Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനിൽ പടരുന്നത് ആന്റിബയോട്ടിക്കുകൾക്ക് പ്രതിരോധിക്കാൻ കഴിയാത്ത ടൈഫോയ്ഡ്; മനുഷ്യ വർഗത്തിന്റെ ഉറക്കം കെടുത്തുന്ന പാക്കിസ്ഥാൻ ജ്വരം ഇതുവരെയുണ്ടായ രോഗങ്ങളേക്കാൾ ഭയാനകം

പാക്കിസ്ഥാനിൽ പടരുന്നത് ആന്റിബയോട്ടിക്കുകൾക്ക് പ്രതിരോധിക്കാൻ കഴിയാത്ത ടൈഫോയ്ഡ്; മനുഷ്യ വർഗത്തിന്റെ ഉറക്കം കെടുത്തുന്ന പാക്കിസ്ഥാൻ ജ്വരം ഇതുവരെയുണ്ടായ രോഗങ്ങളേക്കാൾ ഭയാനകം

ലഹോർ: ആന്റിബയോട്ടിക്കുകൾ കണ്ടെത്തിയപ്പോൾ രോഗങ്ങളെയെല്ലാം ഇനി അനായാസം പിടിച്ച് കെട്ടാൻ സാധിക്കുമെന്നായിരുന്നു വൈദ്യശാസ്ത്രം അഹങ്കരിച്ചിരുന്നത്. എന്നാൽ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ടത് മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ കടുത്ത ഭീഷണിയാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ പാക്കിസ്ഥാനിൽ പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന പ്രത്യേക തരം ടൈഫോയ്ഡ് ഇത്തരത്തിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.മനുഷ്യ വർഗത്തിന്റെ ഉറക്കം കെടുത്തുന്ന പാക്കിസ്ഥാൻ ജ്വരം ഇതുവരെയുണ്ടായ രോഗങ്ങളേക്കാൾ ഭയാനകമാണെന്നാണ് മുന്നറിയിപ്പ്. ചികിത്സ ഫലിക്കാത്ത നിരവധി അസുഖങ്ങൾ ലോകമാകമാനം ഉടലെടുക്കാൻ പോകുന്നതിന്റെ സൂചനയായിട്ടാണ് പാക്കിസ്ഥാൻ ജ്വരം ഭീഷണിയുയർത്തുന്നത്.

അഞ്ച് ടൈപ്പിലുള്ള ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഈ ടൈഫോയ്ഡ് 2016ന് ശേഷം പാക്കിസ്ഥാനിലെ 850 പേരെയാണ് ബാധിച്ചിരിക്കുന്നത്. ഈ രോഗം ലോകമാകമാനം പടർന്ന് പിടിക്കുമെന്നാണ് വിദഗ്ദ്ധർ ഭയപ്പെടുന്നത്. നിലവിൽ ടൈഫോയ്ഡിന്റെ ദുർബലമായ അണുക്കളാണ് ലോകമാകമാനമുള്ളത്. എന്നാൽ അവയ്ക്ക് പകരം പാക്കിസ്ഥാൻ ജ്വരം പടരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിലവിൽ ഒരു ഓറൽ ആന്റിബയോട്ടിക്സ് മാത്രമാണ് ടൈഫോയ്ഡിനെതിരെ ഫലപ്രദമായിട്ടുള്ളത്. എന്നാൽ ഒരു ജനറ്റിക് മ്യൂട്ടേഷനിലൂടെ ഈ അണു ശക്തിപ്രാപിച്ചാൽ ഇതിനെതിരെ ഒന്നും ചെയ്യാനില്ലാതെ ഡോക്ടർമാർ നിൽക്കാൻ നിർബന്ധിതരാകുമെന്നും മുന്നറിയിപ്പുണ്ട്.

പ്രീ-ആന്റിബയോട്ടിക് കാലത്തേക്ക് ലോകം തിരിച്ച് പോകുന്നുവെന്നതിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പായിട്ടാണ് പാക്കിസ്ഥാൻ ജ്വരം പടരുന്നതിനെ ഗവേഷകർ കണക്കാക്കുന്നത്. അതായത് നിലവിലുള്ള ആന്റിബയോട്ടിക്കുകളെല്ലാം നിഷ്ഫലമാകുന്ന കാലമായിരിക്കുമത്. വേണ്ടതിനും വേണ്ടാത്തതിനും മരുന്നുകൾ അമിതമായി ഉപയോഗിച്ചതിന്റെ തിക്തഫലമാണിതെന്നും ഗവേഷകർ എടുത്ത് കാട്ടുന്നു. ആന്റിബയോട്ടിക്കുകൾ നോക്കുകുത്തികളായാൽ ചെറിയ രോഗങ്ങളും സാധാരണ അണുബാധകളും പോലും മരണത്തിന് കാരണമായിത്തീരുമെന്നുറപ്പാണ്.രോഗാണുക്കൾ ആന്റിബയോട്ടിക്കുകളെ ചെറുക്കാൻ തുടങ്ങിയിരിക്കുന്നതിനെ ഗ്ലോബൽ ഹെൽത്ത് എമർജൻസി എന്നാണ് ലോകാരോഗ്യസംഘടന വിശേഷിപ്പിച്ചിരിക്കുന്നത്.

നിലവിലുണ്ടായിരിക്കുന്നതും ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്നതുമായ ടൈഫോയ്ഡ് മാത്രമല്ല കടുത്ത ആശങ്കയുണ്ടാക്കുന്നതെന്നും മറിച്ച് വിവിധ രോഗാണുക്കൾ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നതാണ് കടുത്ത പ്രശ്നമെന്നും പാക്കിസ്ഥാനിലെ യൂണിവേഴ്സിറ്റിയയിലെ പാത്തോളജി പ്രഫസറായ ഡോ. റുമിന ഹാസൻ മുന്നറിയിപ്പേകുന്നു. ടൈഫോയ്ഡ് ബാധിച്ച് അടുത്തിടെ നാല് പേർ മരിച്ചുവെന്നാണ് പാക്കിസ്ഥാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഇസ്ലാമാബാദ് വെളിപ്പെടുത്തുന്നത്.

ഒന്നിലധികം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന വിധത്തിൽ പുതിയ ടൈഫോയ്ഡ് സ്ട്രെയിൻ അധികമായ ഡിഎൻഎ കൈവരിച്ചിരിക്കുന്നുവെന്നാണ് ബ്രിട്ടനിലെ വെൽകം സാൻഗർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളും കുറഞ്ഞ വാക്സിനേഷൻ നിരക്കുകളും അമിതമായ ജനസംഖ്യയുമാണ് ടൈഫോയ്ഡ് വേഗത്തിൽ പടരാൻ കാരണമെന്നാണ് പാക്കിസ്ഥാനി ഗവേഷകർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP