Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

22,000 അടി ഉയരത്തിൽ നിന്നും അപ്രത്യക്ഷമായത് ലാൻഡിംഗിന് 40 മിനുറ്റ് മുമ്പ്; കടലിൽ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയില്ല; ആകാശത്ത് നിന്നും മറ്റൊരു വിമാനം കൂടി കാണാതായതിന്റെ ഞെട്ടലിൽ ലോകം

22,000 അടി ഉയരത്തിൽ നിന്നും അപ്രത്യക്ഷമായത് ലാൻഡിംഗിന് 40 മിനുറ്റ് മുമ്പ്; കടലിൽ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയില്ല; ആകാശത്ത് നിന്നും മറ്റൊരു വിമാനം കൂടി കാണാതായതിന്റെ ഞെട്ടലിൽ ലോകം

താണ്ട് രണ്ട് വർഷം മുമ്പാണ് മലേഷ്യൻ വിമാനം 239 യാത്രക്കാരും ക്രൂവുമായി ആകാശത്ത് നിന്നും അപ്രത്യക്ഷമായത്. ഇന്നേ വരെ ആ വിമാനത്തിന്റെ പൊടി പോലും കണ്ടെത്തിയില്ല. യാത്രക്കാരുടെ ബന്ധുക്കൾ പ്രതീക്ഷ കൈവിട്ട് ജീവിതത്തിലേക്ക് മടങ്ങി. എന്നാൽ ആ ഞെട്ടലിൽ നിന്നും ലോകം ഇനിയും മുക്തി നേടിയിട്ടില്ല. അതിനിടയിൽ ഇതാ മറ്റൊരു വിമാനം കൂടി അവിശ്വസനീയമായി ആകാശത്ത് നിന്നും കാണാതായിരിക്കുന്നു. ലാൻഡിംഗിന് വെറും 40 മിനുറ്റ് മുമ്പുള്ള ഈ അപ്രത്യക്ഷമാകൽ ഞെട്ടലോടെയാണ് ലോകം കാണുന്നത്.പാരീസിൽ നിന്നും കെയ്റോയിലേക്കുള്ള യാത്രക്കിടെ വ്യാഴാഴ്ച പുലർച്ചെ അപ്രത്യക്ഷമായ ഈജിപ്ത് എയർ വിമാനം എയർബസ് എ 320, എംഎസ് 804നെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളാണ് തുടരുന്നത്.നിലത്തിറങ്ങുന്നതിന് മുമ്പ് വിമാനം 22,000 അടി ഉയരത്തിൽ സഞ്ചരിക്കവെയാണ് തികച്ചും അവിശ്വസനീയമായ രീതിയിൽ വിമാനം അപ്രത്യക്ഷമായിരിക്കുന്നത്. 56 യാത്രക്കാരും ഏഴ് വിമാന ജീവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പ്രസ്തുത വിമാനത്തിൽ ഉണ്ടായിരുന്നത്.മധ്യധരണ്യാഴിക്ക് മുകളിൽ വച്ചാണ് വിമാനം കാണാതായതെന്നതിനാൽ കടലിൽ തകർന്ന് വീണിരിക്കാമെന്ന ആശങ്ക ശക്തമായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്.

പാരീസിലെ ചാൾഡ് ഡി ഗോൾ വിമാനത്താവളത്തിൽ നിന്നും പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.09ന് പറന്നുയർന്ന വിമാനത്തിനാണീ ദുർഗതിയുണ്ടായിരിക്കുന്നത്. വിമാനം കണ്ടത്താൻ നടത്തിയ തെരച്ചിലിൽ യാതൊരു വിധത്തിലുമുള്ള തെളിവുകളും കടലിൽ നിന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് യുഎസ് അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്. വിമാനം കടലിലേക്ക് വീഴുന്നതിന് മുമ്പ് അതിൽ എന്തെങ്കിലും തരത്തിലുള്ള സ്ഫോടനങ്ങൾ നടന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് യുഎസ് അധികൃതർ പറയുന്നത്.വിമാനത്തിന് എന്താണ് സംഭവിച്ചതെന്നറിയാൻ വിവിധ രാജ്യങ്ങൾ യോജിച്ച് തെരച്ചിൽ പ്രവർത്തനങ്ങളും അന്വേഷണവും ത്വരിതഗതിയിൽ ആരംഭിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ എയർസ്പേസിലേക്ക് പ്രവേശിക്കാൻ വെറും 10 മൈലുകൾ മാത്രം ശേഷിക്കവെയാണ് വിമാനം കാണാതായത്.

എയർ ബസ് എ 320 വായുവിൽ വച്ച് ആദ്യം 90 ഡിഗ്രി ഇടത്തോട്ടും തുടർന്ന് 360 ഡിഗ്രി വലത്തോട്ടും ചെരിയുകയും പിന്നീട് 37,000 അടി ഉയരത്തിൽ നിന്നും 15,000 അടിയിലേക്ക് പെട്ടെന്ന് താഴുകയും തുടർന്ന് 10,000 അടി ഉയരത്തിൽ നിന്നും സിഗ്‌നൽ നഷ്ടപ്പെടുകയുമായിരുന്നുവെന്നാണ് ഗ്രീക്ക് പ്രതിരോധ മന്ത്രി പനോസ് കമ്മെനോസ് വെളിപ്പെടുത്തുന്നത്. തീവ്രവാദ ആക്രമണത്താലാണ് വിമാനം തകർന്ന് വീണതെന്നാണ് എല്ലാ തെളിവുകളും സൂചിപ്പിക്കുന്നതെന്നാണ് സുരക്ഷാ വിദഗ്ധരും മന്ത്രിമാരും മുൻ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേറ്റർമാരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിനോട് യുഎസ് അധികൃതർ യോജിക്കുന്നില്ല. വിമാനത്തിൽ സ്ഫോടനം നടന്നതിന്റെ യാതൊരു വിധത്തിലുമുള്ള തെളിവുകളും ലഭിച്ചിട്ടില്ലെന്നതാണ് അതിനെ പിന്തുണയ്ക്കാനായി യുഎസ് അധികൃതർ എടുത്ത് കാട്ടുന്നത്.

ഈജിപ്ത് എയർവിമാനത്തിന്റെ അവസാനനിമിഷങ്ങളെക്കുറിച്ച് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നാണ് യുഎസ് ഹൗസ് ഇന്റലിജൻസ് കമ്മിറ്റി പറയുന്നത്. തീവ്രവാദ ആക്രമണം, വിമാനത്തിന്റെ ഘടനാപരമായ തകരാറ് തുടങ്ങിയവയെപ്പറ്റിയും തെളിവ് ലഭിച്ചിട്ടില്ലെന്നും കമ്മിറ്റിയുടെ വക്താവ് പറയുന്നു. ഇക്കാര്യത്തിൽ തെളിവ് ലഭിക്കാനായി തങ്ങൾ ഫ്രാൻസുമായി ചേർന്ന് അന്വേഷണം നടത്തിയെങ്കിലും ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ വിമാനം സാങ്കേതികത്തകരാറ് മൂലം വീണതിനേക്കാൾ സാധ്യത തീവ്രവാദ ആക്രമണത്താൽ തകർന്നതിനാകാമെന്നാണ് ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ മിനിസ്റ്ററായ ഷെറീഫ് ഫാതി പറയുന്നത്. ഗ്രിക്ക് ദ്വീപായ കാർപതോസിൽ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന മുൻ പ്രസ്താവന ഈജിപ്ത് എയർ നിഷേധിക്കുകയും ചെയ്തിരുന്നു. കാണാതായ വിമാനത്തിൽ ഒരു ബ്രിട്ടീഷുകാരൻ, 30 ഈജിപ്തുകാർ, 15 ഫ്രഞ്ചുകാർ, ഒരു ബെൽജിയം കാരൻ, ഒരു ഇറാഖുകാരൻ, ഒരു കുവൈത്തി, ഒരു സൗദി അറേബ്യൻ പൗരൻ, ഒരു കാനഡക്കാരൻ, ഒരു പോർട്ടുഗീസുകാരൻ, ഒരു അൽജീരിയൻ പൗരൻ,ഒരു ചാഡിയൻകാരൻ എന്നിവരാണുണ്ടായിരുന്നത്. വിമാനത്തിന്റെ ക്യാപ്റ്റന്റെ പേര് മുഹമ്മദ് എന്നാണ്. ഫസ്റ്റ് ഓഫീസറുടെ പേര് മുഹമ്മദ് മാംഡൗഹ് അഹ്മദാണ്. ഹെഡ് ഫ്ലൈറ്റ് അറ്റൻഡന്റ് മിർവാത്ത് സഹാറിയ സാകി മുഹമ്മദാണ്.

കൊലാലംപൂരിൽ നിന്നും ബീജിംഗിലേക്കുള്ള യാത്രയ്ക്കിടെ 2014 മാർച്ച് എട്ടിന് കാണാതായ മലേഷ്യൻ വിമാനമായ എംഎച്ച് 370 ബോയിങ് 777നെ കുറിച്ച് ഇനിയും യാതൊരു വിവരവുമില്ലാതിരിക്കെയാണ് പുതിയൊരു വിമാനം കൂടി ദൂരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായിരിക്കുന്നതെന്നത് കനത്ത ആശങ്കയാണ് ജനിപ്പിച്ചിരിക്കുന്നത്. പ്രസ്തുത വിമാനം കാണാതായതിനെ തുടർന്ന് നിറംപിടിപ്പിച്ചതും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമായ നിരവധി കഥകളും റിപ്പോർട്ടുകളുമാണ് പ്രചരിച്ചിരുന്നത്. വിമാനം ഹൈജാക്ക് ചെയ്തതാണെന്നും പൈലറ്റുമാർ തന്നെ വിമാനം തട്ടിക്കൊണ്ടു പോയതാണെന്നും ബോംബ് സ്ഫോടനത്തിൽ വിമാനം തകർന്നതാണെന്നും അതല്ല ഇന്ധനം തീർന്ന് വിമാനം അപകടത്തിൽ പെട്ടതാണെന്നും വിമാനത്തിൽ വൻ തോതിൽ ലിഥിയം ബാറ്ററിയുണ്ടായതിനാൽ പൊട്ടിത്തെറിയുണ്ടായതാണെന്നും സാങ്കേതിക തകരാറ് മൂലം വിമാനം തകർന്നതാണെന്നുമുള്ള അഭ്യൂഹങ്ങളും വാർത്തകളുമാണ് പ്രചരിച്ചിരുന്നത്. എന്തിനേറെ വിമാനം അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ട് പോയതാണെന്ന് വരെ ചിലർ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. തിരോധാനത്തെ തുടർന്ന് വിമാനം കണ്ടുപിടിക്കാൻ വിവിധ രാജ്യങ്ങൾ ഒന്നു ചേർന്ന് തെരച്ചിൽ യജ്ഞം നടത്തിയെങ്കിലും വിശ്വസനീയമായ തെളിവുകൾ ഇനിയും കണ്ടെത്താനായിട്ടില്ല. വിവിധ യിടങ്ങളിൽ നിന്നും ഈ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ ഇക്കാലത്തിനിടെ ലഭിച്ചിരുന്നെങ്കിലും അത് എംഎച്ച് 370 ന്റേതാണെന്ന് സ്ഥിരീകരണം ഉണ്ടായിട്ടുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP