Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരാണ് യഥാർത്ഥ ഫസ്റ്റ് ലേഡി...? മെലാനിയയോ അതോ ഇവാൻകയോ..? എന്തിനും ഏതിനും കൂടെ കൂട്ടുന്ന ട്രംപിന്റെ മൂത്തമകളുമായി ഭാര്യ ഉടക്കിലെന്ന് റിപ്പോർട്ടുകൾ; രണ്ടു യുവതികളുടെയും തമ്മിലടിയിൽ പെട്ട് വൈറ്റ്ഹൗസ്

ആരാണ് യഥാർത്ഥ ഫസ്റ്റ് ലേഡി...? മെലാനിയയോ അതോ ഇവാൻകയോ..? എന്തിനും ഏതിനും കൂടെ കൂട്ടുന്ന ട്രംപിന്റെ മൂത്തമകളുമായി ഭാര്യ ഉടക്കിലെന്ന് റിപ്പോർട്ടുകൾ; രണ്ടു യുവതികളുടെയും തമ്മിലടിയിൽ പെട്ട് വൈറ്റ്ഹൗസ്

ട്രംപ് അമേരിക്കൻ പ്രസിഡന്റായി വൈറ്റ്ഹൗസിലെത്തി ഏതാനും നാളുകൾ തികയും മുമ്പ് അദ്ദേഹത്തിന്റെ ചെറുപ്പക്കാരിയായ ഭാര്യ മെലാനിയയും മൂത്തമകൾ ഇവാൻക ട്രംപും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസവും മത്സരവും ആരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് കണ്ടാൽ ഇവരിൽ ആരാണ് യഥാർത്ഥ ഫസ്റ്റ് ലേഡിയെന്ന് ആർക്കും സംശയം തോന്നുകയും ചെയ്യും. ട്രംപ് ഏത് കാര്യത്തിനും മൂത്തമകളായ ഇവാൻകയെ കൂടെ കൂട്ടി കൊണ്ട് പോകുന്നതിൽ ഭാര്യ മെലാനിയക്ക് കടുത്ത എതിർപ്പാണുള്ളതെന്നും സൂചനയുണ്ട്. ഇതിനെ തുടർന്ന് മെലാനിയ ഉടക്കിയിട്ടുമുണ്ട്. എന്നാൽ അത് വകവയ്ക്കാത്ത വിധത്തിലാണ് ഇവാൻക അച്ഛനൊപ്പം നടത്തം തുടരുന്നത്. ഇതിനെ തുടർന്ന് ഇരു യുവതികളുടെ തമ്മിലടയിൽ പെട്ട് വൈറ്റ് ഹൗസ് വീർപ്പ് മുട്ടുകയാണ്.

മെലാനിയക്ക് പകരം ഫസ്റ്റ് ലേഡിയെന്ന റോൾ ഇവാൻക മിക്ക സന്ദർഭങ്ങളിലും ഉപയോഗപ്പെടുത്തുന്നതാണ് മെലാനിയയെ കോപാകുലയാക്കിയിരിക്കുന്നത്. പ്രസിഡന്റിനെ സ്വാധീനിക്കാൻ ശേഷിയുള്ള ഇരു സ്ത്രീകളും ഒരുമിച്ച് ഇടപഴകുന്നത് തങ്ങൾ കണ്ടിട്ടില്ലെന്നാണ് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത രണ്ട് ഉറവിടങ്ങൾ എടുത്ത് കാട്ടുന്നത്. എന്നാൽ ഇരു യുവതികളും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളതെന്നാണ് വൈറ്റ് ഹൗസ് വക്താവ് ആരോപണങ്ങളെ നിഷേധിച്ച് കൊണ്ട് വാദിക്കുന്നത്. എന്നാൽ ഇവാൻക ഫസ്റ്റ് ലേഡിയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ മെലാനിയക്കുള്ള എതിർപ്പ് നാൾക്ക് നാൾ പെരുകി വരുന്നുവെന്നാണ് വൈറ്റ് ഹൗസിലെ മറ്റ് ഉറവിടങ്ങൾ ആവർത്തിക്കുന്നത്.

മെലാനിയയുടെ സ്വകാര്യ ജീവിതത്തെ കേന്ദ്രമാക്കി പുറത്തിറങ്ങിയിരിക്കുന്ന വാനിറ്റി ഫെയർ ആർട്ടിക്കിളിലാണ് ഇരു യുവതികളും തമ്മിലുള്ള ശീതസമരത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. ട്രംപ് പ്രസിഡന്റായി വാഷിങ്ടൺ ഡിസിയിലേക്ക് പോയിട്ടും തന്റെ 11 വയസുകാരനായ മകൻ ബാരന്റെ സ്‌കൂൾ ഇയർ പൂർത്തിയാക്കുന്നതിനായി മെലാനിയ ന്യൂയോർക്ക് സിറ്റിയിൽ തുടരുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇവാൻകയാകട്ടെ അച്ഛനൊപ്പം തന്റെ മൂന്ന് കുട്ടികളെയും ഭർത്താവ് ജാറെദ് കുഷ്നെറെയും കൂട്ടി 5.5 മില്യൺ ഡോളർ വിലയുള്ള കലോറാമ നൈബർഹുഡിലെ ആഡംബര സൗധത്തിലേക്ക് നീങ്ങിയിരുന്നുവെന്നും സൂചനയുണ്ട്.

ഹോളോകാസ്റ്റ് ഇരകൾക്കായി അനുശോചനം രേഖപ്പെടുത്തുന്നതിനായി ട്രംപിനെ പ്രതിനിധീകരിച്ച് ഇവാൻക അടുത്ത ആഴ്ച ജർമനിയിലേക്ക് പോവുകയാണ്. ഇത്തരത്തിൽ എപ്പോഴും തന്റെ അച്ഛന്റ സഹായിയായി നിൽക്കാൻ ഇവാൻക സന്നദ്ധയാകുന്നതാണ് മെലാനിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ട്രംപിന്റെ കമ്പനിയുടെ നിർണായക സ്ഥാനത്തിരിക്കുന്നത് മുതൽ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ട്രംപിന്റെ വലം കൈയായി വർത്തിച്ചത് വരെ ഇവാൻകയായിരുന്നു. എന്നാൽ പ്രചാരണത്തിൽ മെലാനിയ പേരിന് മാത്രമാണ് പങ്കെടുത്തിരുന്നത്.

അതിനാൽ ഫസ്റ്റ് ലേഡിയെന്ന കടമ നിർവഹിക്കാനും അവർക്ക് അവസരം ലഭിക്കുന്നത് കുറവാണ്. പകരം ആ കൃത്യങ്ങളും ഇവാൻക ഏറ്റെടുത്ത അവസ്ഥയാണുള്ളത്. ട്രംപിനൊപ്പം ചൈനീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും ഇവാൻക മുന്നിലുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ കൈവിട്ട് പോകുന്ന ഫസ്റ്റ് ലേഡിയെന്ന തന്റെ സ്ഥാനം തിരിച്ചെടുക്കാൻ മെലാനിയ അരയും തലയും മുറുക്കി ഇറങ്ങിയത് ഇരു യുവതികളും തമ്മിലുള്ള സ്പർധ വർധിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മിക്ക സമയങ്ങളിലും അവർ ഇപ്പോൾ വാഷിങ്ടൺ ഡിസിയിൽ ചെലവഴിക്കുന്നുണ്ട്. ട്രംപിന്റെ ആദ്യത്തെ മിലിട്ടറി ഹോസ്പിറ്റൽ സന്ദർശനത്തിലും മെലാനിയ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP