Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യെമനിൽനിന്നയച്ച മിസൈൽ സൗദി തകർത്തു എന്നത് കള്ളക്കഥയോ? അമേരിക്കൻ മിസൈൽ ഡിഫൻസ് സിസ്റ്റം വൻ പരാജയമെന്ന് റിപ്പോർട്ടുകൾ; റിയാദ് വിമാനത്താവളത്തിൽ പതിക്കുംമുമ്പുതന്നെ നിലംപതിച്ചെന്ന് രേഖകൾ

യെമനിൽനിന്നയച്ച മിസൈൽ സൗദി തകർത്തു എന്നത് കള്ളക്കഥയോ? അമേരിക്കൻ മിസൈൽ ഡിഫൻസ് സിസ്റ്റം വൻ പരാജയമെന്ന് റിപ്പോർട്ടുകൾ; റിയാദ് വിമാനത്താവളത്തിൽ പതിക്കുംമുമ്പുതന്നെ നിലംപതിച്ചെന്ന് രേഖകൾ

റിയാദ് ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമതർ തൊടുത്ത മിസൈൽ ലക്ഷ്യത്തിലെത്തുംമുന്നെ സൗദി അധികൃതർ തകർത്തു. അമേരിക്കയിൽനിന്ന് വാങ്ങിയ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വിജയമാണിതെന്ന് പിറ്റേന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞമാസമായിരുന്നു സംഭവം. എന്നാൽ, പശ്ചിമേഷ്യയിലെ സംഘർഷം ഒന്നുകൂടി വഷളാക്കിയ സംഭവത്തെക്കുറിച്ച് ഇപ്പോൾ പുറത്തുവരുന്നത് വിരുദ്ധമായ വാർത്തകളാണ്.

മിസൈലിന്റെ ചിത്രങ്ങളും വീഡിയോകളും അപഗ്രഥിച്ച് നടത്തിയ പഠനത്തിൽ മിസൈൽ തകർത്തുവെന്ന സൗദിയുടെ അവകാശവാദം തെറ്റാണെന്ന സൂചനകളാണുള്ളത്. അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പരാജയമായും ഇത് വിലയിരുത്തപ്പെടുന്നു. പാട്രിറ്റ് മിസൈൽ പ്രതിരോധ സംവിധാനംപോലെ മറ്റൊന്ന് സൃഷ്ടിക്കാൻ ആർക്കും സാധിക്കില്ലെന്ന ട്രംപിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. നിലവിൽ ലോകത്ത് 14 രാജ്യങ്ങൾ പാട്രിയറ്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്.

സൗദിയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കുതിച്ച മിസൈൽ, റിയാദിലെ ആഭ്യന്തര വിമാനത്താവളത്തിനടുത്തായി പതിച്ചുവെന്നാണ് പഠനത്തിലെ സൂചന. വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരെ പരിഭ്രാന്തരാക്കുംവിധത്തിൽ സ്‌ഫോടനമുണ്ടായതായും മിസൈൽ വിദഗ്ധരുൾപ്പെട്ട പഠനസംഘം പറയുന്നു. മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണ് ഇവരുടെ റിപ്പോർട്ട്.

ഹൂത്തി വിമതർ ഉപയോഗിച്ച അപരിഷ്‌കൃത മിസൈലുകൾ പോലും കണ്ടെത്താനാകാത്ത പാട്രിയറ്റ് മിസൈൽ സംവിധാനം ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈലുകളെ എത്രത്തോളം പ്രതിരോധിക്കുമെന്ന സംശയവും ഉയരുന്നുണ്ട്. അമേരിക്കയും സഖ്യരാജ്യങ്ങളും അവരുടെ പ്രതിരോധ സംവിധാനം കുറ്റമറ്റതാണെന്ന വിശ്വാസത്തിലായിരുന്നു ഇതുവരെ. എന്നാൽ, സൗദി സംഭവം ആ പ്രതീക്ഷകളൊക്കെ അസ്ഥാനത്താക്കുകയാണ് ഇപ്പോഴത്തെ സംവിധാനം.

എന്നാൽ, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സൗദി അധികൃതർ തയ്യാറായിട്ടില്ല. എന്നാൽ, മിസൈൽ പതിച്ചുവെന്നതിന് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലാത്തതിനാൽ റിപ്പോർട്ടിൽ അമേരിക്കൻ അധികൃതർ സംശയം പ്രകടിപ്പിച്ചു. മിസൈൽ പ്രതിരോധ സംവിധാനത്തെക്കുറിച്ച് സർക്കാരുകൾ നുണപറയുകയോ അല്ലെങ്കിൽ പ്രതിരോധ വിദഗ്ദ്ധർ സർക്കാരുകളെ തെറ്റിദ്ധരിപ്പിക്കുകയോ ആണ് ചെയ്യുന്നതെന്ന് മിസൈൽ സംഭവത്തെക്കുറിച്ച് അപഗ്രഥിച്ച സംഘത്തിന് നേതൃത്വം നൽകിയ ജെഫ്രി ലൂയിസ് പറഞ്ഞു.

സ്‌ക്ഡ് മിസൈലുകളെ വെടിവെച്ചുവീഴ്‌ത്തുക ദുഷ്‌കരമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും മുൻകാലങ്ങളിൽ സർക്കാരുകൾ അതവകാശപ്പെട്ടിട്ടുണ്ട്. സക്ഡ് മിസൈലിന്റെ വികസിപ്പിച്ച രൂപമായ ബുർഖാൻ-2 വിഭാഗത്തിൽപ്പെട്ട മിസൈലാണ് ഹൂത്തി വിമതർ തൊടുത്തത്. പശ്ചിമേഷ്യയിൽ പല രാജ്യങ്ങളും ഉപയോഗിക്കുന്ന മിസൈലാണിത്. 600 മൈലോളം സഞ്ചരിക്കാൻ ശേഷിയുള്ളതാണിത്. ഹൂത്തികൾക്ക് മിസൈൽ നൽകുന്നത് ഇറാനാണെന്നാണ് സൗദിയും അമേരിക്കയും ആരോപിക്കുന്നത്. എന്നാൽ, ഇറാൻ ഇത് നിഷേധിക്കുകയും ചെയ്യുന്നു. എന്നാൽ, അടുത്തിടെ ഐക്യരാഷ്ട്ര സഭ നടത്തിയ പഠനത്തിൽ മിസൈൽ വികസിപ്പിച്ചതിന് പിന്നിൽ ഇറാനാണെന്ന സൂചനകൾ ലഭിച്ചിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP