Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാരീസിൽ ആക്രമണം നടത്തിയത് ഭീകരർ മൂന്നു സംഘങ്ങളായി തിരിഞ്ഞ്; സംഘത്തിൽ ഫ്രഞ്ച് പൗരനും; ചാവേറായി പൊട്ടിത്തെറിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു; അഭയാർഥികൾക്കും തിരിച്ചടിയായി പാരീസ് ആക്രമണം

പാരീസിൽ ആക്രമണം നടത്തിയത് ഭീകരർ മൂന്നു സംഘങ്ങളായി തിരിഞ്ഞ്; സംഘത്തിൽ ഫ്രഞ്ച് പൗരനും; ചാവേറായി പൊട്ടിത്തെറിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു; അഭയാർഥികൾക്കും തിരിച്ചടിയായി പാരീസ് ആക്രമണം

പാരീസ്: ലോകത്തെ നടുക്കിയ പാരീസ് ഭീകരാക്രമണത്തിനായി അക്രമികൾ എത്തിയത് മൂന്നു സംഘങ്ങളായി. അക്രമിസംഘത്തിൽ ഫ്രഞ്ച് പൗരനും ഉൾപ്പെട്ടിട്ടുണ്ട്. ചാവേറായി പൊട്ടിത്തെറിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ടു മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാരീസ് സ്വദേശിയായ ഒമർ ഇസ്മായ്ൽ മോസ്‌റ്റെഫയ് (29) ആണു ബറ്റാക്ലാൻ സംഗീതഹാളിൽ ആക്രമണം നടത്തിയശേഷം പൊട്ടിത്തെറിച്ചത്. ഇയാളുടെ അച്ഛനെയും സഹോദരനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി പാരീസ് ചീഫ് പ്രോസിക്യൂട്ടർ ഫ്രാൻസ്വാ മോളിൻസ് പറഞ്ഞു.

കൊല്ലപ്പെട്ട ഒമറിന്റെപേരിൽ ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണെ്്ടങ്കിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടില്ല. ഇയാളുമായി ബന്ധപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു.

പാരീസിലെ ഭീകരാക്രമണം മൂന്നു സംഘങ്ങൾ പരസ്പരം ഏകോപിപ്പിച്ചു നടത്തിയ ഒന്നായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണെ്്ടത്തിയതായും പാരീസ് ചീഫ് പ്രോസിക്യൂട്ടർ അറിയിച്ചു. ഭീകരരെല്ലാം കലാഷ്‌നിക്കോവ് തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും, ഒരേ മാതൃകയിലുള്ള സ്‌ഫോടകവസ്തുക്കളാണ് ഇവരുടെ കൈവശം ഉണ്്ടായിരുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. സംഗീതപരിപാടി നടന്ന സ്ഥലത്ത് അക്രമികൾ എത്തിയ ബെൽജിയം നമ്പർ പ്ലേറ്റുള്ള വോക്‌സ്‌വാഗൺ പോളോ പൊലീസ് കണെ്്ടത്തി. ബെൽജിയത്തിൽ താമസിക്കുന്ന ഒരു ഫ്രഞ്ചുകാരനാണ് ഇത് വാടകയ്ക്ക് എടുത്തത്. തീവ്രവാദികൾ രക്ഷപ്പെട്ടിട്ടുണ്ടോയെന്ന് നിരീക്ഷിച്ചു വരികയാണ്.

അതേസമയം, സ്റ്റെദ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിന് സമീപത്ത് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് സിറിയൻ പാസ്‌പോർട്ട് കണ്ടെത്തി. 1990ൽ ജനിച്ച ആളുടെ പാസ്‌പോർട്ടാണിത്. അഭയാർഥിയായി ഗ്രീസിലെത്തിയ ആളുടേതാണ് പാസ്‌പോർട്ട് എന്ന് അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഫ്രഞ്ച് സർക്കാരും ഉത്തരവാദികളാണെന്ന വാദവുമായി സിറിയൻ പ്രസിഡന്റ് ബശർ അൽ അസദ് രംഗത്തെത്തി. സിറിയൻ വിമതരെ സഹായിച്ച ഫ്രഞ്ച് സർക്കാറിനുള്ള തിരിച്ചടിയാണിതെന്നും അസദ് പറഞ്ഞു.

പാരിസിലെ ഭീകരാക്രമണം സിറിയൻ അഭയാർഥികൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. രാജ്യസുരക്ഷയെ മുൻനിർത്തി അഭയാർഥികളുടെ കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്ന് ശക്തമായ ആവശ്യം ഉയർന്നു കഴിഞ്ഞു. സ്‌ഫോടന സ്ഥലത്ത് നിന്ന് സിറിയൻ പാസ്‌പോർട്ട് ലഭിച്ചതു വഴി അഭയാർഥികളായി എത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഗ്രീസ് സ്ഥിരീകരിച്ചു. കൂടാതെ കൊല്ലപ്പെട്ട തീവ്രവാദികളുടെ വിരലടയാളം അഭയാർഥികളുടേതുമായി താരതമ്യം ചെയ്യണമെന്ന് ഗ്രീസിനോട് ഫ്രാൻസ് ആവശ്യപ്പെട്ടു.

അഭയാർഥികളെ സ്വീകരിക്കുന്നതിനെ എതിർക്കുന്ന പോളണ്ടും ചെക് റിപ്പബ്ലിക്കും കടുത്ത വിമർശവുമായി രംഗത്തെത്തി. ഇതോടെ മൃദുസമീപനം സ്വീകരിച്ചിട്ടുള്ള രാജ്യങ്ങളും അഭയാർഥികളെ സ്വീകരിക്കുന്നതിൽ നിലപാട് ശക്തമാക്കും. എട്ട് ലക്ഷത്തിലധികം അഭയാർഥികൾ കടൽ കടന്ന് യൂറോപ്പിൽ എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശനിയാഴ്ച പാരിസിൽ ആറിടത്തുണ്ടായ ഭീകരാക്രമണത്തിൽ 129 പേരാണു കൊല്ലപ്പെട്ടത്. 352 പേർക്ക് പരിക്കേറ്റു. ഇതിൽ 90 പേരുടെ നില ഗുരുതരമാണ്. ആറിടങ്ങളിലായി രണ്ടു മണിക്കൂറിനുള്ളിലായിരുന്നു ആക്രമണം. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ് ഫ്രാൻസ്-ജർമനി സൗഹൃദ ഫുട്‌ബോൾ മത്സരം കണ്ടുകൊണ്ടിരുന്ന സ്റ്റാഡ് ഡെ ഫ്രാൻസ് സ്റ്റേഡിയത്തിനു പുറത്തും ആക്രമണമുണ്ടായി. ഇന്ത്യക്കാർക്കൊന്നും അപായമില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പാരീസിലുണ്ടായ ഏറ്റവും വലിയ മനുഷ്യക്കുരുതിയാണു വെള്ളിയാഴ്ച രാത്രിയിൽ നടന്നത്. 2004-ൽ സ്‌പെയിനിലെ മാഡ്രിഡിൽ 191 പേരെ കൊന്ന ട്രെയിൻ ബോംബിംഗിനു ശേഷം പടിഞ്ഞാറൻ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണവുമാണിത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഫ്രഞ്ച് ആക്ഷേപഹാസ്യ വാരികയായ ഷാർലി എബ്‌ദോയുടെ ഓഫീസിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.

ഫ്രാൻസ് സിറിയയിൽ ഐഎസിനെതിരേ വ്യോമാക്രമണം നടത്തുന്നതിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഐഎസ് ഈജിപ്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടു. ഫ്രാൻസിനെ ലക്ഷ്യമിട്ടതായി ശനിയാഴ്ച രാവിലെ ഐഎസ് പുറത്തുവിട്ട ഒരു വീഡിയോയിലും പറഞ്ഞിരുന്നു. ഫ്രാൻസിനെ കൈയിൽ കിട്ടുന്നതെല്ലാം ഉപയോഗിച്ച് ആക്രമിക്കണമെന്നാണു വീഡിയോയിലെ ആഹ്വാനം. നിങ്ങൾ (ഫ്രാൻസ്) ബോംബിങ് തുടരുന്നിടത്തോളം കാലം നിങ്ങൾക്കു സ്വൈരമായി ജീവിക്കാനാവില്ല എന്നും അതിൽ ഭീഷണിപ്പെടുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP