Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹിന്ദുക്കളും സിഖുകാരും ഇന്ത്യൻ ക്രിസ്ത്യാനികളും കൺസർവേറ്റീവ് പക്ഷത്തേയ്ക്ക് ചരിഞ്ഞു; ലേബറിന് പിന്നിൽ അടിയുറച്ച് മുസ്ലീങ്ങൾ; തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്

ഹിന്ദുക്കളും സിഖുകാരും ഇന്ത്യൻ ക്രിസ്ത്യാനികളും കൺസർവേറ്റീവ് പക്ഷത്തേയ്ക്ക് ചരിഞ്ഞു; ലേബറിന് പിന്നിൽ അടിയുറച്ച് മുസ്ലീങ്ങൾ; തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്

ലണ്ടൻ: കുടിയേറ്റക്കാർ ഏകകണ്ഠമായി ലേബർ പാർട്ടിക്കൊപ്പമാണ് എന്ന സങ്കൽപ്പത്തിലുണ്ടായ മാറ്റം ഇക്കുറി കൺസർവേറ്റീവുകളെ അധികാരത്തിൽ എത്തിക്കാൻ സഹായിച്ചെന്ന് റിപ്പോർട്ട്. പ്രധാനമായും ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാർ ടോറികളെ പിന്തുണച്ചുവെന്നാണ് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിന്ദുക്കളും സിഖുകാരും ടോറികൾക്കൊപ്പം ഉറച്ചുനിന്നപ്പോൾ ഇന്ത്യൻ ക്രിസ്ത്യാനികളും അതേ നിലപാട് പുലർത്തിയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മുസ്ലീങ്ങൾ പതിവുപോലെ ലേബർ പാർട്ടിയുടെ കീഴിൽ ഉറച്ചുനിന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാം വട്ടവും ഡേവിഡ് കാമറോണിനെ എത്തിച്ചതിന് പിന്നിൽ വംശീയ ന്യൂനപക്ഷങ്ങൾക്കുള്ള പങ്ക് വലുതാണെന്നാണ് റിപ്പോർട്ട്. പത്തുലക്ഷത്തിലേറെ ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാൻ കാമറോണിനായി. കൺസർവേറ്റീവ് പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെ പിന്തുണ കുടിയേറ്റക്കാരിൽനിന്ന് ലഭിക്കുന്നത്

2010-ൽ കൺസർവേറ്റീവ് പാർട്ടി ആദ്യമായി അധികാരത്തിലെത്തിയപ്പോൾ, 16 ശതമാനം വോട്ടുകളാണ് വംശീയ ന്യൂനപക്ഷങ്ങളിൽനിന്ന് പാർട്ടിക്ക് ലഭിച്ചത്. എന്നാൽ, ഇത്തവണ ടോറികൾക്ക് 33 ശതമാനം വോട്ടുകൾ കുടിയേറ്റ വിഭാഗങ്ങളിൽനിന്ന് ലഭിച്ചുവെന്ന് തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.

ഇതിൽ പ്രധാനമായുള്ളത് ഇന്ത്യയിൽനിന്നുള്ള സിഖുകാരുടെയും ഹിന്ദുക്കളുടെയും വോട്ട് സമാഹരിക്കാനായി എന്നതാണ്. ബ്രിട്ടനിലുള്ള ഇന്ത്യൻ വംശജരിൽ പാതിയോളം പേർ ഇപ്പോൾ കൺസർവേറ്റീവ് പാർട്ടിയെ പിന്തുണയ്ക്കുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ലേബർ പാർട്ടിയെ പത്തിൽ നാലുപേർ പിന്തുണയ്ക്കുന്നുണ്ട്.

എന്നാൽ, പതിവുപോലെ ചില വിഭാഗങ്ങളിൽനിന്നുള്ള വോട്ടുകൾ ലേബർ പാർട്ടിയ്ക്്ക് ഇക്കുറിയും ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള മുസ്ലിം കുടിയേറ്റക്കാരുടെ പിന്തുണയാണ് ലേബർ പാർട്ടിക്ക് നിലനിർത്താനായത്. ഏതാണ്ട് 64 ശതമാനം മുസ്ലീങ്ങളും ലേബർ പാർട്ടിക്കാണ് വോട്ട് നൽകിയത്. കറുത്തവർഗ്ഗക്കാരുടെ ഇടയിലും ലേബറിന് ഗണ്യമായ സ്വാധീനമുണ്ടാക്കാനായി.

ഭരണത്തിലേറാനായില്ലെങ്കിലും വംശീയ ന്യൂനപക്ഷ വോട്ടുകൾ നേടുന്നതിൽ ലേബർ പാർട്ടി ആധിപത്യം നിലനിർത്തി. 52 ശതമാനം കുടിയേറ്റ വോട്ടുകൾ ലേബറിന് ലഭിച്ചു. എന്നാൽ, കുടിയേറ്റക്കാർക്കിടയിൽ കൺസർവേറ്റീവ് പാർട്ടിയുടെ പിന്തുണയേറുന്നതായും തിരഞ്ഞെടുപ്പ് വ്യക്തമാക്കി. 16 ലക്ഷം കുടിയേറ്റ വോട്ടുകൾ ലേബറിന് ലഭിച്ചപ്പോൾ, ആദ്യമായി പത്തുലക്ഷത്തിലേറെ വോട്ട് ടോറികൾക്ക് ലഭിച്ചു. ലിബറൽ ഡമോക്രാറ്റുകൾക്കും ഗ്രീൻ പാർട്ടിക്കും ഒന്നര ലക്ഷം വീതവും യുക്കിപ്പിന് 75,000 വോട്ടുകളുമാണ് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP