Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊടുംചൂടിനെ അതിജീവിച്ച് അവധിയെടുത്ത് ഒഴുകിയെത്തിയത് ആയിരങ്ങൾ; മോദി പറഞ്ഞപ്പോൾ ഒറ്റ ശബ്ദത്തിൽ സ്‌റ്റേഡിയം ഭാരത് മാതാ കി ജയ് വിളിച്ചു; നിനച്ചിരിക്കാതെ മലയാളം കേട്ടപ്പോൾ നിലയ്ക്കാത്ത ആർപ്പുവിളി

കൊടുംചൂടിനെ അതിജീവിച്ച് അവധിയെടുത്ത് ഒഴുകിയെത്തിയത് ആയിരങ്ങൾ; മോദി പറഞ്ഞപ്പോൾ ഒറ്റ ശബ്ദത്തിൽ സ്‌റ്റേഡിയം ഭാരത് മാതാ കി ജയ് വിളിച്ചു; നിനച്ചിരിക്കാതെ മലയാളം കേട്ടപ്പോൾ നിലയ്ക്കാത്ത ആർപ്പുവിളി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : ഇന്നലെ പ്രവൃത്തിദിനമായിരുന്നിട്ടും ഒഴിവ് ദിനത്തിന്റെ ആഹ്‌ളാദത്തിലായിരുന്നു ദുബായിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഉച്ചച്ചൂടിന്റെ കാഠിന്യം അറിഞ്ഞതേയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി അവർ ദുബായിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് ഒഴുകി. ഒന്നും വെറുതെയായില്ലെന്ന് മലയാളികൾ പറയുന്നു. ഗൾഫിലെ കേരളത്തെ മോദി കണ്ടു. മലയാളത്തിൽ പുതുവൽസര ദിനാശംസകൾ അദ്ദേഹം പറയുമ്പോൾ മലയാളിയുടെ അഭിമാനമാണ് ഉയർന്നത്. ഗൾഫിലെ ഇന്ത്യയെന്നാൽ മലയാളിക്കൂട്ടായ്മയുടെ കരുത്താണെന്ന് യുഎഇ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു മലയാളം വാക്കുകളിലൂടെ മോദി ചെയ്തത്. വിമാനനിരക്കിൽ കുറവ് ചെയ്യൽ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാത്തതിന്റെ നിരാശയേയും മായ്ക്കുന്നതായി മലയാളിയക്ക് മോദിയുടെ പുതുവൽസരാശംസകൾ.

യു.എ.ഇയിൽ ഇത് ആദ്യമായാണ് ഒരു വിദേശ രാഷ്ട്രത്തലവന് പൊതുജന പങ്കാളിത്തത്തോടെ പൊതുവേദി ഒരുങ്ങിയത്. അത് ചരിത്ര സംഭവമാക്കി മാറ്റുകയും ചെയ്തു. അബുദാബി ഭരണാധികാരികൾക്കും ദുബായ് ഭരണാധികാരിക്കുമെല്ലാം ആവോളം പ്രശംസ ചൊരിഞ്ഞ് സ്റ്റേഡിയത്തിലെത്തിയ അറബ് സമൂഹത്തേയും മോദി കൈയിലെടുത്തു. ആവേശമാത്രമായിരുന്നു സ്‌റ്റേഡിയത്തിൽ. ഉച്ചമുതൽ തന്നെ സ്‌റ്റേഡിയത്തിലെത്തിയവർക്ക് അതിനുള്ളിൽ ശീതീകരണ സംവിധാനത്തിന്റെ തണുപ്പു കിട്ടി. ബോറടിമാറ്റാൻ മലയാളിയായ ബാലഭാസ്‌കർ വയലിനിൽ ഒരുക്കിയ സംഗീതമുൾപ്പെടെയുള്ള വിഭവങ്ങളും. കേരളത്തനിമയായിരുന്നു ഈ കലാപരിപാടികളിലും നിറഞ്ഞത്.

ഉച്ചയ്ക്ക് ഒരു മണി മുതൽ നരേന്ദ്ര മോദിയുടെ പ്രസംഗവേദിയിലേക്ക് എത്തിപ്പെടാൻ മുൻകൂർ രജിസ്റ്റർ ചെയ്ത അൻപതിനായിരത്തിലധികം വരുന്ന പ്രവാസികൾ വിവിധസ്ഥലങ്ങളിൽ ഒത്തുകൂടി. ദുബായിലെ ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് ഇരുനൂറോളം ബസുകളിലാണ് ആളുകളെ കൊണ്ടുപോയത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ അവിടെ രജിസ്റ്റർ ചെയ്ത അംഗങ്ങളെ പ്രത്യേക ബസിൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വേദിയിൽ എത്തിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ 350ലേറെ വോളന്റിയർമാർ വിവിധ കേന്ദ്രങ്ങളിൽ സഹായത്തിനുണ്ടായിരുന്നു. പ്രസംഗവേദിയും പരിസരവും ദുബായ് പൊലീസിന്റെയും പ്രത്യേക പരിശീലനം സിദ്ധിച്ച കമാൻഡോകളുടെയും നിയന്ത്രണത്തിലായിരുന്നു.

പ്രസംഗത്തിലുടനീളം ഭാരതീയരെ ആവേശത്തിരയിലാറാടിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം. മുപ്പത്തിനാല് വർഷത്തെ നീണ്ട ഇടവേള കഴിഞ്ഞാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യു എ ഇയുടെ മണ്ണിലെത്തുന്നതെന്നും, എങ്കിലും ഇവിടത്തെ ഭരണാധികാരികൾ തന്നെ സ്‌നേഹം കൊണ്ട് പൊതിഞ്ഞുവെന്നും മോദി പറഞ്ഞു.ഭാരതത്തിൽ നാലര ലക്ഷം കോടിയുടെ നിക്ഷേപം നടത്താമെന്ന് യു എ ഇയിൽ നിന്നും ഉറപ്പ് ലഭിച്ചതായി അദ്ദേഹം അറിയിച്ചു.ലോകംനേരിടുന്ന പ്രധാന ഭീഷണിയായ തീവ്രവാദത്തിനെതിരെ ഇന്ത്യയും യു എ ഇയും ഒന്നിച്ചു നിൽക്കുമെന്നും, ഐക്യരാഷ്ട്ര സഭയിൽ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ദീർഘനാളത്തെ ആവശ്യത്തിന് പിന്തുണ നൽകാമെന്ന് യു എ ഇ അറിയിച്ചതായും മോദി പറഞ്ഞു.

പ്രാവാസികൾ മാതൃരാജ്യത്തിനു നൽകുന്ന സംഭാവനകൾ എടുത്തു പറഞ്ഞ അദ്ദേഹം, ഭാരതത്തിൽ തന്റെ സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളെ കുറിച്ചും പറഞ്ഞു. നാഗാലന്റിലെ വിഘടനവാദപ്രശ്‌നങ്ങളെ സമാധാന പാതയിലൂടെ അവസാനിപ്പിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ചും, ബംഗ്‌ളാദേശുമായുള്ള അതിർത്തി തർക്കം അവസാനിപ്പിക്കുവാൻ കഴിഞ്ഞതും പ്രധാന നേട്ടങ്ങളായി കാണണമെന്നുംപറഞ്ഞ മോദി, അയൽ രാജ്യങ്ങളിൽ മനുഷ്യത്വപരമായി ഇടപെടാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്നും,? മറ്റൊരു ലക്ഷ്യവും കൂടാതെ നേപ്പാളിലെ ഭൂകമ്പസമയത്തും, മാലിയിലെ കുടിവെള്ള പ്‌ളാന്റിന് തകരാറുണ്ടായപ്പോൾ കുടിവെള്ളമെത്തിച്ചതുമെല്ലാം ഇതിനുദാഹരണമാണെന്നും ചൂണ്ടിക്കാട്ടി. സാർക്ക് രാജ്യങ്ങളുടെ ഒത്തൊരുമ ആഗ്രഹിക്കാത്ത ചിലരുണ്ടെന്ന് പാക്കിസ്ഥാനെ പറ്റി പറയാതെ മോദി വിശദീകരിക്കുകയായിരുന്നു അബുദാബിയിൽ

യു.എ.ഇ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മസ്ദാർ സിറ്റിയിൽ നടന്ന നിക്ഷേപകസംഗമത്തിലും പങ്കെടുത്തു. ഒരുലക്ഷം കോടി ഡോളർ മുതൽമുടക്കാനുള്ള സൗകര്യം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞു. ഈ തുകയുടെ വലിപ്പം അറിഞ്ഞുകൊണ്ടുതന്നെയാണ് പറയുന്നത്. മുതൽമുടക്കാൻ വരുന്നവർക്ക് മുൻകാലങ്ങളിൽ ഉണ്ടായ ദുരനുഭവങ്ങൾ ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. അടിസ്ഥാനസൗകര്യ രംഗത്തെ നിക്ഷേപത്തിന് 7500 കോടി ഡോളറിന്റെ (ഏകദേശം അഞ്ചുലക്ഷം കോടി രൂപ) സംയുക്തനിധി രൂപീകരിക്കാൻ ഇന്ത്യ-യുഎഇ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ചുള്ള ഏറെ സുപ്രധാന പ്രഖ്യാപനം ഇതു തന്നെയാണ്.

ഇന്നലത്തെ ഉഭയകക്ഷി ചർച്ചകളിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്നും വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വാർത്താസമ്മേളനത്തിൽ അറിയിച്ചു. റയിൽ, റോഡ്, ഊർജം, തുറമുഖം, പെട്രോളിയം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിക്ഷേപസാധ്യത. അഞ്ചുവർഷത്തിനകം 60% വ്യാപാരവളർച്ചയും ലക്ഷ്യമിടുന്നു. ലക്ഷം കോടി ഡോളറിന്റെ (65 ലക്ഷം കോടി രൂപ) നിക്ഷേപ അവസരങ്ങളാണ് ഇന്ത്യ വിദേശനിക്ഷേപകർക്കായി തുറന്നിട്ടിരിക്കുന്നതെന്നു നേരത്തെ അബുദാബി മസ്ദർ സിറ്റിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റയിൽവേയിൽ വിദേശനിക്ഷേപം നൂറുശതമാനമാക്കി. പ്രതിരോധ നിർമ്മാണ മേഖലയിലും റിയൽ എസ്‌റ്റേറ്റ് രംഗത്തും ഒട്ടേറെ അവസരങ്ങളുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷമാകുമ്പോഴേക്കും അഞ്ചുകോടി ചെലവുകുറഞ്ഞ വീടുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യ നിക്ഷേപ അനുകൂല രാജ്യമാണെന്നു യുഎഇയിലെ നിക്ഷേപകരെ ബോധ്യപ്പെടുത്താനാണ് പ്രധാനമന്ത്രി ഏറെസമയം ചെലവഴിച്ചത്.

വലിയ രാജ്യങ്ങൾക്ക് അടിപതറിത്തുടങ്ങിയതോടെ ലോകം ഉറ്റുനോക്കുന്നത് ഏഷ്യയിലേക്കാണ്. ഈ മരുഭൂമിയിലേക്കു ലോകത്തെ കൂട്ടിക്കൊണ്ടു വന്നവരാണു നിങ്ങളെന്നു യുഎഇയെ പ്രകീർത്തിച്ചു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ സ്വന്തം പടിവാതിൽക്കൽ എത്തിക്കുകയാണു ഞങ്ങളുടെയും ലക്ഷ്യം. ഇന്ത്യ അവസരങ്ങളുടെ ലോകമാണ്. 125 കോടി ജനം എന്നതു വലിയ വിപണി മാത്രമല്ല, വലിയ ശക്തി കൂടിയാണ്. ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. കാർഷിക മേഖലയിൽ വൻ സംഭരണശാലകളും കൂടുതൽ ശീതീകരണശാലകളും നിർമ്മിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കാർഷികോൽപന്നങ്ങൾ സംഭരണ സൗകര്യമില്ലാതെ നശിക്കുന്നതു കുറ്റകൃത്യത്തിനു തുല്യമാണ്. ഈരംഗത്തു രാജ്യം ഇനിയും ഏറെ മുന്നേറാനുണ്ട്. സ്വകാര്യ-സർക്കാർ പങ്കാളിത്തത്തോടെ കൂടുതൽ സംഭരണശാലകൾ നിർമ്മിക്കുന്നതിൽ ഇന്ത്യ പിന്നിലാണ്. ഇന്ത്യയിൽനിന്ന് ഒട്ടേറെ വിമാനങ്ങൾ യുഎഇയിലേക്കുണ്ടെങ്കിലും വീണ്ടുമൊരു പ്രധാനമന്ത്രി ഇവിടെത്താൻ 34 വർഷം എടുത്തു എന്നതിൽ ഖേദമുണ്ടെന്നും ഇനി അങ്ങനെയുണ്ടാവില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.

യുഎഇയുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാനും മോദി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിൽ ധാരണയായി. നിക്ഷേപക സംഗമത്തിനുശേഷം ദുബായിലെത്തിയ പ്രധാനമന്ത്രി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചായിരുന്നു പ്രധാനമായും ചർച്ച. ഇന്ത്യയിലെ അനുകൂല നിക്ഷേപ അന്തരീക്ഷത്തിനാണു പ്രധാനമന്ത്രി ഊന്നൽനൽകിയത്. വാണിജ്യബന്ധം ശക്തമാക്കാനും ആശങ്കകൾ പരിഹരിക്കാനും കേന്ദ്ര വാണിജ്യസഹമന്ത്രി നിർമല സീതാരാമൻ വൈകാതെ യുഎഇ സന്ദർശിക്കും. ഇതിന് ശേഷമാണ് ദുബായിൽ പ്രവാസികളുടെ അവേശമാകാൻ മോദി എത്തിയത്. ഏറെ പ്രഖ്യാപനങ്ങൾ മോദിയിൽ നിന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ഇന്ത്യയുടെ കരുത്തും നയതന്ത്ര മുന്നേറ്റവും ലോകത്തെ അറിയിക്കാനുള്ള വേദിയാക്കി ദുബായിയെ മോദി മാറ്റി. ഇന്ത്യ ഒന്നാണെന്ന സന്ദേശം നൽകി എല്ലാ വിഭാഗത്തിൽപ്പെട്ടവരും സ്റ്റേഡിയത്തിൽ ഒഴുകിയെത്തി. മതേതര ഇന്ത്യയുടെ യഥാർത്ഥമുഖമായിരുന്നു ദുബായിലെ സ്റ്റേഡിയത്തിൽ കണ്ടത്.

പ്രസംഗം അവസാനിപ്പിക്കും മുൻപ് ഒരു നിമിഷം നിശബ്ദനായി നിന്ന് മോദി എല്ലാവരോടുമായി പറഞ്ഞു ഞാൻ പറയുന്നത് നിങ്ങൾ ഏറ്റു ചെല്ലണം. സ്റ്റേഡിയം അപ്പോഴേയ്ക്കും പൂർണ്ണ നിശബ്ദമായി. മുഷ്ടി ചുരുട്ടി അപ്പോൾ മോദി ഉറക്കെ പറഞ്ഞു - ഭാരത് മാത കീ ജയ്. അപ്പോൾ സ്റ്റേഡിയത്തിൽ കടലിരമ്പം ആയിരുന്നു കേട്ടത്. ജാതിയോ ഭാഷയോ വർണ്ണമോ വ്യത്യാസമില്ലാതെ 50, 000 പേരും ഒരുമിച്ച് വിളിച്ചു - ഭാരത് മാത കീ ജയ്. ഇന്ത്യൻ ദേശീയതയുടെ അത്യപൂർവ്വമായ സമ്മേളനമായിരുന്നു അത്. ഒരു രാഷ്ട്രതലവന് ആദ്യമായ് പൊതു ജനങ്ങളെ അഡ്രസ്സ് ചെയ്യാൻ അവസരമൊരുക്കിയ ദുബായ് ഭരണകൂടവും പരിപൂർണ്ണ തൃപ്തി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP