Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനുവരി 21-ന് മുമ്പ് യൂറോപ്പുമായി കരാറിലേർപ്പെടാൻ സാധിച്ചില്ലെങ്കിൽ കരാറില്ലാതെ പിരിയാൻ പാർലമെന്റിന് അധികാരം; അവസാനം വിമതരെ ഒതുക്കി ബിൽ പാസ്സാക്കി മെയ്‌

ജനുവരി 21-ന് മുമ്പ് യൂറോപ്പുമായി കരാറിലേർപ്പെടാൻ സാധിച്ചില്ലെങ്കിൽ കരാറില്ലാതെ പിരിയാൻ പാർലമെന്റിന് അധികാരം; അവസാനം വിമതരെ ഒതുക്കി ബിൽ പാസ്സാക്കി മെയ്‌

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടാനുള്ള ബ്രെക്‌സിറ്റ് ബിൽ പാസ്സാക്കിയെടുക്കുന്നതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടേണ്ടിവന്നത് സ്വന്തം പാർട്ടിയിലെ വിമതരിൽനിന്നാണ്. നിർണായകമായ വോട്ടെടുപ്പിൽ വിമതരെ ഒതുക്കി പാർലമെന്റിൽ വിജയം നേടാനായതോടെ തെരേസ മെയ്‌ക്ക് ബ്രെക്‌സിറ്റ് ചർച്ചകളുമായി ഇനി സധൈര്യം മു്‌ന്നോട്ടുപോകാനാകും. ജനുവരി 21-നുള്ളിൽ യൂറോപ്യൻ യൂണിയനുമായി കരാറിലേർപ്പെടാൻ സാധിച്ചില്ലെങ്കിൽ, കരാറില്ലാതെ തന്നെ ബ്രെക്‌സിറ്റ് പൂർണമായി നടപ്പാക്കാൻ അധികാരം നൽകുന്ന ബില്ലാണ് ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയത്.

വിമതരുടെ നേതാവ് ഡൊമിനിക് ഗ്രീവുമായി മന്ത്രിമാർ നടത്തിയ മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ചകൾക്കൊടുവിലാണ് ബില്ലിനെ അനുകൂലിക്കാൻ അവർ തീരുമാനിച്ചത്. ഇതോടെ, വോട്ടെടുപ്പിൽ 303-നെതിരേ 319 വോട്ടുകൾക്ക് ബ്രെക്‌സിറ്റ് ബിൽ പാസ്സാക്കിയെടുക്കാൻ തെരേസയ്ക്കായി. സർക്കാരിന്റെ ബുദ്ധിമുട്ടും രാജ്യത്തിന്റെ ഐക്യവും നിലനിർത്തുന്നതിനായി ബില്ലിനെ പിന്തുണയ്ക്കുകയാണെന്ന് ഗ്രീവ് പാർലമെന്റിൽ പ്രസ്താവിച്ചു.

ഹൗസ് ഓഫ് കോമൺസിൽ പാസ്സായതോടെ, ബിൽ ഇനി പ്രഭുസഭയുടെ പരിഗണനയ്ക്ക് വരും. പ്രഭുസഭകൂടി അംഗീകരിക്കുന്നതോടെ, ബ്രെക്‌സിറ്റ് ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്് സധൈര്യം കടക്കാൻ തെരേസ മെയ്‌ സർക്കാരിന് സാധിക്കും. ജനുവരി 21-നുള്ളിൽ യൂറോപ്യൻ യൂണിയനുമായി ബ്രെക്‌സിറ്റ് സംബന്ധിച്ച കരാറിലേർപ്പെടാൻ സാധിച്ചില്ലെങ്കിൽ കരാറില്ലാതെതന്നെ വേർപിരിയാൻ അനുമതി നൽകുന്നതാണ് ഇപ്പോഴത്തെ ബിൽ.

ബ്രെക്‌സിറ്റ് ബില്ലിൽ ഭേദഗതി വേണമെന്ന ഡൊമിനിക് ഗ്രീവിന്റെ നിർദ്ദേശം പാർലമെന്റ് അംഗീകരിക്കുകയാണെങ്കിൽ, തന്റെ ബ്രെക്‌സിറ്റ് നയമാകെ താളം തെറ്റുമെന്ന ആശങ്ക പ്രധാനമന്ത്രിതന്നെ പ്രകടിപ്പിച്ചിരുന്നു. പാർലമെന്റിൽ ബിൽ പാസ്സായതോടെ, തെരേസ മെയ്‌ക്ക് ആശ്വസിക്കാനാകും. തെരേസയെ പിന്തുണയ്ക്കാനുള്ള ഗ്രീവിന്റെ തീരുമാനത്തോടെ, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് നിലപാടെടുത്തിരുന്ന ടോറി വിമതരുടെയും ശക്തി കുറഞ്ഞു. ആറുപേർ മാത്രമാണ് ഭേദഗതി ആവശ്യപ്പെട്ടുള്ള ബില്ലിനെ പിന്തുണച്ചത്.

യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെച്ചൊല്ലിയും കുടിയേറ്റ നിയമങ്ങളെച്ചൊല്ലിയും യൂറോപ്യൻ യൂണിയനുമായുള്ള തർക്കം ഇതേവരെ പരിഹരിക്കാൻ ബ്രിട്ടനായിട്ടില്ല. യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകുമ്പോൾ നൽകേണ്ട നഷ്ടപരിഹാരത്തെച്ചൊല്ലിയും അയർലൻഡ് അതിർത്തികളുടെ സംയോജനത്തെച്ചൊല്ലിയും തർക്കം തുടരുകയാണ്. 2019-നുള്ളിൽ ബ്രെക്‌സിറ്റ് നടപടികൾ പൂർത്തിയാക്കുമെന്ന മുൻവാഗ്ദാനം പാലിക്കുന്നതിനുവേണ്ടിയാണ് തെരേസ മെയ്‌ സർക്കാർ ഇപ്പോൾ തിരക്കിട്ട് ശ്രമം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP