Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭൂകമ്പത്തിൽ മരണം 3700 കവിഞ്ഞു; ജീവൻ നഷ്ടമായവരിൽ 72 ഇന്ത്യക്കാരും; സിനിമാ ചിത്രീകരണത്തിനിടെ തെലുങ്കു നടൻ വിജയ് മരിച്ചു; 250 മലയാളികൾ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നു; ബംഗാളിലും ബിഹാറിലും വീണ്ടും ഭൂചലനം

ഭൂകമ്പത്തിൽ മരണം 3700 കവിഞ്ഞു; ജീവൻ നഷ്ടമായവരിൽ 72 ഇന്ത്യക്കാരും; സിനിമാ ചിത്രീകരണത്തിനിടെ തെലുങ്കു നടൻ വിജയ് മരിച്ചു; 250 മലയാളികൾ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നു; ബംഗാളിലും ബിഹാറിലും വീണ്ടും ഭൂചലനം

കൊൽക്കത്ത: നേപ്പാൾ ഭൂകമ്പത്തിന്റെ ഞെട്ടൽ വിട്ടുമാറുംമുമ്പ് ഉത്തരേന്ത്യയിൽ വീണ്ടും ഭൂചലനം. ബിഹാറിലും പശ്ചിമ ബംഗാളിലുമാണ് വീണ്ടും ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബംഗാളിലെ സിൽഗുരിയാണ്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

പാട്‌ന, ബിഹാർ, ജൽപാൽ ഗുഡി, സിൽഗുരി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വൈകിട്ട് ആറോടെയാണ് വീണ്ടും ഭൂചലനമുണ്ടായത്.

അതേസമയം, നേപ്പാളിൽ കനത്ത നാശം വിതച്ച ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം 3700 കടന്നു. 6500 ലധികം പേർ പരിക്കേറ്റു ചികിത്സയിലൂണ്ടെന്നാണു വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സർക്കാർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഇന്നു രാവിലെയും നേപ്പാളിൽ തുടർചലനമുണ്ടായിരുന്നു. രാവിലെ 6.09ന് ഉണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 4.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.

തുടർചലനങ്ങളും ഇടയ്ക്കിടെയുണ്ടാകുന്ന മഴയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നാശനഷ്ടത്തിന്റെ വ്യാപ്തി അളക്കാൻ ഇനിയും ദിവസങ്ങളെടുക്കും. ഭൂചലനവും തുടർന്നുണ്ടായ മണ്ണിടിച്ചിലും നേപ്പാളിലെ മിക്ക റോഡുകളും തകർത്തതായാണ് വിവരം.

ദുരന്തം ഇന്ത്യയെയും ബാധിച്ചപ്പോൾ 72 ഇന്ത്യക്കാരും മരിച്ചതായാണ് അധികൃതരുടെ റിപ്പോർട്ട്. 250ലേറെ മലയാളികളാണ് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നതെന്ന് മന്ത്രി കെ സി ജോസഫ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവരെയെല്ലാം അതിവേഗം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. 51 പേർ ചിന്ദ്വാനിലും 21 പേർ പൊഖാറയിലും 56 പേർ ലുംബിനിയിലുമാണുള്ളത്. ഇവരെ മടക്കിയെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇക്കാര്യങ്ങൾ കേന്ദ്ര വിദേശകാര്യമന്ത്രിയുമായി സംസാരിച്ചതായും കെ സി ജോസഫ് പറഞ്ഞു. ഭൂകമ്പത്തിൽ പരിക്കേറ്റ് നേപ്പാളിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ അബിൻ സൂരിയെ എത്രയും വേഗം നാട്ടിലെത്തിക്കാമെന്നും എയിംസിൽ ചികിത്സ നൽകാമെന്നും സുഷമ സ്വരാജ് ഉറപ്പു നൽകിയതായും ജോസഫ് കൂട്ടിചേർത്തു. അതിനിടെ, നേപ്പാളിൽ വിനോദസഞ്ചാരത്തിനു പോയ മലയാളി സംഘം സുരക്ഷിതരാണെന്ന് ബന്ധുക്കൾക്കു വിവരം ലഭിച്ചു.

സിനിമ ചിത്രീകരിക്കാനായി നേപ്പാളിലെത്തിയ തെലുങ്കു നടനും ഭൂകമ്പത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. 25 കാരനായ നടൻ വിജയ് ആണ് മരിച്ചത്. സിനിമാ ചിത്രീകരണത്തിനു ശേഷം ഹോട്ടലിലേക്കു മടങ്ങുംവഴി വിജയ് സഞ്ചരിച്ചിരുന്ന വാഹനം മറിയുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചുതന്നെ വിജയ് മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. തെലുങ്കു ചലച്ചിത്രമായ ഏട്ടകരത്തിന്റെ ചിത്രീകരണത്തിനായാണ് വിജയ്‌യും സംഘവും നേപ്പാളിലെത്തിയത്. ചിത്രത്തിന്റെ ഛായഗ്രഹകനും കൂടിയായിരുന്നു വിജയ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരാണ് വിജയ്‌യുടെ ജന്മസ്ഥലം. 72 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് അറിയിച്ചത്.

അതേസമയം, ഭൂകമ്പം നാമാവശേഷമാക്കിയ നേപ്പാളിൽ ദുരിതക്കയത്തിൽപെട്ട് പത്തുലക്ഷത്തിലേറെ കുട്ടികൾ കഴിയുന്നതായി യുണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രകൃതിദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങൾ പ്രവചിക്കാവുന്നതിനും അപ്പുറമായതോടെ വൃത്തിഹീനമായ തെരുവുകളിൽ, വേണ്ടത്ര ഭക്ഷണമില്ലാതെ അന്തിയുറങ്ങുന്ന കുട്ടികൾ മാരകമായ പകർച്ചവ്യാധികളുടെ ഭീഷണിയിലാണെന്നും യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു.

ദുബായിൽ നിന്ന് വിനോദയാത്ര പോയ നാല് മലയാളികളുൾപ്പെടുന്ന ആറംഗ സംഘമാണ് സുരക്ഷിതരാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കാഠ്മണ്ഡുവിന് വളരെ അകലെയുള്ള ഗ്രാമത്തിലെ റിസോർട്ടിലാണ് ആറു പേരുമുള്ളതെന്നാണ് വിവരം. ദുബായിലെ എംബിഎ വിദ്യാർത്ഥിയായ എറണാകുളം സ്വദേശി തൻവീർ റാവുത്തർ(25), ദുബായിൽ ചാർട്ടേർഡ് അക്കൗണ്ടന്റായ കാസർകോട് ദേളി സ്വദേശി മുഹമ്മദ് അസ്ഹർ അലി (23), ഹാദിൽ ഹനീഫ് (25), മസ്ഹർ മൊയ്തീൻ (25), ഹൈദരാബാദ് സ്വദേശി നിഹാദ് മൊയ്‌നുദ്ദീൻ ഖാൻ (25), ഗുജറാത്ത് സ്വദേശി സുനിൽ ചന്ദ്ര സെൻ ഗാന്ധി(26) എന്നിവരാണ് സംഘത്തിലുള്ളത്. റിസോർട്ടിൽ നിന്നു കാഠ്മണ്ഡുവിലെത്താൻ റോഡ് മാർഗം മൂന്ന് മണിക്കൂർ യാത്ര ചെയ്യണം. ഇവിടെ നിന്ന് ഇന്ത്യൻ സുരക്ഷാ സേനയുടെ സഹായത്താൽ ഇന്ത്യയിലെത്തിയ ശേഷം എല്ലാവരും ദുബായിലേയ്ക്ക് തിരിക്കും.

കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത് തുടർചലനങ്ങൾ 24 മുതൽ 36 മണിക്കൂർകൂടി പ്രതീക്ഷിക്കണമെന്നാണ്. ആശുപത്രികളിൽ സ്ഥലം കിട്ടാത്തതിനാൽ പരിക്കേറ്റവരിൽ പലരും കാഠ്മണ്ഡുവിലെ തെരുവിലാണ് കഴിയുന്നത്. ഭൂചലനത്തെ തുടർന്ന് വൈദ്യുതി വിതരണം താറുമാറായി. ആവശ്യത്തിനു ഭക്ഷണവും കുടിവെള്ളവും ലഭ്യമല്ല. ട്രക്കുകളിൽനിന്ന് കുടിവെള്ളം ശേഖരിക്കാൻ ജനങ്ങളുടെ നീണ്ട നിര തന്നെയാണുള്ളത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. നേപ്പാളിനു മരുന്നുകളും അവശ്യവസ്തുക്കളുമായി വിവിധ രാജ്യങ്ങളിൽനിന്ന് സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. നേപ്പാളിനെ പൂർവ സ്ഥിതിയിലെത്തിക്കാൻ 500 കോടി ഡോളറെങ്കിലും ചുരുങ്ങിയത് വേണ്ടിവരുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

അതേസമയം, കുട്ടികൾക്കിടയിൽ ജലജന്യ രോഗങ്ങളും പകർച്ചവ്യാധിയും പടർന്നുപിടിക്കാതിരിക്കാനുള്ള കടുത്ത ജാഗ്രതയിലാണ് യുണിസെഫിന്റെ വളണ്ടിയർമാർ. ഭൂകമ്പബാധിത പ്രദേശങ്ങളത്രയും കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഭക്ഷണം എത്തുന്നുണ്ടെങ്കിലും ഇതൊന്നും തെരുവിൽ നിരാലംബരായി കഴിയുന്നവർക്ക് തികയാത്ത സാഹചര്യമാണുള്ളത്. മഴയും തുടർ ചലനങ്ങളും രക്ഷാപ്രവർത്തനങ്ങൾക്കു തടസമാകുന്നുണ്ട്. ജലദൗർലഭ്യവും വൈദ്യുതിയില്ലാത്തതും ദുരിതം വർധിപ്പിക്കുന്നു. വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ചൈന, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവർത്തകരെ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. നേപ്പാളിലെ 26 ജില്ലകൾ അപകട മേഖലകളായി സർക്കാർ പ്രഖ്യാപിച്ചു. റിക്ടർ സ്‌കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം കാഠ്മണ്ഡു താഴ് വരയിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP