Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചർച്ചിലിന് ഇത് സഹിക്കാൻ പറ്റുമോ? പഴയ ശത്രുവിനെ ഒപ്പം സ്ഥാപിച്ച് സർക്കാർ; എബ്രഹാം ലിങ്കണും മണ്ടേലയ്ക്കുമൊപ്പം ഗാന്ധിയും ഇനി ബ്രിട്ടിഷ് പാർലമെന്റിന് മുമ്പിൽ

ചർച്ചിലിന് ഇത് സഹിക്കാൻ പറ്റുമോ? പഴയ ശത്രുവിനെ ഒപ്പം സ്ഥാപിച്ച് സർക്കാർ; എബ്രഹാം ലിങ്കണും മണ്ടേലയ്ക്കുമൊപ്പം ഗാന്ധിയും ഇനി ബ്രിട്ടിഷ് പാർലമെന്റിന് മുമ്പിൽ

നാധിപത്യത്തിന്റെ ഏറ്റവും വലിയ ലോക മാതൃകയായി അറിപ്പെടുന്ന ബ്രിട്ടിഷ് പാർലമെന്റിന് മുമ്പിൽ ഇനി നമ്മുടെ രാഷ്ട്രപിതാവും തലയുയർത്തി നിൽക്കും. സ്വാതന്ത്ര്യത്തിന്റെ പ്രതീകങ്ങളായ എബ്രഹാം ലിങ്കണും നെൽസൺ മണ്ടേലയ്ക്കുമൊപ്പം സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ശിലാഫലകങ്ങൾക്ക് മേലെ മഹാത്മാവിന്റെ നോട്ടവും ഇനി കാവലാകും. ഗാന്ധിയുടെ ഏറ്റവും വലിയ എതിരാളിയായി അറിയുന്ന അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയ്ക്ക് തൊട്ടടുത്തായാണ് ഗാന്ധിക്കും ബ്രിട്ടിഷുകാർ ഇടം ഒരുക്കിയിരിക്കുന്നത്. അർദ്ധ നഗ്‌നനായ ഫക്കീർ എന്ന് ചർച്ചിൽ വിളിച്ച് ആക്ഷേപിച്ച അതേ ഗാന്ധിജി ഇപ്പോൾ ഇംഗ്ലീഷുകാരന്റെ ഹൃദയത്തിൽ തന്നെ ഇടം പിടിച്ചിരിക്കുന്നു.

ലണ്ടനിലെ പ്രശസ്തമായ പാർലമെന്റ് ചത്വരത്തിലാണ് അനാവരണം മഹാത്മാ ഗാന്ധിയുടെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്തിരിക്കുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, ഇന്ത്യൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി, ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ, ഗാന്ധിജിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്ണ ഗാന്ധി തുടങ്ങിയ പ്രമുഖവ്യക്ത്യത്വങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഈ ചടങ്ങ് അരങ്ങേറിയത്. ബ്രിട്ടീഷ് പാർലമെന്റ് ചത്വരത്തിൽ നടാടെയാണ് ഒരു ഇന്ത്യക്കാരന്റെ പ്രതിമ സ്ഥാപിക്കുന്നതെന്ന് പ്രത്യേകതയും ഇതിനുണ്ട്. ഉന്നത ഭരണാധികാര സ്ഥാനങ്ങളൊന്നും വഹിക്കാത്ത ഒരാൾ ഇത്തരത്തിൽ ആദരിക്കപ്പെടുന്നതും ലോകത്തിൽ ആദ്യമായാണെന്ന് പറയാം.

ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രിമാരടക്കം ബ്രിട്ടിഷ് സാമ്രാജ്യത്തിനു ചുക്കാൻ പിടിച്ചവരുടെ പ്രതിമകളാണു പാർലമെന്റ് ചത്വരത്തിൽ ഭൂരിഭാഗവുമുള്ളത്. എന്നാൽ ഗാന്ധിജിയാകട്ടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടാനാണ് തന്റെ ആയുസ്സിന്റെ കൂടുതൽ സമയവും വിനിയോഗിച്ചിരുന്നതെന്നോർക്കുമ്പോൾ ഇത് ചരിത്രത്തിന്റെ വൈരുധ്യവും മധുരതരമായ പ്രതികാരവുമായി തോന്നാം. ഗാന്ധിജിക്കു മുൻപേ ചത്വരത്തിൽ സ്ഥാനംപിടിച്ച സാമ്രാജ്യത്വവിരുദ്ധ പോരാളി നെൽസൺ മണ്ടേലയാണ്. മണ്ടേലയുടെയും മുൻ അമേരിക്കൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും പ്രതിമകളുടെ സമീപത്താണു ഗാന്ധിപ്രതിമ നിലകൊള്ളുന്നത്.

1931ൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസിനു പുറത്തുനിൽക്കുന്ന ഗാന്ധിജിയുടെ ചിത്രം അടിസ്ഥാനമാക്കിയാണ് പ്രസ്തുത പ്രതിമ നിർമ്മിച്ചിട്ടുള്ളത്. ബ്രിട്ടിഷ് ശിൽപി ഫിലിപ് ജാക്‌സനാണ് ഗാന്ധിജി ധോത്തിയുടുത്തു നിൽക്കുന്ന ശിൽപം മെനഞ്ഞെടുത്തത്. പാർലിമെന്റ് ചത്വരത്തിലെ മറ്റുള്ളവരുടെ പ്രതിമകളെക്കാൾ പൊക്കം കുറവാണ് ഗാന്ധിപ്രതിമയ്ക്ക്. ഇതു മനഃപൂർവം ചെയ്തതാണെന്നാണു ശിൽപനിർമ്മിക്കു പണം സ്വരൂപിച്ച ഗാന്ധിസ്മാരക ട്രസ്റ്റ് അഭിപ്രായപ്പെടുന്നത്. ഗാന്ധിജി ജനങ്ങൾക്കൊപ്പം അവരിലൊരാളായി പ്രവർത്തിച്ചയാളാണ്. ഭരണാധികാരികളുടെ ഉയരമല്ല, ജനങ്ങൾക്കൊപ്പം നിന്നതിന്റെ താഴ്മയാണു പ്രതിമയ്ക്കു വേണ്ടതെന്നാണു തങ്ങൾ തീരുമാനിച്ചതെന്നു ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കുന്നു.

ലോക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളിലൊരാൾക്കുള്ള സ്മാരകമാണ് ഈ ശിൽപമെന്നും ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യരാജ്യവും ഏറ്റവും വലിയ ജനാധിപത്യരാജ്യവും തമ്മിലുള്ള മഹത്തായ സൗഹൃദത്തിന്റെ കൂടി പ്രതീകമാണിതെന്നും ചരിത്രത്തിലൂടനീളം ഇന്ത്യയും ബ്രിട്ടനും പാരസ്പര്യത്തോടെ ഒരുമിച്ചുനീങ്ങി. ഇനിയും അതു തുടരുമെന്നുമാണ് ബ്രിട്ടീഷ് പ്രധാമന്ത്രി ഡേവിഡ് കാമറോൺ പ്രതിമ അനാച്ഛാദന ചടങ്ങിൽ സംസാരിക്കവെ പറഞ്ഞത്.

ഇതൊരു ചരിത്ര നിമിഷമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇതിലൂടെ ദൃഢപ്പെടുമെന്നാണ് ചടങ്ങിൽ പങ്കെടുത്തു് കൊണ്ട് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ഗാന്ധിജി നാട്ടിലെത്തിയതിന്റെ നൂറാം വാർഷികം പ്രമാണിച്ചാണ് പ്രതിമ അനാച്ഛാദനം ചെയ്തിരിക്കുന്നത്.

ഗാന്ധിയുടെ ലണ്ടൻ സന്ദർശനം അനുസ്മരിക്കാനും കാമറോൺ മറന്നില്ല. ഗാന്ധി ജോർജ് അഞ്ചാമൻ രാജാവിനെ കാണാനെത്തിയ സന്ദർഭമാണ് കാമറോൺ അനുസ്മരിച്ചത്. അന്ന് ലളിതമായ വസ്ത്രം ധരിച്ചായിരുന്നു ഗാന്ധി എത്തിയത് . കുറച്ച് വസ്ത്രം മാത്രം ധരിച്ചുവെന്ന് തോന്നുന്നുവോ എന്ന രാജാവിന്റെ ചോദ്യത്തിന് നമുക്ക് രണ്ടുപേർക്കുമുള്ള വസ്ത്രം രാജാവ് ധരിച്ചിട്ടുണ്ടല്ലോ എന്ന് ഗാന്ധിജി പ്രതികരിച്ച കാര്യം കാമറോൺ അനുസ്മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP