Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു മാസത്തെ ശമ്പളം കൂടുതൽ നൽകി; വിദ്യാർത്ഥികൾക്കും സംഘടനകൾക്കും പോക്കറ്റ് മണി; രണ്ടു ലക്ഷം കോടി രൂപ പൗരന്മാർക്കു വെറുതേ കൊടുത്ത് സൗദി രാജാവിന്റെ ഭരണം തുടങ്ങി; വിസ്മയം പൂണ്ട് ലോകം

ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു മാസത്തെ ശമ്പളം കൂടുതൽ നൽകി; വിദ്യാർത്ഥികൾക്കും സംഘടനകൾക്കും പോക്കറ്റ് മണി; രണ്ടു ലക്ഷം കോടി രൂപ പൗരന്മാർക്കു വെറുതേ കൊടുത്ത് സൗദി രാജാവിന്റെ ഭരണം തുടങ്ങി; വിസ്മയം പൂണ്ട് ലോകം

രാജഭരണം നിലനിൽക്കുന്ന ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയിൽ പുതിയ രാജാക്കന്മാർ അധികാരമേൽക്കുമ്പോൾ പ്രജകൾക്ക് കൈനിറയെ എന്തെങ്കിലുമൊക്കെ കിട്ടുക പതിവാണ്. എന്നാൽ തെരഞ്ഞെടുപ്പോ നിശ്ചിത ഭരണകാലാവധിയോ ഒന്നുമില്ലാത്തതിനാൽ പുതിയ രാജാവ് എപ്പോൾ വരും സമ്മാനം എപ്പോൾ കിട്ടുമെന്നൊന്നും മുൻകൂട്ടി പറഞ്ഞുറപ്പിക്കാനാവില്ലെന്നു മാത്രം. സൗദി പൗരന്മാർക്ക് ഏരെ വാരിക്കോരി കൊടുത്ത അബ്ദുല്ല രാജാവ് അന്തരിച്ചതോടെ പുതുതായി അധികാരമേറ്റ സൽമാൻ രാജാവും ആ പാരമ്പര്യം തെറ്റിച്ചില്ല. തന്റെ കിരീടധാരണത്തിന്റെ ആഘോഷമായി സൽമാൻ രാജാവ് കോടികളാണ് പ്രജകൾക്കായി വിതരണം ചെയ്തത്. എല്ലാ സർക്കാർ ജീവനക്കാർക്കും രണ്ടു മാസത്തെ ശമ്പളം അധികമായി നൽകി. സൈനികർക്കും പെൻഷൻകാർക്കും ഇതേപ്രകാരം നൽകി. സർക്കാർ ചെലവിൽ സ്വദേശത്തും വിദേശത്തും പഠിക്കുന്ന സൗദിക്കാരായ വിദ്യാർത്ഥികൾക്കും ഇതേ പോലെ നൽകി.

കോടാനുകോടി രൂപ വരുന്ന ഇത്രയും തുക നൽകിയ ശേഷം രാജാവ് ഒരു വാക്കു കൂടി പറഞ്ഞു: 'പ്രിയപ്പെട്ട ജനങ്ങളെ, നിങ്ങൾ ഇതിലേറെ അർഹിക്കുന്നു. ഞാൻ തന്നത് എത്രയാണെങ്കിലും അത് നിങ്ങൾ അർഹിക്കുന്നതിനോളം വരില്ല.' ട്വീറ്ററിൽ രാജാവ് പോസ്റ്റ് ചെയ്ത ഈ വാചകം മൂന്നര ലക്ഷത്തിലേറെ പേരാണ് ഷെയർ ചെയ്തത്. അപ്രതീക്ഷിതമായി കയ്യിലെത്തിയ വൻ തുക ആഢംബര വസ്തുക്കളും സ്മാർട്ട് ഫോണുകളും വാങ്ങാനും വിദേശ വിനോദ യാത്രകൾക്കും മറ്റുമായി ചെലവഴിക്കുന്ന തിരക്കിലാണിപ്പോൾ സൗദികൾ. ചില പുരുഷ പ്രജകൾ രണ്ടാമത്തേയും മൂന്നാമത്തേയും വിവാഹങ്ങൾക്കായി ഈ തുക മാറ്റിവയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പോറ്റാനുള്ള ശാരീരിക ശേഷിയും സമ്പത്തുമുണ്ടെങ്കിൽ നാലു വരെ കെട്ടാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ സ്ത്രീധനത്തിനു നേർ വിപരീതമായി സൗദിയിൽ പുരുഷന്മാർ സത്രീകൾക്കു നൽകേണ്ട മഹർ വളരെ ഭാരിച്ച ചെലവാണ്. അധികമായി കിട്ടിയ പണം ഇതിനായി മാറ്റിവച്ചവരും ഉണ്ട്.

സർക്കാർ ജീവനക്കാർക്കും മറ്റും വാരിക്കോരി നൽകിയതിനു പുറമെ സാഹിത്യ, കായിക, സാംസ്‌കാരിക സംഘടനകൾക്കും ക്ലബുകൾക്കും രാജാവിന്റെ വക വൻ സമ്മാനത്തുകകളുണ്ട്. സൗദിയിലെ മുപ്പത് ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് അധിക ശമ്പളം പുതിയ ആവേശം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങൾക്കു ലഭിച്ച സമ്മാനം സൗദികൾ സോഷ്യൽ മീഡിയയിലും വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. പുത്തൻ റിയാൽ നോട്ടുകൾ കുട്ടികൾക്ക് വിതരണം ചെയ്യുന്ന വീഡിയോ ഒരു പൗരൻ പോസ്റ്റ് ചെയ്തിരുന്നു.

രാജാവ് ഇങ്ങനെ സർക്കാർ ജീവനക്കാർക്കു വാരിക്കോരി കൊടുത്താൽ ലക്ഷക്കണക്കിനു വരുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്ക് വിഷമമാകില്ലെ എന്നു കരുതിയാകണം സ്വകാര്യ കമ്പനികളും തങ്ങളാവുന്നത് ജീവനക്കാർക്ക് ബോണസായി നൽകുന്നുണ്ട് ഇപ്പോൾ. ഇതെല്ലാം ആയതോടെ സൗദിയിലാകെ ആഘോഷമാണിപ്പോൾ. 90കാരനായിരുന്ന അബ്ദുല്ല രാജാവ് മരണപ്പെട്ടതിനെ തുടർന്ന് 79കാരനായ സൽമാൻ രാജാവ് കഴിഞ്ഞ മാസമാണ് അധികാരമേറ്റത്. ജനങ്ങളുടെ മനസ്സിൽ ഇടംപിടിക്കാൻ പുതുതായെത്തുന്ന രാജാക്കന്മാർ പണം വാരിക്കോരി കൊടുക്കുന്നത് കാലങ്ങളായുള്ള ഒരു തന്ത്രമാണ്. ഇത് ഫലിക്കുകയും ചെയ്യുന്നുണ്ട്. വിവിധ കമ്പനികൾ രാജാവിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട കൂറ്റൻ ബിൽബോഡുകളാണ് തെരുവോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.

അന്തരിച്ച അബ്ദുല്ല രാജാവ് 2005-ൽ അധികാരമേറ്റപ്പോൾ എല്ലാ സർക്കാർ ജീവനക്കാർക്കും 15 ശതമാനം ശമ്പള വർധന നൽകിയിരുന്നു. പിന്നീട് 2011-ൽ ബോണസായി ഒരു മാസത്തെ ശമ്പളവും അധികമായി വിതരണം ചെയ്തു. എന്നാൽ ഇത്തര തന്ത്രങ്ങൾ ഏറെ കാലം കൊണ്ടു നടക്കാനാവില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രധാന കാരണം എണ്ണ വിലയിൽ ആഗോള തലത്തിലുണ്ടായ വൻ കുറവ് സൗദിയുടെ സമ്പത്തിനെ കാര്യമായി സ്വാധീനിക്കുമെന്നാണ് അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP