ്റ്റിലെ പ്രധാന ഇരയാണ്. യുകെയിലെ തെരുവുകളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്ന മറ്റ് ചില ഐസിസ് തീവ്രവാദികളെയും വധിക്കാൻ ബ്രിട്ടൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് സൂചന. മന്ത്രിമാരുടെയോ അറ്റോർണി ജനറലിന്റെയോ അനുമതിക്കായി അപേക്ഷിക്കാതെ ആർഎഎഫ് ടൊർണാഡോകളോ പേരില്ലാത്ത റീപ്പറോ ഉപയോഗിച്ച് സിറിയയിൽ വീണ്ടും ബ്രിട്ടൻ ആക്രമണം നടത്തുമെന്ന വ്യക്തമായ സൂചന ഉയർന്ന് വരുന്നുണ്ട്.

സിറിയയിൽ ജനറൽ ബോംബിങ് റെയ്ഡിന് പാർലമെന്റ് അംഗീകാരം നൽകിയിട്ടില്ലെങ്കിലും ബ്രിട്ടന് നേരിട്ട് ഭീഷണിയുയർത്തുന്ന തീവ്രവാദികളെ സിറിയയിൽ വച്ച് വധിക്കാൻ പൈലറ്റുമാരെ നിയോഗിക്കുന്നതിനുള്ള അംഗീകാരം ഫാലന് നൽകിയിട്ടുണ്ട്.ഇതനുസരിച്ചാണ് ഓഗസ്റ്റ് 21ന് മൂന്ന് ബ്രിട്ടീഷ് ജിഹാദി യുവാക്കളെ സിറിയയിൽ പോയി ആർഎഎഫ് ഡ്രോൺ ബോംബിംഗിലൂടെ വകവരുത്തിയിരിക്കുന്നത്.കാർഡിഫിൽ നിന്നുള്ള റെയാദ് ഖാൻ, അബെർദീനിൽ നിന്നുള്ള റുഹുൾ അമിൻ,ബർമിങ്ഹാമിൽ നിന്നുള്ള ജുനൈദ് ഹുസൈൻ എന്നിവരെയാണ് ഇത്തരത്തിൽ വധിച്ചിരിക്കുന്നത്. എന്നാൽ യുകെ, ഓസ്‌ട്രേലിയ, യുഎസ് എന്നിവയ്ക്ക് നേരെ നേരിട്ട് ഭീഷണി ഉയർത്തുന്ന കൂടുതൽ ജിഹാദികളുണ്ടെന്നും അവരെ വകവരുത്താൻ ഇത്തരത്തിലുള്ള ആക്രമണം ഇനിയും നടത്താൻ ബ്രിട്ടൻ മടിച്ച് നിൽക്കില്ലെന്നുമാണ് ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വധിക്കപ്പെട്ട റെയാദ് ഖാന്റെ സുഹൃത്തുക്കളായി സിറിയയിലേക്ക് പോയ നാസർ മുത്താന, അസീൽ മുത്താന എന്നീ യുവാക്കളും ബ്രിട്ടന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടെന്നാണ് സൂചന.എന്നാൽ ലിസ്റ്റിലുള്ള കൂടുതൽ പേരുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല. എന്നാൽ ജിഹാദി ജോണിനെ കണ്ടെത്തുകയാണെങ്കിൽ അയാളെയും വകവരുത്തുമെന്നാണ് ഡിഫെൻസ് സെക്രട്ടറി ഫാലൻ നിസംശയം വ്യക്തമാക്കിയിരിക്കുന്നത്.ബ്രിട്ടന്റെ തെരുവുകളിൽ ഭീകരാക്രമണം നടത്താനും പൊതുചടങ്ങുകളിൽ ബോംബ് പൊട്ടിക്കാനും സൈനികരെ ആക്രമിക്കാനും ഇപ്പോഴും സിറിയയിൽ വച്ച് ബ്രിട്ടീഷ് ഐസിസ് ഭീകരർ പദ്ധതിയിടുന്നുണ്ടെന്നും അത് അത്യന്തം അപകടകരമായ അവസ്ഥയാണെന്നും ഫാലൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.ഇത്തരം ആക്രമണങ്ങൾ വരും ആഴ്ചകളിലും മാസങ്ങളിലും ബ്രിട്ടനിൽ അരങ്ങേറാൻ സാധ്യതയേറെയാണെന്നും അതിനാൽ ഇത്തരം തീവ്രവാദികൾക്കെതിരെ ആക്രമണം നടത്താൻ സംശയിച്ച് നിൽക്കേണ്ടതില്ലെന്നുമാണ് ബിബിസിയുടെ റേഡിയോ 4ലെ ടുഡേസ് പ്രോഗ്രാമിൽ പങ്കെടുത്തു കൊണ്ട് ഫാലൻ വ്യക്തമാക്കിയിരിക്കുന്നത്.

നാസർ മുത്താന, അസീൽ മുത്താന എന്നിവർ സർക്കാരിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടെന്നറിഞ്ഞത് മുതൽ ഇവരുടെ പിതാവായ അഹമ്മദ് മുത്താനയുടെ പരിഭ്രമമേറിയിരിക്കുകയാണ്. അവർ ഹിറ്റ്‌ലിസ്റ്റിലുണ്ടെന്നറിഞ്ഞ നിമിഷം മുതൽ താൻ പരിഭ്രാന്തിയിലായിരിക്കുകയാണെന്നും അവരെ ഇനിയൊരിക്കൽ കൂടി കാണാൻ സാധിക്കുമോയെന്ന് ഭയമുണ്ടെന്നും അദ്ദേഹം ദി ഗാർഡിയനോട് വെളിപ്പെടുത്തുന്നു. മക്കൾ പോയതിൽ തനിക്കേറെ വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കാമറോൺ പറയുന്നത് വിശ്വസിക്കാൻ തനിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ടോണി ബ്ലെയർ ഇറാഖിൽ ചെയ്തത് പോലെയാണ് ഇപ്പോൽ ബ്രിട്ടന്റെ സിറിയയിലെ പ്രവർത്തനം നീങ്ങുന്നതെന്നും അഹമ്മദ് പറയുന്നു.

തന്റെ മകന്റെ മരണവാർത്തയറിഞ്ഞ് റെയാദ് ഖാന്റെ അമ്മ കൂടുതൽ പരിതാപകരമായ അവസ്ഥയിലെത്തിച്ചേർന്നിരിക്കുകയാണ്. ഭീകവാദത്തിന് പോയ മകനോട് തിരിച്ച് വരാൻ 41 കാരിയായ റുഖിയ ഖാൻ മനമുരുകി അഭ്യർത്ഥിച്ചിരുന്നെങ്കിലും ഫലമുണ്ടാകാതെ പോവുകയായിരുന്നു. അവരുടെ ഭർത്താവും റെയാദിന്റെ പിതാവുമായ നസീം ഇപ്പോൽ കാർഡിഫിലെ വീട്ടിൽ ഭാര്യയെ പരിചരിച്ച് കൊണ്ട് കഴിയുകയാണ്. ഇവിടെ നിന്നാണ് രണ്ടു വർഷം മുമ്പ് ഐസിസിൽ ചേരാൻ റെയാദ് പുറപ്പെട്ട് പോയത്. ബ്രിട്ടനിൽ നിന്നും സിറിയിയയിലേക്കും ഇറാഖിലേക്കും പോയി ഐസിസിൽ ചേർന്ന യുവതീയുവാക്കളുടെ മാതാപിതാക്കൾ സർക്കാരിന്റെ കടുത്ത തീരുമാനമറിഞ്ഞ് അവരെ മടക്കിക്കൊണ്ടു വരാൻ കനത്ത ശ്രമം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP