Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഹാദി ജോണിന്റെ പിതാവ് ബ്രിട്ടനിൽ എത്തിയത് സദാമിന്റെ സൈന്യത്തെ സഹായിച്ചതിന്റെ പേരിൽ; മകന്റെ തനിസ്വരൂപം നാട്ടുകാർ അറിഞ്ഞപ്പോൾ വീണ്ടും കുവൈറ്റിലേക്ക് പലായനം ചെയ്തു

ജിഹാദി ജോണിന്റെ പിതാവ് ബ്രിട്ടനിൽ എത്തിയത് സദാമിന്റെ സൈന്യത്തെ സഹായിച്ചതിന്റെ പേരിൽ; മകന്റെ തനിസ്വരൂപം നാട്ടുകാർ അറിഞ്ഞപ്പോൾ വീണ്ടും കുവൈറ്റിലേക്ക് പലായനം ചെയ്തു

ടവുകാരെ നിർദയം കൊന്നു തള്ളി ഐസിസ് വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന ബ്രിട്ടീഷ് പൗരനും ഐസിസ് ഭീകരനുമായ ജിഹാദിജോണിന്റെ പിതാവിനെക്കുറിച്ചും മറ്റ് കുടുംബാംഗങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഇയാളുടെ പിതാവ് ജസീം എംവസി കുവൈത്ത് സ്വദേശിയാണന്നും സദാംഹുസൈൻ കുവൈറ്റ് ആക്രമിച്ച കാലത്ത് ജസീമും കുടുംബവും ബ്രിട്ടനിലേക്ക് പലായനം ചെയ്യുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അന്ന് ജിഹാദി ജോൺ കുട്ടിയായിരുന്നു. മുഹമ്മദ് എംവസിയെന്നാണ് ഇയാളുടെ ശരിയായ പേര്.

കുവൈത്ത് ആക്രമണകാലത്ത് സദ്ദാംഹുസൈന്റെ സൈന്യവുമായി ഒത്തചേർന്ന് പ്രവർത്തിച്ചതിന്റെ പേരിലാണ് ജസീമിന് കുടുംബത്തോടൊപ്പം നാട് വിടേണ്ടി വന്നത്. ഇന്നലെയാണ് ഈ കാര്യങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ മകന്റെ ജിഹാദി ജോണിന്റെ തനിസ്വരൂപം ഐസിസ് വീഡിയോകളിലൂടെ നാട്ടുകാർ അറിഞ്ഞതിനെ തുടർന്ന് ഇയാൾ വീണ്ടും സ്വദേശമായ കുവൈത്തിലേക്ക് തിരിച്ച് പോയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

ജസീം എംവസിയുടെ ഒരു ചിത്രം പുറത്ത് വന്നിട്ടുണ്ട്. ഇതിൽ ഇയാൾ പരമ്പരാഗത മുസ്ലിം വസ്ത്രം ധരിച്ചിരിക്കുകയാണ്. എന്നാൽ തന്റെ മക്കളെ പാശ്ചാത്യസംസ്‌കാരത്തിലാണ് ജസീം വളർത്തിയത്. 26കാരനായ ജിഹാദി ജോൺ എന്ന മുഹമ്മദ് എംവസി താൻ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൊലയാളിയാണെന്ന് വെളിപ്പെടുത്തിയതോടെ ജസീം എംവസി കുവൈത്തിലേക്ക് പലായനം ചെയ്തുവെന്നാണ് സൂചന. ജസീമിന്റെ മകൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകുന്നത്. തനിക്ക് കീഴിൽ ജോലി ചെയ്തിരുന്ന ജസീമിന്റെ 25കാരിയായ മകൾ പിതാവിനോടൊപ്പം കുവൈത്തിലേക്ക് തിരിച്ച് പോയെന്നാണ് അയാൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ലണ്ടനിലാണ്‌ വളർന്നതെങ്കിലും ആധുനിക ജീവിതത്തെക്കുറിച്ച് ജസീമിന്റെ മകൾക്ക് യാതൊന്നുമറിയില്ലെന്നാണ് ജസീമിന്റെ മകളുടെ ബോസ് വെളിപ്പെടുത്തുന്നത്. തികച്ചും ഇസ്ലാമിക് ജീവിതരീതിയിൽ ജീവിച്ച അവൾക്ക് ടിവിതാരം കിം കർദാഷിയാൻ ആരാണെന്നോ ജനീകയമായ സിനിമകൾ ഏതാണെന്നോ പുതിയ മോഡൽ കാറുകളെപ്പറ്റിയോ ആൽക്കഹോളുകളുടെ ബ്രാൻഡുകളെപ്പറ്റിയോ അറിയില്ലായിരുന്നുവെന്നും അയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പൗരത്വം നിഷേധിക്കപ്പെട്ട ബിഡൗൺ എന്ന ഗ്രൂപ്പിൽപ്പെട്ടയാളായിരുന്നു ജസീമെന്നാണ് മുൻ കുവൈത്ത് പൊലീസ് ഓഫീസറും ജസീമിന്റെ കുടുംബസുഹൃത്തുമായ ഒരാൾ വെളിപ്പെടുത്തിയിരിക്കുന്നത്.

യഥാർത്ഥത്തിൽ ജസീം എംവസി തെക്കൻ ഇറാഖ് കാരനാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. എന്നാൽ 1990ൽ സദാം കുവൈത്ത് ആക്രമിച്ചപ്പോൾ അന്ന് കുവൈത്തിലായിരുന്ന ജസീമിന്റെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടുകയായിരുന്നു. അയാളും കുടുംബവും കുവൈത്ത് പൗരത്വത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ കുവൈത്ത് ആക്രമവേളയിൽ ഇറാഖി സൈന്യത്തിന് വേണ്ട ഒത്താശകൾ ചെയ്തുകൊടുത്തുവെന്നതിന്റെ പേരിൽ കുവൈത്ത് ഇവർക്ക് പൗരത്വം നിഷേധിക്കുകയായിരുന്നുവെന്ന് കുവൈത്തിലെ അൽ ക്യൂബാസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് 1993ൽ ജസീമും ഭാര്യയും മുഹമ്മദ് അടക്കമുള്ള കുട്ടികളും ബ്രിട്ടനിലേക്ക് പലായനം ചെയ്യുകയായിരുന്നു. തെക്ക്കിഴക്കൻ ലണ്ടനിലെ പ്രാന്തപ്രദേശങ്ങളായ മൈദ വെയിലിലും ക്യൂൻസ് പാർക്കിലുമായിരുന്നു അവർ താമസിച്ചിരുന്നത്. കുവൈത്തിലെ ഒരു ഐടി കമ്പനിയിലെ മിടുക്കനായ സെയിൽസ്മാനായിരുന്നു എംവാസിയെന്നാണ് ആ സ്ഥാപനത്തിന്റെ ഉടമ കഴിഞ്ഞ ദിവസം ഗാർഡിയൻ പത്രത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ജസീമും കുടുംബവും കുവൈത്തിലെത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കുവൈത്തി സുരക്ഷാ സേനകൾ ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുവൈത്തി സുരക്ഷാ ഉദ്യോഗസ്ഥർ ഇന്നലെ രാത്രി എംവാസിയുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും താൻ മുഹമ്മദിന്റെ 
പിതാവാണെന്ന് അയാൾ സമ്മതിച്ചിട്ടുണ്ടെന്നും ചാനൽ 4 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ തനിക്ക് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്നും ജസീം പറഞ്ഞിട്ടുണ്ടത്രെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP