Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വില്യമിന്റെ നിർബന്ധത്തിന് വഴങ്ങി കെയ്റ്റ് മനസു മാറ്റിയതായി സൂചന; താജ്മഹലും സന്ദർശിക്കും; ഏപ്രിൽ 10 മുതൽ 17 വരെ ഇന്ത്യയിലെന്ന് സൂചന

വില്യമിന്റെ നിർബന്ധത്തിന് വഴങ്ങി കെയ്റ്റ് മനസു മാറ്റിയതായി സൂചന; താജ്മഹലും സന്ദർശിക്കും; ഏപ്രിൽ 10 മുതൽ 17 വരെ ഇന്ത്യയിലെന്ന് സൂചന

ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് രാജകുമാരിയും ഇന്ത്യ സന്ദർശിക്കാൻ ഏപ്രിലിൽ എത്തുന്നുവെന്ന വാർത്ത പുറത്ത് വന്നത് മുതൽ അവർ ഇന്ത്യയിൽ ഏതൊക്കെ സ്ഥലങ്ങളാണ് സന്ദർശിക്കുകയെന്നതിനെ കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുന്നുണ്ട്. ഇവരുടെ താജ്മഹൽ സന്ദർശനം കേന്ദ്രീകരിച്ചായിരുന്നു ചർച്ചകളും അഭ്യൂഹങ്ങളും കൂടുതലായി ഉടലെടുത്തിരുന്നത്. താജ്മഹൽ സന്ദർശിക്കാൻ കെയ്റ്റിന് താൽപര്യക്കുറവുണ്ടെന്ന വിധത്തിലായിരുന്നു ഇതിന് മുമ്പ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്.

എന്നാൽ വില്യമിന്റെ നിർബന്ധത്തിന് വഴങ്ങി ഇപ്പോൾ രാജകുമാരി മനസ് മാറ്റി താജ്മഹലും സന്ദർശിക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന സൂചനയുള്ളതായാണ് പുതിയ റിപ്പോർട്ട്. ഇരുവരും ഏപ്രിൽ 10 മുതൽ 17 വരെയായിരിക്കും ഇന്ത്യയിലുണ്ടാവുകയെന്നും സൂചനയുണ്ട്.

വില്യമിന്റെ അച്ഛനായ ചാൾസും ഡയാനയും തമ്മിൽ കൂടുതൽ അകന്നത് അവരുടെ ഇന്ത്യ സന്ദർശന വേളയിലാണെന്നതാണ് കെയ്റ്റിന് താജ്മഹലിൽ നിന്ന് അകറ്റി നിർത്തുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. അന്ന് താജ്മഹലിന് മുന്നിൽ വിഷാദിച്ച് ഏകയായി ഇരിക്കുന്ന ഡയാനയുടെ ചിത്രം ആഗോള മാദ്ധ്യമങ്ങൾ ആഘോഷമാക്കുകയും ചെയ്തിരുന്നു. ചാൾസും ഡയാനയും ഇന്ത്യ സന്ദർശിച്ചതിന്റെ 24ാം വാർഷികത്തിൽ തങ്ങൾ നടത്തുന്ന ഈ സന്ദർശനം തങ്ങളുടെ ബന്ധത്തിലും വിള്ളൽ വീഴ്‌ത്തുമോയെന്ന് കെയ്റ്റ് അകാരണമായി ഭയപ്പെടുന്നുണ്ടെന്നും ചില മാദ്ധ്യമങ്ങൾ പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്.

താജ്മഹൽ സന്ദർശിക്കുന്നതിലുള്ള തന്റെ ഇഷ്ടക്കേട് കെയ്റ്റ് പലവട്ടം വില്യമിനെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് രാജകുമാരി തീരുമാനം മാറ്റിയതെന്നും റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് അമ്മയുടെ കാലടികൾ പിന്തുടർന്ന് കൊണ്ട് പ്രണയത്തിന്റെ അമൂല്യസ്മാരകമായ താജ്മഹലിൽ വില്യമും ഭാര്യയുമെത്താനുള്ള സാധ്യതയേറിയിരിക്കുകയാണ്. ഇവരുടെ ഇന്ത്യയിലെ സന്ദർശനത്തിന്റെ അജൻഡ ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും താജ്മഹൽ ആ പട്ടികയിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

1992ലെ ഇന്ത്യ സന്ദർശനവേളയിലായിരുന്നു ഡയാന താജ്മഹലിന് മുന്നിലെ ബെഞ്ചിൽ ഏകയായി വിഷാദഭാവത്തിൽ ഇരുന്നിരുന്നത്. തുടർന്ന് 9 മാസങ്ങൾക്ക് ശേഷം ചാൾസും ഡയാനയും തമ്മിൽ വേർപിരിയുകയും ചെയ്തിരുന്നു. ഡയാന അന്ന് അനുഭവിച്ചിരുന്ന ഏകാന്തതയായിരുന്നു പ്രസ്തുത ചിത്രത്തിലൂടെ വെളിപ്പെട്ടിരുന്നതെന്നും ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ താജ്മഹൽ സന്ദർശിച്ചത് തന്നെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ അനുഭവമാണെന്നായിരുന്നു ഡയാന അന്ന് റിപ്പോർട്ടർമാരോട് പ്രതികരിച്ചിരുന്നത്. ഈ പ്രോഗ്രാമിനെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നാണ് രാജകുടുംബവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നതെങ്കിലും ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ അഡ്വാൻസ് ടീ വ്യാഴാഴ്ച ആഗ്രയിലെ ഉദ്യോഗസ്ഥന്മാരുമായി കൂടിക്കാഴ്ച നടത്തുകയും രാജകീയ ദമ്പതികൾക്ക് വേണ്ടി ആഗ്രയിലും താജ്മഹലിലും ഏർപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്തുവെന്നുമാണ് ഇന്ത്യൻ ന്യൂസ് ഔട്ട്‌ലെറ്റുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യാത്രയുടെ വിശദാംശങ്ങളെക്കുറിച്ച് അഡ്വാൻസ് ടീം കൂടുതലായൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്. സന്ദർശനത്തിന്റെ തീയതിയും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ ഇന്ത്യ സന്ദർശിച്ചിട്ടില്ലാത്ത ദമ്പതികൾ ഇവിടുത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങൾ സന്ദർശിക്കുമെന്നാണ് സൂചന. മക്കളായ രണ്ടുവയസുകാരൻ പ്രിൻസ് ജോർജിനെയും ഒമ്പത് മാസമുള്ള ചാർലറ്റ് രാജകുമാരിയെയും എടുക്കാതെയാണ് രാജകീയ ദമ്പതികൾ എത്തുന്നത്. പുതിയ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കെൻസിങ്ടൺ പാലസ് തയ്യാറായിട്ടില്ല. ഇന്ത്യയ്ക്ക് പുറമെ ഭൂട്ടാനിലും നേപ്പാളിലും ഇവർ സന്ദർശനം നടത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനെക്കുറിച്ചും കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP