Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുദ്ധക്കൊതി നിഷേധിച്ച് പുട്ടിൻ; കരുത്ത് തെളിയിച്ച് യൂറോപ്പും; റൊമേനിയൻ അതിർത്തിയിലും ബ്രിട്ടീഷ് സേനയെ വിന്യസിച്ച്; ജർമനിയിൽ യൂറോപ്യൻ രാജ്യങ്ങളുടെ സൈനികപ്രദർശനം; സംഘർഷം ഒഴിയാതെ യൂറോപ്പ്

യുദ്ധക്കൊതി നിഷേധിച്ച് പുട്ടിൻ; കരുത്ത് തെളിയിച്ച് യൂറോപ്പും; റൊമേനിയൻ അതിർത്തിയിലും ബ്രിട്ടീഷ് സേനയെ വിന്യസിച്ച്; ജർമനിയിൽ യൂറോപ്യൻ രാജ്യങ്ങളുടെ സൈനികപ്രദർശനം; സംഘർഷം ഒഴിയാതെ യൂറോപ്പ്

ഷ്യ ഒരു ലോക മഹായുദ്ധത്തിന് കോപ്പ് കൂട്ടുന്നുവെന്നതിനെ ശക്തമായി നിഷേധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ രംഗത്തെത്തി. തനിക്ക് യുദ്ധക്കൊതിയില്ലെന്നും മറ്റൊരു രാജ്യത്തേക്ക് കടന്ന് കയറാൻ താൻ പദ്ധതിയൊരുക്കുന്നുവെന്നതിനിനെയും അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്. റഷ്യയുടെ പുതിയ സൂപ്പർ സ്റ്റീൽത്ത് സബ്മറൈൻ ലോഞ്ച് ചെയ്യവെയാണ് പുട്ടിൻ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതിനിടെ റഷ്യയെ ലക്ഷ്യമിട്ടു കൊണ്ടുള്ള സൈനിക നീക്കങ്ങൾ വിവിധ യൂറോപ്യൻ രാജ്യങ്ങൾ ത്വരിതമാക്കിയെന്നും റിപ്പോർട്ടുണ്ട്.ഇതിന്റെ ഭാഗമായി ബ്രിട്ടൻ റൊമേനിയൻ അതിർത്തിയിലും തങ്ങളുടെ സേനയെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്റ്റോണിയൻ അതിർത്തിയിലേക്ക് ബ്രിട്ടീഷ് പട നീങ്ങാൻ തുടങ്ങിയതിന് പുറമെയാണിത്. റഷ്യയ്ക്കുള്ള താക്കീതെന്നോണം ജർമനിയിൽ യൂറോപ്യൻ രാജ്യങ്ങളുടെ സൈനികപ്രദർശനവുമാരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ കടുത്ത യുദ്ധഭീതിയിലും സംഘർഷമൊഴിയാത്ത അവസ്ഥയിലുമായിരിക്കുകയാണ് യൂറോപ്പ്.

മറ്റൊരു രാജ്യത്തിന്റെ മേൽ കടന്ന് കയറി അധീശത്വം സ്ഥാപിക്കാൻ റഷ്യ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നാണ് സോച്ചിയിലെ വാൾഡൈ ക്ലബിൽ വച്ച് നൽകിയ അഭിമുഖത്തിനിടെ പുട്ടിൻ വ്യക്തമാക്കുന്നത്. ഓരോ രാജ്യത്തിന്റെയും സ്വാതന്ത്ര്യത്തെയും സർവാധികാരത്തെയും താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ ചില രാജ്യങ്ങൾ ആഗോളവൽക്കരത്തിന്റെ ഗുണങ്ങൾ തങ്ങൾക്കിഷ്ടപ്പെട്ട രാജ്യങ്ങൾക്ക് മാത്രം ലഭ്യമാക്കുന്ന പ്രവണതയുണ്ടെന്നും അതിനെ റഷ്യ വകവച്ച് കൊടുക്കില്ലെന്നും അദ്ദേഹം കടുത്ത താക്കീത് നൽകുന്നു. പുതിയ സൂപ്പർ സ്റ്റീൽത്ത് സബ്മറൈൻ കരിങ്കടലിലാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. കരിങ്കടലിലെ റഷ്യൻ പടയ്ക്ക് മുതൽക്കൂട്ടായി ശക്തിവർധിപ്പിക്കുന്ന ഇതിന്റെ പേര് വെലികി നോവ് ഗൊറോഡ് എന്നാണ്. കടലിലെയും കരയിലെയും കടലിനടിയിലെയും ശത്രുവിനെ തുരത്താൻ ഇതിന് കഴിവുണ്ട്.

ഇതിനിടെ ജർമനിയിലെ ബവേറിയയിലാണ് യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത അഭ്യാസം ആരംഭിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ആർഎഎഫിലെ 600 പേരാണ് ഇതിൽ ഭാഗഭാക്കാകുന്നത്. ഫ്രാൻസ്, സ്പെയിൻ, ബെൽജിയം, ജർമനി, നെതർലാൻഡ്സ്, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സൈനികരും ഇതിൽ ഭാഗഭാക്കാകുന്നുണ്ട്. നോർവേയുമായി ചേർന്ന് കൊണ്ട് ഒരു മൾട്ടി-നാഷണൽ ടാസ്‌ക് ഫോഴ്സ് റഷ്യക്കെതിരെ വിന്യസിക്കാനുള്ള തങ്ങളുടെ സന്നദ്ധതയാണ് യൂറോപ്യൻ എയർഗ്രൂപ്പ് മെമ്പർമാർ ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. യൂറോപ്പിന്റെ അതിർത്തികളിൽ റഷ്യ തങ്ങളുടെ സൈനിക സാന്നിധ്യവും യുദ്ധ സന്നാഹങ്ങളും ശക്തമാക്കിയതിനെ തുടർന്നാണ് യൂറോപ്പ് റഷ്യക്കെതിരെ പടയൊരുക്കം നടത്തുന്നത്. ബ്രിട്ടന്റെ 34 ആർഎഎഫ് റജിമെന്റ് ജർമനിയിൽ എയർ ട്രാഫിക്ക് ഓപ്പറേഷനുകളും ഫോഴ്സ് പ്രൊട്ടക്ഷൻ എക്സർസൈസും മറ്റ് രാജ്യങ്ങളിലെ സേനകൾക്കൊപ്പം നടത്തി വരുന്നുണ്ട്.

യൂറോപ്പിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ച് യുഎസ് 4000 ട്രൂപ്പുകളുള്ള നാല് ബാറ്റിൽ ഗ്രൂപ്പുകളെ റഷ്യയ്‌ക്കെതിരെ സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 2014 റഷ്യ ക്രിമിയയിൽ കടന്ന് കയറിയത് പോലെ യൂറോപ്പിലെ മുൻ സോവിയറ്റ് രാജ്യങ്ങളോട് ഇപ്പോൾ പെരുമാറുമെന്ന നാറ്റോയുടെ മുന്നറിയിപ്പാണ് യുഎസിനെ ഇതിന് പ്രേരിപ്പിച്ചിരിക്കുന്നത്. യുഎസ്, ജർമനി, ബ്രിട്ടൻ, കാനഡ എന്നിവർ നയിക്കുന്ന ഈ നാല് ബാറ്റിൽ ഗ്രൂപ്പുകളിൽ ഫ്രാൻസ് , ഡെന്മാർക്ക്, ഇറ്റലി, മറ്റ് സഖ്യരാജ്യങ്ങൾ തുടങ്ങിയവ വരും ദിവസങ്ങളിൽ ചേരുമെന്നാണ് സൂചന. ഇതിനൊപ്പം പോളണ്ട്, ലിത്വാനിയ, എസ്റ്റോണിയ, ലാത്വിയ തുടങ്ങിയ രാജ്യങ്ങളും അണിനിരക്കും. വിവിധ തരത്തിലുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സൈനികരെയുമാണ് വിവിധ രാജ്യങ്ങൾ ഈ സംയുക്ത സേനയിൽ അണിനിരത്തുന്നത്.

എസ്റ്റോണിയയിലേക്ക് ട്രൂപ്പുകളെയും ടാങ്കുകളെയും ജെറ്റുകളെയും അയച്ച യുകെ റൊമാനിയൻ അതിർത്തിയിൽ അവിടുത്തെ സേനയുമായി ചേർന്ന് അഭ്യാസം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പോളണ്ടിലെ യുഎസ് ബറ്റാലിയനുമായി ചേർന്നും യുകെ സൈനികഅഭ്യാസം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ശീതയുദ്ധത്തിന് ശേഷം കിഴക്കൻ യൂറോപ്പിൽ സജ്ജമാക്കാൻ പോകുന്ന സൈനിക സാന്നിധ്യത്തിന്റെ ഭാഗമായി ആർഎഎഫ് വിമാനങ്ങളെ റൊമാനിയർ അതിർത്തികളിൽ പറക്കാനായി ആദ്യമായി നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റഷ്യ തങ്ങളുടെ പുതിയ സാത്താൻ 2 ആണവ മിസൈലിന്റെ ചിത്രങ്ങൾ യൂറോപ്പിനുള്ള താക്കീതെന്ന വണ്ണം പുറത്ത് വിട്ടിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവ മിസൈലാണിത്. ഇതിന് യുകെയിൽ വരെ കടന്നെത്തി വൻനാശം വിതയ്ക്കാനുള്ള ശേഷിയുണ്ട്. ഇതിന് പുറമെ ആർഎസ്-18 ബാസിസ്റ്റിക് മിസൈലുകലും പുട്ടിൻ ലോഞ്ച് ചെയ്തിരുന്നു. തങ്ങൾക്ക് യുഎസ് പ്രതിരോധസംവിധാനത്തെ വരെ തകർക്കാനാവുമെന്ന് കാണിക്കാനായിരുന്നു ഇതിലൂടെ റഷ്യ ശ്രമിച്ചത്. ഇതിന് പുറമെ തങ്ങളുടെ പൗരന്മാരോടും സൈന്യത്തോടും യുദ്ധത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്താനും പുട്ടിൻ ആഹ്വാനംചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP