Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുരിശുമെടുത്തുകൊണ്ട് ഒടുവിൽ പോപ്പ് നരകത്തിലുമെത്തി; കൊലപാതകികൾ തിങ്ങിപ്പാർക്കുന്ന മെക്‌സിക്കൻ തടവറയിൽ പോപ്പിന്റെ സാന്ത്വന സന്ദർശനം

കുരിശുമെടുത്തുകൊണ്ട് ഒടുവിൽ പോപ്പ് നരകത്തിലുമെത്തി; കൊലപാതകികൾ തിങ്ങിപ്പാർക്കുന്ന മെക്‌സിക്കൻ തടവറയിൽ പോപ്പിന്റെ സാന്ത്വന സന്ദർശനം

ദുഖിതരെയും പീഡിതരെയും രോഗികളെയും നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്നത് ജീവിത വ്രതമാക്കി മാറ്റിയ പുണ്യപുരുഷനാണ് പോപ്പ് ഫ്രാൻസിസ്. ഇപ്പോഴിതാ അദ്ദേഹം ലോകത്തിന്റെ കൊലപാതക തലസ്ഥാനം എന്നറിയപ്പെടുന്ന മെക്‌സിക്കോ സിറ്റിയിലെ സിയുഡഡ് ജ്വാറെസിലുമെത്തിയിരിക്കുകയാണ്. നരകസമാനമായ ആ തടവറയിൽ കുരിശുമെടുത്തെത്തിയ അദ്ദേഹം നിരവധി പേർക്കാണ് സാന്ത്വനം പകർന്നിരിക്കുന്നത്. കൊലപാതകികൾ തിങ്ങിപ്പാർക്കുന്ന തടവറയിലേക്ക് പോപ്പ് നടത്തിയ സാന്ത്വന സന്ദർശനം തികച്ചും അത്ഭുതകരവും മാതൃകാപരവുമായ ഒരു കാര്യമായാണ് ലോകം വാഴ്‌ത്തുന്നത്. മറ്റൊരു മെക്‌സിക്കൻ ജയിലിലുണ്ടായ കലാപത്തിൽ 49 പേർ കൊല്ലപ്പെട്ടത് ദിവസങ്ങൾക്ക് മുമ്പെയായിരുന്നു. ഈ ഒരു സാഹചര്യത്തിൽ സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി പോപ്പ് സിയുഡഡ് ജ്വാറെസിലെത്തിയതിന് പ്രാധാന്യമേറെയുണ്ട്. വിദേശയാത്രകളുടെ ഭാഗമായി പോപ്പ് ചിലപ്പോഴൊക്കെ ജയിലുകൾ സന്ദർശിക്കാറുണ്ട്.തന്റെ അഞ്ച് ദിവസത്തെ മെക്‌സിക്കൻ സന്ദർശനത്തിന്റെ അവസാന ദിവസമാണ് അദ്ദേഹം 3000 പേരെ പാർപ്പിച്ചിരിക്കുന്ന ഈ സ്റ്റേറ്റ് പ്രിസണും സന്ദർശിച്ചിരിക്കുന്നത്.

ജയിലിൽ പുതുതായി പെയിന്റടിച്ച ചാപ്പൽ അദ്ദേഹം സന്ദർശിക്കുകയും ജയിലിലെ മൈതാനത്തിൽ ഒത്തു കൂടിയ നൂറുകണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. തങ്ങളുടെ അനുഭവങ്ങൾ ഇവിടെ വളർന്ന് വരുന്ന ആക്രമങ്ങൾ അവസാനിപ്പിക്കാൻ ഉപയോഗിക്കണമെന്നായിരുന്നു പോപ്പ് തടവ് പുള്ളികളോട് ആഹ്വാനം ചെയ്തത്. ഒരാൾ വലിയ വേദന സഹിക്കുകയാണെങ്കിൽ അയാൾ നരകമനുഭവിക്കുകയാണെന്ന് പറയാമെന്നാണ് പോപ്പ് അഭിപ്രായപ്പെട്ടത്.കുറച്ച് പേരെ തടവിലിട്ടതുകൊണ്ടു മാത്രം ഒരു രാജ്യത്തെ സുരക്ഷാ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും കുറ്റകൃത്യങ്ങളുടെ ഘടനാപരവും സാംസ്‌കാരികപരവുമായ കാരണങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്നും പോപ്പ് പറഞ്ഞു.കഴിഞ്ഞ ആഴ്ച പോപ്പ് മെക്‌സിക്കോയിൽ എത്തിയ അന്നാണ് മെക്‌സിക്കോയിലെ നോർത്തേൺ സിറ്റിയായ മോർടെറെയിലെ ജയിലിൽ അന്തേവാസികൾ പരസ്പരം ഏറ്റ് മുട്ടി നിരവധി പേർ മരിച്ചിരുന്നത്. ജ്വാറെസ് ജയിലിലും വർഷങ്ങൾക്ക് മുമ്പ് നിരവധി കലാപങ്ങൾ അരങ്ങേറിയിട്ടുണ്ട്. അടുത്തിടെയുള്ള വർഷങ്ങളിൽ ഇവിടെ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ജയിൽ സന്ദർശനത്തിന് ശേഷം പോപ്പ് ഈ നഗരത്തിലെ പ്രധാനപ്പെട്ട വ്യവസായമേഖലയിലെ തൊഴിലാളികളുടെ യോഗത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു.ഓപ്പൺ എയർ ഓഡിറ്റോറിയത്തിലാണ് പോപ്പ്അവിടെ സംസാരിച്ചിരുന്നത്. രണ്ടു ലക്ഷത്തോളം കത്തോലിക്കാ വിശ്വാസികൾ അവിടെ ബുധനാഴ്ച തടിച്ച് കൂടിയിരുന്നു. ഇവിടെ വച്ച് വർധിച്ച് വരുന്ന അഭയാർത്ഥി പ്രവാഹത്തെക്കുറിച്ചും അതിനെ തുടർന്നുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ചും പോപ്പ് സംസാരിച്ചിരുന്നു. ടെക്‌സാസിലെ റിയോ ഗ്രാൻഡെ ഇൻ എയ് പാസോയിലുള്ളവരെയും പോപ്പ് അഭിസംബോധന ചെയ്തിരുന്നു. 51,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലായിരുന്നു ഇവിടെ പരിപാടി നടന്നിരുന്നത്. വലിയ സ്‌ക്രീനിൽ പരിപാടി ബ്രോഡ്കാസ്റ്റ് ചെയ്തിരുന്നു. യുഎസിന്റെ അതിർത്തിയിൽ കുടിയേറ്റക്കാർക്കായി തയ്യാറാക്കിയ പരിപാടിയിലും പോപ്പ് സംസാരിച്ചിരുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രൈമറീസിനിടയിലുണ്ടായ പോപ്പിന്റെ സന്ദർശനം സ്ഥാനാർത്ഥികൾക്കെല്ലാം അസംതൃപ്തിയുണ്ടാക്കിയിരുന്നു. വെരി പൊളിറ്റിക്കൽ പഴ്‌സൻ എന്നാണ് സ്ഥാനാർത്ഥികളിലൊരാളായ ഡൊണാൾഡ് ട്രംപ് പോപ്പിനെ വിശേഷിച്ചിരുന്നത്. യുഎസിലെ പ്രശ്‌നങ്ങൾ മനസിലാക്കാൻ പോപ്പിന് സാധിച്ചിട്ടില്ലെന്നാണ് ട്രംപ് പറയുന്നത്. മെക്‌സിക്കോയുമായുള്ള തുറന്ന അതിർത്തിയാൽ അമേരിക്ക നേരിടുന്ന അപകടങ്ങൾ അദ്ദേഹത്തിന് തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. മെക്‌സിക്കൻ ബോർഡറിൽ വൻ ഭിത്തി കെട്ടണമെന്ന് പറഞ്ഞതിനെ തുടർന്ന് ട്രംപ് കുറച്ച് മുമ്പ് വിവാദങ്ങളിൽ നിറഞ്ഞിരുന്നു.

പോപ്പ് സംസാരിച്ച വേദികളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.മെക്‌സിക്കോയിലെ ഡ്രഗ് മാഫിയയുടെ ആക്രമണങ്ങൾക്ക് ഇരയായി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പോപ്പിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാ പരിപാടികളിൽ പങ്കെടുക്കാനെത്തിയിരുന്നു. 10 വർഷത്തിനിടെ ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് ഈ മാഫിയയുടെ കരങ്ങളാൽ കൊല്ലപ്പെട്ടിരിക്കുന്നത്. ജ്വാറസ് ജയിൽ മെക്‌സിക്കോയെ ആക്രമണത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP