Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധികാരക്കൈമാറ്റത്തിനുള്ള തയ്യാറെടുപ്പുകൾ കൊട്ടാരത്തിൽ ആരംഭിച്ചു; എലിസബത്ത് രാജ്ഞിയുടെ വിശ്വസ്തർ ഓരോരുത്തരായി പടിയിറങ്ങുന്നു; പേരിനുമാത്രമെങ്കിലും ഉടൻതന്നെ ചാൾസിനെ രാജാവായി വാഴിച്ചേക്കും

അധികാരക്കൈമാറ്റത്തിനുള്ള തയ്യാറെടുപ്പുകൾ കൊട്ടാരത്തിൽ ആരംഭിച്ചു; എലിസബത്ത് രാജ്ഞിയുടെ വിശ്വസ്തർ ഓരോരുത്തരായി പടിയിറങ്ങുന്നു; പേരിനുമാത്രമെങ്കിലും ഉടൻതന്നെ ചാൾസിനെ രാജാവായി വാഴിച്ചേക്കും

ലണ്ടൻ: ബ്രിട്ടീഷ് കൊട്ടാരത്തിൽ അധികാരക്കൈമാറ്റത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി സൂചന. 91-കാരിയായ എലിസബത്ത് രാജ്ഞി സ്ഥാനത്യാഗം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊട്ടാരത്തിൽ രാജ്ഞിയുടെ വിശ്വസ്തർ ഓരോരുത്തരായി പടിയിറങ്ങുന്നതും 96 വയസ്സായ ഫിലിപ്പ് രാജാവ് കഴിഞ്ഞമാസം വിശ്രമജീവിതത്തെക്കുറിച്ച് സൂചിപ്പിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. അധികം വൈകാതെ ചാൾസിനെ പേരിനെങ്കിലും രാജാവായി വാഴിച്ചേക്കുമെന്നും സൂചനയുണ്ട്.

രാജ്ഞി ജീവിച്ചിരിക്കെ, മറ്റൊരാൾ രാജാവാകുന്നത് പതിവില്ല. എന്നാൽ, 95-ാം വയസ്സിലും താൻ ജീവിച്ചിരിക്കുകയാണെങ്കിൽ, റീജൻസി നിയമത്തിന്റെ സഹായത്തോടെ മൂത്തമകനെ രാജാവാക്കുമെന്ന് എലിസബത്ത് രാജ്ഞി അടുപ്പമുള്ളവരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. രാജ്ഞി ജീവിച്ചിരിക്കെ, മൂത്തമകന് അധികാരം കൈമാറാൻ അനുവദിക്കുന്ന നിയമമാണ് റീജൻസി ബിൽ. അങ്ങനെ വന്നാൽ, ചാൾസിന് സിംഹാസനം സ്വന്തമാകും.

രാജ്യത്തിനുവേണ്ടിയും ജനങ്ങൾക്കുവേണ്ടിയും തനിക്ക് ചെയ്യാവുന്നതൊക്കെ ചെയ്തുകഴിഞ്ഞെന്ന് രാജ്ഞി അടുത്ത കേന്ദ്രങ്ങളോട് സൂചിപ്പിച്ചതായാണ് വാർത്ത. എന്നാൽ, പാരമ്പര്യത്തെയും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അന്തസ്സിനെയും മാനിച്ച് അവർ പ്രായാധിക്യം മറന്ന് അധികാരത്തിൽ തുടരുകയാണ്. തന്റെ പ്രായത്തെയും അവശതകളെയും കുറിച്ച് വ്യക്തമായ ധാരണയുള്ള രാജ്ഞി, അധികാരക്കൈമാറ്റം എത്രയും വേഗം ആവാമെന്ന നിലപാടിലാണെന്നും കൊട്ടാരവൃത്തങ്ങൾ പറയുന്നു.

95 വയസ്സുവരെ ജീവിക്കുകയാണെങ്കിൽ, അധികാരക്കൈമാറ്റത്തിന് ഏറ്റവും ഉചിതമായ സമയം അതായിരിക്കുമെന്ന് രാജ്ഞി ഉറപ്പിച്ചിട്ടുണ്ട്. റീജൻസി ആക്ട് നടപ്പിലാക്കി ചാൾസിന് അധികാരം കൈമാറുന്നതിനെക്കുറിച്ച് കാര്യമായ ചർച്ച തുടങ്ങിയിട്ടില്ലെങ്കിലും അത്തരമൊരു ആലോചന സജീവമാണ്. ഇതേക്കുറിച്ച് പ്രതികരിക്കാൻ ചാൾസിന്റെ കൊട്ടാരമായ ക്ലാരൻസ് ഹൗസ് വൃത്തങ്ങൾ തയ്യാറായില്ല.

അസുഖംമൂലമോ പ്രായാധിക്യംമൂലമോ ഭരണാധികാരിക്ക് ഭരണം നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പിൻതുടർച്ചാവകാശിക്ക് അധികാരം കൈമാറുന്നതിന് അനുമതി നൽകുന്ന നിയമമാണ് 1937-ലെ റീജൻസി ആക്ട്. ഇതിനായുള്ള നടപടികൾ ത്വരിതപ്പെടുത്താൻ കൊട്ടാരത്തിലെ ബന്ധപ്പെട്ട വകുപ്പുകളോട് രാജ്ഞി നിർദ്ദേശിച്ചതായും സൂചനയുണ്ട്. രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി സർ ക്രിസ്റ്റഫർ ഗെയ്റ്റ് കഴിഞ്ഞയാഴ്ച രാജിവെച്ചത് അധികാരക്കൈമാറ്റത്തിന്റെ തുടക്കമായും വിലയിരുത്തപ്പെടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP