Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രെക്‌സിറ്റിൽ വെള്ളം ചേർക്കുന്ന തെരേസ മെയ്‌‌ക്കെതിരേ ടോറി അണികളിൽ രോഷം; ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കുക ലേബർ പാർട്ടി; ഇസ്രയേൽ വിരുദ്ധനായ കോർബിൻ അധികാരത്തിലെത്താതിരിക്കാൻ വലതുമാധ്യമങ്ങളുടെ തുടർ കാമ്പെയിൻ

ബ്രെക്‌സിറ്റിൽ വെള്ളം ചേർക്കുന്ന തെരേസ മെയ്‌‌ക്കെതിരേ ടോറി അണികളിൽ രോഷം; ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കുക ലേബർ പാർട്ടി; ഇസ്രയേൽ വിരുദ്ധനായ കോർബിൻ അധികാരത്തിലെത്താതിരിക്കാൻ വലതുമാധ്യമങ്ങളുടെ തുടർ കാമ്പെയിൻ

ലണ്ടൻ: അടുത്തവർഷം മാർച്ചോടെ ബ്രെക്‌സിറ്റ് നടപടികൾ പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌. യൂറോപ്യൻ യൂണിയനുമായി കരാറിലേർപ്പെടാൻ സാധിച്ചാലും ഇല്ലെങ്കിലും മാർച്ചിനപ്പുറം നടപടികൾ നീണ്ടുപോകില്ലെന്ന് അവർ തറപ്പിച്ചുപറയുന്നു. യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇനിയും തീരുമാനമായിട്ടുമില്ല. യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റിൽ നിലനിൽക്കണമെങ്കിൽ ബ്രിട്ടൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടിവരുമെന്ന മുന്നറിയിപ്പ് യൂണിയൻ നേതൃത്വവും നൽകിയിട്ടുണ്ട്.

ബ്രെക്‌സിറ്റിൽ തെരേസ മേയുടെ നിലപാടാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്. തീരുമാനങ്ങളിൽ വെള്ളം ചേർക്കുകയാണ് പ്രധാനമന്ത്രിയെന്ന നിലപാട് കൺസർവേറ്റീവ് പാർട്ടിയിൽത്തന്നെയുണ്ട്. ടോറിക്കുള്ളിൽനിന്നുയരുന്ന വിമതസ്വരങ്ങൾ പലപ്പോഴും തെരേസ മെയ്‌ക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നു. ബ്രെക്‌സിറ്റിന്മേലുള്ള നിലപാട് ടോറികളുടെ ജനപിന്തുണയെയും ബാധിക്കുന്നതായി ഏറ്റവും പുതിയ സർവേ സൂചിപ്പിക്കുന്നു.

ബ്രെക്‌സിറ്റിന് അനുകൂലമായി ഹിതപരിശോധനയിൽ വോട്ടുചെയ്ത ടോറിപ്രവർത്തകർക്കിടയിൽ ഇപ്പോഴത്തെ സർക്കാർ നിലപാട് വലിയതോതിൽ അമർഷമുണ്ടാക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനായ മാത്യു ഗുഡ്‌വിൻ പരയുന്നു. പലരും യുക്കിപ്പ് പോലുള്ള പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതായും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അടിത്തട്ടിൽ നടക്കുന്ന ഈ പ്രതിഷേധങ്ങൾ കാണാതെ ടോറികൾ മുന്നോട്ടുപോയാൽ, അത് ലേബർ പാർട്ടിക്കാകും ഗുണം ചെയ്യുക.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ 25 സീറ്റെങ്കിലും ടോറികൾക്ക് നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ ഹോം സെക്രട്ടറി ആംബർ റൂഡിന്റെ ഹേസറ്റിങ്‌സ് സീറ്റുൾപ്പെടെ നഷ്ടമാകുമെന്നും സർവേ സൂചിപ്പിക്കുന്നു. പാർട്ടിക്കുള്ളിൽ ഉയർന്നുവന്നിട്ടുള്ള ശക്തമായ വിമതസ്വരവും തെരേസയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ബുർഖയ്‌ക്കെതിരായി നടത്തിയ പരാമർശങ്ങളുടെ പേരിൽ ബോറിസ് ജോൺസണെതിരേ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും തെരേസയ്‌ക്കെതിരേ വികാരമുയർത്തുന്നു.

പുതിയ ബ്രെക്‌സിറ്റ് പ്ലാനുകൾ ജൂലായിൽ പുറത്തുവന്നതിനുശേഷം നടന്ന 14 സർവേകൡ ഒന്നിൽമാത്രമാണ് തെരേസയ്ക്ക് മുൻതൂക്കമുണ്ടായിരുന്നത്. മറ്റെല്ലാ സർവേകളും ലേബർ നേതാവ് ജെറമി കോർബിനെയാണ് അടുത്ത പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്നത്. എന്നാൽ, കോർബിൻ അധികാരത്തിലേറുന്നതിനോട് യോജിപ്പില്ലാത്ത വലതുപക്ഷ മാധ്യമങ്ങൾ ടോറിയിലെ വിമതസ്വരം മറച്ചുവെക്കുന്നതായും വിലയിരുതത്തപ്പെടുന്നു.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ, ലേബർ പാർട്ടിക്ക് അധികാരത്തിലേറാനാകുമെന്നാണ് സൂചനകൾ. രണ്ട് പോയന്റിന്റെ മാറ്റം പോലും ലേബർ പാർട്ടിക്ക് മുന്നണി സർക്കാരുണ്ടാക്കാനുള്ള അവസരമൊരുക്കും. നാല് പോയന്റിന്റെ വ്യത്യാസമുണ്ടായാൽ ലേബർ പാർട്ടിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കുന്ന നിലയുമുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP