Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഹാദി ജോൺ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളുടെ ഇരയോ? അന്വേഷണ സംഘം എംവസിയെ വിടാതെ പിന്തുടർന്നു; എം15ന്റെ ജോലി വാഗ്ദാനം നിരസിച്ച് ഭീകരൻ ഐസിസിൽ തലവെട്ടുകാരനായ കഥ

ജിഹാദി ജോൺ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളുടെ ഇരയോ? അന്വേഷണ സംഘം എംവസിയെ വിടാതെ പിന്തുടർന്നു; എം15ന്റെ ജോലി വാഗ്ദാനം നിരസിച്ച് ഭീകരൻ ഐസിസിൽ തലവെട്ടുകാരനായ കഥ

ഠാരയേന്തിയ കൊലയാളിയായി ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട് പാശ്ചാത്യർക്ക് വലിയ ഭീഷണിയായ ബ്രീട്ടീഷ് ഭീകരൻ ജിഹാദി ജോൺ ആരാണെന്ന് വെളിപ്പെട്ടതോടെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയർന്നു തുടങ്ങി. ലണ്ടൻ സ്വദേശിയായ 26-കാരൻ മുഹമ്മദ് എംവാസിയാണ് ജിഹാദി ജോണെന്ന വിളിപ്പേരിൽ പ്രത്യക്ഷപ്പെട്ടിരുന്നതെന്ന് വ്യക്തമായതോടെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളും ഇയാളും തമ്മിലുണ്ടായിരുന്ന വർഷങ്ങളായുള്ള ബന്ധമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ബ്രിട്ടൻ വിടുന്നതിനു മുമ്പു തന്നെ രഹസ്യാന്വേഷണ ഏജൻസികൾക്ക് വർഷങ്ങളായി ഇയാളെ നന്നായി അറിയാമായിരുന്നെന്നും ഇയാൽക്ക് ജോലി വാഗ്ദാനം നൽകിയിരുന്നെന്നും റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഏജൻസികളുടെ ഭീകര വിരുദ്ധ നീക്കങ്ങളാണ് എംവാസിയെ ഭീകരനാക്കി മാറ്റിയെന്ന സംശയം ബലപ്പെടുകയാണിപ്പോൾ.

ക്രൂരനായ കൊലയാളിയായി മാറിയ മാന്യനും മൃദുഭാഷിയുമായ ഈ കംപ്യൂട്ടർ ബിരുദധാരി തന്നെ രഹസ്യാന്വേഷണ ഏജൻസികൾ പീഡിപ്പിച്ചിരുന്നതായി ഇൻഡിപെന്റന്റ് പൊലീസ് കംപ്ലെയ്ന്റ്‌സ് കമ്മീഷനു പരാതി നൽകിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സംശയത്തിന്റെ നിഴലിൽ നിർത്തി രഹസ്യാന്വേഷണ ഏജൻസികൾ വിടാതെ പിന്തുടർന്ന് ജീവിതം തകർത്തതാണ് എംവാസിയെ ഭീകരവാദത്തിലേക്ക് അടുപ്പിച്ചതെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. 2009-ൽ വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ടാൻസാനിയയിലേക്ക് കൂട്ടുകോരോടൊത്ത് ടൂർ പോയതോടെയാണ് എംവാസിയുടെ ജീവിതം വഴിമാറാൻ തുടങ്ങിയത്. ടാൻസാനിയയിൽ വിമാനമിറങ്ങിയ ഉടനെ എംവാസിയെ അധികൃതർ പിടികൂടുകയും രാത്രി മുഴുവൻ പിടിച്ചു വച്ച് ചോദ്യം ചെയ്യുകയും ചെയ്തു. വിമാനത്താവളത്തിനു പുറത്തിറങ്ങാൻ അനുവദിക്കാതെ അവിടെ നിന്നും ടാൻസാനിയൻ സുരക്ഷാ സേന എംവാസിയെ നെതർലാന്റിലേക്കുള്ള വിമാനത്തിൽ കയറ്റി വിടുകയായിരുന്നു.

നെതർലാന്റിലിറങ്ങിയ എംവാസിയെ ബ്രിട്ടീഷ് ചാരസംഘടനയായ എം15-ലെ ഒരു ഏജന്റ് പിടികൂടുകയും സൊമാലിയയിലെ അൽശബാബ് തീവ്രവാദി സംഘടനയിൽ ചേരാൻ പോകാൻ ശ്രമിച്ചെന്നാരോപിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. എവിടെയാണ് കഴിയുന്നതെന്നും ആരോടൊപ്പമാണ് സഞ്ചരിക്കുന്നതെന്നും എന്താണ് ചെയ്യുന്നതടക്കമുള്ള തന്റെ പൂർണ വിവരങ്ങൾ അറിയാമായിരുന്ന ഈ ഏജന്റ് എന്തു കൊണ്ട് എം15നും വേണ്ടി ജോലിചെയ്തു കൂടാ എന്നു ചോദിച്ചിരുന്നതായും എംവാസി ഭീകരവിരുദ്ധ നീക്കങ്ങളിൽ ഇരയാക്കപ്പെട്ടവർക്കു വേണ്ടി പ്രചാരണം നടത്തുന്ന കേജ് എന്ന സംഘടനയ്ക്ക് അയച്ച ഒരു ഇമെയിലിൽ പറയുന്നുണ്ട്. ഈ ഓഫർ നിരസിച്ച എംവാസിയോട് ജീവിതം കടുത്തതായിരിക്കുമെന്ന മുന്നറിയപ്പും എം15 ഏജന്റ് നൽകിയിരുന്നതായി ഇ മെയിലിൽ പറയുന്നു. നെതർലാന്റിൽ നിന്നും ഡോവറിലേക്ക് പിന്നീട് എംവാസിയെ കയറ്റി വിടുകയായിരുന്നു. ഇതിനു ശേഷവും പൊലീസ് ചോദ്യം ചെയ്യൽ തുടർന്നു. ഇതിനിടെ പൊലീസ് എംവാസിയുടെ കാമുകിയുമായെ ബന്ധപ്പെട്ട് ഇരുവരേയും ഭിന്നിപ്പിക്കുകയും ചെയ്തു. ഇത് തങ്ങളുടെ ജോലിയുടെ ഭാഗമായിരുന്നെന്ന് പൊലീസ് പ്രതികരിച്ചതായും എംവാസി പറയുന്നുണ്ട്.

ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളുടെ പീഡനം സഹിക്കാനാവാതെ കുവൈത്തിലേക്ക് ജീവിതം പറിച്ചു നടാനും ഇതിനിടെ എംവാസി ശ്രമം നടത്തി. കുവൈത്തിലെത്തി വലിയൊരു കമ്പനിയിൽ ജോലി കണ്ടെത്തിയ എംവാസി എട്ടു മാസങ്ങൾക്കു ശേഷം ബ്രിട്ടനിൽ തിരച്ചെത്തിയപ്പോൾ തന്റെ കുടുംബത്തേയും പൊലീസ് നിരന്തരം വേട്ടയാടുന്നതായി അറിഞ്ഞു. പിന്നീട് കുവൈത്തിലേക്ക് തിരിച്ചു പോയി വീണ്ടും ലണ്ടനിലെത്തിയ എംവാസിയെ തിരികെ പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് 2010 ജൂലൈയിൽ പിടികൂടി ആറു മണിക്കൂർ ചോദ്യം ചെയ്യുകയും ബ്രിട്ടൻ വിട്ടു പോകുന്നതിൽ നിന്ന് വിലക്കുകയും ചെയ്തത്. ഏഷ്യൻ വംശജനായ ഒരു പൊലീസുദ്യോഗസ്ഥൻ തന്റെ ടി ഷർട്ടിൽ പിടിച്ചു വലിച്ചു കഴുത്തിൽ പിടിച്ച് ചുവരിനോട് ചേർത്തി നിർത്തിയതായും കേജിനു നൽകിയ മൊഴിയിൽ എംവാസി പറയുന്നതായി കഴിഞ്ഞ ദിവസം ദി ഗാർഡിയൻ പത്രം റിപ്പോർ്ട് ചെയ്തിരുന്നു. പിന്നീട് 2012-ൽ അധികൃതരുടെ കണ്ണുവെട്ടിച്ച് ഏംവാസി സിറിയയിലേക്ക് കടന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘത്തോടൊപ്പം ചേരുകയായിരുന്നു.

രഹസ്യ നീരീക്ഷണങ്ങളും നിയന്ത്രണങ്ങളും വിടാതെ പിന്തുടർന്നതോടെ തനിക്ക് ജോലിയും സുഹൃത്തുക്കളും ബന്ധങ്ങളുമെല്ലാം നഷ്ടമായെന്നും ഇയാൾ പറയുന്നുണ്ട്. എന്നാൽ ഈ വാദങ്ങളെല്ലാം പൊലിപ്പിച്ചതോ അതിശയോക്തി കലർത്തിയതോ ആകാൻ ഇടയുണ്ടെങ്കിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളുടെ ഇത്തരം സമീപനം വിരുദ്ധ ഫലമുണ്ടാക്കുമെന്ന സൂചനയാണ് നൽകുന്നതെന്ന് ദുറാം യൂണിവേഴ്‌സിറ്റിയിലെ നിയമാദ്ധ്യാപകൻ അലൻ ഗ്രീൻ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തെ ഉന്നം വയ്ക്കുന്ന തരത്തിലുള്ള ബ്രിട്ടന്റെ ഇത്തരം സമീപനം നേരത്തേയും പ്രശ്‌നങ്ങൾക്കിടയാക്കിയിട്ടുണ്ടെന്നും അലൻ വ്യക്തമാക്കുന്നു. നോർത്തേൺ അയർലാന്റ് കലുഷിതമായ കാലത്ത് അവിടെ ന്യൂനപക്ഷമായിരുന്ന കത്തോലിക്ക വിശ്വാസികൾക്കെതിരായ നീക്കങ്ങൾ വിപരീത ഫലങ്ങളുണ്ടാക്കിയ ചരിത്രവും അലൻ ചൂണ്ടിക്കാട്ടുന്നുണ്ട്.


ജിഹാദി ജോൺ എന്ന 26-കാരൻ എംവാസിക്കുണ്ടായ ദുരനുഭവങ്ങളൊന്നും അദ്ദേഹത്തിന്റെ മനുഷ്യത്വരഹിതമായ ഭീകര ചെയ്തികൾക്ക് ന്യായീകരമല്ലെങ്കിലും ഭീകര വിരുദ്ധ നീക്കങ്ങളിൽ അന്വേഷണ ഏജൻസികളുടെ ഈ അതിരുകടന്ന സമീപനം ഗുണത്തേക്കാൾ ഏറെ ദോഷമാണുണ്ടാക്കുകയെന്ന് അലൻ ഗ്രീൻ സൂചിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP