Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏശയ്യ പ്രവാചകന്റെ ജീവിതത്തിനും ഒടുവിൽ തെളിവുകളായി; ബിസി എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് കരുതുന്ന ഏശയ്യയുടെ അടയാളങ്ങൾ കണ്ടെത്തി ശാസ്ത്രലോകം

ഏശയ്യ പ്രവാചകന്റെ ജീവിതത്തിനും ഒടുവിൽ തെളിവുകളായി; ബിസി എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് കരുതുന്ന ഏശയ്യയുടെ അടയാളങ്ങൾ കണ്ടെത്തി ശാസ്ത്രലോകം

ബി.സി.എട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ ജീവിച്ചിരുന്ന പ്രവാചകനാണ് ഏശയ്യയെന്നാണ് വിശ്വാസം. ഐതിഹ്യമെന്നോ വിശ്വാസമെന്നോ പരിഗണിച്ചിരുന്ന അക്കാലത്തിന്റെ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകമിപ്പോൾ. ജറുസലേമിൽനിന്ന് കണ്ടെത്തിയ കളിമണ്ണിലുള്ള അടയാളം ഏശയ്യയുടെ ഒപ്പാകാമെന്ന നിഗമനത്തിലാണ് ഗവേഷകർ. ഹീബ്രൂ ഭാഷയിലുള്ള ചിഹ്നങ്ങൾ സൂചിപ്പിക്കുന്നത് 'ഏശയ്യ പ്രവാചകന്റെ വക' എന്നാണെന്ന് ഗവേഷകർ പറയുന്നു.

ബൈബിൾ പഴയനിയമത്തിൽ പ്രതിപാദിക്കുന്നതൊഴിച്ചാൽ, ഏശയ്യ പ്രവാചകൻ ജീവിച്ചിരുന്നുവെന്നതിന് മറ്റൊരു തെളിവും ഇതേവരെ ലഭിച്ചിട്ടില്ല. അത്തരത്തിൽ ലഭിക്കുന്ന ആദ്യ തെളിവാണിതെന്ന പ്രത്യേകതയുമുണ്ട്. കിഴക്കൻ ജറുസലേമിലെ ഓഫെലിൽ നടത്തിയ പുരാവസ്തു പര്യവേഷണത്തിനിടെയാണ് ഗവേഷകർക്ക് ഈ കളിമൺ ഫലകം ലഭിക്കുന്നത്. ജറുസലേമിൽ ബി.സി. 701-ലെത്തിയ അസീരിയൻ സൈന്യത്തോട് യുദ്ധം ചെയ്യാൻ അന്നത്തെ യഹൂദരാജാവ് ഹെസേക്കിയയെ ഉപദേശിച്ചത് ഏശയ്യയാണെന്നാണ് കരുതുന്നത്.

ഹീബ്രു ഭാഷയിലുള്ള സീലിൽ ഏശയ്യയുടെ നാമം വ്യക്തമായി കാണാനാവും. എന്നാൽ, നാശോന്മുഖമായ ആ അടയാളത്തിൽ കാണപ്പെടുന്നത് ബൈബിൡ പറയുന്ന പ്രവാചകൻ ഏശയ്യായുടേതാണോ അതോ അതേ പേരിൽ അക്കാലത്ത് ജീവിച്ചിരുന്ന മറ്റാരുടെയെങ്കിലുമാണോ എന്ന് തെളിയിക്കാനായിട്ടില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ജറുസലേം ഹീബ്രു യൂണിവേഴ്‌സിറ്റിയിലെ എയ്‌ലാറ്റ് മാസർ പറഞ്ഞു.

കളിമൺ ഫലകം പ്രവാചകൻ ഏശയ്യായുടേത് തന്നെയാണെന്ന് തെളിയിക്കാനായാൽ, അദ്ദേഹവുമായി ബന്ധപ്പെട്ട ആദ്യ തെളിവായിരിക്കും ഇതെന്നും എയ്‌ലാറ്റ് മാസർ പറഞ്ഞു. ബൈബിളിന് പുറത്ത് ഏശയ്യായുടെ അസ്തിത്വം തെളിയിക്കുന്ന യാതൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ചരിത്രപരവും വിശ്വാസികളെ ആകർഷിക്കുന്നതുമായ സുപ്രധാന തെളിവാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP