Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലയറുക്കലുകൾക്ക് ദൃക്‌സാക്ഷിയായി; മരുഭൂമിയിലൂടെ ദിവസങ്ങൾ നടന്നു; കടലിലൂടെ ജീവൻ പണയം വച്ച് വള്ളത്തിൽ ഇരുന്നു; ഒറ്റയ്ക്ക് യൂറോപ്പിലേക്ക് എത്തിയ കുരുന്നുകളുടെ ദയനീയ കഥ

തലയറുക്കലുകൾക്ക് ദൃക്‌സാക്ഷിയായി; മരുഭൂമിയിലൂടെ ദിവസങ്ങൾ നടന്നു; കടലിലൂടെ ജീവൻ പണയം വച്ച് വള്ളത്തിൽ ഇരുന്നു; ഒറ്റയ്ക്ക് യൂറോപ്പിലേക്ക് എത്തിയ കുരുന്നുകളുടെ ദയനീയ കഥ

ന്തു കൊണ്ടാണ് നമ്മുടെ ലോകം ഇങ്ങനെ? ഒരു വശത്ത് സമൃദ്ധിയും സമ്പത്തും കുമിഞ്ഞ് കൂടുമ്പോൾ വേറൊരു വശത്ത് പട്ടിണിയും മറ്റൊരു വശത്ത് കലാപവും കഴുത്തറക്കലും ഒക്കെ സംഭവിക്കുന്നത്? സമൃദ്ധിയുടെ പ്രതീകമായ യൂറോപ്പിലേക്ക് ഒഴുകി എത്താൻ കാത്തിരിക്കുന്നത് അനേകം പേരാണ്. എന്നാൽ കടലും മരുഭൂമിയും ഉദ്യോഗസ്ഥരും അവർക്ക് പേടിയാകുന്നു. ദിവസങ്ങളും മാസങ്ങളും കൊണ്ട് മരുഭൂമിയിലൂടെയും പെരും കടലിലൂടെയും ജീവൻ ത്യജിച്ച് യാത്ര ചെയ്താലും ലക്ഷ്യത്തിൽ എത്തി ചേർന്ന ഉടൻ പൊലീസ് പിടിച്ചു തിരിച്ചയയ്ക്കും.

യാത്ര ആരംഭിക്കുന്നവരിൽ പാതിയോളം പേർ പോലും ഇവിടെ എത്താറില്ലെന്നോർക്കണം. അവരിൽ തന്നെ ഭൂരിപക്ഷം പേരെയും അവസാന നിമിഷം എത്തിച്ചേരുന്ന രാജ്യങ്ങളിലെ പൊലീസുകാർ പിടിച്ചു തിരിച്ചയയ്ക്കും. കഴിഞ്ഞ ദിവസം ലോറിയിൽ നിന്നും ചാടിയവരെ ബ്രിട്ടീഷ് പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് തിരഞ്ഞ് പിടിച്ചു അറസ്റ്റ് ചെയ്ത റിപ്പോർട്ട് വായിച്ചതാണല്ലോ. എന്നാൽ ഈ പ്രതിബന്ധങ്ങളെല്ലാം തകർത്ത് എത്തിച്ചേർന്നാൽ തിരിച്ചയയ്ക്കാൻ കഴിയാത്ത ഒരു കൂട്ടരുണ്ട്. മറ്റാരുമല്ല.. എട്ടും പൊട്ടും തിരിയാത്ത കുട്ടികൾ. കഴുത്തറക്കലും മരുഭൂമിയും കടലും ഒക്കെ താണ്ടി ലക്ഷ്യത്തിലെത്തിയാൽ കുട്ടികളെ തിരിച്ചയ്ക്കാൻ യുഎൻ നിയമം അനുശാസിക്കുന്നില്ല. ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഏറ്റവും അടുത്ത രാജ്യം എന്ന നിലയിൽ പ്രതിവർഷം 5000 കുട്ടികൾ വരെയാണ് ഇങ്ങനെ എത്തി ചേരുന്നത്.

ഈ വർഷം ഇത്തരത്തിലുള്ള സാഹസികമായ ബോട്ട് യാത്രയിലൂടെ മെഡിറ്ററേനിയൻ കടന്ന് എത്തിപ്പെട്ട സുഡാൻ സ്വദേശിനിയായ 10 വയസുകാരിയാണ് നഫീസ. പാശ്ചാത്യരാജ്യങ്ങളിലെ കുട്ടികൾ ഈ പ്രായത്തിൽ റോഡ് പോലും മുറിച്ച് കടക്കാൻ ധൈര്യപ്പെടില്ലെന്നിരിക്കെയാണിവൾ സുരക്ഷിതമല്ലാത്ത ബോട്ടിൽ മെഡിറ്ററേനിയൻ മുറിച്ച് കടന്നിരിക്കുന്നത്. യാത്രയുടെ ഒരു ഘട്ടത്തിൽ അവൾ ഒറ്റയ്ക്കായ സാഹചര്യവുമുണ്ടായിരുന്നു. പുതിയൊരു ജീവിതം കണ്ടത്താൻ യൂറോപ്പിലൂടെ ഒരു യാത്ര നടത്താനാണ് നഫീസ ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഖാർതൂമിലാണ് ഈ ബാലികയുടെ സ്വദേശം. അമ്മ ജീവിച്ചിരിപ്പില്ല. അച്ഛനാരാണെന്ന് തിരിച്ചറിഞ്ഞിട്ടുമില്ല. അവൾക്ക് ലിബിയയിൽ ഒരു സഹോദരിയുണ്ട്. അവളാണ് ഈ യാത്ര നഫീസയ്ക്ക് അറേഞ്ച് ചെയ്തുകൊടുത്തിരിക്കുന്നത്. കഴിഞ്ഞു പോയ ദുരിതജീവിത്തെക്കുറിച്ച് ചോദിക്കുമ്പോൾ തലയാട്ടുക മാത്രമാണവൾ ചെയ്യുന്നത്. ഓർക്കാനിഷ്ടമില്ലാത്ത കാര്യങ്ങളാണവ. മുന്നോട്ട് പോകാൻ മാത്രമാണ് നഫീസ കൊതിക്കുന്നത്. ബുധനാഴ്ച റോം കോച്ച് സ്‌റ്റേഷനിൽ ബസ് കാത്തിരിക്കുന്ന അനേകം അഭയാർത്ഥികളിൽ ഒരാൾ മാത്രമാണീ ബാലിക. ഇപ്പോൾ നിരവധി സുഹൃത്തുക്കൾക്കൊപ്പമാണ് താൻ യാത്ര ചെയ്യുന്നതെന്നാണ് നഫീസ പറയുന്നത്. കടലിൽ തകർന്ന അവളുടെ ബോട്ട് കഴിഞ്ഞ ദിവസം രക്ഷിക്കുകയും അവരെ സിസിലിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് ഒരു ബസിൽ റോമിലേക്കും എത്തിക്കുകയായിരുന്നു. തന്റെ സുഹൃത്തുക്കൾ സ്വീഡനിലേക്കാണ് പോയിരിക്കുന്നതെന്നും അതിനാൽ തനിക്കും അവിടേക്കു പോകണമെന്നും അത് ഒരു നല്ല രാജ്യമാണെന്നും നഫീസ പറയുന്നു.

ഇറ്റലിയിൽ ഈ വർഷം എത്തിയ 3000ത്തോളം അനാഥരായ കുട്ടികളിൽ ഒരാളാണ് നഫീസ. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തിൽ എത്തിയ അരലക്ഷത്തോളം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ എത്തുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നത് യൂറോപ്പ് നേരിടുന്ന പരമപ്രധാനമായ പ്രശ്‌നമാണെന്നാണ് ഒരു ഇറ്റാലിയൻ എംപിയായ സാൻഡ്ര സാംപ ഡെയിലിമെയിലനോട് പറഞ്ഞിരിക്കുന്നത്. നഫീസയെപ്പോലുള്ള കുട്ടികളെ ആദ്യം സെയ്ഫ് സെന്ററുകളിലാണ് പാർപ്പിക്കുന്നത്. അവിടെ വച്ച് സോഷ്യൽ വർക്കർമാർ അവരിൽ വിശ്വാസം ജനിപ്പിക്കുകയും ഇറ്റലിയിലെ കെയറിൽ തങ്ങാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പകുതി കുട്ടികൾ യൂറോപ്പിലുള്ള തങ്ങളുടെ ബന്ധുക്കളുടെ അടുത്തേക്ക് പോകുകയാണ് ചെയ്യുന്നത്. എന്നാൽ നഫീസയെപ്പോലുള്ളവർക്ക് എന്താണ് ചെയ്യേണ്ടതെന്ന് യാതൊരു നിശ്ചയവുമില്ല.

ഇത്തരത്തിലുള്ള മറ്റൊരു അഭയാർത്ഥിയാണ് 12 വയസുള്ള ഷഖർ. ദർഫുറിലെ ഒരു കൃഷിക്കാരനായിരുന്നു അവന്റെ അച്ഛൻ. അയാൾ 2004 ൽ കൊല്ലപ്പെടുകയായിരുന്നു. ഗ്രാന്റ് പാരന്റ്‌സ് സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുകയും ചെയ്തു. അമ്മയാകട്ടെ സുഡാനിലെ അഭയാർത്ഥി ക്യാംപിലുമാണ്. ബോട്ടിൽ കയറി രക്ഷപ്പെടാനുള്ള പണം തനിക്ക് നൽകിയത് അമ്മയാണെന്ന് ഷഖർ സാക്ഷ്യപ്പെടുത്തുന്നു. സുഡാനിൽ നിന്നും തങ്ങൾ നടന്നിട്ടാണ് ലിബിയയിൽ എത്തിയതെന്ന് അവൻഓർക്കുന്നു. ചില സമയങ്ങളിൽ ട്രക്കിൽ കയറുകയും ചെയ്തിരുന്നു. തുടർന്ന് ട്രിപ്പോളിക്കടുത്തുള്ള സേഫ് ഹൗസിലെത്തുകയായിരുന്നു. അവിടെ 300 പേർക്ക് 12 മുറികളാണുണ്ടായിരുന്നത്. രണ്ട് ബാത്ത്‌റൂമുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവിടുത്തെ ജീവിതം ദുരിതമയമായിരുന്നു. ഐസിസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഷഖർസേഫ്ഹൗസിൽ താമസിച്ചതെന്നാണ് ബന്ധുവായ സാമിർ പറയുന്നത്.

60 അടി നീളമുള്ള മരം കൊണ്ട് നിർമ്മിച്ച മത്സ്യബന്ധന ബോട്ടിലാണ് അവർ ഇറ്റലിയിലേക്ക് വന്നത്. രണ്ട് നിലകളിലായി 300 പേർ ആ ബോട്ടിൽ ഇരുന്നിരുന്നുവെന്നാണ് സാമിർ ഓർക്കുന്നത്. ഇവിടെ കടുത്ത ഗന്ധമുണ്ടായിരുന്നുവെന്നും ശ്വസിക്കാൻ പോലും തങ്ങൾ ബുദ്ധിമുട്ടിയിരുന്നുവെന്നും അയാൾ ഓർക്കുന്നു. തീരത്തെത്തിയപ്പോൾ കൂട്ടത്തിലെ കുട്ടികൾ കാർഡ്‌ബോർഡ് ബോക്‌സുകളിലാണ് ഉറങ്ങിയിരുന്നത്. ഇറ്റലിയുടെ മെയിൻ ബസ് സ്‌റ്റേഷന്റെ ചുറ്റുമുള്ള വെളിമ്പ്രദേശങ്ങളിലാണ് കഴിഞ്ഞ് കൂടിയത്. സേഫ് ഹൗസുകൾക്കായി കാത്തിരിക്കുമ്പോൾ ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമാണ് ഇവർ ഭക്ഷണം കഴിച്ചിരുന്നത്. ബോട്ടിൽ സഞ്ചരിക്കുമ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി.

14കാരിയായ എലെൻ ഇക്കൂട്ടത്തിൽ ഇവിടെയെത്തിയ കുട്ടിയാണ്. എറിത്രിയക്കാരിയാണ്. തനിക്ക് നാല് സഹോദരന്മാരും സഹോദരിമാരും ഉണ്ടായതുകൊണ്ടാണ് രാ്ജ്യം വിട്ടതെന്നാണ് എലെൻ പറയുന്നത്. അതായത് കുടുംബം തികഞ്ഞ പട്ടിണിയിലായിരുന്നു. അതിൽ നിന്നും രക്ഷപ്പെടാനായിരുന്നു ഈ പലായനം. ഇതേ നഗരത്തിൽ നിന്നും പലായനം ചെയ്ത മറ്റൊരു കുട്ടിയാണ് 17 കാരനായ ഫിക്രു. സഹാറയിലൂടെ നഗ്‌നപാദനായി കിലോമീറ്ററുകളോളം നടന്നാണ് അവൻ ട്രക്ക് പിടിച്ചത്. ഇതിലും ദുരിതമയമായ നിരവധി കഥകൾ പറയാൻ കഴിയുന്ന കുട്ടികൾ ഈ ക്യാംപിലുണ്ട്. പലരും അവയൊന്നും ഓർക്കാനിഷ്ടപ്പെടുന്നില്ല. എത്തിപ്പെട്ട ഭൂമികയിൽ പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാനാണ് എല്ലാവർക്കും താൽപര്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP