Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ വർഷം കടലിൽ ഇതുവരെ മുങ്ങിമരിച്ചത് 2500 അഭയാർത്ഥികൾ; പുതിയ ജീവിതം സ്വപ്‌നം കണ്ട് എത്തുന്നവരെ മരണം വിളിക്കുമ്പോൾ

ഈ വർഷം കടലിൽ ഇതുവരെ മുങ്ങിമരിച്ചത് 2500 അഭയാർത്ഥികൾ; പുതിയ ജീവിതം സ്വപ്‌നം കണ്ട് എത്തുന്നവരെ മരണം വിളിക്കുമ്പോൾ

മൃദ്ധവും സമാധാപൂർണവുമായ ഒരു ജീവിതം സ്വപ്‌നം കണ്ടാണ് സിറിയയിൽ നിന്നും ആഫ്രിക്കയിൽ നിന്നും മറ്റ് പല രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് അഭയാർത്ഥികൾ മെഡിറ്ററേനിയൻ കടന്ന് യൂറോപ്പിലേക്ക് കുടിയേറാൻ എത്തിയിരുന്നു. അതിന്നും ഏറിയും കുറഞ്ഞും തുടരുന്നുമുണ്ട്. തീരെ സുരക്ഷിതമല്ലാത്ത മാർഗങ്ങളിലൂടെയാണ് മിക്ക അഭയാർത്ഥികളും കടൽ കടക്കുന്നത്. തൽഫലമായി നിരവധി പേർ വഴി മധ്യേ സമുദ്രത്തിൽ മുങ്ങി മരിക്കുന്നുമുണ്ട്. ഈ വർഷം ഇതുവരെ മരിച്ചത് 2500 അഭയാർത്ഥികളാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പുതിയ ജീവിതം സ്വപ്‌നം കണ്ട് പുതിയ തീരത്തേക്ക് തുഴഞ്ഞെത്തുന്നവരെ മരണം വിളിക്കുന്നതിന്റെ കഥയാണിത്.

കഴിഞ്ഞ വർഷം ഇത്തരത്തിൽ മരിച്ചവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ മരണസംഖ്യയിൽ 35 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. മൈഗ്രേഷൻ ഒഫീഷ്യലുകളാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.എന്നാൽ തങ്ങളുടെ ശ്രദ്ധയിൽ പെടാത്ത നിരവധി ബോട്ടുകൾ കടലിൽ താണ് പോയിരിക്കാൻ സാധ്യതയേറെയാണെന്നും അതിനാൽ മരണസംഖ്യ ഇനിയുമുയരാനാണ് സാധ്യതയെന്നും അവർ പറയുന്നു.ഗ്രീസിലേക്ക് അഭയാർത്ഥികൾ കടന്ന് കയറുന്ന ശ്രമങ്ങൾ കുറയ്ക്കുന്നതിനായി യൂറോപ്യൻ യൂണിയൻ ഈ വർഷം തുർക്കിയുമായുള്ള കരാറുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഏറ്റവും അപകടം പിടിച്ച സെൻട്രൽ മെഡിറ്ററേനിയൻ കടന്ന് യൂറോപ്പിലെത്താൻ അഭയാർത്ഥികൾ പ്രത്യേകിച്ചും ആഫ്രിക്കൻ അഭയാർത്ഥികൾ ശ്രമിക്കുന്നത് തുടരുകയാണ്.ലിബിയയിൽ നിന്നും ഇററലിയിലേക്കുള്ള വഴിയാണിത്. ഈ റൂട്ടിൽ കഴിഞ്ഞ ആഴ്ച മാത്രം 880 അഭയാർത്ഥികൾ മുങ്ങിമരിച്ചുവെന്നാണ് സൂചന.

ഇത്തരത്തിൽ മുങ്ങി മരിച്ച അഭയാർത്ഥികളുടെ എണ്ണം ഇപ്പോൾ കണക്കാക്കിയതിനേക്കാൾ വർധിക്കാൻ മാത്രമാണ് സാധ്യതയെന്നാണ് യുഎന്നിന്റെ റെഫ്യൂജി വക്താവായ വില്യം സ്പിൻഡ്‌ലെർ പറയുന്നത്. ഈ വർഷം മരണസംഖ്യ കൂടിയ വർഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.കാലാവസ്ഥ മെച്ചപ്പെട്ടതും കടലിന്റെ തണുപ്പ് വിട്ടതും കൂടുതൽ അഭയാർത്ഥികൾ ഇത്തരത്തിൽ മെഡിറ്ററേനിയൻ കടന്നുള്ള പരീക്ഷണത്തിന് ഈ വർഷം കൂടുതലായി ഇറങ്ങിപ്പുറപ്പെടാൻ കാരണമായിട്ടുണ്ട്. സിറിയ പോലെ അരാജകത്വവും സംഘർഘവും നിറഞ്ഞ രാജ്യങ്ങളിൽ നിന്നും യൂറോപ്പിന്റെ സുരക്ഷയുടെയും സാമ്പത്തിക സമൃദ്ധിയുടെയും തീരത്തെത്താൻ കൊതിക്കുന്ന ആളുകളെ ലിബിയയിലെ കള്ളക്കടത്ത് സംഘങ്ങൾ മുമ്പില്ലാത്ത വിധം ചൂഷണം ചെയ്യാനാരംഭിച്ചിട്ടുണ്ടെന്നാണ് എയ്ഡ് ഒഫീഷ്യലുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.ലിബിയൻ കള്ളക്കടത്തുകാർ റമദാൻ മാസത്തിന് മുമ്പ് അധിക പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ തങ്ങളെ സമീപിക്കാറുണ്ടെന്ന് ചില അഭയാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സ്പിൻഡ്‌ലെർ പറയുന്നത്.

നൂറുകണക്കിന് ആളുകളെ കുത്തിനിറച്ച ബോട്ടിനെ കൊണ്ട് നിരവധി പേരെ കയറ്റിയതും എൻജിനില്ലാത്തതുമായ മറ്റൊരു ബോട്ടിനെ കെട്ടി വലിപ്പിക്കുന്ന തന്ത്രങ്ങൾ വരെ കള്ളക്കടത്തുകാർ നടത്താറുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിലൂടെ ബോട്ടുകൾ മുങ്ങാനും നിരവധി പേർ മരിക്കാനുമുള്ള സാധ്യത വർധിക്കുന്നുമുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇത്തരത്തിൽ ഒരു ബോട്ട് മുങ്ങിയിരുന്നു.കഴിഞ്ഞ വർഷം ചെറിയ റബർ ഡിൻജികൾ ഉപയോഗിച്ചതിന് പകരം ഈ വർഷം 750 പേർക്ക് വരെ കയറാവുന്ന വലിയ ബോട്ടുകൾ വരെ കള്ളക്കടത്തുകാർ ഉപയോഗിക്കുന്നുണ്ടെന്നാണ് ദി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ(ഐഒഎം) വക്താവ് വെളിപ്പെടുത്തുന്നത്. വ്യാഴാഴ്ചത്തെ അപകടത്തിൽ നിന്നും രക്ഷപ്പെട്ട രണ്ട് എറിത്രിയക്കാർ ഇറ്റലിയുടെ തുറമുഖത്തെത്തിയിരുന്നു. തങ്ങളുടെ മുങ്ങിയ ബോട്ടിൽ സ്ത്രീകളും കുട്ടികളുമടങ്ങിയ നിരവധി പേരുണ്ടായിരുന്നുവെന്നും എന്നാൽ ആരും രക്ഷപ്പെട്ടിരുന്നില്ലെന്നുമാണ് അവർ വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച വരെ മെയിൽ 13 പേരാണ് ഇത്തരത്തിൽ സതേൺ മെഡിറ്ററേനിയനിൽ മുങ്ങിമരിച്ചിരിക്കുന്നത്. ബുധനാഴ്ച നടന്ന അപകടത്തിൽ 100 പേരും വ്യാഴാഴ്ചത്തെ അപടകത്തിൽ 550 പേരും വെള്ളിയാഴ്ചത്തെ അപകടത്തിൽ 170 പേരും മുങ്ങിമരിച്ചുവെന്നാണ് സ്പിൻഡ്‌ലെർ പറയുന്നത്. ഇറ്റലിയിൽ മെയ് മാസത്തിൽ 19,000 അഭയാർത്ഥികൾ ഇത്തരത്തിൽ കടലിലൂടെ എത്തിപ്പെട്ടുവെന്നാണ് ഐഒഎം പറയുന്നത്. ഏപ്രിലിൽ എത്തിയതിനേക്കാൾ ഇരട്ടി പേരാണിത്. എന്നാൽ ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ ഇവിടെ 21,221 പേർ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP