Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്ത്യൻ മുസ്ലിം ഭിന്നത രൂക്ഷമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സന്ദർശനത്തിന് എത്തി പോപ്പ് ഫ്രാൻസിസ്; ആഹ്ലാദ നൃത്തം ചവിട്ടി ജനങ്ങൾ; ദാരിദ്ര്യം കണ്ട് കണ്ണ് നിറഞ്ഞ് പോപ്പ്; സുരക്ഷാ പേടിയിൽ ലോകം

ക്രിസ്ത്യൻ മുസ്ലിം ഭിന്നത രൂക്ഷമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സന്ദർശനത്തിന് എത്തി പോപ്പ് ഫ്രാൻസിസ്; ആഹ്ലാദ നൃത്തം ചവിട്ടി ജനങ്ങൾ; ദാരിദ്ര്യം കണ്ട് കണ്ണ് നിറഞ്ഞ് പോപ്പ്; സുരക്ഷാ പേടിയിൽ ലോകം

നെയ്‌റോബി: പാരീസാക്രമണത്തെ തുടർന്ന് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ക്രിസ്ത്യൻ മുസ്ലിം ഭിന്നത രൂക്ഷമായ സമയമാണിത്. മുസ്ലീങ്ങളെ തങ്ങളുടെ ജീവനെടുക്കാൻ വന്ന ഭീകരരായാണ് പല രാജ്യങ്ങളിലെയും കൃസ്തുമത വിശ്വാസികൾ കാണുന്നത്. ഈ ഒരു നിർണായക സന്ദർഭത്തിലാണ് മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശം വിതറി പോപ്പ് ഫ്രാൻസിന് ഇവിടെ പര്യടനം നടത്തുന്നത്. പോപ്പിനെ ആഹ്ലാദനൃത്തം ചവിട്ടിയാണ് വിവിധയിടങ്ങളിലുള്ളവർ സ്വീകരിക്കുന്നത്. സെൻട്രൽ ആഫ്രിക്കൻ രാജ്യത്ത് ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടുന്നവരേറെയാണ്. ഇവിടങ്ങളിലെ ദാരിദ്ര്യം കണ്ട് പോപ്പിന്റെ കണ്ണ് നിറഞ്ഞ് പോവുകയാണ്. ലോകമെമ്പാടും ഭീകരാക്രമണ ഭീഷണി ഉയർന്ന് വന്ന സാഹചര്യത്തിൽ പോപ്പ് ജനങ്ങളോട് അടുത്തിടപഴകി സഞ്ചരിക്കുന്നതിലുള്ള സുരക്ഷാ ആശങ്ക പരക്കെ ഉയർന്ന് വരുന്നുമുണ്ട്.

ഇവിടെയുണ്ടായ സംഘർഷത്തെ തുടർന്ന് ഒരു ദശലക്ഷത്തോളം പേരാണ് തങ്ങളുടെ വീടുകൾ വിട്ട് പലായനം ചെയ്തിരിക്കുന്നത്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാൻഗുയി വിമാനത്താവളത്തിലിറങ്ങിയ പോപ്പിനെ വലയം ചെയ്ത് വത്തിക്കാൻ ബോഡിഗാർഡുകൾ മെഷീൻ ഗണ്ണുമായി ചുറ്റും നിലയുറപ്പിച്ചിരുന്നു. ഇതിന് പുറമെ യുഎൻ പീസ്‌കീപ്പർമാരും അദ്ദേഹത്തിനൊപ്പമുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളെ മറികടന്ന് വൻ ജനക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ മാർപ്പാപ്പ ശ്രമിക്കുന്നത് സുരക്ഷാ ഭടന്മാരിൽ ആശങ്കയുണർത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

പോപ്പ് സഞ്ചരിക്കുന്ന പാതകൾക്കിരുവശവും അദ്ദേഹത്തെ ഒരു നോക്ക് കാണാൻ വൻ ജനാവലിയാണെത്തിയിരുന്നത്. എല്ലാവരോടും സ്‌നേഹപൂർവം കൈവീശി മഹാ ഇടയൻ നീങ്ങുന്നതും കാണാമായിരുന്നു.സംഘർഷം മൂലം ജനങ്ങളെ മാറ്റിപ്പാർപ്പിച്ച ഒരു ക്യാമ്പും പോപ്പ് ഇതിനിടെ സന്ദർശിച്ചിരുന്നു.ഇവിടെ കുട്ടികൾ പാട്ട് പാടിയാണ് മാർപ്പാപ്പയെ സ്വീകരിച്ചത്. അവരുടെ കൈപിടിച്ച് സമാധാനം, സ്‌നേഹം, ഐക്യം എന്നീ മഹാമന്ത്രങ്ങൾ ഉപദേശിക്കാനും ആശ്വാസം പകരാനും പോപ്പ് മറന്നില്ല.

സെന്റ് സൗവേർ ചർച്ച് ക്യാംപിൽ വച്ച് എല്ലാ സെൻട്രൽ ആഫ്രിക്കൻസിനും അദ്ദേഹം സമാധാനം നേരുകയും ചെയ്തു. നാമെല്ലാം സഹോദരന്മാരാണെന്ന് ഉദ്‌ബോധിപ്പിക്കാനും പോപ്പ് മറന്നില്ല. സഹോദരന്മാരായ നമുക്ക് സമാധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.ഞായറാഴ്ചത്തെ പോപ്പിന്റെ സന്ദർശനം രാജ്യത്തെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. 2013ൽ ഇവിടെ മുസ്ലിം റിബലുകൾ ക്രിസ്ത്യൻ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ഠനാക്കി അധികാരം പിടിച്ചെടുത്തിരുന്നു. തുടർന്ന് കർക്കശമായ ഭരണമായിരുന്നു ഇവിടെ നടപ്പിലായിരുന്നത്. എ്ന്നാൽ തൊട്ടടുത്ത വർഷം മുസ്ലിം റിബൽ നേതാവിന് അധികാരം നഷ്ടപ്പെട്ടതിനെ തുടർന്ന് മുസ്ലിം സിവിലിയന്മാർക്കെതിരെ കനത്ത ആക്രമണമായിരുന്നു ഇവിടെ പൊട്ടിപ്പുറപ്പെട്ടിരുന്നത്.

തന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇവിടുത്തെ മുസ്ലിം കേന്ദ്രമായ പികെ5 സന്ദർശിക്കുകയും സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.കടുത്ത സുരക്ഷാ മുന്നറിയിപ്പുകൾ ഉയർന്ന് വന്നസ്ഥലമാണ് ബാൻഗുയി. ഒരു വർഷം മുമ്പ് വരെ ഇവിടെ മുസ്ലീങ്ങളെ തെരുവിൽ അടിച്ച് കൊന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ മതപരമായ സ്പർധകൾ മൂലം നൂറോളം പേർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. സമീപ ദിവസങ്ങളിലായി ബാൻഗുയിയിലെ വെടിവയ്പിന് ശമനമുണ്ടായിട്ടുണ്ട്.പോപ്പിന്റെ സമാധാന ആഹ്വാനത്തെ തുടർന്ന് 4.8 മില്യൺ ജനസംഖ്യയുള്ള രാജ്യത്ത് സമാധാനം കുറച്ച് കാലമെങ്കിലുമുണ്ടാകുമെന്നാണ് നിരവധി പേർ വിശ്വസിക്കുന്നത്. പോപ്പിനെ സമാധാനത്തിന്റെ സന്ദേശവാഹകനെന്ന നിലയിൽ സ്വീകരിക്കുന്നുവെന്നാണ് ഇടക്കാല പ്രസിഡന്റായ കാതറീൻ സാംപ പാൻസ ശനിയാഴ്ച റിപ്പോർട്ടർമാരോട് പറഞ്ഞത്.

ബാൻഗുയി കത്തീഡ്രലിൽ ഇന്നലെ നടന്ന മാസിൽ പോപ്പ് പങ്കെടുക്കാനെത്തിയിരുന്നു. അതിൽ ഭാഗഭാക്കാകാൻ നിരവധി പേർ സന്നിഹിതിരായിരുന്നു. രാജ്യത്തെ സമാധാനം കാത്ത് സൂക്ഷിക്കാനായി ക്ഷമയുടെയും സഹനത്തിന്റെയും സന്ദേശങ്ങളാണ് പോപ്പ് ഇവിടെ വച്ച് നൽകിയത്.രണ്ടു വർഷമായി തങ്ങൾ കരയുകയായിരുന്നുവെന്നും പോപ്പിന്റെ സന്ദർശനത്തോടെ അതിന് ശമനമുണ്ടാകുമെന്നുമാണ് ഇവിടുത്തുകാരിൽ പലരും പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇവിടെ കനത്ത സംഘർഷവും വംശഹത്യയുമാണ് നടന്ന് കൊണ്ടിരിക്കുന്നത്. മുസ്ലിം സെലേക്ക റിബലുകളും ക്രിസ്ത്യൻ ആന്റി ബലെക്ക പോരാളികളും തമ്മിലാണ് സംഘർഷം നടക്കുന്നത്. 2012ൽ കലാപം തുടങ്ങിയ കാലത്ത് ആയിരക്കണക്കിന് സിവിലന്മാരാണിവിടെ കൊല്ലപ്പെട്ടത്.ഒരു മില്യൺ പേർ പലായനം ചെയ്യുകയുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP