Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടൽ താണ്ടിയും മരുഭൂമിയിലൂടെ നടന്നും ലോറിക്ക് പിന്നിൽ ഒളിച്ചുമൊക്കെ എത്തിയത് വെറുതെയായി ഭൂരിപക്ഷം അഭയാർത്ഥികളെയും ചാർട്ടേഡ് ഫ്‌ലൈറ്റിൽ തിരിച്ചയയ്ക്കാൻ ഒരുങ്ങി യൂറോപ്പ്; ഫിൻലാൻഡും സ്വീഡനും തുടക്കമിട്ടു

കടൽ താണ്ടിയും മരുഭൂമിയിലൂടെ നടന്നും ലോറിക്ക് പിന്നിൽ ഒളിച്ചുമൊക്കെ എത്തിയത് വെറുതെയായി ഭൂരിപക്ഷം അഭയാർത്ഥികളെയും ചാർട്ടേഡ് ഫ്‌ലൈറ്റിൽ തിരിച്ചയയ്ക്കാൻ ഒരുങ്ങി യൂറോപ്പ്; ഫിൻലാൻഡും സ്വീഡനും തുടക്കമിട്ടു

ചിലരുടെ ജീവിതം അങ്ങനെയാണ്.. അതായത് അനിശ്ചിതത്വം നിരന്തരം അവരെ വേട്ടയാടിക്കൊണ്ടിരിക്കും. സിറിയയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മറ്റും യൂറോപ്പിൽ പുതിയ ജീവിതം സ്വപ്‌നം കണ്ടെത്തിയ അഭയാർത്ഥികളുടെ അവസ്ഥയാണ് പറഞ്ഞു വരുന്നത്. നാടുംവീടും വിട്ട് യൂറോപ്പിന്റെ മണ്ണിലെത്തിയാൽ തങ്ങളുടെ ജീവിതം തന്നെ മാറിമറിയുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു ഇവരെല്ലാം ജീവൻ പണയം വച്ച് പോലും യൂറോപ്പിലെത്തിയത്. എന്നാൽ അതെല്ലാം വെറും പാഴ്ക്കിനാവായി മാറാനുള്ള സാധ്യത ശക്തമായിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് കടൽ താണ്ടിയും മരുഭൂമിയിലൂടെ നടന്നും ലോറിക്ക് പുറകിൽ ഒളിച്ചുമൊക്കെ വന്ന ഭൂരിപക്ഷം അഭയാർത്ഥികളെയും ചാർട്ടേഡ് ഫ്‌ലൈറ്റിൽ തിരിച്ചയ്ക്കാൻ യൂറോപ്പ് ഒരുങ്ങുകയാണ്. ഫിൻലാൻഡും സ്വീഡനും പ്രസ്തുത ശ്രമത്തിന് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.

അഭയാർത്ഥികളുടെ അഭയം തേടിയുള്ള അപേക്ഷകൾ നിരസിച്ച് കൊണ്ടാണ് ഇരുരാജ്യങ്ങളും ഇപ്പോൾ ഇവരെ വിമാനം കയറ്റി സ്വദേശങ്ങളിലേക്ക് തിരിച്ചയച്ച് കൊണ്ടിരിക്കുന്നത്. മധ്യപൂർവദേശങ്ങളിൽ നിന്നും മറ്റ് ചില രാജ്യങ്ങളിൽ നിന്നും അനിയന്ത്രിതമായി ഒഴുകിയെത്തിയ അഭയാർത്ഥിപ്രവാഹത്തെ ഉൾക്കൊള്ളാനാവാതെ ശ്വാസം മുട്ടുന്ന രാജ്യങ്ങളാണ് സ്വീഡനും ഫിൻലാൻഡും. അഭയാർത്ഥികളെ തിരിച്ചയക്കുകയല്ലാതെ ഈ വിഷമവൃത്തത്തിൽ നിന്നും കരകയറാൻ തങ്ങൾക്ക് മാർഗങ്ങളില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം തങ്ങൾ സ്വീകരിച്ച 20,000 മുതൽ 32,000 വരെ അഭയാർത്ഥികളെ തിരിച്ചയയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് ഫിന്നിഷ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെയുള്ള മൂന്നിൽ രണ്ട് അഭയാർത്ഥികളും സമർപ്പിക്കുന്ന അസൈലം അപ്ലിക്കേഷൻ വെറുതെയാകുമെന്നും അത് തങ്ങൾ തള്ളുമെന്നുമാണ് ഇമിഗ്രേഷൻ മന്ത്രാലയത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് ഡയറക്ടറായ പൈവി നെർഗ് പറയുന്നത്. കഴിഞ്ഞ വർഷം ഇറാഖ്, അഫ്ഗാനിസ്ഥാൻ, സോമാലിയ എന്നീ രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികൾ പ്രവഹിച്ചതിനെ തുടർന്ന് ഫിൻലാൻഡ് അത്യധികമായി ബുദ്ധിമുട്ടിലായിരുന്നു ഫിൻലാൻഡിലെത്തി 20000 അധികം അഭയാർത്ഥികൾ ഇറാഖിൽ നിന്നുള്ളവരാണ്. ഇപ്പോൾ ഇറാഖ്, സോമാലിയ, അഫ്ഗാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന കാര്യത്തിൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും നെർഗ് വിശദീകരിക്കുന്നു.

പുതിയ നയത്തിന്റെ ഭാഗമായി നാടുകടത്തുന്നവരെ താൽക്കാലികമായി അധിവസിപ്പിക്കാനായി പ്രത്യേക ട്രാൻസിസ്റ്റ് സെന്ററുകൾ സ്ഥാപിക്കാൻ ഫിൻലൻഡിലെ ഇമിഗ്രേഷൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ഇമിഗ്രേഷൻ അധികൃതർ അഭയാർത്ഥികളുടെ അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിനനുസൃതമായി തിരിച്ചയക്കൽ ക്രമേണ ക്രമേണയാണ് പുരോഗതി പ്രാപിക്കുക. അടുത്തമാസസങ്ങളിൽ ഇറാഖികളെ തിരിച്ചയ്ക്കാനായി മാത്രം രാജ്യം രണ്ട് ചാർട്ടർ ഫ്‌ലൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് 4000 അഭയാർത്ഥികൾ തങ്ങളുടെ അസൈലം അപ്ലിക്കേഷനുകൾ പിൻവലിച്ചിട്ടുമുണ്ട്. ആർട്ടിക് റീജിയനിലൂടെ തങ്ങളുടെ രാജ്യത്തേക്ക് അഭയാർത്ഥികളെ കടത്തി വിടരുതെന്ന് ഫിൻലാൻഡ് റഷ്യയോട് നയതന്ത്ര പരമായ ആവശ്യപ്പെടൽ നടത്തിയിട്ടുണ്ട്. ഫിൻലാൻഡിന് പുറമെ അയൽരാജ്യമായ സ്വീഡനും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. വരും വർഷങ്ങളിലായി 80,000 അഭയാർത്ഥികളെ നാടുകടത്താനാണ് സ്വീഡൻ പദ്ധതിയിട്ടിരിക്കുന്നത്. ഇവരുടെ അസൈലം അപേക്ഷകൾ നിരസിക്കുകയും ചെയ്യും.

തങ്ങൾ 60,000 അഭയാർത്ഥികളെ യാണ് മടക്കി അയക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോൾ അത് 80,000 ആയിരിക്കുന്നുവെന്നാണ് സ്വീഡനിലെ ഇൻരീയർ മിനിസ്റ്ററായ ആൻഡേർസ് വൈഗ്മാൻ പറയുന്നത്. ഫിൻലന്റിനെ പോലെ അഭയാർത്ഥികളെ മടക്കി അയക്കാൻ പ്രത്യേക ചാർട്ടർ വിമാനങ്ങൾ സജ്ജമാക്കാനാണ് സ്വീഡനും ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ലഭിച്ച 163,000 അസൈലം അപേക്ഷകളിൽ പകുതിയും നിരസിച്ചുവെന്നാണ് മന്ത്രി പറയുന്നത്.ഇത്രയും അഭയാർത്ഥികളെ മടക്കി അയക്കുകയെന്നത് ഭാരിച്ച പ്രവർത്തിയാണെന്നാണ് സ്വീഡിഷ് മൈഗ്രേഷൻ മിനിസ്‌റററായ മോർഗൻ ജോൺസൻ പറയുന്നത്.അതിനാൽ അപേക്ഷകൾ തള്ളിയ അഭയാർത്ഥികൾ തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

സിറിയയിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ സ്വീഡനിൽ ഓട്ടോമാറ്റിക്കായി പിആർ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അവസാനം ഇത് റദ്ദാക്കുകയായിരുന്നു.അതിന് പകരം അവർക്കിപ്പോൾ മൂന്ന് വർഷം താൽക്കാലികമായി ഇവിടെ താമസിക്കുന്നതിനുള്ള പെർമിറ്റാണ് നൽകുന്നത്. പുതിയ അഭയാർത്ഥികൾ ഇനിയും രാജ്യത്തെത്താതിരിക്കാനും അപേക്ഷ തള്ളിയവരെ തിരിച്ചയക്കാനുമായി അതിർത്തികളിലുള്ള പൊലീസിന്റെ എണ്ണം ഇരട്ടിയാക്കിയിട്ടുമുണ്ട്.


ഇത്തരത്തിലുള്ള നടപടികൾ പുരോഗമിക്കുമ്പോഴും ഇപ്പോഴും യൂറോപ്പിലേക്ക് അഭയാർത്ഥികൾ പ്രവഹിക്കുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഈ ശ്രമത്തിനിടയിൽ 31 പേർ മരിച്ചുവെന്നാണ് വെളിപ്പെട്ടിരക്കുന്നത്. സാമോസിലെ ഏയ്ജിയൻ ദ്വീപിൽ നിന്നകലെയായി കടലിൽ ബോട്ട് മുങ്ങിയാണിവർ മരിച്ചത്. ഇതിൽ 10 കുട്ടികളടക്കം 25 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുമുണ്ട്. ലിബിയൻ തീരത്ത് നിന്നകലെയുള്ള ഭാഗത്ത് നിന്നും ഒരു റബർ ബോട്ടിൽ നിന്നും തങ്ങൾക്ക് ആറ് മൃതദേഹങ്ങൾ ലഭിച്ചുവെന്നാണ് ഇറ്റാലിയൻ നേവി വെളിപ്പെടുത്തുന്നത്. സെർബിയയുമായുള്ള അതിർത്തിക്കടുത്ത് ബൾഗേറിയയിൽ നിന്നും രണ്ട് അഭയാർത്ഥികളുടെ മരവിച്ച ശവശരീരങ്ങൾ ലഭിച്ചിരുന്നു. കടലിലൂടെ യൂറോപ്പിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 4000 പേരാണ് മരിച്ചിരിക്കുന്നതെന്നാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP