Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റയിരുപ്പിൽ 18 മണിക്കൂർ നിങ്ങൾ യാത്ര ചെയ്യുമോ..?; ഏറ്റവും നീളം കൂടിയ വിമാനയാത്രയുമായി ഖത്തർ എയർവേസ്

ഒറ്റയിരുപ്പിൽ 18 മണിക്കൂർ നിങ്ങൾ യാത്ര ചെയ്യുമോ..?; ഏറ്റവും നീളം കൂടിയ വിമാനയാത്രയുമായി ഖത്തർ എയർവേസ്

വിമാനയാത്ര പലരും ആസ്വദിക്കുന്ന കാര്യമാണ്. എന്നാൽ അത് പരിധി വിട്ടാലോ...?. നല്ല അന്തരീക്ഷവും സൗകര്യവുമുണ്ടെങ്കിൽ ചിലപ്പോൾ ആസ്വദിക്കാൻ കഴിഞ്ഞേക്കുമല്ലേ...? എങ്കിലും ഒറ്റയിരുപ്പിന് 18 മണിക്കൂർ വിമാനയാത്ര ചെയ്യാൻ നിങ്ങളിൽ എത്ര പേർ ഇഷ്ടപ്പെടും...? അത്തരക്കാർക്ക് ദോഹയിൽ നിന്നും ന്യൂസിലാന്റിലെ ഓക്ക്‌ലാന്റിലേക്കുള്ള ഖത്തർ എയർവേസിന്റെ വിമാനത്തിലൊന്ന് കയറി നോക്കാവുന്നതാണ്. 18 മണിക്കൂർ ഒറ്റയിരുപ്പിന് യാത്ര ചെയ്യാവുന്ന ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വിമാനസർവീസാണിത്.

അടുത്ത് തന്നെ ലോഞ്ച് ചെയ്യാനിരിക്കുന്ന ഈ വിമാനം ഇത്രയും സമയം കൊണ്ട് 9000 മൈലുകളാണ് താണ്ടുന്നത്. സമയത്തിന്റെയും ദൂരത്തിന്റെയും കാര്യത്തിൽ റെക്കോർഡ് സൃഷ്ടിക്കാനിരിക്കുന്ന വിമാനറൂട്ടാണിത്. നിലവിൽ സിഡ്‌നിയിൽ നിന്നും ഡള്ളാസിലേക്കുള്ള ക്വാന്റാസിന്റെ വിമാനത്തിനാണ് ഈ റെക്കോർഡുള്ളത്. ഈ വിമാനം 8579 മൈലുകളാണ് പറക്കുന്നത്. ഖത്തർഎയർവേസിന്റെ പുതിയ സർവീസ് ആരംഭിക്കുന്നതോടെ ക്വാന്റാസിന്റെ ഈ റെക്കോർഡ് തകരാൻ പോവുകയാണ്. ഓക്ക്‌ലാന്റിലേക്ക് പുറമെ ചിലിയിലെ സാന്റിയോഗോവിലേക്കും ഖത്തർ എയർവേസ് ദോഹയിൽ നിന്നും ദീർഘദൂര സർവീസ് ആരംഭിക്കുന്നുണ്ട്.

ദോഹയിൽ നിന്നും ഓക്ക്‌ലാന്റിലേക്കുള്ള ദൂരം കൃത്യമായി കണക്കാക്കിയാൽ 9030 മൈലുകളാണുണ്ടാവുകയെന്നാണ് വെബ്ഫ്‌ലൈയർ പറയുന്നത്. ഈ വിമാനം ലക്ഷ്യത്തിലെത്താൻ 18 മണിക്കൂറുകളും 34 മിനുറ്റുകളുമെടുക്കുമെന്നാണ് ട്രാവൽമാത്ത്‌സിന്റെ ഫ്‌ലൈറ്റ് ടൈം കാൽക്കുലേറ്റർ കണക്കാക്കുന്നത്. ദോഹയിൽ നിന്നും സാന്റിയാഗോവിലേക്കുള്ള ദൂരം 8950മൈലുകളാണ്. ഇവിടേക്ക് പറക്കാൻ 18 മണിക്കൂറും 25 മിനുറ്റുകളും വേണ്ടി വരും. ഈ റൂട്ടുകളിലേക്ക് ബോയിങ് 777200എൽആർ വിമാനങ്ങൾ പറപ്പിക്കാനാണ് ഖത്തർ എയർവേസ് തീരുമാനിച്ചിരിക്കുന്നതെന്നതെന്നാണ് ബ്ലൂംബർഗ് ബിസിനസ് റിപ്പോർട്ട് ചെയ്യുന്നത്. തങ്ങൾ കൂടുതൽ വിമാനങ്ങൾ ഇറാനിലേക്ക് പറത്തിക്കാൻ ആലോചിക്കുന്നതായി ഖത്തർ എയർവേസിന്റെ സിഇഒ ആയ അക്‌ബർ അൽ ബകെർ ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയിൽ പങ്കെടുക്കുന്നതിനിടെ ബ്ലൂംബർഗ് ബിസിനസിനോട് വെളിപ്പെടുത്തിയിരുന്നു. ഇറാന് മേലുള്ള ഉപരോധം നീക്കം ചെയ്തതോടെ ഇവിടേക്ക് വിനോദസഞ്ചാരികൾ കൂടുതലായി വന്നു തുടങ്ങിയതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നിലവിൽ ഖത്തർ എയർവേസ് ഒമ്പത് ബോയിങ് 777200എൽആർ വിമാനങ്ങളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിൽ ബിസിനസ് ക്ലാസിൽ 42 പേർക്കും എക്കണോമിയിൽ 217 പേർക്കും യാത്ര ചെയ്യാം. ഖത്തർ എയർവേസിന് പുറമെ നിരവധി കാരിയർമാർ ഇത്തരത്തിലുള്ള ദീർഘദൂര സർവീസുകൾ നടത്താൻ പദ്ധതിയിടുന്നുണ്ട്. ദുബായിൽ നിന്നും പനാമസിറ്റിയിലേക്ക് ഈ വരുന്ന ഫെബ്രുവരിയിൽ സർവീസ് നടത്താൻ ഒരുങ്ങുന്നുവെന്ന് കഴിഞ വർഷം എമിറേറ്റ് സ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഇപ്പോൾ മാർച്ച് അവസാനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. 8580 മൈലുകളാണീ റൂട്ടിന്റെ ദൈർഘ്യം. 17 മണിക്കൂറും 35 മിനുറ്റുകളുമാണിതിന് വേണ്ടത്. സിംഗപ്പൂരിൽ നിന്നും ന്യൂയോർക്കിലേക്ക് നോൺ സ്‌റ്റോപ്പ് സർവീസ് ആരംഭിക്കാൻ സിംഗപ്പൂർ എയർലൈൻസ് ആലോചിക്കുന്നുണ്ട്. ജോഹന്നനാസ് ബർഗിൽ നിന്നു അറ്റ്‌ലാന്റയിലേക്കുള്ള വിമാനമാണ് നിലവിൽ സർവീസ് നടത്തുന്ന മറ്റൊരു ദീർഘദൂര വിമാനം. ഡെൽറ്റാ എയർലൈൻസിന്റെ ഈ വിമാനം 16 മണിക്കൂർ 40 മിനുറ്റ് കൊണ്ട് 8439മൈലുകളാണ് താണ്ടുന്നത്. അബുദാബിയിൽ നിന്നും ലോസ് ഏയ്ജൽസിലേക്കുള്ള എത്തിയാഡ് എയർവേസിന്റെ വിമാനം 16 മണിക്കൂർ 30 മിനുറ്റ് കൊണ്ട് 8390 മൈലുകൾ പറന്നെത്തുന്നു. ദുബായ്‌ലോസ് ഏയ്ജൽസ്, ജിദ്ദാ ലോസ് ഏയ്ജൽസ്, അബുദാബിസാൻഫ്രാൻസിസ്‌കോ തുടങ്ങിയവയും ദീർഘദൂര വിമാനങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP