Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശസ്ത്രക്രിയകളെക്കുറിച്ച് സഹപ്രവർത്തകർ പരാതിപ്പെട്ടു; യുകെയിൽ മലയാളി ഡോക്ടർക്ക് സസ്‌പെൻഷൻ; 170 രോഗികളെ തിരിച്ച് വിളിച്ച് പുനഃപരിശോധന

ശസ്ത്രക്രിയകളെക്കുറിച്ച് സഹപ്രവർത്തകർ പരാതിപ്പെട്ടു; യുകെയിൽ മലയാളി ഡോക്ടർക്ക് സസ്‌പെൻഷൻ; 170 രോഗികളെ തിരിച്ച് വിളിച്ച് പുനഃപരിശോധന

ലണ്ടൻ: ശസ്ത്രക്രിയകളെക്കുറിച്ചു സഹപ്രവർത്തകർ പരാതിപ്പെട്ടതിനെ തുടർന്നു മലയാളി ഡോക്ടറെ യുകെയിൽ സസ്‌പെൻഡ് ചെയ്തു. ബർമിങ്ഹാമിന് സമീപം സോളിഹുൾ എൻഎച്ച്എസ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തു വന്നിരുന്ന ഡോ. അറയ്ക്കൽ മനു നായരെയാണു സസ്‌പെൻഡ് ചെയ്തത്.

സഹപ്രവർത്തകരുടെ പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ അന്വേഷണം നടക്കുകയാണ്. ശസ്ത്രകക്രിയകളിൽ പിശകുണ്ടെന്ന സൂചനയെ തുടർന്ന് ഡോ. മനു ശസസ്ത്രക്രിയ നടത്തിയ 170 രോഗികളെ പുനഃപരിശോധനയ്ക്കായി ക്ഷണിച്ചുവെന്നാണു റിപ്പോർട്ടുകൾ.

പ്രോസ്‌റ്റേറ്റ് കാൻസർ രോഗികൾക്ക് ഈ ഡോക്ടർ നൽകിയ ചികിത്സകളാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. ഇതിനെത്തുടർന്ന് സോളിഹുൾ എൻഎച്ച്എസ് ആശുപത്രിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ഈ സെക്കൻഡ് ഡോക്ടറുടെ സേവനം സമീപത്തെ സ്വകാര്യ ആശുപത്രിയായ സ്‌പൈർ പാർക്ക് വേ ഹോസ്പിറ്റലിലും കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ വിലക്കിയിട്ടുണ്ട്. മനു നടത്തിയ ശസ്ത്രക്രിയകളിലുണ്ടായ പിഴവുകളെപ്പറ്റി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെ ആശുപത്രി മേലാളന്മാരോട് സംശയം പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു നടപടിയുണ്ടായത്.

ബ്രസ്റ്റ് സർജനായ ഇയാൻ പാറ്റേഴ്‌സന്റെ പേരിലും ഇതേ പോലുള്ള ആരോപണങ്ങളായിരുന്നു ഇതിന് മുമ്പ് ഉയർന്നിരുന്നത്. ക്ലിവേജ്‌സ്പയറിങ് ടെക്‌നിക് എന്ന മാർഗമായിരുന്നു ഇയാൻ രോഗികളിൽ അവരുടെ അനുവാദമില്ലാതെ പരീക്ഷിച്ചിരുന്നത്. ഇതുവഴി രോഗികൾക്ക് കാൻസർ തിരിച്ച് വരാനുള്ള സാധ്യതയേറുമെന്നായിരുന്നു ആരോപണമുയർന്നിരുന്നത്. സ്തനാർബുദമില്ലാത്ത രോഗികളുടെ സ്തനങ്ങൾ വരെ ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്ന ആരോപണവും ഉയർന്നിരുന്നു.

സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം മനുനായർ ഹേർട്ട് ഓഫ് ഇംഗ്ലണ്ട് എൻഎച്ച്എസ് ട്രസ്റ്റിൽ നിന്ന് രാജി വയ്ക്കുകയായിരുന്നു. ജനറൽ മെഡിക്കൽ കൗൺസിൽ നടത്തുന്ന അന്വേഷണത്തിന് കീഴിലാണ് അദ്ദേഹമിപ്പോൾ. സോളിഹുൾ ഹോസ്പിറ്റലിലും സ്‌പൈർ ഹെൽത്ത്‌കെയർഗ്രൂപ്പ് ഹോസ്പിറ്റലിലും 170 റാഡിക്കൽ പ്രോസ്‌റ്റേറ്റ്‌ക്ടോമി രോഗികളിൽ അദ്ദേഹം നടത്തിയ ട്രീറ്റ്‌മെന്റുകളാണ് സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. പ്രോസ്‌റ്റേറ്റ് കാൻസർ ബാധിച്ചവരുടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്ന സാധാരണ ശസ്ത്രക്രിയയാണ് റാഡിക്കൽ പ്രോസ്‌റ്റേറ്റ്‌ക്ടോമി.

പ്രശ്‌നത്തിന്റെയും അന്വേഷണത്തിന്റെയും പ്രാധാന്യം കണക്കിലെടുത്ത് എൻഎച്ച്എസ് ട്രസ്റ്റും സ്‌പൈർ ഹെൽത്ത്‌കെയറും ഈ ശസ്ത്രകിയകൾക്ക് വിധേയരായ ഓരോ രോഗികളെയു നേരിട്ട് വിളിച്ച് ബന്ധപ്പെട്ട് പുനഃപരിശോധനയ്ക്ക് വിധേയരാകാൻ നിർദേശിക്കുകയായിരുന്നു. എൻഎച്ച്എസ് ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ മിക്ക രോഗികളുടെയും പുനപരിശോധന ഈ വർഷം ജൂലൈയോടെ പൂർത്തിയായിരുന്നു. സ്‌പൈർ പാർക്ക് വേ, സ്‌പൈർ ലിറ്റിൽ ആസ്റ്റൻ, ബിഎംഐ പ്രിയോറി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ രോഗികൾക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കൺസൾട്ടേഷൻ നിർദേശിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

ഈ ഹോസ്പിറ്റലുകളിൽ ചികിത്സയിലായിരുന്ന രോഗികൾക്ക് മനു നായർ നൽകിയ ട്രീറ്റ്‌മെന്റുകളെക്കുറിച്ച് ഒരു പുനപരിശോധന ആവശ്യമാണെന്ന റോയൽ കോളജ് ഓഫ് സർജൻസിലെ ഒരു ടീമിന്റെ നിർദേശത്തെ തുടർന്ന് അത് പ്രകാരമുള്ള നടപടികൾ അനുവർത്തിച്ചിരിക്കുക യാണെന്നാണ് ഈ ആഴ്ച ഒബസർവറിനോട് സംസാരിക്കവെ ഹേർട്ട് ഓഫ് ഇംഗ്ലണ്ട് എൻഎച്ച്എസ് ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഡെപ്യൂട്ടി സിഇഒയുമായ ഡോ. ആൻഡ്രൂ കാറ്റോ വെളിപ്പെടുത്തിയിരിക്കുന്നത്.

കൺസൾട്ടന്റ് യൂറോളജിസ്റ്റായ മനു നായരുടെ കീഴിൽ റാഡിക്കൽ പ്രോസ്‌റ്റേറ്റ്‌ക്ടോമിക്ക് വിധേയരായ രോഗികളെ മുൻകരുതലെന്ന നിലയ്ക്കും മറ്റ് നിരവധി കാര്യങ്ങൾ പരിഗണിച്ചുമാണ് പുനഃപരിശോധനയ്ക്ക് നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് ട്രസ്റ്റിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും മനുനായരെ സസ്‌പെൻഡ് ചെയ്തതായും കേസ് ജനറൽ മെഡിക്കൽ കൗൺസിലിലേക്ക് റഫർ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്ടറുടെ കീഴിൽ ചികിത്സയ്ക്ക് വിധേയരായ രോഗികളുടെ ഉത്കണ്ഠകൾ തങ്ങൾ പരിഗണിക്കുന്നുണ്ടെന്നും രോഗികൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ എല്ലാവിധ പിന്തുണയും ട്രസ്റ്റ് ഉറപ്പ് നൽകുന്നുവെന്നും ഡോ. ആൻഡ്രൂ കാറ്റോ വാഗ്ദാനം ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ പെട്ട ഏതാണ്ടെല്ലാ രോഗികൾക്കും പുനഃപരിശോധന ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മനു നായർ നൽകിയ ട്രീറ്റ്‌മെന്റിന് മേൽ സൂക്ഷ്മാവലോകനം നടത്താൻ നിർദേശിച്ചതായി സ്‌പൈർ ഹെൽത്ത്‌കെയറിലെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറായ ഡോ. ജെജെ. ഡി ഗോർട്ടറും വെളിപ്പെടുത്തിയിട്ടുണ്ട്. മനു നായർ സ്‌പൈർ ലിറ്റിൽ ആസ്റ്റൻ ഹോസ്പിറ്റൽ, സ്‌പൈർ പാർക്ക് വേ ഹോസ്പിറ്റർ, ബിഎംഐ പ്രിയോറി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അദ്ദേഹം നൽകിയ ട്രീറ്റ് മെന്റുകൾ നൽകിയിട്ടുണ്ട്. സ്‌പൈർ പാർക്ക് വേ ഹോസ്പിറ്റലിലെ കൺസൾട്ടന്റുമാരുടെ പ്രാക്ടീസിന് മേൽനോട്ടം നടത്താൻ പുതിയ സിസ്റ്റം ഇതിനെത്തുടർന്ന് ഏർപ്പെടുത്താൻ തീരുമാനിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. മനു നായരുടെ ട്രീറ്റ് മെന്റുകൾ റിവ്യൂ ചെയ്യാൻ സ്‌പൈർ റോയൽ കോളജ് ഓഫ് സർജൻസ്, ദി ഹേർട്ട് ഓഫ് ഇംഗ്ലണ്ട് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, ബിഎംഐ ഹെൽത്ത്‌കെയർ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഡോ. ജെജെ. ഡി ഗോർട്ടർ പറയുന്നു. ഇതു സംബന്ധിച്ച അവലോകനം പൂർത്തിയായെന്നും അതിനെ തുടർന്ന് മനുനായർ ചികിത്സിച്ച രോഗികളെ പുനപരിശോധനയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും സ്‌പൈർ ഹെൽത്ത്‌കെയർ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും മറ്റും ദി ഹേർട്ട് ഓഫ് ഇംഗ്ലണ്ട് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, ജനറൽ മെഡിക്കൽ കൗൺസിൽ എന്നിവയുമായി പങ്ക് വച്ചിട്ടുണ്ടെന്നും രോഗികൾക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുനായർ പ്രാക്ടീസ് ചെയ്യാൻ യോഗ്യനാണോ എന്ന കാര്യത്തിൽ നിരീക്ഷണത്തിലാണെന്നാണ് ദി ജനറൽ മെഡിക്കൽ കൗൺസിൽ സ്ഥിരീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP