Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രസൽസിലെ ഭീകരതയുടെ അടയാളമായി ലോകം എങ്ങുമുള്ള മാദ്ധ്യമങ്ങൾ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത് ഇന്ത്യക്കാരിയായ സ്ത്രീയുടെ നിശ്ചലദൃശ്യം; ജെറ്റ് എയർവേസ് മാനേജരായ മുംബൈക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബ്രസൽസിലെ ഭീകരതയുടെ അടയാളമായി ലോകം എങ്ങുമുള്ള മാദ്ധ്യമങ്ങൾ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത് ഇന്ത്യക്കാരിയായ സ്ത്രീയുടെ നിശ്ചലദൃശ്യം; ജെറ്റ് എയർവേസ് മാനേജരായ മുംബൈക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബ്രസൽസ്: ലോകത്ത് വിവിധ ദുരന്തങ്ങളുണ്ടാകുമ്പോൾ അതിന്റെ പ്രതീകങ്ങളായി ചില ചിത്രങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട്. വിയറ്റ്‌നാം യുദ്ധ കാലത്ത് 1968ൽ ഉണ്ടായ നാപാം സ്‌ഫോടനത്തിൽ നിന്നും രക്ഷപ്പെടാനായി നഗ്‌നയായി ഓടുന്ന പെൺകുട്ടിയുടെ ചിത്രമാണ് വിയറ്റ്‌നാം യുദ്ധത്തിന്റെ പൊള്ളുന്ന ഓർമയായി എടുത്ത് കാട്ടപ്പെടുന്നത്. അതുപോലെ തന്നെ 2005ൽ ലണ്ടനിലുണ്ടായ തീവ്രവാദ ആക്രമണത്തിന്റെ പ്രതീകമായി മുറിവേറ്റ് രക്തമൊലിച്ച് ഒരാൾ എഡ്‌ഗ്വേർ റോഡ് ട്യൂബ് സ്‌റ്റേഷനിൽ നിന്നും പുറത്തേക്ക് വരുന്ന ചിത്രമാണ് ഉപയോഗിച്ച് വരുന്നത്. അതു പോലെ തന്നെ സിറിയൻ അഭയാർത്ഥി പ്രശ്‌നത്തിന്റെ ഭയാനകതയും ദൈന്യതയും വെളിപ്പെടുത്തുന്ന ചിത്രമായിരുന്നു തുർക്കിയിലെ ബീച്ചിൽ മരിച്ച് കിടന്നിരുന്ന മൂന്ന് വയസുകാരനായ സിറിയൻ അഭയാർത്ഥി ബാലനായ അയ്‌ലൻ കുർദിയുടേത്.

യൂറോപ്പിലേക്കുള്ള യാത്രക്കിടെ മെഡിറ്ററേനിയനിൽ ബോട്ട് മുങ്ങിയായിരുന്നു ഈ ബാലന്റെ മരണം. 2002ലെ ഗുജറാത്ത ്കലാപത്തിനിടെ തന്റെ ജീവന് വേണ്ടി യാചിക്കുന്ന ഖുത്തുബുദീൻ അൻസാരിയുടെ ദയനീയമായ ചിത്രമാണ് ആ കലാപത്തിന്റെ പ്രതീകമായി എടുത്ത് കാട്ടുന്നത്. അതുപോല ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ബ്രസൽസ് ഭീകരാക്രമണത്തിന്റെ അടയാളമായി മറ്റൊരു ചിത്രം ലോകമെങ്ങുമുള്ള മാദ്ധ്യമങ്ങൾ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

ജെറ്റ് എയർവേസ് മാനേജരും മുംബൈക്കാരിയുമായ നിധി ചാഫേക്കറുടെ ചിത്രമാണ് ഈ വിധത്തിൽ ബ്രസൽസിലെ ഭീകരതയുടെ പ്രതീകമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. തലനാരിഴയ്ക്ക് മരണത്തിൽ നിന്നും രക്ഷപ്പെട്ട ഇവർക്ക് പരുക്കേൽക്കുകയും നെറ്റിയിൽ നിന്ന് ചോരയൊഴുകുന്നതും ചിത്രത്തിൽ കാണാം. ഇതിന് പുറമെ ഇവരുടെ വസ്ത്രങ്ങൾ കീറിപ്പറഞ്ഞിട്ടുമുണ്ട്.ബ്രസൽസിലെ വിമാനത്താവളത്തിൽ ഇവർ ഇരിക്കുന്ന ചിത്രമാണിത്.

ബ്രസൽസ് ഭീകരതയുടെ പ്രതീകമായി നിധിയുടെ ചിത്രം സോഷ്യൽ മീഡിയയും ഏറ്റെടുത്തിരുന്നു.ന്യൂയോർക്ക് ടൈംസ് മുതൽ ദിഗാർഡിയൻ വരെയുള്ള പത്രങ്ങളിൽ ഇവരുടെ പടം ഒന്നാം പേജിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിലാകട്ടെ ടൈംസ് ഓഫ് ഇന്ത്യ മുതൽ മലയാള മനോരമ വരെയുള്ള പത്രങ്ങളും നിധിയുടെ ചിത്രമാണ് ബ്രസൽസ് ആക്രമണത്തിന്റെ പ്രതീകമായി കൊടുത്തിരിക്കുന്നത്. ഇതിന് പുറമെ നിരവധി ന്യൂസ് പോർട്ടലുകളും ഇതിനെ പിന്തുടർന്നിരുന്നു. ടൈംസ് ഓഫ് ഇന്ത്യ അന്ധേരിയിലുള്ള ഇവരുടെ കുടുംബവുമായി ചൊവ്വാഴ്ച സംസാരിച്ചിരുന്നു. ടൈം മാഗസിനിൽ ഇവരെക്കുറിച്ചും ഈ ഫോട്ടോയെക്കുറിച്ചും പ്രധാനപ്പെട്ട ഒരു സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. യുഎസ് ടുഡേയിലും സമാനമായ സ്‌റ്റോറി വന്നിരുന്നു.

ബ്രസൽസ് ആക്രമണത്തിൽ പരുക്കേറ്റ നിധി ഇന്ത്യക്കാരിയാണെന്നും അവർ ഹോസ്പിറ്റലിൽ സുഖം പ്രാപിച്ചു വരുന്നുവെന്നുമാണ് യുകെയിലെ ഡെയിലി മെയിൽ എഴുതിയിരിക്കുന്നത്. ബ്രസൽസ് ആക്രമണത്തിൽ പരുക്കേറ്റ് കഷ്ടപ്പെടുന്ന നിരവധി പേരുടെ പ്രതീകമാണ് നിധിയെന്നാണ് സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ഫോട്ടോയെ നിർവചിക്കാനായി ' ഐക്കണിക്' എന്ന വാചകമാണ് മിക്ക മാദ്ധ്യമങ്ങളും ഉപയോഗിച്ചിരിക്കുന്നതെന്ന് കാണാം.

ഈ നിർണായകമായ ചിത്രം ലോകമാകമാനം പുറത്ത് വിട്ടത് എപിയാണ്. ജോർജിയൻ പബ്ലിക്ക് ബ്രോഡ്കാസ്റ്ററിന്റെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റായ കെറ്റെവൻ കർദാവ എന്ന 36കാരനാണീ ഫോട്ടോയെടുത്തിരിക്കുന്നത്. ബ്രസൽസിലെ വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഹാളിൽ വച്ചാണ് ഈ ഫോട്ടോ പകർത്തിയിരിക്കുന്നത്.സ്‌ഫോടനത്തെ തുടർന്ന് താൻ ക്യാമറ പുറത്തെടുക്കുമ്പോൾ അവശിഷ്ടങ്ങളും പുകയും തന്നെ വലയം ചെയ്തിരുന്നുവെന്നാണ് കർദാവ വെളിപ്പെടുത്തുന്നത്.

ദുരന്തത്തെ തുടർന്ന് താനെടുത്ത ആദ്യ ഫോട്ടായാണ് നിധിയുടേതെന്നും കർദാവ പറയുന്നു. ഇത്തരം ഒരു ആക്രമണത്തെ കുറിച്ച് ലോകത്തിന് വെളിപ്പെടുത്താൻ ഒരു ഫോട്ടോ അത്യാവശ്യമാണെന്ന് തോന്നിയതിനാലാണ് ആ നിർണായ നിമിഷത്തിൽ നിധിയുടെ ദയനീയമായ ചിത്രം പകർത്തിയതെന്നും ഈ ഫോട്ടോഗ്രാഫർ വിവരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP